- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പ്രകൃതിയുടെ ദൂതന്മാര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 48)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”മാജിക് ഹാറ്റോ?”
രൈരൂ നാലുപാടും നോക്കിക്കൊണ്ടു ചോദിച്ചു.
”അതേ… ഞാനാണ് മാജിക് ഹാറ്റ്. ദാ, ഇവിടെയീ മരക്കുറ്റിയില്‍ ഞാനിരിപ്പുണ്ട്.”
രൈരൂ എന്നെക്കണ്ടു! ‘ഞാന്‍ ചോദിച്ചതിനുത്തരം പറയൂ’
ഞാന്‍ രൈരൂവിനെ ഓര്‍മ്മിപ്പിച്ചു.
”പറയാം, എന്താണെനിക്ക് ചുപ്പാകാബ്രാകളോടിത്രയ്ക്കു സ്‌നേഹമെന്നല്ലേ അറിയേണ്ടത്?”
രൈരൂ ഉറച്ച ശബ്ദത്തിലാണു സംസാരിക്കുന്നതിപ്പോള്‍.
”ഒന്നാമത് ഒരു ജീവികളേയും വെറുതെ കൊല്ലാന്‍
നമുക്കവകാശമില്ല. ഈ ഭൂമി എല്ലാവരുടേയുമാണ്. എല്ലാ ജീവജാലങ്ങളുടേയുമാണ്. രണ്ടാമത്, ചുപ്പാകാബ്രാകള്‍ സാധുജീവികളാണ് – ആര്‍ക്കും അവ യാതൊരുപദ്രവവും
ചെയ്യുന്നില്ല. മൂന്നാമത്, പ്രകൃതിയുടെ ദൂതന്മാരാണവ”
”ദൂതന്മാരോ?”
”അതെ, ചുപ്പാകാബ്രാ മണ്ണില്‍ നടക്കുന്നു. വെള്ളത്തില്‍ നീന്തുന്നു. ആകാശത്തില്‍ പറക്കുന്നു. തീക്കനല്‍ അവയെ പൊള്ളിക്കുന്നില്ല. അവ വായുവിനെ ശുദ്ധീകരിക്കുന്നുമുണ്ട്. എല്ലാ ജീവികളുമായും ചങ്ങാത്തത്തിലാണ് ചുപ്പാകള്‍. പുലിയോടും മാനിനോടും ചെന്നായയോടും ആടിനോടും പുല്‍ച്ചാടിയോടും പൂച്ചയോടുമെല്ലാം ചുപ്പാകള്‍ കൂട്ടുകൂടുന്നു. നീണ്ടു കൂര്‍ത്ത നഖങ്ങളും മൂര്‍ച്ചയുള്ള പല്ലുകളുമുണ്ടെങ്കിലും അവ ആരേയും ആക്രമിക്കുന്നില്ല. ഇതിനെക്കാള്‍ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടിയുണ്ട്. ഒന്നല്ല, കുറേ കാര്യങ്ങള്‍ കൂടിയുണ്ട്.” ഒരു നിമിഷം ആലോചിച്ചിരുന്നിട്ട് രൈരൂ തുടര്‍ന്നു
”ചുപ്പാകാബ്രാ ജീവിക്കുന്നിടത്ത് ഒരിക്കലും നദികള്‍ വരണ്ടു പോകില്ല. ഭൂമി മരുഭൂമിയാകില്ല. മനുഷ്യരില്‍ കൂടുതലാളുകളും ദുരാഗ്രഹികളായാലും, അവ ജീവിക്കുന്ന സ്ഥലങ്ങളില്‍ നന്മയുള്ള മനുഷ്യര്‍ കുറച്ചു പേരെങ്കിലുമുണ്ടാകും. മാത്രമല്ല, സ്വതന്ത്രമായി അവയെ പ്രകൃതിയില്‍ തുറന്നുവിട്ടാല്‍ അവ സൂര്യപ്രകാശത്തില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് മുട്ടകളിടും; മുട്ട വിരിഞ്ഞ് കൂടുതല്‍ ചുപ്പാകാബ്രാകളുണ്ടാവും. മനുഷ്യന്റെയും മൃഗങ്ങളുടേയും പക്ഷികളുടേയും മരങ്ങളുടേയും ഭാഷകളവയ്ക്കു മനസ്സിലാകും… പക്ഷേ, ഒരൊറ്റ ചുപ്പാകാബ്രാ പോലുമില്ലാതെ അവരുടെ വംശനാശം വരുത്തിയാല്‍ പിന്നീടൊരിക്കലും അവയീ ഭൂമിയിലുണ്ടാവില്ല… അതോടെ വരള്‍ച്ചയും ഉരുള്‍പൊട്ടലും പകര്‍ച്ചരോഗങ്ങളുമൊക്കെ പൊട്ടിപ്പുറപ്പെടും.. ഭൂമിയുടെ നാശമാണത്, ജീവന്റെ നാശം” രൈരുവിന്റെ ശബ്ദത്തില്‍ ഗദ്ഗദമുണ്ടായിരുന്നു അപ്പോള്‍. ”എന്നിട്ടു തൊപ്പി രൈരൂവിനോടെന്തു പറഞ്ഞു?”
ദേവേശി ചോദിച്ചു.
”ഞാനോ? എന്തുകൊണ്ടാണ് നൊക്‌ചേണോ മന്ത്രവാദി ചുപ്പാകാബ്രാകളെ കൊന്ന് അവയുടെ ചോരുകുടിക്കുന്നതെന്നെനിക്കു മനസ്സിലായി. ഭൂമിയെ ഉണങ്ങി വരണ്ട മരുഭൂമിയാക്കി മാറ്റാനാണല്ലോ അയാളാഗ്രഹിക്കുന്നത്…”
”അല്പനേരം” തൊപ്പി സംഭാഷണം തുടര്‍ന്നു ഞാനും രൈരൂവും ആലോചനയില്‍ മുഴുകി. എന്നിട്ടു ഞാനദ്ദേഹത്തോടു പറഞ്ഞു.
”ഇവിടെ നിന്ന് ഞാന്‍ അങ്ങയെ രക്ഷപ്പെടുത്താം, കാരണം അങ്ങൊരു നല്ല മനുഷ്യനാണെന്നെനിക്കു മനസ്സിലായി…”
അതുകേട്ട രൈരൂ ചോദിച്ചു ”നീയൊരു ചെറിയ തൊപ്പിയല്ലേ? നിനക്കെങ്ങനെ എന്നെ രക്ഷപ്പെടുത്താന്‍ സാധിക്കും? മാത്രമല്ല, നീയീ മന്ത്രവാദിയുടെ ഒപ്പമല്ലേ താമസിക്കുന്നത്?”
ഞാന്‍ ഒന്നു ചിരിച്ചു, ആ ചോദ്യങ്ങള്‍ കേട്ട്. പിന്നെ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.
”ശരിയാണ്. ഇപ്പോള്‍ ഞാനീ മന്ത്രവാദിയുടെ കൂടെയാണ് താമസം. പക്ഷേ, മുന്‍പ് അങ്ങനെയായിരുന്നില്ല.”
(തുടരും)






















