- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- തൊപ്പി (ഹാറ്റാചുപ്പായുടെ മായാലോകം 22)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
കോവണിപ്പടികള്‍ മുഴുവനും പൊടിയും മാറാലയും കൊണ്ടുമൂടിയിരിക്കുന്നു. ദേവേശി വളരെ ശ്രദ്ധിച്ചാണ് ഓരോ ചുവടും വെച്ചത്. പടികളെണ്ണിയെണ്ണിയാണവള്‍ കോവണി കയറിയതും. ഒന്ന് രണ്ട് മൂന്ന്…. അങ്ങനെയങ്ങനെ ഏറ്റവും മുകളിലത്തെ പടിയിലെത്തി – പതിനാറു പടികളാണുള്ളത്. മുകളിലത്തെ പടിയിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്‌നം. തട്ടിന്‍പുറത്തിന് മറ്റൊരു വാതില്‍! അതും പൂട്ടിയിരിക്കുന്നു. അതിന്റെ താക്കോല്‍ എവിടെയായിരിക്കും?
അന്നേരം അവളുടെ കയ്യിലെന്തോ ഒന്ന് തട്ടി. കോവണിയില്‍ തൂക്കിയിട്ടിരിക്കുന്ന ഒരു ചെറുതാക്കോല്‍, ഇതുതന്നെയായിരിക്കണം തട്ടിന്‍പുറത്തേയ്ക്കുള്ള വാതിലിന്റെ താക്കോല്‍, തുരുമ്പിച്ച ആ താക്കോല്‍ കൊണ്ടു തുറക്കാന്‍ ശ്രമിച്ചതും, ‘ഭും!’ എന്നൊരു വലിയ ശബ്ദത്തോടെ വാതില്‍ തുറന്നു.
പക്ഷേ ശബ്ദം കേട്ട് ദേവേശി ഞെട്ടിപ്പോയി. പുറത്തു കേള്‍ക്കാന്‍ പറ്റുമോ ഈ ശബ്ദം? മമ്മ ഓടിവന്നു തന്നെ വഴക്കു പറയുമോ? ഏതായാലും തട്ടിന്‍പുറത്തൊന്നു കയറിനോക്കിയിട്ടു തന്നെ കാര്യം. അവള്‍ വളരെ ശ്രദ്ധയോടെ തട്ടിന്‍പുറത്തേയ്ക്കു കാലെടുത്തുവെച്ചു.
ഇരുട്ടാണ്. ഒന്നും കാണാന്‍ വയ്യ. ആരാണിവിടെ സംസാരിച്ചകൊണ്ടിരുന്നത്? ദേവേശി ചുറ്റിലും നോക്കി. ഇപ്പോള്‍ കണ്ണ് ഇരുട്ടുമായി കുറേശ്ശെ പരിചയിച്ചതുകൊണ്ടാവാം എന്തൊക്കെയോ കാണാന്‍ പറ്റുന്നുണ്ട്. അവള്‍ നില്‍ക്കുന്നതിന്റെ വലതുവശത്തായി ഒരു ചെറിയ ജനല്‍ കണ്ടു. അവള്‍ പതിയെ ആ ജനല്‍ തുറന്നതും, വെളിച്ചം ഇരച്ചു കയറി. അപ്പോഴാണ് ദേവേശി അതു കണ്ടത്.
തട്ടിന്‍പുറത്തിന്റെ അങ്ങേയറ്റത്ത് ഒരു ജീവി ഇരിപ്പുണ്ട്! തന്നെ തുറിച്ചുനോക്കിക്കൊണ്ടാണ് അതിന്റെയിരിപ്പ്. പട്ടിയുടേതു പോലെ ദേഹം മുഴുവനും രോമമുണ്ട്. കണ്ടാല്‍ ഒരു വലിയ പൂച്ചയാണെന്നു തോന്നും. നീണ്ടുകൂര്‍ത്തവാല്‍. തിളക്കമുള്ള വലിയ കണ്ണുകള്‍. ദേഹത്തിന്റെ രണ്ടു വശങ്ങളിലുമായി രണ്ടു വലിയ ചിറകുകള്‍! ഇതെന്തു ജീവിയാണ്! ദേവു നോക്കിനില്‍ക്കുമ്പോള്‍ അത് ചിറകുകള്‍ വിടര്‍ത്തി.
