- ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
- ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
- രുചിയുള്ള വീട് (ഹാറ്റാചുപ്പായുടെ മായാലോകം 3)
- കാടിന്റെ രക്ഷകര്‍ (ഹാറ്റാചുപ്പായുടെ മായാലോകം 17)
- എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
- മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
- പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)
അതിവേഗത്തിലാണ് മമ്മ ജീപ്പോടിച്ചത്. എങ്ങനെയും കുട്ടിക്കുരങ്ങനെ രക്ഷിക്കണം. തവിട്ടുകുഞ്ഞനെന്നു പേരുള്ള ഈ കുട്ടിക്കുരങ്ങന്‍ വളരെ ശാന്തനാണ്. കളിയായിപ്പോലും അവനാരെയും ഉപദ്രവിക്കാറില്ല. മിക്കവാറും മരക്കൊമ്പത്തെവിടെയെങ്കിലും ആകാശം നോക്കിയിരിക്കും. അല്ലെങ്കില്‍ നാടുചുറ്റി വരുന്ന കിളികളോട്, അന്യദേശങ്ങളിലെ കാഴ്ചകളെക്കുറിച്ചു ചോദിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കും. ‘എനിക്കും പോണം ദൂരസ്ഥലങ്ങളിലൊക്കെ’ എന്നിടയ്ക്കിടക്ക് പറയും. ദേവേശി ദല്‍ഹിയില്‍ നിന്നാണു വരുന്നതെന്നറിഞ്ഞപ്പോള്‍ മുതല്‍ ദല്‍ഹിയെക്കുറിച്ചായി അവന്റെ സംശയങ്ങള്‍. മൃഗങ്ങളുടെ ഭാഷയറിയാവുന്ന മമ്മ അവനതൊക്കെ പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ, ആ തവിട്ടുകുഞ്ഞനാണ് ചോര വാര്‍ന്ന് അനങ്ങാതെ കിടക്കുന്നത്. മമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. ഇവനെ രക്ഷിച്ചേ പറ്റൂ. മമ്മ ആക്‌സിലേറ്ററില്‍ ആഞ്ഞു ചവിട്ടി.
ചെമ്പൂവട്ടം മൃഗാശുപത്രിയിലെ ഡോക്ടര്‍ ഹരിഗോവിന്ദനൊരു വലിയ മൃഗസ്‌നേഹിയായിരുന്നു. മനുഷ്യരുടേതെന്ന പോലെ ഓരോ ജീവിയുടേയും ജീവന്‍ വിലപ്പെട്ടതാണെന്നും, എത്ര പ്രയാസപ്പെട്ടിട്ടാണെങ്കിലും ശരി, അതു സംരക്ഷിക്കണമെന്നും നിശ്ചയിച്ചുറപ്പിച്ച ഡോക്ടറാണദ്ദേഹം.
തവിട്ടുകുഞ്ഞന്റെ ദേഹത്തു തുളഞ്ഞു കയറിയ വെടിയുണ്ട ഓപ്പറേഷന്‍ ചെയ്‌തെടുത്തു കളയുമ്പോള്‍, അവനെ രക്ഷിക്കാന്‍ പറ്റുമെന്ന കാര്യത്തില്‍ ഡോക്ടര്‍ക്കുറപ്പുണ്ടായിരുന്നില്ല. കാരണം, അത്രമാത്രം ചോര നഷ്ടപ്പെട്ട്, തീരെ അവശനായിരുന്നു അവന്‍. പക്ഷേ ഓപ്പറേഷന്‍ തിയേറ്ററിനു പുറത്ത്, ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മമ്മയ്ക്കറിയാമായിരുന്നു തവിട്ടുകുഞ്ഞന്‍ രക്ഷപ്പെടുമെന്ന്. തുന്നിക്കെട്ടിയ മുറിവുകളുമായി പാതിമയങ്ങിക്കിടക്കുന്ന തവിട്ടുകുഞ്ഞനേയും കൊണ്ട് വീട്ടിലേയ്ക്കു മടങ്ങുമ്പോഴും മമ്മ പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു.
