- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ദൂരെ, വളരെ ദൂരെ…. ( ഹാറ്റാചുപ്പായുടെ മായാലോകം 30)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”ഒരു മുന്നൂറ്, മുന്നൂറ്റമ്പത് വര്‍ഷം മുന്‍പത്തെ കാര്യമാ ഞാന്‍ കുട്ടിയോടു പറയാമ്പോണത്, കേട്ടോ”
മേശപ്പുറത്തിരിക്കുന്ന മാജിക് ”ഹാറ്റ്” എന്നു പേരുള്ള സംസാരിക്കുന്ന തൊപ്പി അവളോടു പറഞ്ഞു. മമ്മ പോയ ഉടനെ തന്നെ ദേവേശി കുഞ്ഞമ്മൂമ്മയുടെ കണ്ണുവെട്ടിച്ച് മുകളിലെത്തിയതാണ്. കിട്ടുന്ന സമയത്തിനുള്ളില്‍ ഹാറ്റാചുപ്പയെ കാണണം. എങ്ങനെ ഇവിടെയെത്തിയെന്നും മറ്റുമുള്ള കാര്യങ്ങള്‍ ചോദിച്ചറിയണം. തട്ടിന്‍ പുറത്തെത്തിയതും തൊപ്പി അവളെ അടുത്തേയ്ക്കു വിളിച്ചു. ഒന്നും അങ്ങോട്ടു ചോദിക്കേണ്ടി വന്നില്ല, അതിനു മുന്‍പു തന്നെ തൊപ്പി പറയാന്‍ തുടങ്ങി.
”ദേവേശി, ഞാനൊരു കഥ പറയാം. കഥയല്ല, കാര്യം തന്നെയാ, ഏതാണ്ടൊരു മുന്നൂറ് മൂന്നൂറ്റമ്പത് വര്‍ഷം മുന്‍പത്തെ കാര്യമാ ഞാന്‍ കുട്ടിയോടു പറയാമ്പോണത്, കേട്ടോ.”
ദേവേശി തൊപ്പിയുടെ കഥ കേള്‍ക്കാന്‍ കാത് കൂര്‍പ്പിച്ചു നിന്നു. അങ്ങ് ദൂരെ, എന്നുവെച്ചാല്‍ വളരെ വളരെ ദൂരെ മെക്‌സിക്കോയെന്ന രാജ്യത്തെ കാര്യമാ പറയുന്നത്…. ങൂം. ഇവിടുന്ന് ഏകദേശം പത്തുപതിനെണ്ണായിരം കിലോമീറ്ററ് ദൂരെയാ മെക്‌സിക്കോ.. അവിടുത്തെ ആളുകള് വിശ്വസിച്ചിരുന്നത്, ചുപ്പാകാബ്രായെന്നു പേരുള്ള ഒരു വിചിത്ര ജീവിയുണ്ടെന്നായിരുന്നു… രോമമില്ലാത്ത ദേഹം. പൊന്തി നില്‍ക്കുന്ന നട്ടെല്ല്, വലിയ ദംഷ്ട്രകള്‍, നീണ്ടു കൂര്‍ത്ത നഖങ്ങള്‍, ഇരുട്ടത്ത് തിളങ്ങുന്ന വലിയ പച്ചക്കണ്ണുകളും, പാമ്പിന്റെ മാതിരിയുള്ള ശല്‍ക്കങ്ങളാണ് ദേഹം മുഴുവനും. രാത്രികാലങ്ങളില്‍ പമ്മിപ്പതുങ്ങി വന്ന് ആടുകളുടേയും പശുക്കളുടേയുമൊക്കെ ചോരയൂറ്റിക്കുടിക്കുന്ന ഒരു ദുഷ്ടജീവി. അതായിരുന്നു അവരുടെ സങ്കല്പത്തിലെ ചുപ്പാകാബ്രാ… സത്യമെന്തായിരുന്നു? പൂച്ചയെ അല്ലെങ്കില്‍ പട്ടിയെപ്പോലെ ദേഹത്തു മുഴുവനും മിനുമിനുത്ത രോമങ്ങളും, തിളങ്ങുന്ന പച്ചക്കണ്ണുകളുമൊക്കെയുള്ള ഒരു സുന്ദരക്കുട്ടപ്പനാണ് ചുപ്പാകാബ്രാ. മറ്റു മൃഗങ്ങളുടെ ചോര കുടിക്കുന്ന ഡ്രാക്കുളയല്ല കക്ഷി. പിന്നെയോ?” തൊപ്പി ഇടയ്‌ക്കൊന്നു നിര്‍ത്തി. പേടിയും അമ്പരപ്പും സംശയവുമൊക്കെ നിറഞ്ഞ കണ്ണുകളോടെ ദേവേശി ബാക്കി കൂടി കേള്‍ക്കാന്‍ കാത്തിരുന്നു.
