- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ഇരുട്ടില്‍ രണ്ടുപേര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 47)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ഇരുട്ടും ദുര്‍ഗന്ധവും നിറഞ്ഞ ഗുഹയ്ക്കുള്ളിലേക്ക്, ആദ്യം ബര്‍ത്തൊയും പിറകെ രൈരൂവും കയറിയതും, ആരോ വാതില്‍ ആഞ്ഞടച്ചു, തൊപ്പി കഥ തുടരുകയാണ്. അടുത്ത നിമിഷം ഇരുട്ടിലൊളിച്ചിരിയ്ക്കുകയായിരുന്ന മന്ത്രവാദി നൊക്‌ചേണോ രൈരൂവിന്റെ മുന്‍പിലെത്തി അട്ടഹസിച്ചു ”ഹഹ ഹഹ… അങ്ങനെ നീയെന്റെ കയ്യിലായി.”
ബര്‍ത്തൊയും മന്ത്രവാദിയും കൂടി വലിയ കാട്ടുവള്ളികള്‍ കൊണ്ട് രൈരൂവിനെ ഒരു വലിയ പാറയില്‍ കെട്ടിയിട്ടു. ‘എവിടെയാ ആ സാധു ജീവികള്‍? അവരെ തുറന്നു വീട്. എന്നെ കെട്ടിയിട്ടാലും ചുപ്പാകാബ്രാകളെ തുറന്നു വിട്’ എന്നു മാത്രമായിരുന്നു രൈരൂ പറഞ്ഞത്.
മന്ത്രവാദി പൊട്ടിച്ചിരിച്ചു ”ഹഹ… എങ്ങനെ തൊറന്നു വിടാന്‍? എല്ലാറ്റിനേം കൊന്നില്ലേ? ഹഹ… പിന്നെ നിന്നേം ഞാന്‍ അവര്‌ടെ അടുത്തേക്കു തന്നെ വിടാം.”
ദേവേശിയ്ക്ക് പേടിയും സങ്കടവും കാരണം ശരീരമാകമാനം വിറയ്ക്കാന്‍ തുടങ്ങി. അതു കണ്ടിട്ട് ചുപ്പാകാബ്രാ അവളുടെ ദേഹത്തോടു ചേര്‍ന്നിരുന്ന്, തൂവലുകള്‍ കൊണ്ട് അവളെ തലോടി. തൊപ്പി ദേവേശിയോട് പറഞ്ഞു ”പേടിക്കണ്ട മോളേ”
ചുപ്പാകളെ കൊന്നൊടുക്കിയെന്നു കേട്ടപ്പോള്‍ രൈരൂവിന്റെ മനസ്സു തകര്‍ന്നു. പാവങ്ങള്‍ എന്തൊരു ദുഷ്ടന്മാരാണിവര്‍!
”നീയിവിടെ കിടക്ക്” മന്ത്രവാദി മുറുമുറുത്തു” എനിക്കു കുറച്ചു തിരക്കുണ്ട്. അതുകഴിഞ്ഞിട്ട് പാതിരാത്രിയാകുമ്പം ഞാന്‍ നിന്റെ കാര്യം ശരിയാക്കാം, കേട്ടോ”
ബര്‍ത്തോ വിനയത്തോടെ മന്ത്രവാദിയോടു ചോദിച്ചു: ‘ഞാന്‍ പൊക്കോട്ടെ?’
‘ങും… ശരി. ഞാനെപ്പോള്‍ വിളിച്ചാലും വന്നേക്കണം.’
ബര്‍ത്തോ ഗുഹയുടെ വാതില്‍ തുറന്ന് ഓടിപ്പോയി.
മന്ത്രവാദി ഗുഹയുടെ നിലത്തുള്ള ഒരു കരിങ്കല്ല് വലിച്ചുമാറ്റി താഴേയ്ക്ക് പടികളിറങ്ങിപ്പോയി. അവിടെയാണയാള്‍ ചുപ്പാക്കാബ്രാകളുടെ ശരീരങ്ങള്‍ കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നത്.
