അയോദ്ധ്യയിലെ ആചാര്യനായ വസിഷ്ഠന് താമസിക്കാന്‍ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ ആശ്രമ സമാനമായ മന്ദിരമാണ് ദശരഥന് പണികഴിപ്പിച്ചത്. എങ്കിലും ജ്ഞാനാന്വേഷണത്തിന്റെ പരിധി വിപുലമാക്കാനും ശിഷ്യന്മാര്ക്ക് വിജ്ഞാനം നല്‍കാനും ഏകാഗ്രമായ കാനനമാണ് ഉത്തമം എന്നതിനാല്‍, കൂടുതല്‍ ദിവസവും ശിഷ്യന്മാരോടൊപ്പം രാജ്യത്തോടു ചേര്‍ന്നുള്ള കാനനാശ്രമത്തിലാണ് വസിഷ്ഠന് കഴിഞ്ഞത്. കൊട്ടാരക്കെട്ടിലെ ആചാര്യമന്ദിരത്തേക്കാള് വസിഷ്ഠന് ഇഷ്ടപ്പെട്ടത് കാനനാശ്രമമാണ്.
ആചാര്യമന്ദിരത്തില്‍ ഗുരുവിനെത്തേടി രാമന് എത്തുമ്പോള്‍ ആചാര്യന് കാനനാശ്രമത്തിലാണ് എന്നറിഞ്ഞാല്‍ തന്റെ സംശയങ്ങളുമായി രാമന് അപ്പോള്‍ത്തന്നെ കാനനാശ്രമത്തില്‍ എത്തും.
നല്ല ഭരണകര്‍ത്താക്കളെ സൃഷ്ടിക്കാനുള്ള ചുമതല ആചാര്യന്മാര്ക്കാണെന്ന് അറിയാമെങ്കിലും അത് പ്രയോഗത്തില്‍ വരുത്താന്‍ കുറച്ചുനാളായി വസിഷ്ഠന് കഴിയുന്നില്ല. തന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ ദശരഥന് കാട്ടുന്ന വിമുഖത, അയോദ്ധ്യയെ ദുര്ബ്ബലമാക്കുന്നുണ്ട്. അയോദ്ധ്യ ദുര്ബ്ബലമാകുന്നത് ആചാര്യന്റെ യശസ്സിനും കളങ്കം ചാര്‍ത്തുന്നതിനാല്‍ വസിഷ്ഠന് അസ്വസ്ഥനായിരുന്നു. തന്റെ ഉപദേശം സ്വീകരിക്കാന്‍ എന്തുകൊണ്ടാണ് ദശരഥന് മടിക്കുന്നതെന്ന് വസിഷ്ഠന് മനസ്സിലായില്ല.
അയോദ്ധ്യയുടെ തളര്‍ച്ചയില്‍ വിശ്വാമിത്രനും അസ്വസ്ഥനാണെന്ന് അറിഞ്ഞപ്പോള്മുതലാണ് വിശ്വാമിത്രനോട് സൗഹൃദം സ്ഥാപിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് വസിഷ്ഠന് ചിന്തിച്ചത്. അയോദ്ധ്യയുടെ തളര്‍ച്ച ആര്യാവര്‍ത്തത്തെ ആകെ ബാധിക്കുമെന്ന് അവര്‍ക്കറിയാം.
ഒരുകാലത്ത് ആരാലും ആക്രമിക്കാന്‍ കഴിയാത്ത അയോദ്ധ്യയുടെ ഇന്നത്തെ അവസ്ഥയക്കുറിച്ച് ആലോചിച്ചപ്പോള്‍ വസിഷ്ഠന് നിരാശ തോന്നി.
