- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- കരിന്തൂറുകണ്ണൻ (ഹാറ്റാചുപ്പായുടെ മായാലോകം 38)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി താഴെയെത്തിയപ്പോള്‍ കണ്ടത് ദല്‍ബീറും ആരവും ഫര്‍ഹാനും ദര്‍പ്പണയും ജാന്‍വിയുമൊക്കെ കാത്തുനില്‍ക്കുന്നതാണ്! അവള്‍ സന്തോഷത്തോടെ അവരുടെയടുത്തേയ്‌ക്കോടിച്ചെന്നു. കയ്യില്‍ പിടിച്ചു. കളിക്കാനായി അവര്‍ പുറത്തിറങ്ങി. കല്‍ക്കണ്ടമാഞ്ചുവട്ടിലാണ് കളി.
‘നമുക്ക് എന്താ ഇപ്പോ കളിക്കണ്ടത്?’ ഇവാനാ ചോദിച്ചു.
‘സ്‌കൂളിലെ ക്യാമ്പില് കളിച്ച റണ്‍ റാബിറ്റ് റണ്‍ കളിച്ചാലോ?’
ഫര്‍ഹാന്റെയാണ് ചോദ്യം.
‘ഏയ് അത് വേണ്ട. വെറും സില്ലിയാ അത്’ ഇവാനാ തര്‍ക്കിച്ചു.
‘പിന്നേ!’ ഫര്‍ഹാന് ദേഷ്യം വന്നു! സില്ലിയാന്ന് നിന്നോടാരാ പറഞ്ഞത്? നല്ല കളിയാ അത്.’
‘എന്നാപ്പിന്നെ’ ദല്‍ബീര്‍ രണ്ടുപേരെയും ശാന്തരാക്കുന്നതിന് ഒരു നിര്‍ദ്ദേശം മുന്നോട്ടു വെച്ചു! നമുക്ക് വാര്‍സോണ്‍ കളിച്ചാലോ?’
‘അയ്യേ! എനിക്കിഷ്ടല്ല അദ്!’ ദര്‍പ്പണയാണിപ്പോള്‍ ചാടി വീണത്.
‘നിന്റെയിഷ്ടം മാത്രം നോക്ക്യാപ്പോരല്ലോ’ ദല്‍ബീര്‍ വഴക്കിനൊരുങ്ങിയാണ് മറുപടി പറഞ്ഞത്.
‘ഒരു കാര്യം ചെയ്യാം….’ ജാന്‍വി സൗമ്യമായി പറഞ്ഞു.
‘ക്യാറ്റ് ആന്‍ഡ് ബേര്‍ഡ്‌സ് കളിക്കാം… അതാവുമ്പോ നല്ല രസംണ്ട്.’
‘ഓഹോ! രസംണ്ട്ന്ന് നീയാണോ തീരുമാനിക്കുന്നത്?
ഭയങ്കര ബോറാ ആ കളി!’ പൊതുവേ സമാധാനപ്രിയനായ ആരവ് ചാടിയെഴുന്നേറ്റ് എതിര്‍ത്തു.
പിന്നെ ആകെ ബഹളമായി. എല്ലാവരും തമ്മില്‍ത്തമ്മില്‍ തര്‍ക്കിക്കുകയും ദേഷ്യപ്പെടുകയുമാണ്. ചിലര്‍ എതിരാളിയുടെ കൈകള്‍ പിടിച്ചു ഞെരിക്കുകയും ഒക്കെ ചെയ്യാന്‍ തുടങ്ങി. ദേവേശി പേടിച്ചുപോയി – ഇവര്‍ക്കൊക്കെ എന്താ പറ്റീത്? ഇതിനുമുന്‍പൊരിക്കല്‍പ്പോലും ഇവരാരും തമ്മില്‍ ശണ്ഠ കൂടിയിട്ടില്ല. അഥവാ എന്തെങ്കിലും പിണക്കമുണ്ടായാല്‍ത്തന്നെ എല്ലാവരും കൂടി കൈകള്‍ കോര്‍ത്തു പിടിച്ച് വട്ടത്തില്‍ നിന്നിട്ട് ”ലെറ്റ്‌സ് ഓള്‍ സേ സോറി, ലെറ്റ്‌സ് ഓള്‍ സേ താങ്ക് യൂ, ആന്‍ഡ് ലൈറ്റ്‌സ ഓള്‍ ലവ് വണ്‍ അനദര്‍!” എന്നു പാട്ടുപാടിക്കൊണ്ട് പിണക്കം തീര്‍ക്കുകയുമായിരുന്നു പതിവ്.
ഇന്നാദ്യമായാണ് ഇങ്ങനെയൊരു വഴക്ക്. മമ്മയോടു പറഞ്ഞ് ഇവരെ സമാധാനിപ്പിച്ചേ പറ്റൂ. ദേവേശി മമ്മയുടെ അടുത്തേയ്‌ക്കോടി.
മമ്മയന്നേരം മുറ്റത്ത് ചിലരുമായി സംസാരിച്ചു നില്‍ക്കുകയായിരുന്നു. ഒരാള്‍ മമ്മയോട് താഴ്ന്ന ശബ്ദത്തില്‍ പറയുന്നു:
‘മാളികേലമ്മേ, അത് അവന്‍ തന്ന്യാന്നാ എനിക്ക് തോന്നുന്നത്. ആറ് കാല്ണ്ട്. തുറിച്ച കണ്ണും. ദേഹത്ത് മുള്ളുകള് മാതിരി എന്തോ ഒന്ന്ണ്ട്. കണ്ടാത്തന്നെ പേട്യാകും!’
ഓടി വരുന്ന ദേവേശിയെക്കണ്ട് മമ്മ അയാളോട് കണ്ണുകള്‍ കൊണ്ടെന്തോ ആംഗ്യം കാണിച്ചു.
‘എന്താ ന്റെ തങ്കം ഓടിയിങ്ങു വന്നത്?’ മമ്മ ദേവേശിയുടെ മുടിയില്‍ തലോടി.
‘മമ്മാ, മമ്മാ.. അവ്‌ടെ അവരെല്ലാരും കൂടെ വഴക്കൊണ്ടാക്കുകയാ.. മമ്മാ ബാ വേഗം!’
മമ്മയുടെ മുഖം മങ്ങി
‘…ഓ, കുട്ടികളേയും ബാധിച്ചോ?’ എന്നു ചോദിച്ചുകൊണ്ട് ദേവേശിയ്‌ക്കൊപ്പം നടക്കാന്‍ തുടങ്ങിയ മമ്മയോട് ഒരാള്‍ പിറകില്‍ നിന്നു വിളിച്ചു ചോദിച്ചു.
‘അപ്പോ… ദതിനെ എന്താ ചെയ്യ്യണ്ടേ? ആ കരിന്തൂറുകണ്ണനെ കൊല്ലാതെ ഒരു സമാധാനോല്യ….’
മമ്മ തിരിഞ്ഞു നോക്കി ‘കൊച്ചൗസേപ്പേ, എല്ലാത്തിനും സമാധാനമുണ്ടാകും… ഒട്ടും വൈകാതെ… ധൈര്യമായിരിക്ക്.”
(തുടരും)






