എന്റമ്മോ, എന്തു വലിപ്പമുള്ള ചിറക്!
അവള്‍ക്കു പേടി തോന്നി. അതിന്റെ തിളങ്ങുന്ന കണ്ണുകളില്‍ പച്ചയും നീലയും നിറങ്ങള്‍. പെട്ടെന്നാ ജീവി വായ് തുറന്നു. നീണ്ട്, അറ്റം കൂര്‍ത്ത നാവ് പുറത്തേയ്ക്കു നീട്ടി.
ഇതെന്നെ ഉപദ്രവിക്കുമോ? ദേവൂന് പേടികൊണ്ട് ദേഹം വിറയ്ക്കുന്നതു പോലെ തോന്നി. എന്തു ചെയ്യണമെന്നറിയാതെ അവള്‍ അനങ്ങാതെ നിന്നു.
ആ നിമിഷം വേറൊരു കുഴപ്പമുണ്ടായി.
താഴെ നിന്ന് മമ്മ വിളിക്കുകയാണ് അവളെ!
”ദേവൂ… ദേവേശീ… ദേവിക്കുട്ടാ… എവ്‌ടെയാ നിയ്യ്?”
മമ്മ വഴക്കു പറയുമെന്നുറപ്പാണ്. പൂട്ടിയിട്ട സ്റ്റോര്‍ മുറിയും തട്ടിന്‍പുറവും ഒക്കെ തുറന്നകത്തു കയറിയതിന് വഴക്കു പറയാതിരിക്കില്ല. ഇവിടെ നിന്നുകൊണ്ട് വിളി കേള്‍ക്കാനും പറ്റില്ല. ശബ്ദമുണ്ടാക്കിയാല്‍ ഈ ജീവിക്കു ദേഷ്യം വന്ന് അത് തന്നെ ആക്രമിച്ചാലോ?
”ദേവേശീ… മമ്മേടെ തങ്കം എവിട്യാ?”
ആ വിളി കേട്ടിട്ടാവാം, ജീവി അതിന്റെ ചിറകുകള്‍ ചുരുക്കി നിന്ന നില്‍പ്പില്‍ ജീവിയൊരു ചുണ്ടെലിയോളം ചെറുതായി, തൊട്ടടുത്തു നിന്ന് മനുഷ്യരുടേതുപോലെയുള്ള ഒരു ശബ്ദമുയര്‍ന്നു അപ്പോള്‍.
”വെനിര്‍!”
ആരാണതു പറഞ്ഞതെന്ന് കണ്ടെത്താന്‍ ദേവു ചുറ്റുപാടും നോക്കി. മരംകൊണ്ടുള്ള കറുത്തമേശപ്പുറത്ത് ഒരു വലിയ തൊപ്പി ഇരിപ്പുണ്ട്. ആ തൊപ്പിയില്‍ നിന്നാണ് ശബ്ദം പുറത്തു വന്നതെന്ന് അവള്‍ക്കു മനസ്സിലായി, രണ്ടാമത് കേട്ടതോടെ
”വെനിര്‍!”
ദേവേശി നോക്കി നില്‍ക്കേ ആ വിചിത്രജീവി തൊപ്പിയ്ക്കടുത്തേയ്ക്ക് ഒരൊറ്റച്ചാട്ടം. അത് തൊപ്പിയെ നോക്കി നില്‍പ്പാണ്. വീണ്ടും തൊപ്പിയില്‍ നിന്നു ശബ്ദമുയര്‍ന്നു ”വെനിര്‍!”
അടുത്ത ചാട്ടത്തിന് ആ ജീവി തൊപ്പിയ്ക്കുള്ളില്‍ കയറി മറഞ്ഞു. എന്തൊരത്ഭുതം, തൊപ്പിയുടെ വലിപ്പം അവള്‍ കണ്ടു നില്‍ക്കെ ചുരുങ്ങിക്കൊണ്ടിരുന്നു. ഇപ്പോഴതൊരു സാധാരണ തൊപ്പിയാണ്.
(തുടരും)






















