- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- മറന്നുപോയി (ഹാറ്റാചുപ്പായുടെ മായാലോകം 28)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”എന്നിട്ട്….?” ആകാംക്ഷ സഹിക്കാനാവാതെ ഗോവിന്ദന്‍ ചോദിച്ചു. മുത്തച്ഛനൊന്നും മിണ്ടാതെ കണ്ണടച്ചിരിക്കുകയാണ്. ചുറ്റിലും ആളുകള്‍ മുത്തച്ഛനെ നോക്കി നില്‍ക്കുകയും. ഏതാനും നിമിഷങ്ങള്‍ കടന്നുപോയി. നിമിഷങ്ങള്‍ മിനിറ്റുകളായി. ചിന്നന്‍ മുത്തച്ഛന്‍ ഇപ്പോഴും കണ്ണടച്ചിരിപ്പുതന്നെ.
അബ്ദു മുത്തച്ഛന്റെ തോളില്‍ തട്ടി വിളിച്ചു ”മുത്തശ്ശാ, ന്നിട്ട് ന്തായീന്ന് പറയ്”
ചിന്നന്‍ മുത്തച്ഛന്‍ മിണ്ടുന്നില്ല. ചെറിയൊരു പേടി പടര്‍ന്നു ചുറ്റും നില്‍ക്കുന്നവരുടെ മുഖങ്ങളില്‍.
”മുത്തശ്ശാ… എന്താ മിണ്ടാത്തെ? …. കഥ ബാക്കീംകൂടി പറയ്” പ്രസന്നന്‍ ചിന്നന്‍ മുത്തച്ഛന്റെ മുടിയിലും മുഖത്തുമൊക്കെ തലോടി.
അപ്പോഴേയ്ക്കും ആരോ പോയി കുറച്ചു വെള്ളമെടുത്തുകൊണ്ടുവന്ന് ചിന്നന്‍ മുത്തച്ഛന്റെ മുഖത്തു തളിച്ചു. കുറച്ചുവെള്ളം അദ്ദേഹത്തെ കുടിപ്പിയ്ക്കുകയും ചെയ്തു.
മുത്തച്ഛന്‍ പതിയെ കണ്ണുതുറന്നു.
”ഹാവൂ! സമാധാനം… ഞങ്ങള്‍ പേടിച്ചുപോയല്ലോ?”
”എന്താ പറ്റ്യോ? മുത്തശ്ശനെന്താ മിണ്ടാതിര്ന്നത്?”
”പോട്ടെ… വേഗം ബാക്കീകൂടി പറയ്….”
എന്നൊക്കെ ഓരോരുത്തരും ചിന്നന്‍ മുത്തച്ഛന്റെ ചുറ്റിലും നിന്നു പറഞ്ഞുകൊണ്ടിരുന്നു.
”അല്ല… ഞാനെന്താ പറയേണ്ടത്?” മുത്തച്ഛന്‍ താഴ്ന്ന ശബ്ദത്തില്‍ ചോദിച്ചു. ഉദയനതു കേട്ടു പൊട്ടിച്ചിരിച്ചു പോയി.
”നന്നായി… ഞങ്ങളോടു പഴേ കാര്യങ്ങള് പറയുകല്ലാര്‌ന്നോ? നമ്മടെ നാട്ടില് പണ്ട് നടന്ന ചെല വെല്യകൊഴപ്പങ്ങളെപ്പറ്റീം ചെല അത്ഭുത സംഭവങ്ങളേപ്പറ്റീമൊക്കെ പറയാംന്നല്ലേ ചിന്നന്‍ മുത്തശ്ശന്‍ പറഞ്ഞത്? ദ് നല്ലകൂത്ത്! എന്നിട്ടിപ്പോ ഒന്നുമറ്യാത്തപോലെ….”
