- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ചതിയന്‍ ബര്‍ത്തൊ (ഹാറ്റാചുപ്പായുടെ മായാലോകം 45)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി പേടിച്ച് രണ്ടു കൈകള്‍ കൊണ്ടും കണ്ണു പൊത്തി ഇരുന്നു – അവളുടെ തൊട്ടുമുന്‍പില്‍ വെച്ച് മന്ത്രവാദി നൊക്‌ചേണോ, ബര്‍ത്തൊയെ കൊല്ലുന്നത് കാണാന്‍ കഴിയാതെ എന്ന മട്ടില്‍! തൊപ്പി കഥ തുടര്‍ന്നു.
‘നൊക്‌ചേണോ ഒരു വലിയ കോടാലിയെടുത്ത് ബര്‍ത്തൊയുടെ കഴുത്തിനു നേരേ ആഞ്ഞു വീശാനൊരുങ്ങിയതും, ബര്‍ത്തൊ അയാളുടെ കാല്‍ക്കല്‍ വീണ് ”എന്നെ കൊല്ലരുതേ” എന്നു നിലവിളിച്ചതും ഒരുമിച്ചായിരുന്നു. ”ഞാനെന്തു വേണമെങ്കിലും ചെയ്യാമേ, എന്നെ വെറുതെ വിടണേ” എന്നു കരയുന്ന ബര്‍ത്തൊയുടെ നടുവിനൊരു ചവിട്ട് കൊടുത്തിട്ട് നൊക്‌ചേണോ പറഞ്ഞു:
”ശരി, ഒരു കാര്യം ചെയ്യ് നീ… അവന്‍ ആ മണ്ടന്‍ രൈരൂ കാരണമാണ് ഇത്രയും നാളും എനിക്ക് ചുപ്പാകളെ കിട്ടാതിരുന്നത്. നീ പോയി അവനെ കൂട്ടിക്കൊണ്ടു വാ…. അവനെ ഞാന്‍ ശരിപ്പെടുത്തും…. അവനെ കൊണ്ടുവന്നാല്‍ നിന്നെ വെറുതെ വിടാം. അവനെ ജീവനോടെ കൊണ്ടുവന്നാല്‍.”
‘അതു കേട്ടപാടെ ബര്‍ത്തൊ ഗുഹയ്ക്കു പുറത്തിറത്തേയ്ക്കിറങ്ങിയോടി. രൈരൂ വിനോട് ബര്‍ത്തൊയ്ക്കും ദേഷ്യമുണ്ട്. രൈരൂ കാരണമാണ്, ചുപ്പാകാബ്രാകളെ നാട്ടിലെങ്ങും കാണാന്‍ കിട്ടാതായതും, അങ്ങനെ ചുപ്പാകളാണു കൊല്ലുന്നതെന്നു പറഞ്ഞ് തനിക്ക് ആടുകളേയും മറ്റും കൊന്ന് കാശ് വാങ്ങാന്‍ കഴിയാതെ വന്നതും. അയാളെ പിടിച്ചു കൊണ്ടുവന്ന് മന്ത്രവാദിക്കു കൊടുക്കണം. മന്ത്രവാദി അയാളുടെ കഥകഴിച്ചോളും!’
‘പക്ഷേ, രൈരൂവിനെ എങ്ങനെയാണ് ഗുഹയിലേയ്ക്കു കൊണ്ടുവരുന്നത്? അയാളെ മല്‍പ്പിടുത്തത്തില്‍ തോല്പിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല. നല്ല ആരോഗ്യമുണ്ട് രൈരൂവിന്, എന്തെങ്കിലും കൗശലം പ്രയോഗിച്ചേ പറ്റൂ.’
‘ബര്‍ത്തൊ രൈരൂവിന്റെ വീടിനടുത്തുള്ള ഒരു മരച്ചുവട്ടില്‍ കാത്തു നിന്നു. നേരം സന്ധ്യയാകാറായി പകല്‍വെളിച്ചം മങ്ങി, മൂടല്‍മഞ്ഞിന്റെ നേര്‍ത്ത മറവിലൂടെ, ദൂരെ നിന്ന് രൈരൂ വരുന്നതു കണ്ടതും, ബര്‍ത്തൊ എങ്ങലടിച്ചു കരയാന്‍ തുടങ്ങി. അയാള്‍ നിലത്തു വീണുരുണ്ട്, തലയില്‍ കൈകൊണ്ട് ആഞ്ഞിടിച്ച് കരച്ചില്‍ വലിയ നിലവിളിയാക്കി മാറ്റി”
തൊപ്പി ഇടയ്‌ക്കൊന്നു നിര്‍ത്തിയിട്ട് ദേവേശിയോടു ചോദിച്ചു:
‘മോള്‍ക്ക് ഉറക്കം വരുന്നുണ്ടോ?’
