- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- തട്ടിന്‍പുറത്തുണ്ട് ഉത്തരം (ഹാറ്റാചുപ്പായുടെ മായാലോകം 53)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
‘മാളികേലമ്മേ, നമ്മടെ ഇച്ചാപ്പൂന്റെ പലചരക്കുകടേടെയുള്ളില് കരിന്തൂറുകണ്ണനെ കണ്ടു… ഒന്നല്ല, കൊറേയെണ്ണം…’ കൊച്ചുമ്മന്‍ എന്ന അയല്‍ക്കാരന്‍ നേരംപുലര്‍ന്നപ്പൊഴേ ഓടി വന്നിരിക്കുകയാണ് സങ്കടം പറയാന്‍. നീളന്‍ വരാന്തയിലെ തൂണില്‍ ചാരിയിരുന്നു കിതയ്ക്കുകയാണ് കൊച്ചുമ്മന്‍. ‘ഞാനിന്നലെ വൈകിട്ട് കൊറച്ച് വെളിച്ചെണ്ണ വാങ്ങാന്‍ ചെന്നതാ. ഇച്ചാപ്പു എണ്ണയെടുത്തോണ്ടു വരുകേം, ഠപ്പേന്നൊരു ശബ്ദം! നോക്കുമ്പം ഇച്ചാപ്പൂം എണ്ണേം നെലത്തു കെടക്കുന്നു! കരിന്തൂറുകണ്ണന്‍ ഇച്ചാപ്പൂന്റെ തലേലിരിക്കുന്നു! ഇച്ചാപ്പൂന് ബോധം പോയി… ഞാന്‍ ഒറക്കെ നെലോളിച്ചു… അതു കേട്ട് ആരെക്ക്യോ ഓടി വന്നു. ചുറ്റും നോക്ക്യപ്പോ കരിന്തൂറുകണ്ണനെ കാണാനില്ല… ഇച്ചാപ്പൂനെ ആശുപത്രീല്‍ കൊണ്ട്വോയി….’
കൊച്ചുമ്മന്‍ ഒരു നെടുവീര്‍പ്പോടെ നെഞ്ച് തിരുമ്മി. മമ്മ ഓടുമൊന്തയില്‍ നിന്നു ചൂടുജീരകവെള്ളം കൊച്ചുമ്മന് പകര്‍ന്നു കൊടുത്തു. കൊച്ചുമ്മന്‍ ഒറ്റയിറക്കിന് ഒരു മൊന്ത വെള്ളം കുടിച്ചു.
‘ന്താ നമ്മളു ചെയ്യുന്നത് മാളികേലമ്മേ?’
‘കൊച്ചുമ്മന്‍ സമാധാനിക്ക്. ഉടനെ തന്നെ എല്ലാ ശരിയാകും.’
‘അല്ല, മാളികേലമ്മേ… കരിന്തൂറുകണ്ണന്‍ നമ്മടെ നാടു നശിപ്പിക്കുന്നതിനുമുമ്പ് എന്തെങ്കിലും ചെയ്യണേ…’ എന്നു പറഞ്ഞു കൊണ്ട് കൊച്ചുമ്മന്‍ പതിയെ എഴുന്നേറ്റു നടന്നു.
എല്ലാം കേട്ടുകൊണ്ടു നില്‍ക്കുകയായിരുന്ന ചന്ദ്രപ്പൂപ്പന്‍ മമ്മയോടു ചോദിച്ചു: ‘എന്താ നമ്മളു ചെയ്യാന്‍ പോകുന്നത്?’
മമ്മ പുഞ്ചിരിച്ചു: ‘കുട്ടി കാര്യങ്ങള് മനസ്സിലാക്കുന്നുണ്ട്….! ഈശ്വരന്‍ അവളെക്കൊണ്ട് എല്ലാം പരിഹരിച്ചുതരുംന്ന് എനിക്കു വിശ്വാസംണ്ട്’.
