- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- വീണ്ടും കുഴപ്പങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 29)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശിയ്ക്കിപ്പോള്‍ ഒരൊറ്റ വിചാരമേയുള്ളൂ – ഹാറ്റാചുപ്പായെക്കുറിച്ച് കൂടുതലറിയണം. തന്റെ വീടിന്റെ തട്ടിന്‍പുറത്ത് വര്‍ത്തമാനം പറയുന്ന ഒരു തൊപ്പിയും വിചിത്രമായ ഒരു ജീവിയും കഴിഞ്ഞുകൂടുന്നുണ്ട്; പക്ഷേ തനിക്ക് അവയെപ്പറ്റി ഒന്നുമറിയില്ല എന്നത് നാണക്കേടല്ലേ? എങ്ങനെയെങ്കിലും ആ രഹസ്യം കണ്ടുപിടിച്ചേ മതിയാകൂ. പക്ഷേ മമ്മയുടെ കണ്ണുവെട്ടിച്ച് തട്ടിന്‍പുറത്തു കയറുന്നത് ഒട്ടും എളുപ്പമല്ല.
രാവിലെ കാപ്പി കൂടി കഴിഞ്ഞ് തവിട്ടുകുഞ്ഞന്‍, കുഞ്ഞിച്ചെവിയന്‍, ചോപ്പുമൂക്കന്‍, പുള്ളിവാലി തുടങ്ങിയ കുട്ടിക്കുരങ്ങുകള്‍ക്കൊപ്പം കളിയ്ക്കുമ്പോഴെല്ലാം അവളാലോചിച്ചു കൊണ്ടിരുന്നത് അത് മാത്രമായിരുന്നു. അപ്പോഴാണ് മമ്മ കയ്യിലൊരു കിണ്ണവുമായി അങ്ങോട്ടുവന്നത്. കിണ്ണത്തില്‍ പച്ചമരുന്നുകള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു തൈലമാണ്. കഴിഞ്ഞദിവസം കൂട്ടില്‍ നിന്നു താഴെ വീണു പരിക്കുപറ്റിയ നാലു കാക്കക്കുഞ്ഞുങ്ങള്‍ക്കു പുരട്ടിക്കൊടുക്കാനുള്ള തൈലം.
മമ്മയെക്കണ്ടതും ചിത്രന്‍ എന്നുപേരുള്ള കറുപ്പന്‍ കുരങ്ങ് ഓടി അടുത്തു ചെന്നു. അവന്‍ മമ്മയോട് എന്തൊക്കെയോ പറയുകയാണ്. മമ്മയാണെങ്കില്‍ വളരെ ശ്രദ്ധയോടെ കേള്‍ക്കുകയും. മമ്മ താഴ്ന്ന ശബ്ദത്തില്‍ ചിത്രനോടെന്തോ മറുപടിയും പറഞ്ഞു. എന്നിട്ട് ദേവേശിയുടെയടുത്തെത്തി അവളെ കെട്ടിപ്പിടിച്ചു: ”ദേവേശിക്കുട്ടാ വികൃതിയൊന്നും കാട്ടാതെ നല്ല കുട്ട്യായിട്ടിരിക്കണം, കേട്ടോ. മമ്മയ്ക്കു ചില കാര്യങ്ങള്‍ക്കൊന്നു പുറത്തു പോകാനുണ്ട്. എന്റെ മുത്തിനു കൂട്ടിരിക്കാന്‍ കുഞ്ഞമ്മൂമ്മയോട് ഏര്‍പ്പാടാക്കാം” എന്നു പറഞ്ഞിട്ട് മമ്മ അവളുടെ തലയിലുമ്മ വെച്ചു.
മമ്മ എവിടാ പോകുന്നത്, എന്തിനാ പോകുന്നത് എന്നൊന്നും ദേവേശി ചോദിച്ചില്ല. തനിക്ക് ഹാറ്റാചുപ്പായെ കാണാനുള്ള അവസരം കിട്ടുന്നതിലുള്ള സന്തോഷമായിരുന്നു അപ്പോഴവളുടെ മനസ്സില്‍.
