- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ആശങ്കകള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 24)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
ഉറങ്ങാന്‍ കിടക്കുമ്പോഴും ദേവേശിയുടെ മനസ്സില്‍ തട്ടിന്‍പുറത്തെ അത്ഭുതക്കാഴ്ചകളായിരുന്നു. എന്തു മൃഗമായിരിക്കും അത്? സംസാരിക്കുന്ന തൊപ്പി എന്നത് തനിക്കു തോന്നിയതാണോ? അതോ ശരിക്കും അങ്ങനെയൊന്നു താന്‍ കണ്ടിരുന്നോ? എങ്ങനെയാണാ മൃഗം തൊപ്പിക്കുള്ളില്‍ കയറി മറഞ്ഞത്? ആദ്യം കണ്ടപ്പോള്‍ അതെത്ര വലുതായിരുന്നു; പിന്നീടെങ്ങനെയാണത് ഒരു ചുണ്ടെലിയോളം ചെറുതായത്? ഇങ്ങനെ കുറേ ചോദ്യങ്ങള്‍ ഉള്ളില്‍ കറങ്ങിത്തിരിഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ദേവേശി മമ്മയെ കുലുക്കി വിളിച്ചത്:
”മമ്മാ, ഞാന്‍ തട്ടുമ്പൊറത്തൊരു ജീവിയെക്കണ്ടല്ലോ. എന്തു ജീവിയാ അത്? പിന്നെ ഒരു…”
മമ്മ തന്റെ പുതപ്പിനുള്ളിലേക്ക് അവളെ ചേര്‍ത്തു പിടിച്ചിട്ട് പറഞ്ഞു:
”ന്റെ ചക്കരമുത്തേ, നമുക്കൊറങ്ങാം. വര്‍ത്തമാനം പറയുന്നതിനി നാളെ”
മമ്മയുടെ പുതപ്പിനുള്ളില്‍ കിടന്ന് ദേവേശി ഉറങ്ങിപ്പോയി. പക്ഷേ സ്വപ്നത്തിലും അവളുടെയുള്ളില്‍ തൊപ്പിയും അത്ഭുത ജീവിയുമൊക്കെയാണുണ്ടായിരുന്നത്. താനാ തൊപ്പി തലയില്‍ വെച്ചുകൊണ്ട് ഗണേശന്റെ പുറത്തിരിക്കുന്നു. കുരങ്ങന്മാര്‍ മരക്കൊമ്പുകളില്‍ ഊഞ്ഞാലാടുന്നു. തനിക്ക് കൈനീട്ടിയാല്‍ മാവിന്‍കൊമ്പില്‍ നിന്ന് ചുവന്നു തുടുത്ത മാമ്പഴങ്ങള്‍ പറിച്ചെടുത്തു തിന്നാം! ഇതു വല്ലതും തന്റെ അച്ഛനുമമ്മയും അറിയുന്നുണ്ടോ? ദേവേശിക്ക് സന്തോഷം കൊണ്ടു തുള്ളിച്ചാടാന്‍ തോന്നി. സന്തോഷമുള്ള സ്വപ്നത്തില്‍ മുങ്ങിക്കിടക്കുമ്പോഴാണ് ദേവേശി ഞെട്ടിയുണര്‍ന്നത്.
ഉണരാന്‍ കാരണമോ?
ഒരു തൂവല്‍ അവളുടെ മുഖത്തേയ്ക്കു പറന്നു വന്നു വീണു.
തവിട്ടുനിറമുള്ള തൂവല്‍. ഒരടിയിലധികം നീളമുണ്ടതിന്. മാത്രമല്ല, രണ്ടു തൂവലുകള്‍ ഒന്നിനുമുകളില്‍ മറ്റൊന്ന് കയറ്റി വെച്ചതുപോലെ രണ്ടു നിരയായാണ് അതിലെ നാരുകള്‍. ഇത് ഒരു തൂവലോ അതോ രണ്ടു തൂവലുകളാണോ? ദേവേശി കിടക്കയിലെഴുന്നേറ്റിരുന്നുകൊണ്ട് അത് വിശദമായി പരിശോധിച്ചു. ഒരു തൂവല്‍ തന്നെ. പക്ഷേ ഇത്തരമൊരു തൂവല്‍ ഏതു പക്ഷിയുടേതാണ്? അപ്പോഴാണ് ആ തൂവലില്‍ നിന്ന് ഒരു ചെറുസുഗന്ധം ചുറ്റും വ്യാപിക്കുന്നുണ്ടെന്ന് ദേവേശി തിരിച്ചറിഞ്ഞത്. ഏതോ പൂവിന്റെ സുഗന്ധം പോലെയുണ്ട്. പക്ഷേ ഏതു പൂവിന്റെയെന്നറിയില്ല. ഇളം ചുവപ്പുനിറം, അല്ലെങ്കില്‍ ചെമ്പുനിറമാണതിന്.