അതേ സമയത്ത് ദേവേശി തട്ടിന്‍പുറത്ത് തൊപ്പിയുടെയും ചുപ്പാകാബ്രായുടേയുമടുത്ത് ഇരിയ്ക്കുകയായിരുന്നു. ഇപ്രാവശ്യം ഒരു ആവലാതി പറയാനാണ് ദേവേശി അവരുടെയടുത്തേയ്ക്കു ചെന്നത്. ചുപ്പാ അവളുടെ മടിയില്‍ മുഖമുരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. തൊപ്പി വാത്സല്യത്തോടെ ചോദിച്ചു:
‘എന്താ ദേവേശിക്കുട്ടീ, മുഖം വാടിയിരിക്കുന്നത്?
ദേവേശി സങ്കടത്തോടെ പറഞ്ഞു
‘ന്റെ അച്ഛന്‍ ഇന്നു വരുമെന്നു പറഞ്ഞു… രണ്ടു ദിവസം കഴിഞ്ഞ് എന്നെ ദല്‍ഹിയ്ക്കുകൊണ്ടു പോകുമെന്നും’
തൊപ്പി ചിരിച്ചു: ‘അതു പറ്റില്ലല്ലോ… ദേവൂന്റെ അച്ഛന് നാളെ മലേഷ്യയ്ക്കു പോകണം…’
‘ങേ?…’ ദേവേശിയ്ക്കു അദ്ഭുതം തോന്നി. ‘തൊപ്പിയ്‌ക്കെങ്ങനെ അറിയാം?…. എന്നോട് പറഞ്ഞത് ഇന്നു വരുമെന്നാ…’ ‘ശരിയാ തൊപ്പി ചിരിച്ചു ‘പക്ഷേ, ഇന്നു കാലത്താണ് പെട്ടെന്നു മലേഷ്യയ്ക്ക് പോകേണ്ട ഒരാവശ്യമുണ്ടായത്… മാത്രമല്ല, ദേവൂന്റെ സ്‌കൂള് ഒരാഴ്ച വൈകിയേ തുറക്കൂ… എന്നു വെച്ചാല്‍ ഇനിയും മൂന്നാഴ്ച കൂടിയുണ്ട് വെക്കേഷന്‍’.
ദേവേശി കണ്ണുമിഴിച്ചിരുന്നു. ഈ ഇരുട്ടുള്ള തട്ടിന്‍പുറത്തു മാത്രം ജീവിക്കുന്ന തൊപ്പി ഇതൊക്കെ എങ്ങനെയാണറിയുന്നത്?
‘മോള്‍ടെ സ്‌ക്കൂളില് ഒരു ക്യാമ്പ് നടക്കുന്നുണ്ട്… അതുകൊണ്ടാ ഒരാഴ്ച കൂടുതല്‍ അവധി…’
എന്തായാലും നന്നായി! ദേവേശിയ്ക്ക് സന്തോഷംകൊണ്ടു തുള്ളിച്ചാടാന്‍ തോന്നി. ചുപ്പാകാബ്രാ ശരിക്കും തുള്ളിച്ചാടുകയും ചെയ്തു! നീലപ്പച്ച തൂവലുകള്‍ വിടര്‍ത്തി മയിലിനെപ്പോലെ നൃത്തം വെയ്ക്കാനും തുടങ്ങി!
‘തൊപ്പി, ഒരു സംശയമൊണ്ട്’ ദേവേശി ആലോചനയില്‍ മുഴുകിയാണതു പറഞ്ഞത്. ‘തൊപ്പി പറഞ്ഞത് മന്ത്രവാദി ബര്‍ത്തൊയെ കരിന്തൂറുകണ്ണനെന്നു പേരുള്ള എട്ടുകാലിയാക്കീന്നല്ലേ? പിന്നെങ്ങനെയാ ഒരുപാട് കരിന്തൂറുകണ്ണന്മാരൊള്ളത്? ബര്‍ത്തൊ ഒരാളല്ലെയുള്ളു? അപ്പോ ഒരു കരിന്തൂറകണ്ണനല്ലേയുണ്ടാവൂ?’
