- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മലങ്കൂടത്തി (ഹാറ്റാചുപ്പായുടെ മായാലോകം 41)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
‘മാളികേലമ്മേ, ഇദ് അവന്‍ തന്ന്യാ…. സംശയിക്കണ്ട’ ചന്ദ്രപ്പൂപ്പന്‍ മമ്മയോടു പിറുപിറുക്കുന്നത് ദേവേശി കേട്ടു. മമ്മ എന്തോ ആലോചിച്ചിരിക്കുകയാണ്.
”ഇപ്പോ ഇദ്ങ്ങനെ ചാടിവര്ന്നതെന്താന്ന് ഞാമ്പോയി ആ മലങ്കൂടത്ത്യോടു ചോയ്ച്ചപ്പഴാ അവര് പറഞ്ഞത്.. മുന്നൂറ്റമ്പത് കൊല്ലം വരെയാണ് അവനെ അവ്‌ടെ തളച്ചിടാമ്പറ്റ്ന്നത് എന്ന്… ഇപ്പോ മുന്നൂറ്റമ്പത് കൊല്ലം കഴിഞ്ഞൂ അത്രേ!”
മമ്മ ചന്ദ്രപ്പൂപ്പന്റെ മുഖത്തേയ്ക്കു സൂക്ഷിച്ചു നോക്കി.
”എന്നിട്ട് മലങ്കൂടത്തി വേറെന്തൊക്കെ പറഞ്ഞു?”
”ഏയ്… അദല്ലേ രസം?” ചന്ദ്രപ്പൂപ്പന്‍ ചിരിച്ചു ”മലങ്കൂടത്തി വര്‍ഷത്തിലൊരിക്കലല്ലേ വായ് തുറന്നു വല്ലതും സംസാരിക്കൂ? അതും വെറും മൂന്നേ മൂന്ന് വാക്ക്! അദല്ലേ അവര്‌ടെ പതിവ്?
ഞാനീ കഥയൊക്കെപ്പറഞ്ഞപ്പം മൂപ്പത്ത്യാര് കണ്ണു രണ്ടും മിഴിച്ച് എന്ന്യെയൊന്നു നോക്കി. ന്നിട്ട് ”മൂന്നൂറ്റമ്പത് കൊല്ലം ഇപ്പോ കഴിഞ്ഞു” ന്നു പറഞ്ഞിട്ട് കണ്ണടച്ച് വായും പൂട്ടിയൊറ്റയിരിപ്പ്! കൊറച്ച് നേരം അവ്‌ടെ നോക്കി നിന്ന്ട്ട് ഞാനിങ്ങു പോന്നു. ഹല്ല പിന്നെ!”
മമ്മ ആലോചനയിലാണ് ഇപ്പോഴും. ചന്ദ്രപ്പൂപ്പന്‍ എന്തൊക്കെയോ പറയുകയും ചോദിയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും മമ്മ ഒന്നും കേട്ടതേയില്ലെന്നു തോന്നുന്നു.
ഒടുവില്‍ ഒരു ദീര്‍ഘനിശ്വാസത്തോടെ മമ്മ പിറുപിറുത്തു:
”നേരേതാ, കെട്ടുകഥയേതാന്നൊക്കെ ആര്‍ക്കറിയാം? രണ്ടു മൂന്നു നൂറ്റാണ്ടു മുന്‍പത്തെ കാര്യങ്ങളല്ലേ!”
അപ്പോഴാണ് ഗേറ്റു കടന്ന് പപ്പടക്കാരി പാച്ചുവമ്മ ഓടി വരുന്നത്. എന്തോ വിളിച്ചു പറഞ്ഞുകൊണ്ടാണ് വരവ് ”മാളികേലമ്മേ… നിങ്ങളല്ലേ കാക്കണ്ടത് നാട്ട്വാരെയെല്ലാം? അതിനൊള്ള മരുന്ന് നിങ്ങക്കല്ലേ അറിയൂ? ന്നിട്ടിപ്പോ ദാ ആ കരിന്തുറുകണ്ണന്‍, ഒന്നല്ല, കൊറേയെണ്ണം എന്റെ തൊഴുത്തിന്റെ ചൊവരിമ്മല് കേറിയിരിക്ക്വാ… രണ്ടു കറവപ്പശും നാലഞ്ച് ആടുകളുമാ ചത്തുപോയത്…. നിങ്ങളെന്തെങ്കിലും ചെയ്തില്ലേല്….”
പാച്ചുവമ്മ അലച്ചുതല്ലി കരയാന്‍ തുടങ്ങി.
മമ്മ പാച്ചുവമ്മയുടെ കൈപിടിച്ച് അടുത്തിരുത്തി. അവരുടെ തോളില്‍ തട്ടിക്കൊണ്ട് സാവകാശം പറഞ്ഞു.
”പാച്ച്വമ്മേ, സമാധാനമുണ്ടാകും. എല്ലാറ്റിനും. പക്ഷേ ഒക്കേനും ഒരു സമയംണ്ട്…. ആ സമയം വരണം… പുരാണങ്ങളില് വായിച്ചിട്ടില്ലേ അസുരന്മാര്‌ടെ ഉപദ്രവം മൂത്തു മൂത്ത് മനുഷ്യരും ദേവന്മാരുമൊക്കെ വളരെ കഷ്ടപ്പെട്ടു കൊറേ നാള് കഴിയുമ്പംല്ലേ ഭഗവാന്‍ ഓരോരോ അവതാരങ്ങള് എട്ക്കുന്നത്? അതുപോലെ തന്ന്യാന്നു വിചാരിച്ചാ മതി.”
മമ്മ പാച്ചുവമ്മയ്ക്ക് കാപ്പിയും അവല്‍വിളയിച്ചതും കൊടുത്ത് സമാധാനിപ്പിച്ചയച്ചു. പശുക്കളും ആടുകളുമൊക്കെ ഇന്‍ഷ്വറന്‍സ് ഉള്ളവരായതുകൊണ്ട് പണം കിട്ടുമെന്ന് ധൈര്യപ്പെടുത്തി.
മമ്മയുടെ മുഖത്തു സങ്കടമുണ്ടോ? ദേവേശി നാമം ജപിച്ചു കഴിഞ്ഞപ്പോള്‍ മമ്മയുടെ മടിയില്‍ പോയിരുന്നു ”എന്താ മമ്മാ ചന്ദ്രപ്പൂപ്പനും പാച്ച്വമ്മേമൊക്കെ പറഞ്ഞത്?”
മമ്മ ദേവേശിയെ നെഞ്ചോടു ചേര്‍ത്തു പിടിച്ചു ”എല്ലാം പറയാം എന്റെ കുട്ടിയോട്.
സമയാവട്ടെ.”
”മമ്മാ,” ദേവേശി അങ്ങനെ വിടാന്‍ തയ്യാറല്ലായിരുന്നു.
”ആരാ മലങ്കൂടത്തി?”
”അതോ” മമ്മ പുഞ്ചിരിച്ചു ”കാട്ടില് താമസിക്കുന്ന ഒരമ്മൂമ്മയാ അത്. ആദിയന്മാര്‌ടെ കൂട്ടത്തിലെ ഒരു നല്ല മന്ത്രവാദിനി… മന്ത്രവാദിനീന്നു പറഞ്ഞാലും ആര്‍ക്കും ഒരുപദ്രവോം ചെയ്യില്ലാ ട്ടോ അവര്.”
(തുടരും)






















