- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- വേട്ടക്കാരും ഇരകളും (ഹാറ്റാചുപ്പായുടെ മായാലോകം 37)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി പുഞ്ചിരിയോടെ പറഞ്ഞു: ”നമ്മുടെ ചുപ്പാകാബ്രാ ഒരു സുന്ദരക്കുട്ടപ്പനാണ്. മറ്റു മൃഗങ്ങളുടെ ചോരകുടിക്കുന്ന ഡ്രാക്കുളയൊന്നുമല്ല… പിന്നെയോ…? അത്രയുമാണ് അന്നു പറഞ്ഞു നിര്‍ത്തിയത്.”
തൊപ്പി അതുകേട്ടു പൊട്ടിച്ചിരിച്ചു: ”കൊള്ളാം, മിടുമിടുക്കിക്കുട്ടി! നീയതോര്‍ത്തിരിക്കുന്നല്ലോ… ഹിഹിഹി… ഇനി ഞാന്‍ ബാക്കി പറയാം… ശ്രദ്ധിച്ചു കേട്ടോളൂ…. ചുപ്പാകാബ്രായെപ്പറ്റി പറയാം…. ശ്രദ്ധിച്ചു കേട്ടോളൂ… ചുപ്പാകാബ്രായെപ്പറ്റി കുറെയേറെ തെറ്റിദ്ധാരണകളാണ് അന്നത്തെ സമൂഹത്തിനുണ്ടായിരുന്നത്. ചുപ്പാകാബ്രാ ആടുകളുടേയും മറ്റുവളര്‍ത്തുമൃഗങ്ങളുടേയും കഴുത്തില്‍ കടിച്ചു മുറിവുണ്ടാക്കി ചോരയൂറ്റികുടിക്കുന്നുവെന്നായിരുന്നു അവരുടെ വിശ്വാസം. പലപ്പോഴും നേരം പുലരുമ്പോള്‍ തൊഴുത്തുകളില്‍ ആടുകളും കന്നുകാലികളുമൊക്കെ ചത്തു കിടക്കുന്നതായി അവര്‍ കണ്ടിട്ടുണ്ട്. വാസ്തവത്തില്‍ രാത്രി കാലങ്ങളില്‍ പാമ്പുകടിയേറ്റിട്ടോ, അല്ലെങ്കില്‍ ഏതെങ്കിലും വന്യജീവികളുടെ ആക്രമണത്താലോ, അതുമല്ലെങ്കില്‍ അന്നത്തെ മനുഷ്യര്‍ക്ക് കണ്ടുപിടിക്കാന്‍ സാധിക്കാത്ത എന്തെങ്കിലും രോഗം വന്നോ ആയിരിക്കാം വളര്‍ത്തു മൃഗങ്ങള്‍ ചത്തത്. പക്ഷേ ആളുകള്‍ വിശ്വസിച്ചത് ചുപ്പാകാബ്രായാണ് അവയുടെ ചോര കുടിച്ചതും അവയെ കൊന്നതുമെന്നായിരുന്നു. അങ്ങനെ ചുപ്പാകാബ്രാകളെ എവിടെ കണ്ടാലും ആളുകള്‍ കൊല്ലാന്‍ തുടങ്ങി. പാറയിടുക്കുകളിലും മരക്കൊമ്പിലും മാളങ്ങളിലും മലമുടികളിലും, എന്നുവേണ്ട, വീടുകളുടെ വൈയ്‌ക്കോല്‍പ്പുരകളിലും തട്ടിന്‍പുറങ്ങളിലും വിറകുപുരകള്‍ക്കുള്ളില്‍പ്പോലും പാവം ചുപ്പാകാബ്രാകള്‍ പോയി ഒളിച്ചു. പക്ഷേ എന്തു കാര്യം? നാട്ടുകാര്‍ എല്ലാവരുമൊന്നിച്ച് മാരകായുധങ്ങളുമായി വേട്ടയ്ക്കിറങ്ങിയാല്‍ സാധുമൃഗങ്ങള്‍ക്കെന്തു രക്ഷയാണുള്ളത്? ആയിരക്കണക്കിന് ചുപ്പാകാബ്രാകള്‍ കൊല്ലപ്പെട്ടു… ങ്ഹൂം…” ഒരു ദീര്‍ഘനിശ്വാസത്തോടെ തൊപ്പി ഒന്നു നിര്‍ത്തി. കേട്ടുകൊണ്ടിരുന്ന ദേവേശിയ്ക്ക് ശരിക്കും സങ്കടം വന്നു. പാവം ചുപ്പാകാബ്രാകള്‍! എന്തുചെയ്യും ആളുകളിങ്ങനെ വേട്ടയാടിയാല്‍? ദേവേശിയുടെ കണ്ണുനിറഞ്ഞൊഴുകി.
