- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- അഞ്ചറിവുകള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 31)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
നാട്ടുകാര്‍ സ്‌നേഹത്തോടെ മാളികേലമ്മയെന്നു വിളിക്കാറുള്ള മമ്മ – അതേ, ദേവേശിയുടെ സ്വന്തം മമ്മ – അന്നു രാവിലെ പോയത് പാണ്ഡവന്‍കാട്ടിലേയ്ക്കായിരുന്നു. കടും പച്ചനിറത്തിലുള്ള ഇലപ്പടര്‍പ്പുകള്‍ തിങ്ങിനിറഞ്ഞ വന്‍മരങ്ങളും വള്ളികളും കുറ്റിച്ചെടികളും പുല്‍പ്പടര്‍പ്പുമെല്ലാമുള്ള കാട്ടിലേയ്ക്ക്. മമ്മ നേരേ പോയത്, അവിടുത്തെ താമസക്കാരായ ആദിയന്മാരുടെ നേതാവായ ആദി മൂപ്പന്റെയടുത്തേയ്ക്കാണ്. ആദിമൂപ്പന്‍ താമസിക്കുന്നതൊരു പുല്‍ക്കുടിലിലാണ്. ചാണകവും ഔഷധ ഇലകളും കര്‍പ്പൂരവുമൊക്കെ ചേര്‍ത്തരച്ച തറയും രാമച്ചവും കുറുന്തോട്ടിയും കൊണ്ടുണ്ടാക്കിയ ഭിത്തികളുമുള്ള ആ കുടിലില്‍ കണ്ണടച്ചിരുന്നു പ്രാര്‍ത്ഥിക്കുകയായിരുന്ന ആദിമൂപ്പനെ മമ്മ നമസ്‌കരിച്ചു. മൂപ്പന്‍ തിരിച്ചും.
”കൊഴപ്പങ്ങളൊണ്ട്, ല്യോ?” മൂപ്പന്‍ ചോദിച്ചു.
”അതേ” മമ്മ സങ്കടസ്വരത്തിലാണു പറഞ്ഞത് ”ഭീമനാഞ്ഞിലി വീണു. പലര്‍ക്കും ഓര്‍മ്മ നഷ്ടപ്പെടുന്നു. എന്തുചെയ്യണമെന്ന് ഒരു പിടിയും കിട്ടുന്നില്ല…”
ഒരു നിമിഷം ആലോചിച്ചിട്ട് മൂപ്പന്‍ ചോദിച്ചു ”നമ്മടെ വീട്ടിലെ സാധനങ്ങളൊന്നും എങ്ങോട്ടും മാറ്റിയിട്ടില്ല്യല്ലോ, ല്ലേ?”
”അത്…” മമ്മ എന്തോ ഓര്‍ക്കാന്‍ ശ്രമിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്, ”ചെലപ്പോ എന്റെ മോള്‍ടെ കുട്ടി, അവള് ദല്‍ഹീന്നു വന്നിട്ടൊണ്ട്; അവളെന്തെങ്കിലുമൊക്കെ സാധനങ്ങള് എടുക്കുകയോ കളിക്കുകയോ ചെയ്‌തോന്നറീല്ല”
മൂപ്പന്‍ കുറച്ചുനേരം കണ്ണടച്ചിരുന്നു. എന്നിട്ടു പറഞ്ഞു.
”ഏയ് ഇല്യ… കുട്ടി എന്തെടുത്താലും ദോഷല്യ… ഇത് വേറെ എന്തോ…”
മൂപ്പന്‍ കണ്ണുതുറന്നു… മമ്മയുടെ കണ്ണുകളിലേയ്ക്കു നോക്കിക്കൊണ്ടു പറഞ്ഞു: ”അമ്മ വരൂ എന്റെ കൂടെ. നമക്കീ കാടിനോടു തന്നെ ചോദിക്കാം” മൂപ്പനെഴുന്നേറ്റു പുറത്തേയ്ക്കിറങ്ങി നടന്നു. പിന്നാലെ മമ്മയും – എന്താണ് മൂപ്പന്‍ ചെയ്യാനുദ്ദേശിക്കുന്നതെന്നോ എങ്ങോട്ടാണു പോകുന്നതെന്നോ അറിയാതെ… ഒന്നും മിണ്ടാതെ മുന്നില്‍ നടക്കുകയാണ് ആദിമൂപ്പന്‍. നടന്നു നടന്ന് മൂപ്പന്‍ ചെന്നു നിന്നത് നെല്ലും മരച്ചീനിയും കൂവയും മഞ്ഞളുമൊക്കെ തിങ്ങി നിറഞ്ഞ ഒരിടത്താണ്.
