- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മഴവെള്ളത്തിലുറങ്ങിപ്പോയി! (ഹാറ്റാചുപ്പായുടെ മായാലോകം 33)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ഫയര്‍ഫോഴ്‌സെത്തി. ആഞ്ഞിലിയുടെ പൊത്തിനുള്ളിലേയ്ക്കിറക്കിയ ട്യൂബ് എത്രയിറക്കിയിട്ടും അറ്റത്തെത്തിയില്ല. രണ്ടുപേര്‍ – നസീറും പ്രേമനും ആഞ്ഞിലിയുടെയുള്ളിലെ പൊത്തിലേയ്ക്കിറങ്ങി. ആദ്യമിറങ്ങിയ ചെറിയാന്റേയും സുഗുണന്റേയും പോലെ തന്നെ നസീറിന്റെയും പ്രേമന്റേയും തിരിച്ചുവരവു കാത്തിരുന്നവര്‍ നിരാശരായി. കൂടുതല്‍ ഉദ്യോഗസ്ഥരെത്തി. കൂടുതല്‍ മെഷീനുകളും ആയുധങ്ങളുമെത്തി. ഒരു ഫലവുമുണ്ടായില്ല. അപ്പോഴാണ് പെരുമഴ തുടങ്ങിയത്. മഴ മാത്രമല്ല, കൊടുങ്കാറ്റും ഇടിമിന്നലുമെല്ലാം തുടങ്ങി. എല്ലാവരും ഓടി. കന്നുകാലിത്തൊഴുത്തിന്റെ മുന്‍പിലുള്ള വലിയ വരാന്തയില്‍ക്കയറി നിന്നു. രണ്ടരമണിക്കൂര്‍ നേരം മഴ തകര്‍ത്തു പെയ്തു.
മഴ തീര്‍ന്നപ്പോഴാണ് എല്ലാവരും ഞെട്ടിപ്പോയത്. നനഞ്ഞു കുതിര്‍ന്നു കുഴഞ്ഞ മണ്ണില്‍ പിച്ചകവള്ളികള്‍ക്കിടയില്‍ നസീര്‍ കിടക്കുന്നു. ശര്‍ക്കരമാവിന്റെ തടിയന്‍വേരില്‍ തലവെച്ചു സുഗുണനും കിടക്കുന്നുണ്ട്. ഇല്ലിക്കൂട്ടത്തിനിടയ്ക്കാണ് ചെറിയാന്റെ കിടപ്പ്. മുന്തിരിപ്പന്തലില്‍ ഉറങ്ങിക്കിടക്കുന്നതുപോലെയാണ് പ്രേമന്‍ കിടക്കുന്നത്. നാലാളും ബോധമില്ലാതെ കിടക്കുകയാണെന്നു തോന്നിയത് കൊണ്ട് ആളുകളവരെ കുലുക്കി വിളിച്ചു; മഴ പെയ്തു കുതിര്‍ന്ന ദേഹത്തും മുഖത്തും വീണ്ടും വെള്ളം തളിച്ചു.
നാലുപേരും കണ്ണുതുറന്നു – ഉറക്കമുണരുന്നത് പോലെ ‘നന്നായിട്ടൊറങ്ങിപ്പോയി!’ കൈകള്‍ നിവര്‍ത്തിക്കൊണ്ടാണ് നസീര്‍ പറഞ്ഞത്. ‘ഞാന്‍ പല്ലുതേച്ചിട്ട് വരാം. കാപ്പിയെടുക്ക്’ എന്നായിരുന്നു ചെറിയാന്‍ പറഞ്ഞത്. ”ഇന്നിത്തിരി നേരത്തെയാ എണീറ്റത്” എന്നു പറഞ്ഞ് സുഗുണനും ഒന്നും മിണ്ടാതെ പ്രേമനും എഴുന്നേറ്റു വന്നു. പക്ഷേ, അവര്‍ നാലുപേരും ചുറ്റിലും നില്‍ക്കുന്ന ഒരാളെപ്പോലും ഒട്ടും തിരിച്ചറിഞ്ഞില്ല!