കൗസല്യാപുത്രന്റെ ഖ്യാതി കൊട്ടാരക്കെട്ടുകളെയും ഭേദിച്ച് അയോദ്ധ്യയിലെ ജനങ്ങളിലേയ്ക്കു എത്തിയിരിക്കുന്നു എന്ന് ആദ്യം തിരിച്ചറിഞ്ഞത്, കൈകേയിയുടെ തോഴി മന്ഥരയാണ്. മന്ഥര, കൈകേയിക്ക് ചില മുന്നറിയിപ്പുകള്‍ നല്കിയ വിവരം വസിഷ്ഠനും അറിഞ്ഞു. രാജകൊട്ടാരത്തിലെ രാജ്ഞിമാരുടെ അന്തപ്പുരങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍പോലും മനസ്സിലാക്കി രാജ്യത്തെ നല്ലവഴിക്ക് നയിക്കേണ്ടത് രാജഗുരുവിന്റെ കര്‍ത്തവ്യമാണ്. കൈകേയി അയോദ്ധ്യയിലെ റാണിയായ സാഹചര്യം അവര്‍ പലപ്പോഴും മറന്നു പോകുന്നുണ്ടോ എന്ന് വസിഷ്ഠന് സംശയിച്ചു.
കൈകേയിയുടെ പിതാവ് യുദ്ധത്തില്‍ ദശരഥനോട് പരാജയപ്പെട്ടപ്പോള്‍ പിതാവിനെ കാരാഗൃഹത്തില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ വധിക്കുകയോ ചെയ്യുമെന്ന് കൈകേയി ഭയന്നു. സുന്ദരിയായ കൈകേയിയെ ദശരഥന് കാണാന്‍ ഇടയായത് കാര്യങ്ങള്‍ ആകെ മാറ്റിമറിച്ചു. കൈകേയിയുടെ സൗന്ദര്യത്തില്‍ ദശരഥന് മയങ്ങിയതു കേകയ രാജന് തുണയായി. കൈകേയിയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം ദശരഥന്റെ മനസ്സില്‍ ഉദിച്ചതുവഴി പിതാവിന്റെയും സഹോദരന്റേയും ജീവന് മാത്രമല്ല രാജ്യവും അവര്‍ക്ക് തിരികെ ലഭിച്ചു. രാജ്യം തിരികെ നല്കി സാമന്തരാജാവായി കേകയത്തെ അംഗീകരിക്കാന്‍ ദശരഥന് തയ്യാറായതു കൈകേയിയുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയിട്ടാണെന്ന് അയോദ്ധ്യയിലെ ജനങ്ങള്‍ക്കു മുഴുവന്‍ അറിയാം.
പരാജയപ്പെടുത്തിയ രാജ്യത്തിലെ സര്‍വ്വസ്വവും വിജയിയായ രാജാവിനുള്ളതാണ്. എന്നാല്‍ രാജാവിന്റെ ഒരു വെപ്പാട്ടിയായി മാത്രം മാറേണ്ടിയിരുന്ന കൈകേയി, രാജ്ഞിയായി മാറിയത് അവളുടെ പിതാവിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ടായിരുന്നു. കൈകേയിയെ രാജ്ഞിയായി അംഗീകരിക്കാന്‍ സന്നദ്ധനായതുവഴി ‘ദശരഥന് നീതിമാനായ രാജാവാണ്’ എന്ന് ഇരുരാജ്യങ്ങളിലും പ്രചരിപ്പിക്കാനുള്ള ശ്രമവും ഇരുവരും നടത്തി. കൈകേയിയുടെ അനുവാദം ചോദിക്കാതെയാണ് പിതാവ് അവളെ വൃദ്ധനായ ദശരഥന് നല്കാന് സമ്മതിച്ചത്. യുവാവായ ഒരു രാജകുമാരനെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കാന്‍ സ്വപ്നംകണ്ട കൈകേയി, പിതാവിന്റെ വാക്കുകളെ പൂര്‍ണ്ണ മനസ്സോടെയാവില്ല സ്വീകരിച്ചതെന്ന് വസിഷ്ഠനറിയാം. വാര്‍ദ്ധക്യത്തിലേയ്ക്കു നീങ്ങുന്ന ദശരഥനെ സ്വീകരിച്ചതുവഴി, പിതാവിന്റെയും സഹോദരന്റേയും ജീവനെ രക്ഷിക്കാനും തന്റെ രാജ്യത്തിന്റെ സ്വതന്ത്ര പദവി നിലനിര്‍ത്താനും അവള്‍ക്കു കഴിഞ്ഞു. ഇക്കാര്യം ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ മനസ്സിലാക്കിയത് ദശരഥന്റെ യശസ്സിന് കളങ്കം ചാര്‍ത്തി.
