- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- ശബ്ദങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 20)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
തവിട്ടുകുഞ്ഞന്റെ മുറിവെല്ലാമുണങ്ങി. അവന്‍ പഴയത് പോലെ മരക്കൊമ്പില്‍ നിന്ന് മറ്റൊരു മരക്കൊമ്പിലേയ്ക്ക് ചാടാനും വാലില്‍ തൂങ്ങിയാടാനുമൊക്കെത്തുടങ്ങി. തല്‍ക്കാലത്തേയ്ക്ക് മലയിടിക്കല്‍ നിര്‍ത്തിവെച്ചിരിക്കുന്നത് കൊണ്ട്, ടിപ്പറുകളുടേയും ലോറികളുടേയും പരക്കം പാച്ചിലും കുറഞ്ഞു.
ചെമ്പൂവട്ടത്ത് ജീവിതം വീണ്ടും ശാന്തമായി. ദേവേശിയുടെ അച്ഛനെ അദ്ഭുതപ്പെടുത്തിയ കാര്യം, നാട്ടിലേയ്ക്കു പോകാന്‍ നേരത്തും, കാട്ടിലെത്തിക്കഴിഞ്ഞിട്ടുമൊക്കെ ”എന്നെ വേഗം അങ്ങോട്ടു കൊണ്ടുപോ അച്ഛാ” എന്നു വിളിച്ചു പറഞ്ഞു കിണുങ്ങിയിരുന്ന അവളിപ്പോള്‍ തനിക്ക് മമ്മ വീട്ടില്‍ത്തന്നെ താമസിച്ചാല്‍ മതിയെന്നു പറയുന്നതാണ്.
ഈ പെണ്ണിനിതെന്തുപറ്റിയെന്ന് അച്ഛന്‍ പലവട്ടമാലോചിച്ചു. ഏതായാലും രണ്ടു മാസത്തെ വെക്കേഷന്‍ മുഴുവനും മമ്മേടെയടുത്തു തന്നെ താമസിക്കണമെന്ന് ദേവേശി ആഗ്രഹിക്കുന്നത് നല്ല കാര്യമായിട്ടാണ് അച്ഛനു തോന്നിയത്. തനിക്ക് ജോലിയില്‍ കുറച്ചുകൂടി ശ്രദ്ധിക്കാന്‍ പറ്റുമല്ലോ!
ആരവിനും കൂട്ടര്‍ക്കുമൊക്കെ അവരുടെ സ്‌കൂളില്‍ നടക്കുന്ന ഒരാഴ്ചത്തെ വെക്കേഷന്‍ ക്യാമ്പില്‍ പങ്കെടുക്കണം. അതുകൊണ്ടവരാരും ഇനിയൊരാഴ്ചക്കാലം കളിക്കാന്‍ വരില്ല. പക്ഷേ ദേവേശിക്കതിലൊരു വിഷമവും തോന്നിയില്ല. അവരില്ലെങ്കിലെന്താ, അവള്‍ക്കു കളിക്കാന്‍ കുരങ്ങന്മാരും ഗണേശനെന്ന കൊമ്പനാനയും പലതരം പക്ഷികളുമെല്ലാമുണ്ടല്ലോ! അതുകൊണ്ട് ദേവേശി വളരെ സന്തോഷത്തോടെ തന്നെ ഗണേശന് വാഴപ്പഴം കൊടുത്തും തവിട്ടുകുഞ്ഞന്റെ കളികള്‍ നോക്കി നിന്നും മമ്മ പറയുന്ന കഥകള്‍ കേട്ടുമൊക്കെ സന്തോഷത്തോടെ തന്നെ ഓരോ ദിവസവും ചെലവഴിച്ചു.
