- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പോകാനാവില്ല (ഹാറ്റാചുപ്പായുടെ മായാലോകം 52)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
‘ദേവൂ, സ്‌കൂള്‍ തുറക്കാനിനി രണ്ടാഴ്ചയേയുള്ളൂ. ഞാന്‍ നാളെ വൈകുന്നേരത്തെ ഫ്‌ളൈറ്റിന് അങ്ങോട്ടു വരും. നമുക്ക് പുതിയ ബുക്‌സും ബാഗുമൊക്കെ വാങ്ങണ്ടേ?’ അച്ഛന്റെ ഫോണ്‍ കോള്‍ കണ്ടപ്പോള്‍ത്തന്നെ ദേവേശിയുടെ മുഖം മങ്ങി. അച്ഛന്‍ നാളെ വരുമെന്നു കേട്ടതോടെ അവള്‍ക്കു സങ്കടമായി.
‘ദേവൂ, നീയവിടെ നിന്നു ബോറടിച്ചു, ല്ലേ? അതിന്റെ പിണക്കം കൊണ്ടാണോ മോള് അച്ചയോടൊന്നും മിണ്ടാത്തത്? സാരമില്ല, ട്ടോ. അച്ച അവിടെ വന്നിട്ട് രണ്ടു ദിവസത്തിനുള്ളില്‍ നമുക്കു തിരിച്ചുപോകാം. നമ്മുടെ വീട്ടിലേയ്ക്ക്, നീ പറയാറില്ലേ, ‘ഐ ലവ് ദല്‍ഹി മോസ്റ്റ്’ എന്ന്? മൂന്നുദിവസം കഴിഞ്ഞാല്‍ ദേവൂട്ടി വീണ്ടും ദല്‍ഹിയിലെത്തും. ഓകെ? അപ്പോ, ബൈ കുട്ടാ!’
ദേവേശി മുറ്റത്തിറങ്ങി. പൂത്തുനില്‍ക്കുന്ന ചെമ്പകത്തില്‍ കൂടുകൂട്ടിയ ചുണ്ടുചുവപ്പന്‍ കിളിയും പറന്നു നടക്കുന്ന ചിത്രശലഭങ്ങളുമൊന്നും അവളെ സന്തോഷിപ്പിച്ചില്ല. ദേവേശിയെക്കണ്ട് തവിട്ടുകുഞ്ഞന്‍ ഉറക്കെ ചിലച്ചു. അവനൊരു വലിയ മുട്ടിപ്പഴം അവള്‍ക്കെറിഞ്ഞു കൊടുത്തു. ‘താങ്ക് യൂ തവിട്ടു കുഞ്ഞാ!’ എന്നു പറയുമ്പോഴും ദേവേശിയുടെ മുഖം തെളിഞ്ഞില്ല.
വീണു കിടക്കുന്ന ഭീമനാഞ്ഞിലിയുടെയടുത്തെത്തി അവള്‍ നിന്നു. ഒരുപാടൊരുപാട് ദൂരെ അങ്ങ് മെക്‌സിക്കോയില്‍ ചെന്ന് ചുപ്പാകാബ്രാകളെ രക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിച്ച രൈരൂ മുത്തച്ഛന്‍, അക്കൂട്ടത്തില്‍പ്പെട്ട എസ്‌പെറാന്‍സായെ ഇവിടുത്തെ തട്ടിന്‍പുറത്തു കൊണ്ടുവന്നു വെച്ചത് എന്തിനായിരിക്കും? ചുപ്പായും മാജിക് ഹാറ്റും തന്റെ വരവ് കാത്തിരിക്കുകയായിരുന്നുവെന്നു പറഞ്ഞത് സത്യമായിരിക്കുമോ? താനെന്താണ് അവര്‍ക്കു വേണ്ടി ഇപ്പോള്‍ ചെയ്യേണ്ടത്? ഇപ്പോള്‍ ചുപ്പാകളെ കൊല്ലുന്ന മന്ത്രവാദി ജീവിച്ചിരിപ്പില്ല. പിന്നാരെയാണവര്‍ പേടിക്കുന്നത്? അതുമല്ല, ഈ നാട്ടിലുണ്ടായിട്ടുള്ള കുഴപ്പങ്ങളൊക്കെ പരിഹരിക്കാന്‍ തനിക്കുമാത്രമേ കഴിയൂ എന്നാണല്ലോ മമ്മ പറഞ്ഞത്. താനെങ്ങനെയാണ് കുഴപ്പങ്ങള്‍ പരിഹരിക്കുന്നത്? തനിക്കതു സാധിക്കുമോ?