രണ്ടു ഭാര്യമാരിലും പുത്രന് ജനിക്കാത്തതുകൊണ്ടാണ് ദശരഥന് കൈകേയിയെ പട്ടമഹിഷിയായി സ്വീകരിക്കാന്‍ തയ്യാറായത്. ക്ഷത്രിയനീതി അതിനൊരു തടസ്സമായില്ല. അക്കാരണത്താല്‍ ആചാര്യന് അതില്‍ ഇടപെട്ടതുമില്ല. എങ്കിലും അത് ഭാവിയില്‍ ഉണ്ടാക്കാവുന്ന പ്രശ്നത്തെക്കുറിച്ച് ആചാര്യനെന്ന നിലയില്‍ വസിഷ്ഠന് ബോധവാനായിരുന്നു.
ദശരഥനുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് കൈകേയിയോടു പിതാവ് പറയുമ്പോഴും അത് പാലിക്കപ്പെടുമെന്ന വിശ്വാസം അവള്‍ക്കു ഉണ്ടായിരുന്നില്ല. എന്നാല്‍ കൊട്ടാരത്തിലെഅന്തപ്പുരത്തില് മറ്റു രാജ്ഞിമാരെക്കാള് കൂടുതല്‍ പരിഗണന നല്‍കിയപ്പോഴാണ് ദശരഥനില്‍ കൈകേയിക്ക് വിശ്വാസം ജനിച്ചത്. ആ അവസരം അവര്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നുണ്ടെന്ന് ആചാര്യന് നന്നായറിയാം.
ദശരഥന്റെ എല്ലാ ദൗര്‍ബ്ബല്യങ്ങളും കൈകേയി ഉപയോഗപ്പെടുത്തി. യുദ്ധത്തിനു പോകുമ്പോഴും കൈകേയി ഒപ്പം വേണം എന്ന അവസ്ഥയിലേയ്ക്കുവരെ ദശരഥനെ എത്തിക്കാന്‍ അവള്‍ക്ക് കഴിഞ്ഞു. പാരമ്പര്യത്തെ മുറുകെപ്പിടിക്കുന്ന ദശരഥന് ഒരിക്കല്‍ വാക്കു നല്കിയാല് അതില്‍നിന്ന് പിന്മാറില്ലെന്ന് കൈകേയി മനസ്സിലാക്കി. അതിനാല്‍ താന്‍ രാജമാതാവാകും എന്നു അവള് ഉറച്ചു വിശ്വസിച്ചു. കൈകേയിയില്‍ ആ ആഗ്രഹം അരക്കിട്ടുറപ്പിക്കാന്‍ തോഴി മന്ഥരയും നിരന്തരം പരിശ്രമിച്ചു.
സഹോദരനായ യുധാജിത്ത് കേകയത്തിലെ രാജാവായപ്പോള്‍ കോസലവുമായി കൂടുതല്‍ സൗഹൃദം സ്ഥാപിച്ചുകൊണ്ട് കോസലത്തിലെ ഭരണത്തില്‍ ഇടപെടാന്‍ കൈകേയി ശ്രമിച്ചപ്പോള്‍ ആചാര്യന് അതില്‍ ഇടപെട്ടിട്ടുണ്ട്. ആ ഘട്ടത്തില്‍ അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് ദശരഥനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയും അതിനോടുള്ള വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കൈകേയിക്ക് അപ്രീതി ഉണ്ടാകുന്നതൊന്നും ചെയ്യാനുള്ള കരുത്ത് ദശരഥനില്ലെന്ന് വസിഷ്ഠന് മനസ്സിലായി.
