- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- തട്ടിന്‍പുറത്തുണ്ടോ ഉത്തരം? (ഹാറ്റാചുപ്പായുടെ മായാലോകം 40)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മമ്മ പറഞ്ഞതിന്റെയര്‍ത്ഥമൊന്നും ദേവേശിയ്ക്കു മനസ്സിലായില്ലെങ്കിലും ആകപ്പാടെ അവള്‍ക്കൊരു സന്തോഷം തോന്നി. താനെന്തോ വലിയ കാര്യം ചെയ്യാന്‍ പോകുന്നുവെന്ന്, എന്തൊക്കെയോ കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ തനിക്കു കഴിയുമെന്നാണോ മമ്മയുദ്ദേശിച്ചത്? ആവോ?
”ദേവേശിക്കുട്ടാ, തട്ടിന്‍ പൊറത്ത് പോയിക്കളിച്ചോ എന്റെ മുത്ത്…. അവ്‌ടെയിരിക്കുമ്പോ എന്തെങ്കിലും ചെയ്യാനൊള്ള നിര്‍ദ്ദേശം കിട്ട്യാല്…. എന്റെ കുട്ട്യത് ചെയ്‌തോ… ട്ടോ!”
തട്ടിന്‍ പുറത്തുന്ന് തനിക്കു നിര്‍ദ്ദേശം കിട്ടുമെന്നോ? മമ്മയ്ക്കറിയാമോ ഹാറ്റാചുപ്പായെക്കുറിച്ച്? അല്ലെങ്കില്‍ എന്താണിങ്ങനെ പറഞ്ഞതിന്റെയര്‍ത്ഥം?
”ആരാ മമ്മാ തട്ടിന്‍പൊറത്തൂന്ന് എനിക്ക്….” ചോദ്യം പൂര്‍ത്തിയാക്കാന്‍ സമ്മതിക്കാതെ മമ്മ ഇടയ്ക്കു കയറിപ്പറഞ്ഞു: ”ആരെങ്കിലും അവ്‌ടെയൊണ്ടന്നല്ല മമ്മ പറഞ്ഞത്… പക്ഷേ ചെലപ്പോ ന്റെ കുട്ടിയ്ക്ക് ഉള്ളില്‍ തോന്നും എന്താ ചെയ്യണ്ടേന്ന്…. അതാ പറഞ്ഞത്.”
ദേവേശി ആരുടേയും ശല്യമില്ലാതെ തട്ടിന്‍ പുറത്തെത്തി. അവിടെ തൊപ്പി തന്നോടു സംസാരിക്കാനായി കാത്തിരിയ്ക്കുകയായിരുന്നുവെന്നവള്‍ക്കു തോന്നി.
”മോളേ… ഓക്‌സാകായിലെത്തി നമ്മുടെയാള്… പത്തു പതിനെണ്ണായിരം കിലോമീറ്ററകലെ നിന്ന് മെക്‌സിക്കോയെന്ന രാജ്യത്തെത്തിയ ആള്…. അവിടെയൊള്ളോര് പാവം ചുപ്പാകാബ്രാകളെ കൊന്നൊടുക്കുന്നത് കണ്ടപ്പോ അദ്ദേഹത്തിനു സങ്കടമായി. എങ്ങനെയെങ്കിലും ഈ ചുപ്പാകളെ രക്ഷിക്കണമെന്ന് അദ്ദേഹം നിശ്ചയിച്ചു. അവിടെ വരെയല്ലേ കുട്ടീ, ഞാന്‍ കഥ പറഞ്ഞു നിര്‍ത്തിയത്?’ തൊപ്പി ചോദിച്ചു.
അതേയെന്ന് ദേവേശി തലയാട്ടി.
”ങാ… എന്നാല് ബാക്കീം കൂടി പറയാം… ഓക്‌സാകായില് വന്ന ആള്‍ടെ പേര് രൈരൂന്നായിരുന്നു… ആള് എങ്ങനെയും ചുപ്പാകളെ രക്ഷപ്പെടുത്താന്‍ തീരുമാനിച്ചു. പക്ഷേ ഒരാള് വിചാരിച്ചാലെന്ത് ചെയ്യും? നാട്ടുകാര് മുഴ്വോനും പാവങ്ങളെ കൊന്നൊടുക്ക്വല്ലേ? രൈരു എന്തു ചെയ്തുന്നോ? ഒരു ചെറിയ വീട്ടിലാണ് രൈരു താമസിക്കുന്നത്. ആള് ആ വീടിനൊരു തട്ടിന്‍പുറം പണിതു-വീടിനെക്കാള്‍ വലിയ തട്ടിന്‍പുറം. എന്നിട്ട് എല്ലാ ചുപ്പാകളോടും പറഞ്ഞു, തന്റെ വീടിന്റെ തട്ടിന്‍പുറത്തു വന്നു താമസിച്ചുകൊള്ളാന്‍.
അപ്പോഴോ? ജീവനില്‍ കൊതിയുള്ള ചുപ്പാകാബ്രാകള്‍ എല്ലാരുംകൂടി മെക്‌സിക്കോയുടെ നാനാഭാഗത്തു നിന്നും രൈരൂന്റെ വീട്ടിലേയ്ക്കു പുറപ്പെട്ടു?” തൊപ്പി ഇടയ്‌ക്കെന്നു നിര്‍ത്തിയെങ്കിലും ദേവേശിയുടെ മുഖത്തെ ആകാംക്ഷ കണ്ടപ്പോള്‍ ഉടനെ തന്നെ വീണ്ടും ആരംഭിച്ചു. ”ഓക്‌സാകായിലെ ചെറിയ വീടിന്റെ വലിയ തട്ടിന്‍പുറത്തും വീട്ടിലെ മുറികളിലും അടുപ്പിന്‍ചുവട്ടിലും വിറകുപുരയിലും പത്തായത്തിലും അലമാരകളിലുമെല്ലാം പാവം ചുപ്പാകള്‍ താമസമാരംഭിച്ചു. രൈരു അവര്‍ക്കെല്ലാം ഭക്ഷണം കണ്ടെത്തുകയെന്ന കഷ്ടപ്പാടു പിടിച്ച ജോലിയിലാണ്. രാവിലെ മുതല്‍ പാടത്തും പറമ്പിലും കാട്ടിലും മേട്ടിലുമൊക്കെ തപ്പി നടന്ന് അവര്‍ക്കുള്ള ഭക്ഷണവുമായി അദ്ദേഹം സന്ധ്യയാകുമ്പോഴേയ്ക്കും തിരിച്ചു വീട്ടിലെത്തും. ചുപ്പാകള്‍ക്കെല്ലാം ഭക്ഷണം കൊടുത്തതിനുശേഷം മാത്രമേ അദ്ദേഹമെന്തെങ്കിലും കഴിയ്ക്കുകയുള്ളൂ. അങ്ങനെ ചുപ്പാകാബ്രാകളും രൈരുവും കൂടി ഓക്‌സാകായിലെ ആ വീട്ടില്‍ സമാധാനത്തോടെ ജീവിച്ചുവരികയായിരുന്നു…” തൊപ്പി വീണ്ടും നിര്‍ത്തി.
(തുടരും)






















