- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ഒരു തുള്ളി വെള്ളം (ഹാറ്റാചുപ്പായുടെ മായാലോകം 39)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മമ്മ വിചാരിച്ചത് കുട്ടികളുടെ വഴക്ക് എളുപ്പം പരിഹരിക്കാന്‍ പറ്റുമെന്നായിരുന്നു. എന്നാല്‍ കാര്യങ്ങളങ്ങനെയായിരുന്നില്ല. എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിട്ടും ആരും ശാന്തരാകുന്നില്ല. എന്നുമാത്രമല്ല, ഇതിനിടയില്‍ ആരവിന്റെ നഖം കൊണ്ട് ഇവാനായുടെ നെറ്റി മുറിഞ്ഞു. ഫര്‍ഹാന്‍ പിടിച്ചു തള്ളിയപ്പോള്‍ ദര്‍ശന നിലത്തു വീണു പോയി. ജാന്‍വി ദല്‍ബീറിനെ നുള്ളിപ്പറിച്ചു. ആരവും ഫര്‍ഹാനും തമ്മില്‍ ഗുസ്തി തുടങ്ങി. ദര്‍പ്പണ ഇവാനായുടെ മുടിയില്‍ പിടിച്ചു വലിച്ചു. കൂട്ടഅടി, കൂട്ടക്കരച്ചില്‍. സമാധാനശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മമ്മ എല്ലാവരോടുമായി പറഞ്ഞു.
”വണ്ടീല്‍ കേറിക്കോ കുഞ്ഞുങ്ങളേ! ഇന്നിനി കളി വേണ്ട. ഞാന്‍ നിങ്ങടെയൊക്കെ വീട്ടില്‍ കൊണ്ടു പോയി വിടാം.” കുട്ടികളെ അവരവരുടെ വീടുകളില്‍ കൊണ്ടുപോയി വിട്ടിട്ട് തിരിച്ചു വന്നപ്പോഴും മമ്മയുടെ മുഖം അസ്വസ്ഥമായിരുന്നു. ചെമ്പൂവട്ടത്തിപ്പോള്‍ ആര്‍ക്കുമാരോടും സ്‌നേഹമില്ലാതായിരിക്കുന്നു. എല്ലാവരും തമ്മില്‍ത്തമ്മില്‍ വഴക്കും അടിപിടിയുമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട ഉത്തരവാദിത്തമുള്ള ചെമ്പൂവട്ടം സ്റ്റേഷനിലെ പോലീസുകാര്‍ തമ്മിലും കടുത്ത ശണ്ഠകളാണത്രേ!
ഇങ്ങനെ പോയാല്‍ എവിടെച്ചെന്നവസാനിക്കും? മമ്മ എന്തു ചെയ്യണമെന്നറിയാതെ വരാന്തയില്‍ തൂണുംചാരിയിരിക്കുകയാണ്. മാനം കറുത്തു. ഇടയ്ക്കിടെ വെള്ളിവാള്‍ വീശുന്നതുപോലെ മിന്നലും പെരുമ്പറ കൊട്ടും പോലെയുള്ള ഇടിയുമുണ്ട്. മമ്മ അതൊന്നും അറിയുന്നില്ലെന്നു തോന്നി ദേവേശിയ്ക്ക് – അങ്ങനെ തോന്നിയ്ക്കുന്ന മട്ടിലാണ് മമ്മയുടെയിരിപ്പ്. പകുതി കണ്ണടച്ച്, പകുതി തുറന്ന്, ചുണ്ടുകള്‍ പതിയെ അനങ്ങുന്നുണ്ട്, ശബ്ദമില്ലാതെ. മമ്മയെന്തോ പിറുപിറുക്കുകയാണോ? അതോ വല്ല മന്ത്രങ്ങളും ജപിയ്ക്കുകയായിരിക്കുമോ?
ദേവേശിയ്ക്ക് ഒന്നും മനസ്സിലായില്ല.
മഴയില്ലാത്ത ഇടിമിന്നല്‍ അപകടമാണെന്ന് മമ്മ പറയാറുണ്ട്. ഇപ്പോ ദാ, മഴ പെയ്യാതെ തുരുതുരാ ഇടിമിന്നലുകളാണ്! എന്നിട്ടാണ് മമ്മ ഒന്നുമറിയാത്ത മട്ടിലിങ്ങനെ ഇരിക്കുന്നത്! ദേവേശിയ്ക്കു ശരിക്കും പേടി തോന്നി. പക്ഷേ മമ്മയെ വിളിച്ചു ശല്യപ്പെടുത്താന്‍ മനസ്സു വന്നതുമില്ല. മമ്മയെ തനിച്ചാക്കിയിട്ട് അകത്തേയ്ക്കു കയറിപ്പോകാനും വയ്യാ, ധൈര്യപ്പെട്ട് വരാന്തയില്‍ നില്‍ക്കാനും വയ്യാ! ഇനീപ്പോ എന്താ ചെയ്യാ?
അപ്പോഴാണ് ആദ്യത്തെ മഴത്തുള്ളി ആകാശത്തു നിന്നടര്‍ന്നു വീണത്. അത് മമ്മയുടെ വലതു ചെവിയിലാണ് വീണതും. ഒരു നിമിഷം ആ മഴത്തുള്ളി മമ്മയോടെന്തോ രഹസ്യം പറയുകയാണെന്നു തോന്നിപ്പോയി ദേവേശിയ്ക്ക്.
മമ്മ കണ്ണുകള്‍ മുഴുവനായും തുറന്നു. മുഖത്തു വിടര്‍ന്ന പുഞ്ചിരിയോടെ പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു; ആരോടെന്ന് ദേവേശിയ്ക്ക മനസ്സിലായില്ലെന്നു മാത്രം!
”ഓ, ശരി ശരി! ചെറുതുള്ളി പുഴയാകും! അല്ലേ? ഇല്ലില്ല, ഞാന്‍ ഒഴുക്കിനെ തടയാന്‍ പോണില്ല… ഉറപ്പ്!”
ഇതെന്തുപറ്റി ഈ മമ്മയ്ക്ക്? ഭ്രാന്തന്മാരല്ലേ ഇങ്ങനെ തനിയെ വര്‍ത്തമാനം പറയ്ന്നത്?
മമ്മ പുഞ്ചിയോടെ എഴുന്നേറ്റു. ദേവേശിയുടെ മുഖമുയര്‍ത്തി നോക്കിക്കൊണ്ടുപറഞ്ഞു:
”നമ്മ്‌ടെ ഈ നാട്ടിലിപ്പോ കൊറച്ച് കൊഴപ്പങ്ങള്ണ്ടായിട്ടുണ്ട്… മുമ്പൊരിക്കലും ഇങ്ങനെ ഒണ്ടായതാ… അതിനിപ്പോ ഒരു പരിഹാരംണ്ടാക്കാന്‍ എന്റെ തങ്കത്തിനു മാത്രമേ കഴിയൂ! മനസ്സിലായോ കുട്ടാ?”
(തുടരും)






