മന്ഥരയുടെ വാക്കുകള്‍ക്ക് അടിമപ്പെട്ട കൈകേയിയുടെ പ്രവൃത്തികള്‍, രാജ്യത്തെ അപകടത്തിലേയ്ക്കാണ് തള്ളിവിടുന്നതെന്ന് ആചാര്യനറിയാം. ദശരഥന് കൈകേയിയുടെ കയ്യിലെ പാവയായി മാറിയിരിക്കുന്നുവെന്നും അവരുടെ യുക്തിഹീനമായ വാക്കുകളെ തള്ളിക്കളയാന്‍ ദശരഥന് കഴിഞ്ഞില്ലെങ്കില്‍ രാജ്യത്തിന്റെ ഭാവി ഇരുണ്ടതാകുമെന്നും വസിഷ്ഠന് പല ഘട്ടത്തിലും മുന്നറിയിപ്പു നല്കി.
യുവരാജാവായി ഭരതനെയല്ല, രാമനെയാണ് ആചാര്യന് കാണുന്നതെന്ന് മനസ്സിലാക്കിയ മന്ഥര കൈകേയിയുടെ മനസ്സിലേക്ക് വിഷം കുത്തിനിറച്ചു. അത് വളരെവേഗത്തില്‍ ഫലം കണ്ടു. എത്രയും വേഗം ഭരതനെ രാജാവാക്കുന്നതിനെക്കുറിച്ച് രാജാവുമായി കൈകേയി നിരന്തരം തര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കാര്യവും വസിഷ്ഠനറിഞ്ഞു.
***** *****
അയോദ്ധ്യയെക്കുറിച്ചുള്ള ആലോചനകളാല്‍ അസ്വസ്ഥനായിരിക്കുമ്പോഴാണ് സിദ്ധാശ്രമത്തിലേയ്ക്ക് സന്ദേശവുമായി പോയ ശിഷ്യര്‍ വിശ്വാമിത്രന്റെ സന്ദേശവുമായി വസിഷ്ഠന്റെ മുന്നിലെത്തിയത്.
‘വിശ്വാമിത്രന് തന്നെ കാണാന്‍ കാനനാശ്രമത്തിലെ വിദ്യാകേന്ദ്രത്തിലേയ്ക്കു വരുന്നുണ്ട്’ എന്നറിഞ്ഞപ്പോള്‍ വസിഷ്ഠന് സന്തോഷമായി. പഴയ വൈരം കൗശികന്റെ മനസ്സില്‍ ഇപ്പോള്‍ ഇല്ലെന്ന് മനസ്സിലായപ്പോള്‍ വസിഷ്ഠന് ആശ്വാസമായി.
വിശ്വാമിത്രനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് ആലോചിച്ചുകൊണ്ട് ആശ്രമത്തിലെ ഗ്രന്ഥപ്പുരയില്‍ ഇരിക്കുമ്പോഴാണ് രാമനും ലക്ഷ്മണനും തന്നെ കാണാന്‍ ആശ്രമത്തില്‍ എത്തിയ കാര്യം ശിഷ്യന് അറിയിച്ചത്. അത് ശുഭലക്ഷണമായിട്ടാണ് വസിഷ്ഠന് തോന്നിയത്. കുമാരന്മാരോടു ഗ്രന്ഥപ്പുരയിലിരുന്നു സംസാരിക്കാം എന്നു കരുതി, അവരെ കൂട്ടിക്കൊണ്ടുവരാന്‍ വസിഷ്ഠന് ശിഷ്യന്മാര്ക്ക് നിര്‍ദ്ദേശം നല്കി.
***** *****
ആചാര്യനെ കാണാന്‍ രാമന് വരുന്നത് ഒരുകൂട്ടം സംശയങ്ങളുമായാണ്. കൊട്ടാരത്തില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ കൂടുതല്‍ തെളിവോടെ വസിഷ്ഠന് മനസ്സിലാക്കുന്നതും രാമനിലൂടെയാണ്. അഹിതമായ പലതും കൊട്ടാരത്തില്‍ നടക്കുന്നുണ്ടെങ്കിലും അതിനെ നിയന്ത്രിക്കാന്‍ പിതാവിന് കഴിയാത്തതില്‍ രാമന് ദുഃഖമുണ്ടെന്നു വസിഷ്ഠനറിയാം.