ഒരു ദിവസം ഉച്ചക്ക് മമ്മ പാഞ്ചാലിപ്പശുവിനെയും രോഹിണിപ്പശുവിനെയും അഴിച്ചുകെട്ടാന്‍ പോയ സമയം ദേവു നട്ടുമുറ്റത്തു നില്‍ക്കുന്ന കുടമുല്ലച്ചെടിയുടെ ഇലകള്‍ക്കിടയില്‍ പറന്നു കളിക്കുന്ന ചിത്രശലഭങ്ങളെ നോക്കിയിരിക്കുകയാണ്. അപ്പോഴാണ് മുകളില്‍ ആരോ സംസാരിക്കുന്ന ശബ്ദം കേട്ടത്. മമ്മ പുറത്താണല്ലോ, പിന്നെയാര്? ദേവു കോണിപ്പടി ഓടിക്കയറി മുകളിലത്തെ നിലയിലെത്തി. അവിടെയെങ്ങും ആരുമില്ല. പക്ഷേ ഇപ്പോഴും മുകളില്‍ നിന്ന് പതുക്കെയുള്ള വര്‍ത്തമാനം കേള്‍ക്കാം. ആരായിരിക്കുമത്? വല്ല കള്ളന്മാരുമായിരിക്കുമോ? പകല്‍ നട്ടുച്ചയ്ക്ക് എങ്ങനെയാണ് കള്ളന്മാര്‍ക്ക് വീടിനുള്ളില്‍ കയറാന്‍ കഴിയുന്നത്? അതോ ഇന്നലെ രാത്രിയില്‍ കയറിയതായിരിക്കുമോ? അങ്ങനെയാണെങ്കില്‍, കതകുകള്‍ ഏതെങ്കിലും കുത്തിപ്പൊളിക്കാതെ എങ്ങനെ അകത്തുകയറാന്‍ സാധിക്കും.
ദേവു കാതോര്‍ത്തു നിന്നു. സംഭാഷണം കേള്‍ക്കാമെങ്കിലും ഏതു ഭാഷയിലാണെന്നോ എന്താണു പറയുന്നതെന്നോ ഒന്നും മനസ്സിലാകുന്നില്ല. മുകള്‍ നിലയില്‍ നിന്ന് മൂന്നാം നിലയിലേയ്ക്ക് കയറാന്‍ രണ്ടു ഗോവണികളുണ്ട്. ഒന്ന് രണ്ടാം നിലയിലെ ഹാളില്‍ നിന്ന് മൂന്നാം നിലയിലെ ടെറസ്സിലേയ്ക്കുള്ളത്. ടെറസ്സില്‍ കുറച്ചുഭാഗം തുണികള്‍ വിരിച്ചിടാനും ചെറുമീറ്റിംഗുകള്‍ നടത്താനും മറ്റുമായി മേല്‍ക്കൂരയിട്ടിട്ടുള്ളതാണ്. ടെറസ്സിന്റെ മറുഭാഗത്ത് ചില ചെടികള്‍ നട്ടുവളര്‍ത്തിയിട്ടുണ്ട്.
രണ്ടാം നിലയിലെ ഒരു ചെറിയ സറ്റോര്‍ മുറിയില്‍ നിന്നാണ് ടെറസ്സിലേയ്ക്കുള്ള രണ്ടാമത്തെ ഗോവണി. അതൊരു ചെറിയ കോവണിയാണ്. അതുകയറിയാലെത്തുന്നത് ടെറസ്സിന്റെ ഒരു മൂലയിലുള്ള അടച്ചുകെട്ടിയ തട്ടിന്‍പുറത്താണ്. ടെറസ്സില്‍ പലവട്ടം കയറിയിട്ടുണ്ടെങ്കിലും തട്ടിന്‍പുറത്ത് ഇതുവരെ ദേവു കയറിയിട്ടില്ല. പക്ഷേ, ഇപ്പോള്‍ ശബ്ദം കേള്‍ക്കുന്നത്, തട്ടിന്‍പുറത്തു നിന്നാണെന്ന് അവള്‍ക്കു തോന്നി. തട്ടിന്‍ പുറത്തു കയറിനോക്കിയാലോ?
(തുടരും)






