അപ്പോള്‍ തീപോലെയൊരു മിന്നലുണ്ടായി. തൊട്ടുപിന്നാലെ ചെവി പൊട്ടിപ്പോകുന്നത്ര ശബ്ദത്തിലൊരു ഇടിയും. തൊപ്പി പെട്ടെന്നു ശബ്ദം താഴ്ത്തിപ്പറഞ്ഞു.
”ദേവൂ, ഇത് കുഴപ്പമാ…. നീ താഴേയ്ക്കു പൊക്കോ….”
”അപ്പോ കഥയോ?” ദേവേശി സങ്കടത്തോടെ ചോദിച്ചു.
”കഥയൊക്കെപ്പിന്നെ” തൊപ്പി പുറത്തേയ്ക്ക് എത്തി നോക്കിക്കൊണ്ടാണ് പറഞ്ഞത് ”പിന്നെ, നീ ചോദിച്ചില്ലെങ്കിലും നിന്നോട് ഞാനെല്ലാം പറഞ്ഞേനേ” തൊപ്പി ഒന്നു നിര്‍ത്തിയിട്ട് തുടര്‍ന്നു ”നീയെല്ലാം അറിയേണ്ടതുണ്ട് കുഞ്ഞേ.”
ദേവേശി താഴെയെത്തിയപ്പോള്‍ കുഞ്ഞമ്മൂമ്മയോടു സംസാരിച്ചു നില്‍ക്കുന്ന ചന്ദ്രപ്പൂപ്പനെയാണു കണ്ടത്. കൂടെ മറ്റൊരാളുമുണ്ട്. ‘ആഞ്ഞിലീടെ അകം മുഴ്വോന്‍ പൊള്ളയാണത്രേ! ഒന്നുമില്ല അതിന്റെയകത്തെന്നു വെച്ചാല്?….’ കുഞ്ഞമ്മൂമ്മയുടെ ശബ്ദമാണ്.
”അതേന്നേ, അതിനകത്തു കേറി നോക്കിയ ബാബുക്കുട്ടന്‍ തന്ന്യെല്ലേ എന്നോടു പറഞ്ഞത്? അവന് തലചുറ്റലുണ്ടായീന്നും കൊറച്ചു കഴിഞ്ഞപ്പോ എറങ്ങാമ്പറ്റീല്ലാന്നുമൊക്ക്യൊ പറേണത്.”
ചന്ദ്രപ്പൂപ്പന്റെ കൂടെയുള്ളയാളാണത് പറഞ്ഞത്. ചന്ദ്രപ്പൂപ്പന്‍ അയാളുടെ മുഖത്തു നോക്കിക്കൊണ്ടു ചോദിച്ചു:
”ടോ, കേശൂ, ഇപ്പം ബാബുക്കുട്ടനൊന്നും പറയുന്നില്ലല്ലോ. അവന്റേം ഓര്‍മ്മ പോയില്ലേ? ഇതെന്താ സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ലല്ലോ ദൈവമേ!”
(തുടരും)






