”കുമാരന്മാര്, പുതിയ വല്ല സംശയങ്ങളുമായിട്ടാണോ വരവ്?” രാമനും ലക്ഷ്മണനും ആചാര്യനെ വന്ദിച്ച് നിന്നപ്പോള്‍ വസിഷ്ഠന് ചോദിച്ചു.
”ഭരതജ്യേഷ്ഠന് പ്രഭാതത്തില്‍ കേകയത്തിലേയ്ക്കു പോയി. അതുകൊണ്ട് ഇന്ന് അശ്വാഭ്യാസം ഉണ്ടായില്ല. ” ലക്ഷ്മണനാണ് പറഞ്ഞത്.
ഭരതനും ശത്രുഘ്നനും കേകയത്തേക്കു പോയപ്പോള്‍ ലക്ഷ്മണന് മ്ലാനവദനനായി ഇരിക്കുന്നതു കണ്ടതുകൊണ്ടാണ് ലക്ഷ്മണനെക്കൂട്ടി രാമന് വസിഷ്ഠാശ്രമത്തിലേയ്ക്കു പുറപ്പെട്ടത്. മനസ്സിന് എന്തെങ്കിലും അസ്വസ്ഥത തോന്നുമ്പോഴൊക്കെ ആചാര്യന്റെ സാമീപ്യം അനുഭവിക്കുന്നതില്‍ ഒരു പ്രത്യേക സന്തോഷം രാമനും ലക്ഷ്മണനും അനുഭവിച്ചിരുന്നു. ചിലപ്പോള്‍ രാമന് ലക്ഷ്മണനോടു പറയാതെ തനിച്ചും അമ്മയുടെ അനുവാദം വാങ്ങി വസിഷ്ഠാശ്രമത്തില്‍ എത്താറുണ്ട്.
ലക്ഷ്മണന്റെ വാക്കുകള്‍ കേട്ടപ്പോള്‍ വസിഷ്ഠന് രാമനെയാണ് നോക്കിയത്. യുധാജിത്ത് കേകയത്തിലേയ്ക്ക് ഇടയ്ക്കിടെ ഭരതനെ ക്ഷണിക്കുന്നത് സഹോദരി ഏല്പിച്ച കാര്യങ്ങള്‍ ഭരതനില്‍ സന്ദര്‍ഭംപോലെ കുത്തിനിറയ്ക്കാനാണെന്ന് ആചാര്യനറിയാം. ആചാര്യന് അപ്പോള്‍ ഏതോ ആലോചനയില്‍ മുഴുകിയത് രാമന് ശ്രദ്ധിച്ചു. അപ്പോള്‍ ശത്രുഘ്നനെക്കുറിച്ചാണ് രാമന് ആലോചിച്ചത്.
ഭരതന് കേകയത്തിലേയ്ക്ക് പുറപ്പെടുമ്പോഴൊക്കെ ശത്രുഘ്നനും ഒപ്പം പോകാന്‍ തയ്യാറാകുന്നത് എന്തുകൊണ്ടാണെന്ന് രാമനറിയാം. കേകയത്തെ കൊട്ടാരത്തില്‍നിന്ന് ലഭിക്കുന്ന വിശേഷ സല്‍ക്കാരവും അമിതമായ സ്വാതന്ത്ര്യവും ശത്രുഘ്നനെ ആവേശം കൊള്ളിക്കുന്നുണ്ട്. അന്തപ്പുരത്തിലെ സ്ത്രീകളോടൊപ്പം സല്ലാപിക്കാനും കൂട്ടുകാരോടൊപ്പം മദ്യം നുണയാനും ലഭിക്കുന്ന അവസരം ശത്രുഘ്നന്‍ നന്നായി ഉപയോഗിക്കുന്നുണ്ടെന്ന് ഭരതനാണ് ഒരിക്കല്‍ രാമനോടു പറഞ്ഞത്. എന്നാല്‍ ശത്രുഘ്നന്‍ ഒപ്പമുള്ളത് ഒരു ആശ്വാസമായിട്ടാണ് ഭരതന് കാണുന്നതെന്നു രാമനറിയാം.
