- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ഭീമന്‍ ആഞ്ഞിലി (ഹാറ്റാചുപ്പായുടെ മായാലോകം 23)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
”ദേവേശി, നീ തട്ടും പൊറത്തു കോറ്യോ ന്റെ കുട്ടാ? എന്താ നീയി കാണിച്ചത്…? ഇങ്ങട്ട് എറങ്ങി വായോ!”
മമ്മ കോവണിച്ചുവട്ടില്‍ നിന്നാണ് വിളിക്കുന്നതെന്ന് അവള്‍ കണ്ടു. വേഗം പടികളിറങ്ങുമ്പോള്‍ മമ്മ പറഞ്ഞു ”പതുക്കെ എറങ്ങ്യാ മതി. തട്ടിത്തടഞ്ഞു വീണാല് ന്റെ മുത്തിന്റെ പൊടിപോലും കിട്ടില്ല.”
താഴെയിറങ്ങി വന്നതും മമ്മ അവളെ വാരിയെടുത്തു. കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തുകൊണ്ട് മമ്മ പിറുപിറുത്തു.
”നോക്ക്, മൊഖത്തും മുടീലുമൊക്കെ മാറാലേം പൊടീം ഒക്കെയായല്ലോ… വാ, നമ്മക്കു പോയി നന്നായിട്ടൊന്നു കുളിക്കാം.”
താന്‍ വിചാരിച്ചതു പോലെ മമ്മ തന്നെ വഴക്കു പറയാത്തതില്‍ ദേവേശിക്ക് അത്ഭുതം തോന്നി. അവള്‍ അമ്പരപ്പോടെ മമ്മയുടെ മുഖത്തു സൂക്ഷിച്ചു നോക്കി. ഇല്ല, ഒട്ടും ദേഷ്യമില്ല മുഖത്ത്. കുളിയും ഊണും കഴിഞ്ഞ് മമ്മയ്‌ക്കൊപ്പം രണ്ടാം നിലയിലെ കിടപ്പുമുറിയിലെ കട്ടിലില്‍ കിടക്കുമ്പോഴും അവള്‍ കാതോര്‍ത്തു: മുകളില്‍ നിന്ന് ശബ്ദം വല്ലതും കേള്‍ക്കുന്നുണ്ടോ? ആരെങ്കിലും സംസാരിക്കുന്നുണ്ടോ അവിടെ?
”മമ്മാ, നമ്മടെ തട്ടുമ്പൊറത്ത് എന്താ ഒള്ളത്?”
മമ്മ അവളുടെ മുഖത്തു സൂക്ഷിച്ചു നോക്കിക്കൊണ്ട് ചോദിച്ചു.
”ന്റെ ദേവേശി കണ്ടില്ലേ എന്താ അവ്‌ടെയൊള്ളതെന്ന്?”
”മമ്മാ, അതല്ല, അവ്‌ടെയൊരു ജീവി…”
”കുട്ടാ, ഒരു ജീവിയല്ല ഒര്പാട് ജീവികള്ണ്ടാവും… എലികള്, പാറ്റാ, പല്ലി, രാത്രികാലങ്ങളില് മരപ്പട്ടി… പിന്നെ നരിച്ചീറ്… പ്രാവ് അങ്ങനെ”
”അല്ല മമ്മാ, ഇത് അതൊന്നുമല്ല… ഒരു പ്രത്യേക ജീവിയാ… കണ്ടാല് പൂച്ചേപ്പോലെയോ നായെപ്പോലെയോ…”
പെട്ടെന്ന് പുറത്തുനിന്നൊരു ഭയങ്കരമായ ശബ്ദം കേട്ടു. മമ്മയും ദേവേശിയും അതുകേട്ടു ചാടിയെഴുന്നേറ്റിരുന്നു.
”വാ, പോയി നോക്കാം… എന്താന്ന്” എന്നു പറഞ്ഞുകൊണ്ട് മമ്മ കോവണിപ്പടികളോടിയറങ്ങി. പിന്നാലെ ദേവേശിയും. മമ്മ മുറ്റത്തേക്കിറങ്ങിയിട്ട് നാലുപാടും നോക്കി പിന്നെ ”അയ്യോ, എന്റെ കാവിലമ്മേ!” എന്നു നിലവിളിച്ചു കൊണ്ട് വടക്കുപുറത്തെ മുറ്റത്തേക്കോടി. മുറ്റത്തിനരികില്‍ നില്‍ക്കുന്ന ഭീമന്‍ ആഞ്ഞിലി കടപുഴകി വീണിരിക്കുന്നു!
