- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- പാവം ചുപ്പാകാബ്രാകൾ (ഹാറ്റാചുപ്പായുടെ മായാലോകം 43)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
തൊപ്പി കഥ തുടര്‍ന്നു…
‘അങ്ങനെ ബര്‍ത്തൊ ആടുകളെ കൊന്ന് നൊക്‌നു കൊടുക്കും. നൊക്, ബര്‍ത്തോയ്ക്ക് ധാരാളം കാശ് കൊടുക്കും. കൂടുതല്‍ കൂടുതലാളുകള്‍ പാവം ചുപ്പാകാബ്രാകളെ വേട്ടയാടിക്കൊല്ലും. അവയെല്ലാം നൊക്‌ന്റെ കയ്യിലെത്തും; ആ ദുഷ്ടന്‍ അവയുടെ ചോരകുടിക്കും. എണ്ണം തികഞ്ഞാല്‍ തനിക്ക് ഈ ഭൂമിയെ കീഴടക്കാന്‍ കഴിയുമെന്നും താനൊരിക്കലും മരിക്കുകയില്ലെന്നും അയാള്‍ വിശ്വസിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് രൈരൂ എന്ന നല്ല മനുഷ്യന്‍ അവിടെയെത്തിയതും അവശേഷിച്ച ചുപ്പാകള്‍ക്കു വേണ്ടി തന്റെ വീടിന്റെ മുകളില്‍ വലിയ തട്ടിന്‍പുറം പണിത്, അവരെ അവിടെ സുരക്ഷിതമായി താമസിപ്പിച്ചതും. അതോടെ ബര്‍ത്തൊയ്ക്ക് ആടുകളെ കൊല്ലാന്‍ കഴിയാതെയായി. അത്യാഗ്രഹിയായ അയാള്‍ക്ക് കാശ് കിട്ടാതെയുമായി. നൊക്‌നോ? ആളുകള്‍ ചുപ്പാകാബ്രാകളെ കൊല്ലാതായതോടെ നൊക് ഭ്രാന്തുപിടിച്ചതുപോലെയായി. എവിടെ നിന്നെങ്കിലും ചുപ്പാകളെ കിട്ടിയേ തീരൂ എന്നയാള്‍ ബര്‍ത്തൊയോടു പറഞ്ഞു. ബര്‍ത്തൊ നാടു നീളെ ചുപ്പാകളെ തേടി നടന്നു…’
‘എന്നിട്ട്… കിട്ട്യോ?’ ദേവേശി ശ്വാസമടക്കിപ്പിടിച്ചാണതു ചോദിച്ചത്. പാവം ചുപ്പാകളെയോര്‍ത്ത് അവളുടെ ഹൃദയം ഉറക്കെ മിടിക്കുകയായിരുന്നു അപ്പോള്‍.
‘എവ്‌ടെ കിട്ടാന്‍? ചുപ്പാകളെല്ലാം രൈരൂവിന്റെ തട്ടിന്‍പുറത്ത്, ഒളിച്ചു താമസിക്കുകയല്ലേ? ഹിഹി… പക്ഷേ… ഒരു കുഴപ്പം…’
‘എന്താ… ദാ?’ ദേവേശി പേടിയോടെ ചോദിച്ചു.