”അയോദ്ധ്യ എന്ന വാക്കിന്റെ അര്‍ത്ഥം കുമാരന് അറിയില്ലേ..?” അല്പനേരത്തെ മൗനത്തില്‍നിന്നു ഉണര്‍ന്ന് വസിഷ്ഠന് ചോദിച്ചു.
”ആരാലും ആക്രമിക്കാന്‍ കഴിയാത്തത് എന്നാണെന്ന് അങ്ങ്, ഞങ്ങള്‍ക്ക് കുട്ടിക്കാലത്തുതന്നെ പറഞ്ഞു തന്നിട്ടുണ്ട്.” രാമന് സംശയഭാവത്തിലാണ് പറഞ്ഞത്.
വസിഷ്ഠന് രാമനെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തന്റെ താടി വലംകയ്യാല്‍ മെല്ലെ തലോടി. അയോദ്ധ്യയില്‍ നടക്കുന്ന പലകാര്യങ്ങളും ആചാര്യനെ അസ്വസ്ഥനാക്കുന്നുവെന്ന് രാമനറിയാം. വസിഷ്ഠന് അല്പനേരം കണ്ണുകളടച്ച് മൗനമായിരുന്നു.
***** *****
ആര്യാവര്‍ത്തത്തെ ശക്തമാക്കാന്‍ വിശ്വാമിത്രമഹര്‍ഷി നടത്തുന്ന ഉദ്യമങ്ങളെക്കുറിച്ച് രാമനോട് പല സന്ദര്‍ഭത്തിലും വസിഷ്ഠന് പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അത്യധികം ഗൗരവത്തോടും ശ്രദ്ധയോടുമാണ് അതെല്ലാം രാമന് കേട്ടിരുന്നിട്ടുള്ളത്. വിശ്വാമിത്രനെക്കുറിച്ച് കൂടുതല്‍ അറിയാനും രാമന് താല്പര്യം കാണിച്ചിട്ടുണ്ട്. അത്തരം ചോദ്യങ്ങള്‍ക്കു വസിഷ്ഠന് മറുപടി പറയുമ്പോള്‍ രാമന് അത് കൂടുതല്‍ ശ്രദ്ധിച്ചിരുന്നു.
പ്രജാപരിപാലനവുമായി ബന്ധപ്പെട്ട് രാമന് ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേള്‍ക്കുമ്പോഴൊക്കെ ദശരഥനുശേഷം രാമനാണ് അയോദ്ധ്യയുടെ രാജാവാകാന്‍ കൂടുതല്‍ യോഗ്യന്‍ എന്ന് വസിഷ്ഠനറിയാം. രാമന് അയോദ്ധ്യയിലെ രാജാവാകുന്നത് ആര്യാവര്ത്തത്തിന്റെ ഉണര്വ്വിന് കാരണമാകും എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷേ, ദശരഥന് കൈകേയിയെ പട്ടമഹിഷിയായി സ്വീകരിക്കുമ്പോള്‍ കേകയരാജനും കൈകേയിക്കും കൊടുത്ത വാക്ക് പാലിക്കാന്‍ രാജഗുരു എന്ന നിലയില്‍ ആചാര്യനും ബാധ്യതയില്ലേ എന്ന് കൈകേയി ചോദിച്ചാല്‍ എന്തു ഉത്തരമാണ് പറയേണ്ടത് എന്ന ചിന്ത വസിഷ്ഠനെ അലട്ടിയിരുന്നു.
ആര്യാവര്ത്തത്തിന്റെ നന്മയ്ക്കായി ഇപ്പോള്‍ തനിക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് വിശ്വാമിത്രന് ചെയ്യുന്നത്. അതിനോടെല്ലാം യോജിപ്പാണെങ്കിലും പഴയ സംഭവങ്ങള്‍ ഓര്‍മ്മ വരുമ്പോള്‍ വസിഷ്ഠന്റെ മനസ്സ് പെട്ടെന്ന് അസ്വസ്ഥമാകും.