ഏതെങ്കിലും പക്ഷി തന്റെ ജനലിനടുത്തുകൂടി പറന്നുപോയപ്പോഴായിരിക്കും ഈ തൂവല്‍ കൊഴിഞ്ഞു വീണതെന്ന് അവള്‍ ക്കു തോന്നി. ഏതു പക്ഷിയുടേതാണ് ഇതെന്നു മമ്മയോടു തന്നെ ചോദിക്കാം. മമ്മയ്ക്കറിയാത്ത പക്ഷികളും മൃഗങ്ങളും മരങ്ങളും ചെടികളുമൊന്നുമില്ലല്ലോ.
എന്നിട്ടും ഇന്നലെ തട്ടിന്‍പുറത്തു കണ്ട വിചിത്രമൃഗമേതാണെന്ന് മമ്മ പറഞ്ഞു തന്നില്ല; ഇന്ന് എന്തായാലും മമ്മയോടു ചോദിച്ചറിയണം. സംസാരിക്കുന്ന തൊപ്പിയെക്കുറിച്ചും മനസ്സിലാക്കണം.
ദേവു പല്ലുതേപ്പും മുഖം കഴുകലുമൊക്കെക്കഴിഞ്ഞ് താഴെയെത്തിയപ്പോള്‍ അവിടെയൊരാള്‍ക്കൂട്ടമുണ്ടായിരുന്നു. തനിക്ക് പരിചയമില്ലാത്തവരാണ് മിക്കവരും. എല്ലാവരും വളരെ ഗൗരവത്തില്‍ എന്തോ കാര്യം സംസാരിക്കുകയാണ്. ആരുടെയൊക്കെയോ ശബ്ദങ്ങള്‍.
”ആ ആഞ്ഞിലി വീണതെങ്ങന്യാന്നാ നിക്കു മനസ്സിലാകാത്തത്”
”അല്ല, പഴേ പോലെ എന്തെങ്കിലും കൊഴപ്പം ഒണ്ടാകുമോന്നാപേടി”
”വെറുതെ ഓരോന്നു പറയണ്ട. ഒരു കൊഴപ്പോ ഒണ്ടാവാതെ നോക്കാനൊക്കെ നമ്മടെ മാളികേലമ്മയ്ക്കറ്യാം… ഒന്നും പേടിക്കണ്ട”
”എന്നാലും അതെങ്ങനെ സംഭവിച്ചൂന്നാ?…”
”മാളികേലമ്മേ, നിങ്ങളെന്നതേലുമൊന്നു പറ. ഞങ്ങക്കൊരു സമാധാനത്തിന്”
”നിങ്ങളാരും ഒന്നും പേടിക്കണ്ട. നമുക്കൊരു കൊഴപ്പോം വരില്ല… ധൈര്യമായിട്ടിരിക്ക്.”
അത് മമ്മയുടെ ശബ്ദമാണ്. പെട്ടെന്നു മമ്മ അകത്തേയക്കു നോക്കി. നടുമുറ്റത്തിനരികിലുള്ള തൂണില്‍ പിടിച്ചു നില്‍ക്കുന്ന ദേവേശിയെ കണ്ടു.
”വാ എന്റെ മുത്തേ!” എന്നിട്ടു ചുറ്റുമുള്ളവരോടായി പറഞ്ഞു.
”നിങ്ങളു ചെല്ല്. എന്റെ കുട്ടിയ്ക്കു ഞാനിത്തിരി ഭക്ഷണം കൊടുക്കട്ടെ.”
(തുടരും)






