മമ്മ പോകാനൊരുങ്ങി. നീല ജീന്‍സും പിങ്ക് ടോപ്പുമാണ് മമ്മയുടെ വേഷം. കയ്യില്ലൊരു വലിയ ബാഗുമുണ്ട്.
മമ്മ ജീപ്പിലേയ്ക്കു കയറാനൊരുങ്ങുമ്പോഴാണ് ചന്ദ്രപ്പൂപ്പന്‍ വേലുമ്മാവനേയും ജോസേട്ടനേയും കൂട്ടി വരുന്നത്. ചന്ദ്രപ്പൂപ്പന്റെ മുഖത്തു പരിഭ്രമമുണ്ട്.
‘മാളികേലമ്മേ, ഇവര്‍ക്കു രണ്ടാള്‍ക്കും ഒരു ചെറിയ ഏനക്കേട്” മമ്മ അമ്പരപ്പോടെ ചോദിച്ചു
”എന്ത് ഏനക്കേട്?”
”അത്…” ചന്ദ്രപ്പൂപ്പന്‍ സ്വരം താഴ്ത്തിയാണ് പറഞ്ഞത് ഇവര് രണ്ടാള്‍ടേം… ഓര്‍മ്മ പോയീന്ന്…”
മമ്മയുടെ മുഖത്തുമിപ്പോള്‍ പരിഭ്രമമുണ്ട്.
”എപ്പോഴാ… ഓര്‍മ്മ പോയത്?”
”ഇന്ന് കാലത്ത് എണീറ്റപ്പൊ മൊതലാ വേലുച്ചേട്ടന്… ഈ ജോസിന് ഇന്നലെ രാത്രീല് മൊതലാത്രേ…”
ചന്ദ്രപ്പൂപ്പന്റെ ശബ്ദം ഇടറുന്നുണ്ടായിരുന്നു അത് പറയുമ്പോള്‍ മമ്മ എന്തോ ആലോചിച്ചു നിന്നു, ഒന്നും മിണ്ടാതെ.
”പിന്നെ… വേറൊരു കാര്യം കൂടിയൊണ്ട്. ”ചന്ദ്രപ്പൂപ്പന്‍ വീണ്ടും ശബ്ദം താഴ്ത്തിപ്പറഞ്ഞു. ”ആ ചാത്തോച്ചീടെ മകള് സൗമ്യ ഇന്നലെ രാത്രി കൊച്ചിനെയൊറക്കാന്‍ നേരത്ത് ഏതാണ്ടൊരു കഥ പറയാന്‍ തൊടങ്ങീതാ…. രണ്ടു വരി പറഞ്ഞപ്പോഴേയ്ക്കും കഥ മറന്നുപോയി… അന്നേരം മൊതല് വായും തൊറന്ന് കണ്ണും മിഴിച്ച് ഒറ്റയിരിപ്പാ…”
മമ്മ ദൂരേയ്ക്കു നോക്കി നില്‍ക്കുകയാണ്. പിന്നെ ചന്ദ്രപ്പൂപ്പനോട് പിറുപിറുക്കുന്ന ശബ്ദത്തില്‍ പറഞ്ഞു.
”ചിന്നന്‍ മുത്തച്ഛനു മാത്രമാണ് പഴയ കാര്യങ്ങളോര്‍മ്മയൊണ്ടായിര്ന്നത്… ഇനീപ്പോ അതുമില്ല… നോക്കാം…”
മമ്മ വീണ്ടും ദേവേശിയെ ചേര്‍ത്തു പിടിച്ചിട്ടു പറഞ്ഞു.
”എന്റെ തങ്കം കുസൃതിയൊന്നും കാട്ടര്ത്, ട്ടോ!”
(തുടരും)






