”കാറ്റും മഴേമൊന്നൂല്ലാതെ ഇതെങ്ങനെ വീണു?” മമ്മ ആശ്ചര്യപ്പെട്ടു. ഒപ്പം സമാധാനിക്കുകയും ചെയ്തു.
”ഇതിപ്പോ മുറ്റത്തേയ്‌ക്കെങ്ങാനും വീണരുന്നേല്‍, വീട് തകര്‍ന്നു തരിപ്പണമായേനേ! ഭഗവതി കാത്തു!”
വിവരമറിഞ്ഞ് ചന്ദ്രപ്പൂപ്പനും പണിക്കു വരാറുള്ള വേലുമ്മാവനും ജോസേട്ടനുമൊക്കെയെത്തി. മഴയോ കൊടുങ്കാറ്റോ ഒന്നുമില്ലാതെ ഇത്രയും വലിയ മരം മറിഞ്ഞു വീണതെങ്ങനെയെന്നായിരുന്നു എല്ലാവര്‍ക്കും പറയാനുള്ളത്. പോരെങ്കില്‍, മണ്ണിനടിയില്‍ വളരെ ആഴത്തിലേക്ക് വേരുകളുമുണ്ട് ആ വമ്പന്‍ ആഞ്ഞിലിയ്ക്ക്. എല്ലാവരും ചേര്‍ന്ന് അതിന്റെ ശിഖരങ്ങളിലെ ഇലകള്‍ നിറഞ്ഞ കൊമ്പുകള്‍ വെട്ടിമാറ്റി. മിക്ക ശിഖരങ്ങളിലുമുണ്ടായിരുന്നു കിളിക്കൂടുകള്‍. കൂടുകളില്‍ കുഞ്ഞുകിളിമുട്ടകള്‍; ചിലതില്‍ കിളിക്കുഞ്ഞുങ്ങളുമുണ്ട്. അവയ്‌ക്കൊന്നിനും പരിക്കു പറ്റാതെ ശ്രദ്ധയോടെയാണ് ചന്ദ്രപ്പൂപ്പനും കൂട്ടുകാരും കൂടുകള്‍ സഹിതം എടുത്തു മാറ്റി മറ്റു മരച്ചിലകളില്‍ കൊണ്ടുപോയി വെച്ചത്. ചന്ദ്രപ്പൂപ്പന്‍ മമ്മയുടെയടുത്തെത്തി പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു:
”അല്ലാ. നമ്മടെ മറ്റേ കക്ഷിയെ ആരേലും എളക്കിയതോ മറ്റോ ആണോ? അല്ലെങ്കിലിപ്പം നല്ല വെയിലു തെളിഞ്ഞു നിക്കുമ്പം എങ്ങനെയാ ഈ മരം വീണത്? പോരെങ്കില് ഇതേലല്ല്യോ അയാളന്ന്….?”
ചന്ദ്രപ്പൂപ്പന്‍ അപ്പോഴാണ് തന്റെ പിന്നില്‍ വന്നു നില്‍ക്കുന്ന ദേവേശിയെക്കണ്ടത്. പറഞ്ഞു തുടങ്ങിയത് പൂര്‍ത്തിയാക്കാതെ പെട്ടെന്നു നിര്‍ത്തുകയും ചെയ്തു. അതോടെ…
”എന്താ മമ്മാ, മറ്റേ കക്ഷീന്നു പറഞ്ഞാല്?”
മമ്മ ദേവേശിയെ ചേര്‍ത്തുപിടിച്ചുകൊണ്ട് പറഞ്ഞു.
”ഒന്നുമില്ല ന്റെ കുഞ്ഞൂ. ഈ ചന്ദ്രപ്പൂപ്പന്‍ ചുമ്മാതെ ഓരോരോ കഥകള് പറയുന്നതല്ലേ?”
(തുടരും)






















