- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ശാഠ്യക്കുട്ടി (ഹാറ്റാചുപ്പായുടെ മായാലോകം 35 )
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മമ്മ സങ്കടത്തിലായി. മനുഷ്യര്‍ മാത്രമല്ല, മൃഗങ്ങളും പക്ഷികളും പോലും തമ്മില്‍ത്തമ്മില്‍ കലഹിക്കുന്നു. സ്‌നേഹമില്ലാതെയാകുന്നു; ആകെപ്പാടെ നിരാശാജനകമായ അന്തരീക്ഷം. ഒരു പരിഹാരം തേടി ആദിമൂപ്പനെ കണ്ടെങ്കിലും കൃത്യമായൊരു മറുപടി അവിടെ നിന്നും കിട്ടിയില്ല. ഇനിയെന്തു ചെയ്യും?
ഇങ്ങനെ ഓരോന്നാലോചിച്ചിരിക്കുന്ന മമ്മയുടെ മടിയിലേയ്ക്കാണ് ദേവേശി ഓടിക്കയറിയത്.
”മമ്മാ ഞാനൊന്നു തട്ടിന്‍പുറത്തു കേറി നോക്കാമ്പോവ്വാ… എന്നെ വഴക്കു പറയര്ത്!”
പെട്ടെന്നുള്ള ഈ പ്രഖ്യാപനം കേട്ട് മമ്മ ഞെട്ടിപ്പോയി. വേണ്ടതിലധികം കുഴപ്പങ്ങള്‍ ഇപ്പോള്‍ തന്നെയുണ്ട്. അതിന്റെ കൂടെ ഈ ഇത്തിരിപ്പോന്ന കുട്ടി തട്ടിന്‍പുറത്തു കയറാന്‍ പോവുകയാണത്ര! കോവണിപ്പടിയില്‍ നിന്നെങ്ങാനും വീണ്, കയ്യോ, കാലോ ഒടിഞ്ഞാല്‍ അതുമായി. അല്ലെങ്കില്‍ത്തന്നെ, തട്ടിന്‍പുറത്ത് എന്തൊക്കെയോ മാന്ത്രിക വസ്തുക്കളുണ്ടെന്നാണ് തന്റെ അച്ഛനുമമ്മയും പറഞ്ഞു കേട്ടിരിക്കുന്നത്. അതൊന്നും നോക്കാനോ കേടുപാട് വരുത്താനോ പാടില്ലെന്ന കര്‍ശന നിര്‍ദ്ദേശം കിട്ടിയിരുന്നു ചെറുപ്പത്തില്‍ത്തന്നെ. അതുകൊണ്ട് ഒരിക്കല്‍പ്പോലും താനോ തന്റെ സഹോദരങ്ങളോ തറവാട്ടിലെ മറ്റു കുട്ടികളോ ആ തട്ടിന്‍പുറത്തു കയറിയിട്ടില്ല. മമ്മ ആലോചിച്ചു. ഇപ്പോഴിതാ തന്റെ പേരക്കുട്ടിയ്ക്ക് കയറണമത്രേ! അതും ആകെ കുഴപ്പം പിടിച്ച സന്ദര്‍ഭത്തില്‍ത്തന്നെ!
”വേണ്ട തങ്കം തട്ടിന്‍പുറത്തു കളിക്കണ്ട. ഇവിടെയിഷ്ടം പോലെ സ്ഥലമുണ്ടല്ലോ കളിക്കാന്‍” മമ്മ ദേവേശിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു.
”ഇല്ല മമ്മാ” പക്ഷേ ദേവേശി പിന്മാറാന്‍ തയ്യാറായിരുന്നില്ല. ”കളിക്കാനല്ല ഞാന്‍ തട്ടിന്‍പുറത്തു കയറുന്നത്. ഒരു സൂത്രം നോക്കാനാ മമ്മാ.”
അതു കേട്ടതോടെ മമ്മയുടെ പേടി ഇരട്ടിയായി. ഈശ്വരാ, ഇവള്‍ എന്തു സൂത്രം നോക്കാനുള്ള പുറപ്പാടാണിത്? തനിക്ക് പോലും അറിയാത്ത പല മാന്ത്രിക വസ്തുക്കളുമുണ്ട് ആ തട്ടിന്‍പുറത്തെന്നാണ് തന്റെ കുട്ടിക്കാലത്തു മുതല്‍ കേട്ടിട്ടുള്ളത്. അതു വല്ലതുമെടുക്കാനോ കേടാക്കാനോ ഇടയായാല്‍ എന്തായിരിക്കും സ്ഥിതി?
”കുഞ്ഞുദേവൂ, അതു വേണ്ടാട്ടോ… തട്ടിന്‍പുറത്ത് എന്തൊക്കെയാ ഒള്ളതെന്ന് ആര്‍ക്കുമറീല്ല… അതുകൊണ്ട് എന്റെ കുട്ടി അവിടെ കയറണ്ട… ബാ, മമ്മ നിന്റെ കൂടെ കുറച്ചുനേരം കളിക്കാം. അല്ലെങ്കില് പാണ്ഡവന്‍ മലേടെ കഥ പറയാം. ബാ കുട്ടാ.”
പക്ഷേ ആ വക അഭ്യാസങ്ങളൊന്നും സ്വീകരിക്കാന്‍ അവള്‍ തയ്യാറായിരുന്നില്ല.
”മമ്മാ… എനിക്കിപ്പോ കളിക്കണ്ട… കഥേം കേക്കണ്ട… എനിക്കു നമ്മുടെ തട്ടിന്‍പുറത്തു കേറ്യാ മതി. ”ദേവേശി ഇപ്പോള്‍ ശാഠ്യക്കുട്ടിയായി മാറി.
മമ്മയുടെ മുഖത്തു പരിഭ്രമം നിറഞ്ഞു. ”കുട്ടാ, നമ്മുടെ തട്ടിന്‍പുറത്ത് മമ്മയ്ക്കു പോലുമറിയാത്ത എന്തൊക്കെയോ സാധനങ്ങളുണ്ട്. അതൊന്നുമെടുത്തു കളിക്കുകയോ കേടുവരുത്തുകയോ ഒന്നും ചെയ്യരുതെന്നാണ് മമ്മ നിന്നെപ്പോലൊരു കുട്ടിയായിരുന്ന കാലത്ത് മമ്മേടെ അച്ഛനുമമ്മേം പറഞ്ഞു തന്നിട്ടുള്ളത്… മമ്മയൊരിക്കലും കേറീട്ടില്ല… നിന്റമ്മ കുട്ടിയായിരുന്നപ്പോ അവളും കേറീട്ടില്ല… ഇപ്പഴാണെങ്കില്‍ നമ്മുടെ നാട്ടിലോരോരോ പ്രശ്‌നങ്ങളുണ്ട് താനും… അവിടെക്കയറി എന്തെങ്കിലുമൊക്കെ എടുത്താല്‍ കൂടുതല്‍ ബുദ്ധിമുട്ടുകളുണ്ടായാലോ? എന്റെ പൊന്നുമോള് വാശി പിടിക്കല്ലേ!” ഒറ്റശ്വാസത്തിലാണ് മമ്മയതു പറഞ്ഞു നിര്‍ത്തിയത്. ആ നിമിഷം ഒരു ചുണ്ടെലി മമ്മയുടെ കാല്‍ച്ചോട്ടിലൂടെ പാഞ്ഞു, ഉറക്കെ ചിലച്ചുകൊണ്ട്.
(തുടരും)






















