- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ചെന്തൂവല്‍ (ഹാറ്റാചുപ്പായുടെ മായാലോകം 25)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
എന്തായാലും തട്ടിന്‍ പുറത്തെ മൃഗത്തെയും സംസാരിക്കുന്ന തൊപ്പിയുമൊക്കെ ഒരിക്കല്‍ക്കൂടി കാണണം – എന്തൊക്കെയോ ചില രഹസ്യങ്ങളുണ്ട് ഇവിടെ. എന്താണെന്നറിയണം. എന്നിട്ടു വേണം തിരിച്ചു ദല്‍ഹിയിലെത്തുമ്പോള്‍ ക്ലാസ്സിലെ കൂട്ടുകാരോടെല്ലാം അതേക്കുറിച്ചു പറയാന്‍. ദേവേശിക്ക് അക്കാര്യം ആലോചിച്ചപ്പോള്‍ത്തന്നെ സന്തോഷം തോന്നി.
പക്ഷേ അടുത്ത രണ്ടു ദിവസങ്ങളില്‍ മമ്മയും ചന്ദ്രപ്പൂപ്പനും മറ്റു കുറേയാളുകളുമുണ്ടായിരുന്നു ചുറ്റുപാടും. അതുകൊണ്ട് ദേവേശിയ്ക്ക് സ്റ്റോര്‍ റൂമില്‍ കയറാനോ തന്റെ പ്ലാന്‍ നടപ്പിലാക്കാനോ കഴിഞ്ഞില്ല. എങ്കിലും അവള്‍ അവിടെയൊക്കെ ചുറ്റിപ്പറ്റി നടന്നു. എപ്പോഴെങ്കിലും സൗകര്യം കിട്ടിയാലോ?
അപ്പോഴാണ് ഒരു കാര്യം അവള്‍ ശ്രദ്ധിച്ചത് – സ്റ്റോര്‍ മുറി വീണ്ടും പൂട്ടിയിരിക്കുന്നുവെന്നു മാത്രമല്ല, മുന്‍പ് വെച്ചിരുന്ന സ്ഥാനത്ത് താക്കോല്‍ വെച്ചിട്ടുമില്ല. ഇനിയെങ്ങനെ സ്റ്റോര്‍ മുറി തുറക്കും?
അന്നൊരു ബുധനാഴ്ചയായിരുന്നു. മമ്മയ്ക്കന്ന് കോടതിയില്‍ പോകണം. ടിപ്പര്‍ ലോറി ഡ്രൈവര്‍ തവിട്ടുകുഞ്ഞനെ വെടിവെച്ച കേസിലെ സാക്ഷിയാണ് മമ്മ. ദേവേശിയ്ക്കു കാവലിന് അയല്‍പക്കത്തുള്ള കുഞ്ഞമ്മയെന്നു പേരുള്ള കുഞ്ഞമ്മൂമ്മയെന്ന് അവള്‍ വിളിക്കുന്ന ഒരമ്മൂമ്മയെയാണ് മമ്മ ഏല്പിച്ചത്. കുഞ്ഞമൂമ്മ രാവിലെ തന്നെയെത്തി.
”മോളേ, ഞാന്‍ കൂട്ടിരിക്കാം, കേട്ടോ” എന്നു പറഞ്ഞ് ചിരിച്ചുകൊണ്ടാണ് കുഞ്ഞമ്മൂമ്മ കയറി വന്നത്.
മമ്മ ജീപ്പില്‍ കയറി പോകുമ്പോള്‍ അവളെ കൈവീശി കാട്ടി. ചന്ദ്രപ്പൂപ്പനാണ് ജീപ്പോടിച്ചത്.
‘ഞാനീ ചെറിയ മാവിലെ മാങ്ങായൊക്കെ പറിച്ച് ഉപ്പിലിടാമ്പോവ്വാ. മോളുപോയി കളിച്ചോ’ എന്നു കുഞ്ഞമ്മൂമ്മ പറഞ്ഞതും ദേവേശി അകത്തേക്ക് ഒരൊറ്റ ഓട്ടമോടിയതും ഒന്നിച്ചായിരുന്നു! നേരേ ഓടിയെത്തിയത് സ്റ്റോര്‍ മുറിയുടെ മുന്നില്‍. പക്ഷേ എങ്ങനെ സ്റ്റോര്‍ മുറി തുറക്കും? പൂട്ടിയിരിക്കുകയല്ലേ? താക്കോലാണെങ്കില്‍ കാണാനുമില്ല. എങ്കിലും ഒരിക്കല്‍ക്കൂടി എല്ലായിടത്തും താക്കോല്‍ തിരയാമെന്നവള്‍ തീരുമാനിച്ചു.