‘തട്ടിന്‍പുറത്തിന്റെ ഭിത്തിയിലൊരു ചെറിയ ജനാലയുണ്ട്. ഒരിക്കലും അതു തുറക്കരുതെന്ന് രൈരൂ പറഞ്ഞിട്ടുണ്ട്. എല്ലാവരോടും. പക്ഷേ, ഒരു വികൃതിക്കുട്ടനായ ചുപ്പാ, ആരും കാണാതെ ഒരു ജനല്‍പ്പാളി പതിയെ തുറന്നു. എന്തൊരു വെളിച്ചമാണ് പുറത്ത്! നല്ല കാറ്റുമുണ്ട്. മരച്ചില്ലകളില്‍ പൂക്കളും പഴുത്ത കായ്കളുമുണ്ട്… ആ വികൃതിക്കുട്ടി പമ്മിപ്പമ്മി ജനാലപ്പടിയില്‍ കയറി നിന്നു ദൂരെയൊരു കിളി പറക്കുന്നത് കണ്ട് ഒന്നെത്തി നോക്കിയതും, കാല്‍തെന്നി താഴെ വീണതും ഒരുമിച്ചായിരുന്നു. അവന്‍ വീണതൊരു കല്ലിന്റെ മുകളിലായിരുന്നു. കാലൊടിഞ്ഞു. എഴുന്നേല്‍ക്കാനോ പറക്കാനോ കഴിയാതെ അവന്‍ കരയാന്‍ തുടങ്ങി…’
ദേവേശി പേടിച്ചരണ്ട് കൈകള്‍ കൂട്ടിപ്പിടിച്ച് ഒറ്റയിരിപ്പാണ്… ‘ആ സമയത്താണ് ബര്‍ത്തൊ അതുവഴി വന്നത്… ചുപ്പാക്കുട്ടിയെ കണ്ടതും ആ ദുഷ്ടന്‍ പാഞ്ഞടുത്തു…’
ദേവേശി കരയാന്‍ തുടങ്ങി അത് കേട്ടതോടെ…
‘അയാള്‍ ഓടിച്ചെന്ന് ചുപ്പാക്കുട്ടിയെ എടുക്കാന്‍ തുടങ്ങിയതും, രൈരൂ അവിടെയെത്തിയതും ഒരുമിച്ചായിരുന്നു… രൈരൂ അയാളുടെയടുത്തേയ്ക്ക് പാഞ്ഞു ചെന്നു ”അതൊരു സാധു ജീവിയാണ്… താഴെ വെയ്ക്ക് അതിനെ!” എന്ന് രൈരൂ പറഞ്ഞപ്പോള്‍, ചുപ്പാക്കുട്ടിയെ താഴെയിട്ടിട്ട് ബര്‍ത്തൊ ഓടിപ്പോയി’
ദേവേശി കണ്ണുനീര്‍ തുടച്ചു. അവളുടെ മുഖത്ത് ചെറിയൊരാശ്വാസം പടര്‍ന്നു.
‘പക്ഷേ ഒരു കുഴപ്പമുണ്ടായി’ തൊപ്പിയുടെ ശബ്ദത്തിലും സങ്കടമുണ്ട് അതു പറയുമ്പോള്‍ ‘ചുപ്പാക്കുട്ടിയെ കണ്ട സ്ഥലത്തിനടുത്ത് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ നൊക്‌ചേണോ, ബര്‍ത്തൊലോമിക്കു നിര്‍ദ്ദേശം കൊടുത്തു. രൈരൂ അതു പ്രതീക്ഷിച്ചിരുന്നു; രണ്ടു മൂന്നു ദിവസം പുറത്തുപോകാതെ കാവലിരിയ്ക്കുകയും ചെയ്തു. പക്ഷേ, ചുപ്പാകള്‍ക്ക് ഭക്ഷണം കൊടുക്കേണ്ടേ?, ഭക്ഷണം കിട്ടാതായാല്‍ കൂട്ടത്തിലുള്ള ചുപ്പാക്കുട്ടികള്‍ ബഹളമുണ്ടാക്കും, ഉറക്കെ ചിലയ്ക്കും. അത് പുറത്തു കേട്ടാലോ? അങ്ങനെ രൈരൂ ഭക്ഷണം തേടിപ്പോയ സമയത്ത് ബര്‍ത്തൊ രൈരൂവിന്റെ വീടിനടുത്തെത്തി – രണ്ടുമൂന്നു ദിവസമായി അയാള്‍ ഒളിച്ചിരുന്നു നിരീക്ഷിക്കുകയായിരുന്നു – അയാള്‍ വീടിനോടു ചേര്‍ന്നുള്ള ഒരു മരത്തില്‍ക്കയറി, മേല്‍ക്കൂരയിലെ രണ്ടുമൂന്ന് ഓടിളക്കി മാറ്റി. അതാ തട്ടിന്‍ പുറത്ത് നൂറുകണക്കിന് ചുപ്പാകാബ്രാകള്‍! ബര്‍ത്തൊ തുരുതുരെ വെടിവെയ്ക്കാന്‍ തുടങ്ങി പാവങ്ങള്‍, ചുപ്പാകള്‍ ചത്തുവീഴാനും!
(തുടരും)






