‘ഒരാള്‍ ചെയ്യുന്ന പ്രവൃത്തിയല്ലേ അയാളെ ദേവനാക്കുന്നത്?’ ഇന്ദ്രന്റെ തെറ്റായ പ്രവൃത്തിയെക്കുറിച്ചു പറയുമ്പോള്‍ ഒരിക്കല്‍ രാമന് ചോദിച്ചു. അത് ശരിയാണെന്ന് വസിഷ്ഠന് അംഗീകരിച്ചിട്ടുണ്ട്. വസിഷ്ഠനെ ദേവന്മാര് ഗുരുവായി സ്വീകരിച്ചതിനാല്‍ ദേവന്മാരുടെ നിലപാടുകളോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിക്കാന്‍ പല സന്ദര്‍ഭത്തിലും വസിഷ്ഠന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വിശ്വാമിത്രന് മുമ്പ് ചെയ്തിട്ടുള്ള പലതിനോടും പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. എങ്കിലും വിശ്വാമിത്രന് ഇപ്പോള്‍ ആര്യാവര്ത്തത്തിന്റെ നന്മയ്ക്കായി ചെയ്യുന്ന കാര്യങ്ങളോട് വസിഷ്ഠനു പൂര്‍ണ്ണ യോജിപ്പാണുള്ളത്.
***** *****
”പുതിയ സംശയങ്ങള്‍ വല്ലതുമുണ്ടെങ്കില്‍ ചോദിക്കാം” വസിഷ്ഠന് ധ്യാനത്തില്‍നിന്ന് ഉണര്‍ന്നിട്ട് പതുക്കെ ചോദിച്ചു.
”വിശ്വാമിത്ര മഹര്‍ഷിയെക്കുറിച്ച് അങ്ങ് ഒരിക്കല്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍…” അത്രയും പറഞ്ഞ് പൂര്‍ണ്ണമാക്കാതെ ലക്ഷ്മണന് ജേഷ്ഠന്റെ മുഖത്തേയ്ക്ക് നോക്കി.
മനസ്സില്‍ രൂപപ്പെടുന്ന സംശയത്തെ മനസ്സിലിട്ടു പാകപ്പെടുത്തിയിട്ടെ മറ്റൊരാളോട് അതേക്കുറിച്ച് ചോദിക്കാവൂ എന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ലക്ഷ്മണന് ചിലപ്പോള്‍ അത് മറന്നു പോകാറുണ്ടെന്ന് രാമനറിയാം. അതുകൊണ്ടാണ് വല്ല വിഡ്ഡിത്തവുമാണോ ചോദിക്കുന്നത് എന്ന ഭാവത്തില്‍ രാമന് അനുജനെ നോക്കിയത്.
”അങ്ങ് വിശ്വാമിത്രനുമായി യുദ്ധം ചെയ്തിട്ടുണ്ട് എന്നറിയാം. ആചാര്യന്മാര് തമ്മില്‍ യുദ്ധം ചെയ്യാനുണ്ടായ സാഹചര്യം എന്തായിരുന്നു ഗുരോ?” വസിഷ്ഠന് പ്രതീക്ഷിക്കാത്ത ചോദ്യമാണ് ലക്ഷ്മണന് ചോദിച്ചത്.
ചോദ്യം ഇഷ്ടമാകാത്തമട്ടില് വസിഷ്ഠന്, രാമന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി. വസിഷ്ഠന് പെട്ടെന്നു മറുപടി പറയാതെ മൗനം അവലംബിച്ചു. ആചാര്യന്മാര് മൗനമായിരിക്കുന്ന സന്ദര്‍ഭങ്ങളിലും ആ മൗനത്തിലൂടെ കുറെ ഉത്തരങ്ങള്‍ അവര്‍ നല്‍കുന്നുണ്ട്.
