- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- എല്ലാം മാജിക് (ഹാറ്റാചുപ്പായുടെ മായാലോകം 19)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
‘കേറിനെടാ വണ്ടീല്!’ എന്നു തന്റെ കൂടെയുള്ള രണ്ടു മൂന്നു പേരോടാജ്ഞാപിച്ചു കൊണ്ട് കൊമ്പന്‍ മീശക്കാരന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുപോയി കാറില്‍ കയറി. അയാളുടെ കാര്‍ അടുത്ത നിമിഷം ചീറിപ്പാഞ്ഞുപോയി.
മമ്മയോടൊപ്പമുള്ളവരെല്ലാം കൈയ്യടിച്ചു. അമ്പും വില്ലുമായി വന്നവര്‍ സന്തോഷത്താല്‍ മലദൈവങ്ങള്‍ക്കു നന്ദി പറയുന്ന പാട്ടുപാടി നൃത്തം ചെയ്തു. മമ്മ എല്ലാവരോടുമായി പറഞ്ഞു. ”നമുക്കു തല്‍ക്കാലം സന്തോഷിക്കാം. പക്ഷേ മൂന്നുമാസത്തേയ്ക്കാണ് ഈ മലപൊട്ടിക്കുന്നത് തടഞ്ഞു കൊണ്ടുള്ള കോടതിയുത്തരവ്. അവര്‍ വീണ്ടും അതിനനുവാദത്തിനായി ശ്രമിക്കും. നമ്മളെപ്പോഴും ശ്രദ്ധിക്കണം.”
”മമ്മാ ആരാണീ അമ്പും വില്ലുമുള്ളവര്‍?” ദേവേശി മമ്മയുടെ കാതില്‍ സ്വകാര്യമായാണു ചോദിച്ചത്.
”ഓ, അതോ, ഞാന്‍ നിന്നോടു പറഞ്ഞിരുന്നില്ലേ കുട്ടാ, ഇവരാണ് ആദിയന്മാര്.” മമ്മ പുഞ്ചിരിച്ചു. ”വാ നമുക്കിവരുടെ ചാപ്പ – അവരുടെ വീടിന്റെ പേരതാണ്. കണ്ടിട്ടുപോകാം. നീ ആദ്യമായിട്ടല്ലേ ഇവിടെ വരുന്നത്?”
മറ്റു കുട്ടികളും അവരുടെ വീടുകാരും നാട്ടുകാരുമൊക്കെ ചെമ്പൂവട്ടത്തേയ്ക്ക് മടങ്ങിപ്പോയി. ദേവേശിയും മമ്മയും മാത്രം ചാപ്പ കാണാനാണ് പോയത്.
ചാണകവും മണ്ണും കുഴച്ചെടുത്തുണ്ടാക്കിയ ബലമുള്ള ഭിത്തി. തോടപ്പുല്ലും പനയോലയും മേഞ്ഞ മേല്‍ക്കൂര. ചാണകവും കരിയും മഞ്ഞള്‍നീരും തുളസിയിലയും വെറ്റിലയുമൊക്കെച്ചേര്‍ത്തു മെഴുകിയ തറയാണ് വീടിനകത്ത്. എന്തൊരു തണുപ്പും സുഗന്ധവുമാണാ തറയ്ക്ക്! നിലത്തു വിരിച്ച പുല്‍പ്പായയില്‍ മമ്മയും ദേവേശിയുമിരുന്നു. കാട്ടിലെ ഔഷധഗുണമുള്ള ചെറുതേനും ഇളം കരിക്കും ചുട്ടകിഴങ്ങുകളുമവര്‍ തളിരിലയില്‍ വിളമ്പി. എന്തു രുചിയാണിതിന്! ദേവേശിക്ക് ശരിക്കും അദ്ഭുതം തോന്നി. ദല്‍ഹിയിലെ മുന്തിയ റെസ്റ്റോറന്റുകളില്‍ മാത്രമേ സ്വാദുള്ള ഭക്ഷണം കിട്ടുകയുള്ളൂവെന്നായിരുന്നു അവള്‍ വിചാരിച്ചിരുന്നത്. ഇപ്പോഴിതാ, കറന്റില്ലാത്ത, ഫോണും ഇന്റര്‍നെറ്റും ടിവിയുമൊന്നുമില്ലാത്ത, ഗെയിം കളിക്കാന്‍ പറ്റാത്ത ഈ കാട്ടില്‍ കിട്ടുന്ന ഭക്ഷണത്തിന് ഇതുവരെ താനറിഞ്ഞിട്ടില്ലാത്ത അത്രയും രുചി! മമ്മയ്ക്കും ദേവൂനും കൈനിറയെ സമ്മാനങ്ങളുമായാണ് ആദിയന്മാര്‍ അവരെ യാത്രയാക്കിയത്. പൂക്കളും പഴങ്ങളുമാണ് സമ്മാനങ്ങള്‍!