എന്തുചെയ്യണമെന്നറിയാതെ രൈരൂ കണ്ണീരൊഴുക്കി. ഇനി താനെന്തിനു രക്ഷപ്പെടണം? പാവം ചുപ്പാകളെ രക്ഷിക്കാന്‍ തനിക്കു കഴിഞ്ഞില്ല. അക്കൂട്ടത്തിലൊരാള്‍പോലും അവശേഷിച്ചിട്ടുണ്ടാവില്ലേ?
ഒരെണ്ണമെങ്കിലും രക്ഷപ്പെട്ടിരുന്നെങ്കില്‍!….’
തൊപ്പി ദേവേശിയുടെ കവിളില്‍ പതിയെ തൊട്ടു. പുഞ്ചിരിച്ചു കൊണ്ട് ‘ദേവേശീ, ഇനിയാണ് ഞാനീ കഥയിലേയ്ക്കു വരുന്നത്’
”തൊപ്പി അവിടുണ്ടായിരുന്നോ? ആ ഗുഹയ്ക്കുള്ളില്? പേടിയാവില്ലേ?”
”ഹിഹിഹി… മോളേ, ഞാന്‍ വെറുമൊരു തൊപ്പിയല്ലല്ലോ. മാജിക് ഹാറ്റല്ലേ? മന്ത്രികത്തൊപ്പി! എനിക്കെന്തു പേടി? പക്ഷേ, അന്നു ഞാന്‍ ആ ദുഷ്ടന്റെ അടിമയായിരുന്നു.” അതു പറയുമ്പോള്‍ തൊപ്പിയുടെ ശബ്ദമിടറി.
”എങ്ങനെയാ അടിമയായത്?” ദേവേശി ചോദിച്ചു.
‘പറയാം’ തൊപ്പി പതിയെ പറഞ്ഞു ‘അതിനുമുന്‍പ് രൈരൂവിന്റെ കഥ ബാക്കി പറയട്ടെ.’
ഇരുട്ടില്‍, ദുര്‍ഗന്ധത്തില്‍ ഗുഹയുടെ തറയിലെ അഴുക്കു വെള്ളത്തില്‍ പാറയില്‍ വരിഞ്ഞു മുറുക്കി കെട്ടിയ നിലയില്‍ കിടക്കുന്ന രൈരൂവിനെ ഒരാള്‍ നോക്കിയിരിക്കുന്നുണ്ടായിരുന്നു – രൈരൂ അതറിഞ്ഞിരുന്നില്ല എങ്കിലും.
”ഈശ്വരാ, ഒരു ചുപ്പാകാബ്രായെങ്കിലും രക്ഷപ്പെട്ടെങ്കില്‍!” എന്ന് രൈരൂ ഇടറിയ ശബ്ദത്തില്‍ പറഞ്ഞപ്പോള്‍, ഗുഹയുടെ കോണിലൊരു മരക്കുറ്റിയില്‍ അദ്ദേഹത്തെ നോക്കിയിരിയ്ക്കുകയായിരുന്ന ആള്‍ ചോദിച്ചു:
”നിങ്ങള്‍ക്കെന്താ ചുപ്പാകാബ്രാകളോടിത്രയ്ക്ക് സ്‌നേഹം?”
ആ ചോദ്യം കേട്ട സ്ഥലത്തേക്കു രൈരൂ നോക്കിയെങ്കിലും ആരെയും കണ്ടില്ല. ”ആരാത്?” എന്ന് അമ്പരപ്പോടെ രൈരൂ ചോദിച്ചു. ”ഞാന്‍, ഞാനാണ് മാജിക് ഹാറ്റ്” എന്നു ഞാനപ്പോള്‍ പറഞ്ഞു.
(തുടരും)






