മമ്മ കുട്ടിക്കുരങ്ങനേയും കൊണ്ട് ആശുപത്രിയിലേക്കു പോയതിനുശേഷം, കുട്ടികളാരും കളിക്കുന്നതിനെപ്പറ്റി ചിന്തിച്ചതേയില്ല. വീടിന്റെ നീളന്‍ വരാന്തയിലവര്‍ വട്ടം കൂടിയിരുന്നു. എന്തിനായിരിക്കും ആ ടിപ്പര്‍ ഡ്രൈവര്‍ കുരങ്ങന്മാരെ വെടിവെച്ചത്? അവര്‍ക്ക് യാതൊരു ദ്രോഹവും ചെയ്തിട്ടില്ലല്ലോ മമ്മയുടെ പറമ്പിലെ വാനരന്മാര്‍.
‘ചെലര് ദുഷ്ടന്മാരാ. അവര് വെറ്‌തെ കൊല്ലും, ഫര്‍ഹാന്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ദേവേശിയുടെ മനസ്സില്‍ സങ്കടം നിറഞ്ഞു. എന്തിനാണാളുകള്‍ ദുഷ്ടന്മാരാകുന്നത്? എല്ലാവര്‍ക്കും നല്ലവരായിക്കൂടേ? അവള്‍ ആലോചിച്ചു.
തവിട്ടുകുഞ്ഞന്‍ പതുക്കപ്പതുക്കെ സുഖപ്പെട്ടു. മമ്മ അവനെ മരക്കൊമ്പത്തു കളിക്കാന്‍ വിടാതെ വലിയൊരു കൂട്ടിലിട്ടിരിക്കുകയാണ്. ചില നേരത്തവന്റെയമ്മ വന്നു തലോടിക്കൊണ്ടിരിക്കും. ചിലപ്പോള്‍ മറ്റു കുരങ്ങന്മാര്‍ അവന് ചാമ്പങ്ങായും അമ്പഴങ്ങായുമൊക്കെ കൊണ്ടുവന്നു കൊടുക്കും.
പക്ഷേ പ്രശ്‌നം അതൊന്നുമായിരുന്നില്ല. മലയിടിച്ചു നിരത്താനും കാടുവെട്ടിത്തെളിച്ചു ഫ്‌ളാറ്റുകള്‍ പണിതുയര്‍ത്താനും ഇറങ്ങിയ മനുഷ്യരും അവര്‍ക്കുവേണ്ടി സഹായത്തിനെത്തിയ ടിപ്പറുകളും എക്‌സവേറ്ററുകളും അവയുടെ ഡ്രൈവര്‍മാരും പണിക്കാരുമൊക്കയായിരുന്നു. അവര്‍ക്കെതിരെ പോരാടാന്‍ മമ്മ തീരുമാനിച്ചു; ചെമ്പൂവട്ടത്തെ നാട്ടുകാരെയെല്ലാം വിളിച്ചുകൂടി അവരോട് മമ്മ കാര്യങ്ങള്‍ വിശദീകരിച്ചു.
ചിലര്‍ മമ്മയ്‌ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായി. വേറെ ചിലര്‍ ഇതിലൊന്നും താല്പര്യമില്ലെന്നു പറഞ്ഞു.
ആരവും ദല്‍ബീറും ഫര്‍ഹാനും ദര്‍പ്പണയും ജാന്‍വിയും ഇവാനായും അവരുടെ വീട്ടുകാരും മമ്മയുടെയൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചു. പാണ്ഡവന്‍ മലയേയും കാടിനേയും രക്ഷിക്കാന്‍ വേണ്ടി എന്തു ചെയ്യാനുമവര്‍ തയ്യാറായിരുന്നു.






