‘ഇല്ല…’ സങ്കടത്തിലായിരുന്നു മറുപടി
‘സാരമില്ല ദേവേശീ… കുട്ടിയീ കഥ കേള്‍ക്കണം’ എന്നു പറഞ്ഞിട്ട് തൊപ്പി കഥ തുടര്‍ന്നു.
‘രൈരൂ കണ്ടത് നിലത്തു വീണുരുണ്ട് കരയുന്ന ബര്‍ ത്തൊയെയാണ്. അദ്ദേഹം ബര്‍ത്തൊയെ ആശ്വസിപ്പിക്കുന്നതിനിടയില്‍, എന്തിനാണു കരയുന്നതെന്നു തിരക്കി ”ഞാനെങ്ങനെ സഹിക്കും? അല്ല, നിങ്ങളതെങ്ങനെ സഹിക്കും? നിങ്ങള്‍ ഓമനിച്ചു വളര്‍ത്തിയ ആ പാവം ജീവികളെ മുഴുവന്‍ പിടിച്ചു കൊണ്ടു പോയില്ലേ ആ ദുഷ്ടന്‍? മൂന്നാലു ദിവസം മുന്‍പ് താഴെ വീണു കാലൊടിഞ്ഞ ഒരു പാവം ചുപ്പായെ എന്റെ വീട്ടില്‍ കൊണ്ടുപോയി ശുശ്രൂഷിച്ചു ഭേദപ്പെടുത്താമെന്നു വിചാരിച്ചു, ഞാനെടുക്കാന്‍ തുടങ്ങിയപ്പോള്‍, നിങ്ങളോടി വന്നത് ഓര്‍മ്മയില്ലേ? അന്നെനിക്കു മനസ്സിലായി, നിങ്ങള്‍ക്കവയോട് എത്ര സ്‌നേഹമാണെന്ന്! യ്യോ… എങ്ങനെ സഹിക്കുമിത്!” രൈരൂ ഇടിയേറ്റതുപോലെ നിന്നു പോയി! തന്റെ വീട്ടിലേയ്ക്കു നോക്കി – വിശ്വാസം വരാത്തതുപോലെ ബര്‍ത്തൊയോടു ചോദിച്ചു ”നിങ്ങളെന്താ പറഞ്ഞത്, ചുപ്പാകാബ്രാകളെ…. പിടിച്ചു… കൊണ്ടുപോയെന്നോ?….”
”അയ്യോ… ഞാനതെങ്ങനെ പറയും?” ബര്‍ത്തൊ വീണ്ടും അലമുറയിട്ടു കരയാന്‍ തുടങ്ങി. ‘ഒരുത്തന്‍ വന്ന് വലയിട്ടു പിടിച്ചോണ്ടു പോയി… ഞാന്‍ പിറകേ ചെന്നപ്പോ അയാളെന്നെ തല്ലിയോടിച്ചു… പക്ഷേ, അയാള് ചുപ്പാകളെ, എവിടെയാ കൊണ്ടുപോയി വെച്ചിരിക്കുന്നതെന്ന് ഞാന്‍ കണ്ടുപിടിച്ചു… എനിക്കൊറ്റയ്ക്കു പോയി അവരെ രക്ഷപ്പെടുത്താന്‍ പറ്റില്ല. ആരെങ്കിലും സഹായിച്ചാല്‍…” രൈരൂ നെഞ്ചത്തു കൈവെച്ചുപോയി ”എന്റെ ഈശ്വരാ!” ബര്‍ത്തൊയുടെ തോളില്‍ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു ”ഞാന്‍ വരാം. പറയൂ… എവിടെയുണ്ടവര്‍? എനിക്കാ പാവങ്ങളെ രക്ഷിക്കണം”
ബര്‍ത്തൊ കള്ളക്കണ്ണീരു തുടച്ചു. എന്നാല്‍ ഉടനെതന്നെ പോകണം. കാരണം, അവരെ പിടിച്ചോണ്ടു പോയ ആ ദുഷ്ടന്‍ ഇപ്പോഴവിടെയില്ല. അയാള് പുറത്തുപോയിരിക്കുകയാ… ഇപ്പോച്ചെന്നാല്‍ നമുക്കവരെ രക്ഷിക്കാം.”
രൈരൂ, ബര്‍ത്തൊയെ പിന്തുടര്‍ന്ന്, കുറ്റിക്കാട്ടിലൂടെ നടന്നു… നടന്നു നടന്നെത്തിയത് നൊക്‌ചേണോയുടെ ഗുഹയുടെ മുന്‍പിലായിരുന്നു ബര്‍ത്തൊ ഗുഹയുടെ വാതില്‍ തള്ളിത്തുറന്നു.
(തുടരും)






















