- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ഹാറ്റാച്ചുപ്പാ (ഹാറ്റാചുപ്പായുടെ മായാലോകം 26)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ദേവേശി പേടിയോടെ ചുറ്റിലും നോക്കി.
”പേടിക്കണ്ട കുട്ടീ. ഞാനാ വിളിച്ചത്”
മേശപ്പുറത്തിരിക്കുന്ന തൊപ്പിയില്‍ നിന്നാണ് ശബ്ദം പുറത്തു വരുന്നതെന്ന് അവള്‍ക്കു മനസ്സിലായി.
”എങ്ങന്യാ തൊപ്പിക്ക് മിണ്ടാമ്പറ്റുന്നേ?” സംശയിച്ചാണ് അവളതു ചോദിച്ചത്.
”ഹിഹിഹി… അത് പറയാം… ദേവേശിയെന്തിനാ വീണ്ടും ഈ തട്ടിന്‍പുറത്തു വന്നത്?” തൊപ്പി ഇപ്പോള്‍ ഇരിക്കുന്നിടത്തിരുന്ന് ഒന്നു കറങ്ങി തന്റെ നേര്‍ക്കു നോക്കിയാണ് ചോദിച്ചത്.
”അത്… ആ… ജീവിയെ കാണാന്‍” ദേവേശി വിക്കിവിക്കിപ്പറഞ്ഞു.
”ഹിഹി… ഹിഹിഹി… അതെന്തു ജീവ്യാണെന്ന് ദേവേശിക്കറ്യോ?” ദേവേശി തൊപ്പിയെ നോക്കി മിണ്ടാതെ നിന്നു.
”അറിയില്ലേ? പിന്നെന്തിനാ അതിനെ കാണാന്‍ വന്നത്?”
അപ്പോഴും അവളൊന്നും മിണ്ടിയില്ല.
”ദേവേശി, കുട്ടി വരാന്‍ വേണ്ടി എത്രനാളായി ഞങ്ങളു കാത്തിരിക്ക്യാരുന്നൂന്നോ? ഓരോ അവധിക്കാലത്തും ഞങ്ങളു വിചാരിക്കും കുട്ടി വരും വരുമെന്ന്!”
ഇപ്പോള്‍ അവള്‍ക്ക് ശരിക്കും അത്ഭുതമായി ”ഞാന്‍ വരുമെന്ന് നിങ്ങളെങ്ങനെയറിഞ്ഞു? ഞാന്‍ നിങ്ങളെ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ?”
”ദേവൂ, മോള് ഞങ്ങളെ കണ്ടിട്ടില്ല” തൊപ്പി ചിരിച്ചു ”ഹിഹിഹി, പക്ഷേ ഞങ്ങള്‍ക്കറ്യാമായിരുന്നു കുട്ടി വരുമെന്ന്”
”ഞങ്ങളെന്നു പറഞ്ഞാല് ആരൊക്കെയാ?” ദേവേശി ചെറിയ പേടിയോടെയാണു ചോദിച്ചത്.
”ഹിഹിഹി…” തൊപ്പി ചിരിച്ചു. ഞങ്ങളെന്നു പറഞ്ഞാല് ഞങ്ങളു രണ്ടുപേരും തന്നെ… മാജിക് ഹാറ്റ് എന്ന ഞാനും ചുപ്പാകാബ്രാ എന്നു പേരുള്ള കുട്ടി പറഞ്ഞ വിചിത്രമൃഗവും… ഞങ്ങളു രണ്ടു പേരും എപ്പോഴും ഒന്നിച്ചാ…. അതുകൊണ്ട് ഹാറ്റാചുപ്പാ എന്നാണ് ഞങ്ങളറിയപ്പെടുന്നത്…. ഹിഹിഹി…”
”എന്നിട്ട് ചുപ്പാകാബ്രാ എവിടെ?” ദേവേശി നാലുപാടും നോക്കിക്കൊണ്ടു ചോദിച്ചു.
”ങ്ങും…” തൊപ്പിവീണ്ടും ചിരിച്ചു ”ഹിഹി… കുട്ടിയങ്ങനെ ചുറ്റും നോക്കിയാലൊന്നും ചുപ്പായെ കാണൂല്ല… അതിനു ഞാന്‍ തീരുമാനിക്കണം മോളേ….”
ദേവേശി ഒന്നും മിണ്ടിയില്ല. ഇതൊക്കെ സ്വപ്നമാണോ അതോ സത്യമോ? ഒരു തൊപ്പി തന്നോടു വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നു. തൊപ്പിയുടെ ചങ്ങാതി ഒരു വിചിത്രമൃഗം ഇവിടെ മമ്മയുടെ വീടിന്റെ തട്ടിന്‍പുറത്തു ജീവിക്കുന്നുണ്ടെന്നു പറയുന്നു. എന്തൊക്കെ അത്ഭുതങ്ങളാണ്!
”എനിക്ക്… എനിക്കൊന്നു കാ…ണണം… അതിനെ” ദേവേശി മടിച്ചുമടിച്ചാണത് പറഞ്ഞത്.
”ഹഹഹ…” തൊപ്പി പൊട്ടിച്ചിരിക്കാന്‍ തുടങ്ങി, ”കുട്ടീ, ഇപ്പോ ചുപ്പാ കുറച്ചു തിരക്കിലാ… കുട്ടിക്കു പിന്നീടതിനെ കാണാം…. സമയമുണ്ടെന്നേ ഇഷ്ടംപോലെ… തന്നേയുമല്ല, ഉടനെ താഴേയ്ക്കിറങ്ങിച്ചെന്നില്ലെങ്കില് കുട്ടിയെ തിരക്കി അവരിങ്ങു കയറിവരും… അതുകൊണ്ട് മോള് പൊക്കോ”
തൊപ്പി പറഞ്ഞു തീരുംമുന്‍പ് താഴെ നിന്നൊരു വിളിയുയര്‍ന്നു.
”മോളേ… ദേവൂ…. എവിട്യാ കുട്ടീ?”
കുഞ്ഞമ്മൂമ്മയുടെ ശബ്ദം അവള്‍ തിരിച്ചറിഞ്ഞു. പെട്ടെന്നു തന്നെ അവള്‍ തട്ടിന്‍പുറത്തു നിന്ന് പടികള്‍ ഇറങ്ങി. തട്ടിന്‍പുറത്തിന്റെ വാതിലടയ്ക്കാനും അവള്‍ മറന്നില്ല.
താഴെയെത്തി സ്റ്റോര്‍ മുറിയ്ക്കു പുറത്തിറങ്ങി വാതില്‍ പൂട്ടി തൂവലുപയോഗിച്ചു തന്നെ.
”എന്റെ കുട്ടീ… ഞാമ്പേടിച്ചു പോയി മോളെ കാണാതെ… എവിട്യാരുന്നു ഇത്രേം നേരം?”
”ഞാന്‍ വായിക്ക്യാര്ന്നു കുഞ്ഞമ്മൂമ്മേ….” കള്ളം പറയുന്നതില്‍ വളരെ സങ്കടത്തോടെയാണവളങ്ങിനെ പറഞ്ഞത്.
”എന്നാല് മോളു വന്ന് ചോറുണ്ണ്…” കുഞ്ഞമ്മൂമ്മ പറഞ്ഞു. ദേവേശി കൈകഴുകി പ്ലേറ്റിനു മുന്‍പിലിരിയ്ക്കു മ്പോഴും ചിന്തയിലായിരുന്നു.
(തുടരും)






