തൊപ്പി അവളുടെ മുടിയില്‍ തഴുകിക്കൊണ്ടു പറഞ്ഞു ‘കൊള്ളാം. മോളെല്ലാം ശ്രദ്ധിക്കുന്നുണ്ട്, അല്ലേ?’ ദേഷ്യമൊക്കെയൊണ്ടായിരിക്കും… പക്ഷേ, ഒരു കാര്യമുണ്ട് ദേവേശീ….” തൊപ്പി ഇടയ്‌ക്കൊന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു:
‘ഈ ലോകത്തില് നന്മയുമുണ്ട്, തിന്മയുമുണ്ട്. ഇരുട്ടും വെളിച്ചോം പോലെ… തിന്മയ്ക്ക് എത്രയൊക്കെ ശക്തിയുണ്ടെങ്കിലും, ഒടുവിലത് തോല്‍ക്കും. അതുപോലെ നല്ല മനുഷ്യര്‍ക്ക് എന്തൊക്കെ വെഷമങ്ങളുണ്ടായാലും, ഒടുവില്‍ അതെല്ലാം മാറും… നല്ല മനുഷ്യരെയാ ഈശ്വരനെപ്പോഴും സഹായിക്കുന്നത്… രൈരൂ മുത്തച്ഛനും മമ്മയും മോളുമൊക്കെ നല്ലയാളുകളാ… അതുകൊണ്ട് ഒന്നും പേടിക്കണ്ട, കേട്ടോ”.
തൊപ്പിയുടെ ആശ്വാസവാക്കുകള്‍ കേട്ടപ്പോള്‍ ദേവേശിയുടെ മുഖം തെളിഞ്ഞു.
”പക്ഷേ, ഒരു കുഴപ്പമൊണ്ട്” തൊപ്പിയുടെ മുഖത്താണ് ഇപ്പോള്‍ പേടിയും സങ്കടവുമൊക്കെ നിഴല്‍ വീഴ്ത്തിയിരിക്കുന്നത്.” കരിന്തൂറുകണ്ണന്മാര് തപ്പി നടക്കുന്നത് ഈ പാവത്തെയാ… നമ്മുടെ ചുപ്പാകാബ്രായെ… ഇപ്പോഴീ ലോകത്ത് ഒരേയൊരു ചുപ്പാ മാത്രമേ ജീവിച്ചിരിപ്പുള്ളൂ… രൈരൂമുത്തച്ഛന്‍ എസ്‌പെറാന്‍സായെന്നു പേരിട്ട ഈ ചുപ്പാകാബ്രാ മാത്രം… ഇതിനെ കടിച്ചുകൊല്ലാനാ കരിന്തൂറുകണ്ണന്മാര് ശ്രമിക്കുന്നത്… ഈ ചുപ്പായെ കൊന്നു കളഞ്ഞാല്‍പ്പിന്നെ, മനുഷ്യരും മറ്റുമൃഗങ്ങളുമൊക്കെ തമ്മില്‍ത്തമ്മില് വഴക്കടിക്കും… കൊന്നൊടുക്കും തമ്മില്‍ത്തമ്മില്‍…. പിന്നെ, മരങ്ങളും ചെടികളുമെല്ലാം കരിഞ്ഞുണങ്ങിപ്പോകും… മന്ത്രവാദി ആഗ്രഹിച്ചതുപോലെ നമ്മുടെയീ ഭൂമി, മരുഭൂമിയായി മാറും. അതിനുവേണ്ടിയാണ് ബര്‍ത്തൊ മറ്റു കരിങ്കണ്ണന്മാരെക്കൂട്ടി, ചുപ്പായെ തിരഞ്ഞു നടക്കുന്നത്… ബര്‍ത്തൊ വിചാരിക്കുന്നത്, മന്ത്രവാദി ശ്രമിച്ചിട്ടു നടക്കാത്ത കാര്യം – ഭൂമിയെ മരുഭൂമിയാക്കുന്ന കാര്യം – നടന്നാല്‍, ഒരുപാട് രത്‌നഖനികളുകിട്ടും എന്നാണ്. അതു നടക്കാന്‍ പാടില്ല, മോളെ” തൊപ്പി ദേവേശിയുടെ രണ്ടു കൈകളും മുറുകെ പിടിച്ചുകൊണ്ടാണങ്ങനെ പറഞ്ഞത്.
(തുടരും)






















