- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- അമ്പും വില്ലും (ഹാറ്റാചുപ്പായുടെ മായാലോകം 18)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
മമ്മയും സംഘവും പാണ്ഡവന്‍കാട്ടിലേക്കു പുറപ്പെട്ടു. മറ്റൊരു ജീപ്പില്‍ കുട്ടികള്‍ക്കൊപ്പം ചന്ദ്രപ്പൂപ്പനും ഡ്രൈവര്‍ കുഞ്ഞാമനും. കുഞ്ഞാമേട്ടായെന്നോ കുഞ്ഞാമങ്കിളെന്നോ വിളിക്കുന്നതിഷ്ടമല്ല അയാള്‍ക്ക്; ഏതു കൊച്ചുകുട്ടിയും തന്നെ പേരു മാത്രമേ വിളിക്കാവൂ എന്നാണയാളുടെ നിര്‍ബന്ധം. വഴിനീളെ ചന്ദ്രപ്പൂപ്പന്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. ആദ്യം എയര്‍പോര്‍ട്ടില്‍ തന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വന്നപ്പോള്‍ ദേവേശിക്ക് ചന്ദ്രപ്പൂപ്പനെ തീരെ ഇഷ്ടപ്പെട്ടില്ല; എന്നുമാത്രമല്ല പേടിയുമായിരുന്നു. പക്ഷേ ഇപ്പോഴവള്‍ ചന്ദ്രപ്പൂപ്പനുമായി നല്ല കൂട്ടായിരിക്കുന്നു. ഒരു പാവം വയസ്സനെന്നേ കണ്ടാല്‍ തോന്നുകയുള്ളൂ. പക്ഷേ ആള്‍ കരാട്ടെയും കുങ്ഫുമൊക്കെയറിയാവുന്ന ഒരു വീരനാണ്!
പാണ്ഡവന്‍ മലയുടെ താഴ്‌വാരത്തില്‍ നൂറുകണക്കിന് എക്‌സ്‌കവേറ്ററുകളും ടിപ്പറുകളും ലോറികളുമൊക്കെ കിടക്കുന്നത് അവള്‍ ദൂരെ നിന്നേ കണ്ടു. ധാരാളമാളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നുമുണ്ട്, പലയിടത്തായി.
ആകാശം മുട്ടെയുയര്‍ന്നു നില്‍ക്കുകയാണ് പാണ്ഡവന്‍ മല. എന്തൊരു ഭംഗിയാണാ നില്‍പ്പുകാണാന്‍! അതിന്റെ മുകളില്‍ നിന്നൊലിച്ചിറങ്ങുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും താഴ്‌വാരത്തിലെത്തുമ്പോള്‍ നദികളായിത്തീരുന്നു.
മമ്മയും സംഘവും കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ക്കിടയിലൂടെ മുന്നോട്ടു നടന്നു ചെന്നു. പാറപൊട്ടിക്കാനും മല തുരക്കാനും തയ്യാറെടുക്കുന്ന കൂട്ടരെ നോക്കി മമ്മ ആജ്ഞാപിച്ചു.
”മല പൊട്ടിക്കുന്ന പരിപാടി നടക്കില്ല. നിങ്ങള്‍ തിരിച്ചുപോകുന്നതാണ് എല്ലാര്‍ക്കും നല്ലത്!”
അതുകേട്ട കൊമ്പന്‍മീശക്കാരനായ പൊക്കമുള്ള ഒരാള്‍ അട്ടഹസിക്കുന്നതുപോലെ ഉറക്കെച്ചിരിച്ചു.
”നല്ല തമാശ! തള്ളയ്ക്ക് തിണ്ണേല്‍ കുത്തിയിരുന്ന് വല്ല നാമോം ജപിച്ചൂടേ?”
മമ്മയ്ക്ക് ഒട്ടും ദേഷ്യം വന്നില്ല, അയാളുടെ പറച്ചില്‍ കേട്ടിട്ട്. ”നാമം ജപിക്കുന്നുണ്ട് എപ്പോഴും. അതുകൊണ്ടാ നിങ്ങളോട് പറഞ്ഞത് ഈ മല പൊട്ടിച്ചു നിരത്തരുതെന്ന്. എന്തുമാത്രം ജീവികളുണ്ടീ മലയിലും കാട്ടിലും! എത്രയെത്ര മനുഷ്യരാണിതിനെ ആശ്രയിച്ചു ജീവിക്കുന്നത്.”
പക്ഷേ കൊമ്പന്‍മീശക്കാരനു ദേഷ്യം വന്നു.
”തള്ളേ, എന്നെ പഠിപ്പിക്കാന്‍ വരണ്ട. എനിക്കു ലൈസന്‍സൊണ്ട് പാറപൊട്ടിക്കാന്‍. ഞാനീ മലേലെ പാറമുഴ്വോനും പൊട്ടിച്ചു വില്‍ക്കും. അതൊറപ്പാ… ഹിഹി”
മമ്മ ശാന്തമായി പറഞ്ഞു. ”മോനേ, നടക്കില്ല നിന്റെ മോഹം. ഞങ്ങളതിനു സമ്മതിക്കില്ല. ഈ കാടും മലയുമൊക്കെ, ദേ ഈ നില്‍ക്കുന്ന കുഞ്ഞുങ്ങള്‍ക്കു കൈമാറാനൊള്ളതാ. അതൊന്നും നശിപ്പിക്കാന്‍ ഞങ്ങളനുവദിക്കുകേല.”
ഇപ്രാവശ്യം മീശക്കൊമ്പന് ശരിക്കും ദേഷ്യം വന്നു. പക്ഷേ അയാളൊന്നും പറഞ്ഞില്ല. ചുവന്ന കണ്ണുകള്‍ കൊണ്ടയാള്‍ മമ്മയെ തുറിച്ചു നോക്കി. എന്നിട്ട് പിന്നോട്ടൊരാഞ്ഞു തള്ള്. മമ്മ പിന്നാക്കം മറിഞ്ഞു വീഴാനാഞ്ഞു. ‘അയ്യോ’ന്നു ദേവേശി ഉറക്കെ കരഞ്ഞു. പക്ഷേ അടുത്ത നിമിഷം മറ്റൊന്നു സംഭവിച്ചു.
അമ്പും വില്ലും ധരിച്ച കുറേ മനുഷ്യര്‍ മുന്നോട്ടെത്തി. അവര്‍ കൊമ്പന്‍മീശക്കാരനു നേരേ അമ്പെയ്യാന്‍ തയ്യാറായി നിന്നു. അയാളൊന്നു പരിഭ്രമിച്ചു. അതിനിടയില്‍ ആരൊക്കെയോ മമ്മയെ പിടിച്ചെഴുന്നേല്‍പ്പിച്ചു. ഒന്നും സംഭവിക്കാത്തതുപോലെ മമ്മ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നൊരു കവറെടുത്ത് അയാള്‍ക്കു നേരെ നീട്ടി. അയാളതു തുറന്നു നോക്കി. എന്നിട്ട് ദേഷ്യത്തോടെ അത് നിലത്തേക്കെറിയുന്നതിനിടയില്‍ പിറുപിറുത്തു ”നാശം!”.
(തുടരും)






