തന്നോടു ആലോചിക്കാതെ ഇത്തരം ഒരു ചോദ്യം ഗുരുവിനോട് ചോദിച്ചത് ശരിയായില്ല എന്നമട്ടില്‍ കോപം നടിച്ചുകൊണ്ട് വാത്സല്യഭാവം വെടിയാതെ രാമന് ഒളികണ്ണാല്‍ ലക്ഷ്മണനെ നോക്കി. വിശ്വാമിത്രനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ തന്നെപ്പോലെ ലക്ഷ്മണനും താല്പര്യമുണ്ടെന്ന് രാമനറിയാം. സിദ്ധാശ്രമത്തില്‍ ഒരു യജ്ഞത്തിന് വിശ്വാമിത്രമഹര്‍ഷി ഒരുങ്ങുന്നുണ്ടെന്ന് കഴിഞ്ഞ സന്ദര്‍ശനവേളയില്‍ ആചാര്യന് തന്നോടു പറഞ്ഞകാര്യം രാമന് അനുജനുമായി പങ്കുവച്ചപ്പോള്‍ വിശ്വാമിത്രനെക്കുറിച്ച് ലക്ഷ്മണന് പലകാര്യങ്ങളും ചോദിച്ചിരുന്നു.
‘സ്വന്തം ജീവിതം കൂടുതല്‍ പ്രകാശമുള്ളതാക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും വിശ്വാമിത്ര മഹര്‍ഷിയുടെ ജീവിതത്തെക്കുറിച്ച് അറിയുന്നത് നന്നായിരിക്കും.’ വിശ്വാമിത്രനെക്കുറിച്ച് അമ്മയോടു ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് രാമന് ഓര്‍ത്തു. വസിഷ്ഠനും വിശ്വാമിത്രനും തമ്മില്‍ യുദ്ധം ചെയ്തിട്ടുണ്ടെന്ന് അമ്മ പറഞ്ഞപ്പോള്‍ പെട്ടെന്ന് വിശ്വസിക്കാനായില്ല. എന്നാല്‍ അക്കഥ അമ്മ വിശദമായി പറഞ്ഞതുമില്ല. അന്നുമുതലാണ് വിശ്വാമിത്രനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ രാമന് ആഗ്രഹിച്ചത്. വിശ്വാമിത്രന് വസിഷ്ഠനോടു യുദ്ധം ചെയ്തിട്ടുണ്ടെന്ന് അമ്മ പറഞ്ഞെങ്കിലും വസിഷ്ഠന് ആദരവോടെ മാത്രമേ വിശ്വാമിത്രനെക്കുറിച്ച് പറഞ്ഞിട്ടുള്ളു.
”മഹാഗ്രന്ഥങ്ങള് വായിക്കുമ്പോള്‍ എല്ലാ ശ്ലോകങ്ങളുടെയും അര്‍ത്ഥം അറിയണമെന്നില്ല. എന്നാല്‍ ഒരു ശ്ലോകത്തിന്റെ അര്‍ത്ഥം അറിയാതെ, തുടര്‍ന്നു വായിക്കുന്നത് ഗ്രന്ഥത്തെക്കുറിച്ച് പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സഹായിക്കില്ല.” രാമന്റെ ചോദ്യത്തിന് മറുപടിയായി വസിഷ്ഠന് പറഞ്ഞു.
ഗുരു പറഞ്ഞത് എന്തെന്ന് മനസ്സിലാകാതെ രാമനും ലക്ഷ്മണനും മുഖത്തോടുമുഖം നോക്കി.
”രാമാ, നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതില്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?” വസിഷ്ഠന് ഗൗരവത്തില്‍ രാമനെ നോക്കി ചോദിച്ചു.
കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് എന്തുകൊണ്ടാണ് ആചാര്യന് പറയുന്നതെന്ന് മനസ്സിലാകാതെ സംശയ ഭാവത്തോടെ രാമന് വസിഷ്ഠനെ നോക്കി.
”നീ ഗാധി എന്നു പേരായ ഒരു രാജാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?” വസിഷ്ഠന് ഗൗരവം വെടിഞ്ഞ് പതുക്കെ ചോദിച്ചു.
മുനി പറയാന്‍ വരുന്നത് വിശ്വാമിത്രനെക്കുറിച്ചാണെന്ന് മനസ്സിലായപ്പോള്‍ രാമന് മുനിയെ നോക്കി പുഞ്ചിരിച്ചു.
(തുടരും)