ചിന്നന്‍ മുത്തച്ഛന്‍ ഉദയന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കി. ”അതിന്റെ കാര്യങ്ങളാ ഞങ്ങക്കറിയേണ്ടത്”
”ഹ ഹ…” ചിന്നന്‍ മുത്തച്ഛന്‍ ഇപ്രാവശ്യം പുഞ്ചിരിയ്ക്കുകയല്ല, പൊട്ടിച്ചിരിയ്ക്കുകയാണ് ചെയ്തത്… ”അതിപ്പോ ഏത് കൊഴപ്പങ്ങളെപ്പറ്റിയാ നിങ്ങക്കറിയണ്ടത്? ഇവിടെ മലയിടിച്ചില് ഒണ്ടായിട്ടൊണ്ട്… വെളപ്പൊക്കമൊണ്ടായിട്ടൊണ്ട്… പണ്ടൊരിക്കല് കാട്ടീന്ന് തീ പടര്‍ന്നുപിടിച്ച് കൊറേ വീടുകളൊക്കെ കത്തിപ്പോയിട്ടൊണ്ട്… അങ്ങനെയെന്തെല്ലാം… ഇതില് ഏതിന്റെ കാര്യമാ അറിയണ്ടതെന്നു പറ.”
മറുപടി പറഞ്ഞത് ജോണിയായിരുന്നു ”ഇതൊന്നുമല്ല… പണ്ടീ നാട്ടില് ഏതാണ്ടൊക്കെ അത്ഭുതങ്ങള് നടന്നിട്ടൊണ്ടെന്നോ… അങ്ങനെയൊള്ളതൊക്ക്യാ ഞങ്ങക്കിപ്പം അറിയേണ്ടത്.”
ചിന്നന്‍ മുത്തച്ഛന്‍ ഒരു നിമിഷം കണ്ണടച്ചിരുന്നു. എന്നിട്ട് സാവകാശം പറഞ്ഞു തുടങ്ങി ”പിള്ളാരേ, ഞാന്‍ നേരിട്ടു കണ്ടതല്ല അതൊന്നും. എന്റെ മുത്തശ്ശന്‍ പറഞ്ഞും മറ്റും ഞാങ്കേട്ടിട്ടൊള്ള കഥകളാ… എനിക്കറിയാവുന്നത് ഞാന്‍ നിങ്ങളോട് പറയാം.”
”കെഴക്കുവശത്ത് സൂര്യഗിരി മലകള്… പടിഞ്ഞാറ് നന്ദിനിപ്പുഴ… നാലുചുറ്റിലും കാട്… കാടില് മുഴുവന്‍ നല്ല ചൊമചൊമാ ചൊമ്ന്ന പൂക്കളൊള്ള ചെമ്പട്ട് എന്നുപേരുള്ള മരങ്ങള്…”
”അങ്ങന്യാണോ ഈ ചെമ്പൂവട്ടംന്നൊള്ള പേര് വന്നത്?”
ഉദയന്‍ ഇടയ്ക്കു കയറി ചോദിച്ചു.
”അതന്നെ…” മുത്തച്ഛന്‍ പറഞ്ഞു ”ചെമ്പട്ടു മരത്തിന്റെ പൂക്കള് നല്ല ചൊമന്ന പട്ടുപോലെയാ… എന്തൊരു മിനുസമാന്നോ!
ങ്… അങ്ങനെയൊള്ള ഈ നാട്ടില് വെള്ളോം മഴേം വെയിലും തണുപ്പും നല്ല മണ്ണും എല്ലാം ആവശ്യത്തിനൊണ്ടാര്ന്നു…
മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമെല്ലാം സുഖമായി ജീവിക്കാന്‍ വേണ്ടതെല്ലാമിവിടൊണ്ടാര്ന്നു….
തമ്മിത്തമ്മില് സ്‌നേഹത്തോടെയാ മനുഷ്യരും പക്ഷിമൃഗാദികളും മരങ്ങളും പൊഴേം മലകളുമെല്ലാം അന്ന് നമ്മടെ നാട്ടില് ജീവിച്ചോണ്ടിര്ന്നത്” മുത്തച്ഛന്‍ പെട്ടെന്ന് കഥ നിര്‍ത്തി.
(തുടരും)






