മരച്ചില്ലയിലിരുന്ന കതിര്‍വാലനണ്ണാന്‍ ദേവേശിയുടെ തോളത്തേയ്ക്കു ചാടിയത് അപ്പോഴായിരുന്നു. ഒരു നിമിഷം പേടിച്ചുപോയെങ്കിലും, അണ്ണാറക്കണ്ണനെ കൈയ്ക്കുള്ളില്‍ കിട്ടിയപ്പോള്‍ അവള്‍ സന്തോഷത്തോടെ പൊട്ടിച്ചിരിച്ചു.
അണ്ണാനവളുടെ മുഖത്തേയ്ക്കു നോക്കി ചിലച്ചു.
‘എന്താ കതിര്‍വാലാ നീ പറയുന്നത്?’
ദേവേശി അതിന്റെ മുതുകിലെ വരകളില്‍ തലോടിക്കൊണ്ടു ചോദിച്ചു. അണ്ണാറക്കണ്ണന്‍ വീണ്ടുമവളുടെ തോളിലേയ്ക്കു ചാടിക്കയറിയിരുന്നിട്ട് ചെവിയില്‍ എന്തോ പറയുന്നതുപോലെ ചിലച്ചു.
‘ഓ… എനിക്കിപ്പോ നിന്റെ ചിലയ്ക്കലിന്റെയര്‍ത്ഥം മനസ്സിലാകുന്നുണ്ടല്ലോ…. ഞാനാണ് എല്ലാം ശര്യാക്കേണ്ടത്ന്നല്ലേ നീ പറഞ്ഞത്?’
അണ്ണാറക്കണ്ണന്‍ ദേവേശിയുടെ കവിളത്ത് ഉമ്മ കൊടുക്കും പോലെ ഒന്നു മുഖമുരുമ്മിയിട്ട് ചാമ്പയുടെ ചാഞ്ഞു നില്‍ക്കുന്ന കൊമ്പത്തേയ്ക്കു ഒരൊറ്റച്ചാട്ടം ചാടി.
ദേവേശി ആലോചനയിലാണ്ടു: അച്ഛന്‍ നാളെ വരും. രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ദല്‍ഹിയിലേയ്ക്കു കൊണ്ടു പോകും. പിന്നെങ്ങനെയാണ് തനിക്ക് ഇവിടുത്തെ കുഴപ്പങ്ങള്‍ മാറ്റാന്‍ കഴിയുന്നത്?
്യൂഞാനിവിടെ പഠിച്ചോളാമെന്ന് അച്ഛനോടു പറഞ്ഞാലോ? ദല്‍ഹിയില്‍ താമസിക്കുന്നതിലുമിഷ്ടം തനിക്കിവിടെയാണെന്ന് പറഞ്ഞാല്‍ അച്ഛന്‍ സമ്മതിക്കുമോ?
അല്ലെങ്കില്‍ മമ്മയെക്കൊണ്ട് പറയിക്കണം. പക്ഷേ, മമ്മ പറയുമോ?
ഇങ്ങനെ ഓരോന്നാലോചിച്ച് കുഴങ്ങി നില്‍പ്പായി അവള്‍.
(തുടരും)






