മൂപ്പന്‍ നിലത്തു ചമ്രം പടിഞ്ഞിരുന്നു കണ്ണടച്ചു പ്രാര്‍ത്ഥിക്കുകയാണ്. തൊട്ടുപിറകിലായി മമ്മയുമിരുന്നു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഒരു മണ്ണിര മണ്ണിനടയില്‍ നിന്ന് പുറത്തുവന്നു. മൂപ്പന്‍ അതിനെ ശ്രദ്ധയോടെ കയ്യിലെടുത്ത് തന്റെ ചെവിയോടു ചേര്‍ത്തു ”ശരി, ശരി” യെന്നു തലകുലുക്കി സമ്മതിച്ചതിനുശേഷം മണ്ണിരയെ മണ്ണില്‍ വിട്ടിട്ട് മൂപ്പനെഴുന്നേറ്റു നടന്നു. പിറകേ മമ്മയും.
ആദിമൂപ്പന്‍ നടന്നുനടന്നു പോയത് പാണ്ഡവന്‍ മലയുടെ ഉച്ചിയിലേക്കായിരുന്നു. മലയുടെ ഒരു ഭാഗം ഇടിച്ചുനിരത്തിയിരിക്കുന്നത് കണ്ടാല്‍ വലിയ മുറിവുകള്‍ പോലെ തോന്നും. ഇന്നലെപ്പെയ്ത മഴയില്‍ ചെമ്മണ്ണ് ഒലിച്ചിറങ്ങിയിട്ടുണ്ട് – വലിയ ചാലുകളായി; മുറിവുകളിലൂടെ ചോരയൊലിക്കുന്നതാണെന്നേ തോന്നൂ!
മൂപ്പന്‍ പാണ്ഡവന്‍ മലമുടിയിലെത്തിനിന്നു. ഇരുകൈകളും ആകാശത്തേയ്ക്കുയര്‍ത്തി പ്രാര്‍ത്ഥിച്ചുകൊണ്ട് മൗനമായി നിന്നു. അപ്പോഴൊരു ചെറുകുരുവി മൂപ്പന്റെ തോളില്‍ വന്നിരുന്ന് ഒന്നു ചിലച്ചു; ”ശരി” യെന്നു പറഞ്ഞിട്ട് മൂപ്പന്‍ മലയിറങ്ങാന്‍ തുടങ്ങി. കൂടെ മമ്മയും.
പിന്നെ മലഞ്ചെരിവിലെ, എപ്പോഴും ശക്തമായി കാറ്റുവീശുന്ന കാറ്റു പാറയില്‍ കയറി കണ്ണടച്ചു നിന്നു; കാറ്റ് മൂപ്പന്റെ കാതിലെന്തോ മൊഴിഞ്ഞു; ”ഓ ശരി” യെന്നു പറഞ്ഞ് മൂപ്പന്‍ നടന്നു.
കല്ലുരുട്ടിപ്പാറയിലാണ് പിന്നീടു മൂപ്പനിരുന്നു പ്രാര്‍ത്ഥിച്ചത്. ഒപ്പം കല്ലുകളുരുമ്മി തീപിടിപ്പിക്കുകയും ചെയ്തു. തീനാളം മൂപ്പന്റെ കാതോളമുയര്‍ന്ന് എന്തോ ഒന്നു പിറുപിറുത്തു. ”ശരി, ശരി” യെന്നു പറഞ്ഞ് വീണ്ടും മൂപ്പന്‍ നടന്നു. ഒപ്പം മമ്മയും.
പിന്നീട് മൂപ്പന്‍ ഇളനീര്‍പ്പുഴയിലിറങ്ങി. വെള്ളത്തില്‍ മുഖം ചേര്‍ത്തു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ കുഞ്ഞോളങ്ങളിളകി; അവര്‍ മൂപ്പന്റെ കാതിലെന്തോ മന്ത്രിച്ചു. ”അങ്ങനെയാവട്ടെ” യെന്ന് മൂപ്പനും പറഞ്ഞു.
(തുടരും)






