”മമ്മാ ഒരു കാര്യം ചോയ്ച്ചാല്‍ സത്യം പറയ്വോ?” രാത്രി മമ്മയുടെ നെഞ്ചില്‍ കെട്ടിപ്പിടിച്ചു കിടക്കുമ്പോഴാണ് ദേവേശി ചോദിച്ചത്. ”ഞാനെന്റെ തങ്കക്കുട്ടിയോട് സത്യമല്ലേ എപ്പോഴും പറയൂ? ന്താ ന്റെ ദേവേശിക്കൊരു സംശയം?” മമ്മ പൊട്ടിച്ചിരിച്ചു. ”അതല്ല മമ്മ, ന്റെ കൂടെ കളിക്കാന്‍ വരുന്ന കുട്ടികള് പറഞ്ഞല്ലോ ഇവിടെ എന്തൊക്ക്യോ അത്ഭുതങ്ങളുണ്ടെന്ന്. ശരിയാണോ മമ്മാ?” മമ്മ അവളുടെ കവിളില്‍ പതിയെയൊരുമ്മ കൊടുത്തു ”ദേവൂട്ടീ, നമ്മടെ ഈ വീട്ടിലൊള്ള അദ്ഭുതമെന്താന്നറിയ്യോ? നമ്മക്കാരോടും ദേഷ്യോം വെറുപ്പും ഒന്നൂല്ല… നമ്മക്കെല്ലാരോടും സ്‌നേഹം മാത്രേള്ളൂ…” മമ്മ കുടുകുടു ചിരിച്ചെങ്കിലും ദേവൂന് ഒട്ടും ചിരി വന്നില്ല. അവള്‍ കിണുങ്ങി. ”അതല്ല മമ്മാ… ശരിക്കും മാജിക് എന്തേലുമൊണ്ടോ ഇവ്‌ടെ?” മമ്മ കുറച്ചു നേരം ഒന്നും പറയാതിരുന്നു. പിന്നെ ദേവൂന്റെ തലയില്‍ മെല്ലെ തഴുകിക്കൊണ്ട് പറഞ്ഞു ”ദേവുക്കുട്ടാ, കാണാനാഗ്രഹിക്കുന്നവരല്ലേ മാജിക് കാണൂ? ചെലോര്‍ക്ക് കണ്ടാലും മനസ്സിലാവൂല്ല; ചെലോര് കണ്ടില്ലെങ്കിലും മാജിക്‌ണ്ടെന്നു വിശ്വസിക്കും… ഒന്നോര്‍ത്താല്‍, എല്ലാമൊരു മാജിക് തന്ന്യെല്ലേ?” ദേവൂന് മമ്മ പറഞ്ഞതിന്റെയര്‍ത്ഥം മനസ്സിലായത് പിന്നെയുമെത്ര നാള്‍ കഴിഞ്ഞിട്ടാണ്.
(തുടരും)






