തൊപ്പി അതു ശ്രദ്ധിച്ചിട്ട് പറഞ്ഞു: ”നിന്നെപ്പോലെ മറ്റു ജീവികളോട് ദയയുള്ള ഒരാള്‍ അക്കാലത്ത് ആ നാട്ടിലുണ്ടായിരുന്നു. പക്ഷേ ആ നാട്ടുകാരനായിരുന്നില്ല അദ്ദേഹം. പത്തുപതിനെണ്ണായിരം കിലോമീറ്ററകലെയുള്ള ഒരു രാജ്യത്തു നിന്ന് മെക്‌സിക്കോയിലെത്തിയതാണദ്ദേഹം. മലനിരകളും പാറക്കൂട്ടങ്ങളും ചെറുമരങ്ങളും പുല്‍ക്കാടുകളുമൊക്കെയുള്ള ഓക്‌സാക എന്ന പ്രദേശത്താണ് അദ്ദേഹം എത്തിച്ചേര്‍ന്നത്. പല വര്‍ഗ്ഗങ്ങളിലും ഗോത്രങ്ങളിലും പെട്ട പലതരം ആളുകളാണിവിടെ പാര്‍ത്തിരുന്നത്. അവരിലേറെപ്പേരും ചുപ്പാകാബ്രാകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്നതറിഞ്ഞപ്പോള്‍ അദ്ദേഹത്തിനു വലിയ വിഷമമായി. എങ്ങനെയെങ്കിലും അവയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു.”
ദേവേശി ആകാംക്ഷയോടെ കേട്ടിരിക്കുകയാണ്. ആ ആളിന് പാവം ചുപ്പാകാബ്രാകളെ രക്ഷിക്കാന്‍ കഴിഞ്ഞിരിക്കുമോ? അതോ അതിനുമുന്‍പു തന്നെ ആളുകളവയെ കൊന്നൊടുക്കിയിരിക്കുമോ?
”ഏയ്… ഏയ്….” എന്നൊരു ശബ്ദം കേട്ട് ദേവേശി ഞെട്ടിത്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് തവിട്ടുകുഞ്ഞനെയാണ്! അവന്‍ ദേവേശിയുടെ തോളത്തു തട്ടി വിളിയ്ക്കുകയാണ്. അവള്‍ അമ്പരപ്പോടെ അവന്റെ മുഖത്തു നോക്കി.
പിന്നെ തൊപ്പിയേയും നോക്കി.
തൊപ്പി ഒന്നും മിണ്ടാതിരിക്കുകയാണ്.
”എന്താ…?” ദേവേശി തവിട്ടുകുഞ്ഞനോടു ചോദിച്ചു. അവന്‍ താഴേയ്ക്കു കൈവിരല്‍ ചൂണ്ടിക്കാട്ടിയിട്ട് അങ്ങോട്ടു ചെല്ലാന്‍ ദേവേശിയെ വിളിക്കുകയാണ്. അവള്‍ സംശയത്തോടെ തൊപ്പിയെ നോക്കി. കഥ ബാക്കികൂടി കേള്‍ക്കണം. ചുപ്പാകള്‍ രക്ഷപ്പെട്ടോയെന്നറിയണം. അതിനിടയിലാണീ തവിട്ടു കുഞ്ഞന്റെ വരവ്….
”കുട്ടി താഴേയ്ക്ക് പൊയ്‌ക്കൊള്ളൂ” തൊപ്പി താഴ്ന്ന ശബ്ദത്തില്‍ പറഞ്ഞു.
(തുടരും)






