”ദേവേശിക്കുട്ടാ, ഞാന്‍ നിന്റെ അച്ഛനെ വിളിച്ചു പറയാന്‍ പോവ്വാ, അവധി തീരുന്നതുവരെ കുഞ്ഞിനെ ഇവ്‌ടെ നിര്‍ത്തണ്ട, ഒടനെ തന്നെ വന്നു ദല്‍ഹിക്കു കൊണ്ടുപോകാന്‍” മമ്മ ദേവേശിയുടെ മുടി ചീകുന്നതിനിടയിലാണങ്ങനെ പറഞ്ഞത്, അതു കേട്ടതും അവള്‍ ഞെട്ടിപ്പോയി. തലതിരിച്ച് മമ്മയുടെ മുഖത്തു നോക്കിക്കൊണ്ടവള്‍ കിണുങ്ങി.
”ഞാമ്പോവ്വേല… മമ്മ ന്തിനാ… ന്നെ വിടുന്നത്?”
”കുട്ടാ, ഇവ്‌ടെ പതിവില്ലാതെ ഓരോരോ കൊഴപ്പങ്ങള്. ന്റെ കുഞ്ഞിനെന്തെങ്കിലും വെഷമം ഒണ്ടായാലോന്നു പേടിച്ചിട്ടാ നിന്നെ ദല്‍ഹിക്കു കൊണ്ടോകാന്‍….”
മമ്മയെ മുഴുവന്‍ പറയാനവള്‍ അനുവദിച്ചില്ല.
”ഞാമ്പോവില്ല മമ്മാ… മമ്മ വാശിപിടിക്കണ്ട…” ദേവേശി മമ്മയുടെ മടിയില്‍ കയറിയിരുന്നു കെട്ടിപ്പിടിച്ചു കൊണ്ടാണ് പറഞ്ഞത്.
പക്ഷേ ആ നിമിഷം മമ്മയോര്‍മ്മിച്ചത് ആദിമൂപ്പന്റെ വാക്കുകളായിരുന്നു ”പിന്നെ ഒരു കാര്യത്തിലും വാശി വേണ്ട…” പിന്നെ മമ്മയവളെ നിര്‍ബന്ധിച്ചില്ല; അവളുടെയച്ഛനെ വിളിച്ചു പറഞ്ഞതുമില്ല.
അറ്റം കാണാനാവാത്ത ആഞ്ഞിലിത്തടി പല കഷണങ്ങളായി മുറിച്ചുമാറ്റാന്‍ ഫയര്‍ഫോഴ്‌സും പോലീസുകാരും തീരുമാനിച്ചു. അറക്കവാള്‍ കൊണ്ടുവന്നത് ഒടിഞ്ഞുപോയി. മുറിക്കാന്‍ കൊണ്ടു വന്ന മെഷീന്‍ കട്ടര്‍ മണ്ണില്‍ പുതഞ്ഞുപോയി. മുറിച്ചുമാറ്റിയേ തീരൂ എന്നു ശാഠ്യം പിടിച്ച ഉദ്യോഗസ്ഥന് ടൈഫോയിഡ് പിടിച്ചു. അങ്ങനെ ആഞ്ഞിലി മുറിച്ചു കഷണമാക്കല്‍ നടന്നില്ല.
ഓരോ ദിവസവും ചെമ്പൂവട്ടത്ത് കൂടുതല്‍ കൂടുതലാളുകള്‍ക്ക് മറവി ബാധിച്ചു കൊണ്ടിരുന്നു. പക്ഷേ ഒരു കാര്യം ചിലരെങ്കിലും ശ്രദ്ധിച്ചു, ഓര്‍മ്മയെക്കാള്‍ മുന്‍പേ നഷ്ടപ്പെടുന്നത് കഥകള്‍ പറയാനും പാട്ടുകളുണ്ടാക്കാനും ചിത്രം വരയ്ക്കാനുമൊക്കെയുള്ള കഴിവാണ്! അതിനു പിന്നാലെയാണ് ഓര്‍മ്മ നഷ്ടപ്പെടുന്നത്. അതിനുശേഷം ആളുകള്‍ പണത്തോട് ആര്‍ത്തിക്കാരായി മാറുന്നു. അതോടെ തമ്മില്‍ത്തമ്മില്‍ വെറുപ്പും കലഹവുമാരംഭിക്കുകയും ചെയ്യുന്നു!
(തുടരും)






