കുറേനേരം ശ്രമിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല. മേശയുടെയടിയിലെങ്ങാനും താക്കോല്‍ വീണു കിടക്കുന്നുണ്ടോയെന്ന് കുനിഞ്ഞിരുന്നു തിരയുമ്പോള്‍ ആ ചെമ്പന്‍ നിറമുള്ള തൂവല്‍ വീണ്ടുമവളുടെ മുഖത്തേയ്ക്ക് പാറി വീണു.
ദേവേശി തൂവല്‍ കയ്യിലെടുത്തു പരിശോധിച്ചു. അതിന്റെ തണ്ട് കൂര്‍ത്തിട്ടാണ്. ഇതുപയോഗിച്ച് പൂട്ടു തുറക്കാന്‍ കഴിയുമോ? ഒന്നുശ്രമിച്ചു നോക്കാം.
ദേവേശി തൂവല്‍ത്തണ്ട് താക്കോല്‍പ്പഴുതിയേല്ക്കു കടത്തി ഒന്നു പതുക്കെ തിരിച്ചു നോക്കിയതും, പൂട്ട് തുറന്നതും ഒന്നിച്ചായിരുന്നു! സന്തോഷത്തോടെ അവള്‍ സ്റ്റോര്‍മുറിയുടെ വാതില്‍ തുറന്ന് അകത്തു കയറി. അകത്തു നിന്ന് വാതില്‍ ചാരിയിട്ട് കോവണിപ്പടകള്‍ കയറാന്‍ തുടങ്ങി. തൂവല്‍ കയ്യിലെടുക്കാനവള്‍ മറന്നില്ല. ഇനിയും ആവശ്യം വന്നാലോ?
ഏറ്റവും മുകളിലെ പടയിലെത്തിയപ്പോള്‍ അവള്‍ക്കു ബോധ്യമായി താനാ തൂവല്‍ കൊണ്ടുവന്നത് നന്നായെന്ന്. തട്ടിന്‍പുറത്തേക്കുള്ള വാതിലും പൂട്ടിയിട്ടിരിയ്ക്കുകയാണ്. ദേവേശി തന്റെ കയ്യിലുള്ള ചെമ്പന്‍തൂവല്‍ താക്കോല്‍പ്പഴുതിലിട്ട് ഒന്നു തിരിച്ചതും, ആ പൂട്ടും എളുപ്പത്തില്‍ തുറന്നു!
ദേവേശി ശ്രദ്ധയോടെയാണ് തട്ടിന്‍ പുറത്തേയ്ക്കു കയറിയത്. ഇരുട്ടായതുകൊണ്ട് ഒന്നും കാണാന്‍ വയ്യ. ആ വിചിത്രജീവി ഇവിടെയുണ്ടാകുമോ? സംസാരിക്കുമോ വീണ്ടുമാ വലിയ തൊപ്പി? മമ്മയിവിടെ ഇല്ലാത്തതുകൊണ്ടു മാത്രമാണ് ഇങ്ങോട്ടു കയറാന്‍ സാധിച്ചത്, ഇന്ന് ഇതിന്റെ രഹസ്യം കണ്ടുപിടിച്ചേ പറ്റൂ.
അടഞ്ഞു കിടന്നിരുന്ന ജനല്‍പ്പാളി അവള്‍ പതിയെ തുറന്നു. തട്ടിന്‍പുറത്തെല്ലാം വെളിച്ചം പരന്നു. ദേവേശി എല്ലായിടത്തും നോക്കി. ആ ജീവിയെ എങ്ങും കാണാനില്ല! അവള്‍ക്കു സങ്കടം വന്നു. ഇനിയെന്തു ചെയ്യും? മമ്മ വരുന്നതിനുമുന്‍പ് ആ ജീവിയെ ഒന്നു കാണണം. പറ്റിയാല്‍ ഒന്നു തൊടണം. എന്തു മൃഗമാണതെന്ന് കണ്ടുപിടിക്കണം. അങ്ങനെയൊക്കെ വിചാരിച്ചാണിങ്ങോട്ടു വന്നത്. എന്നിട്ടോ?
”ദേവേശീ!” ആരാണ് വിളിക്കുന്നത്? അവള്‍ ഞെട്ടിപ്പോയി.
(തുടരും)






















