- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- പ്രതീക്ഷയുടെ നുറുങ്ങുവെട്ടം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 17)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ഇന്ദ്രപ്രസ്ഥം മനോഹരമാണ്. അനേകം രാജവംശങ്ങളുടെ ഉദയവും പതനവും ഇവിടേയും, ഇതിനടുത്ത ഭൂമികയിലുമായിരുന്നു. കാണാനും വിസ്മയിക്കാനും അനവധി ഇടങ്ങള്‍. കുത്തബ് മീനാറിന്റെ തുഞ്ചത്തു കണ്ണുനട്ടു. സ്വാമിനാരായണ്‍ ക്ഷേത്രത്തിന്റെ ശില്പചാതുരിയില്‍ മതിമറന്നു. ചെങ്കോട്ടയിലെ നിര്‍മിതികള്‍ വിസ്മയിപ്പിച്ചു. ഇന്ത്യാഗേറ്റില്‍ കൊത്തിവെച്ചിരിക്കുന്ന ജവാന്മാരുടെ പേരുകള്‍ വായിച്ചു. പക്ഷേ… പക്ഷേ മനസ്സില്‍ തങ്ങിയത് ലോട്ടസ് ബഹായി ടെമ്പിളിലെ നിശ്ശബ്ദതയാണ്. താമരയുടെ ആകൃതിയുള്ള ടെമ്പിളില്‍ കയറാന്‍ ക്യൂ നില്‍ക്കുമ്പോള്‍ ഒരു യുവതി, അവര്‍ക്കു ദൈവികമായ ഭംഗിയുണ്ടായിരുന്നു, ഹിന്ദിയിലും ഇംഗ്ലീഷിലും വരിയിലുള്ളവര്‍ക്കു നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നുണ്ടായിരുന്നു.
ഹരീഷ് സൂചിപ്പിച്ചു. ”അമ്പലത്തിനുള്ളില്‍ സംസാരിക്കരുത്. നിശ്ശബ്ദമായി ബെഞ്ചില്‍ ഇരിക്കാം, എത്ര നേരം വേണമെങ്കിലും. പ്രത്യേക സമയക്രമം ഇല്ല. പക്ഷേ മിണ്ടരുത.്”
വട്ടത്തില്‍ സജ്ജീകരിച്ചിരിക്കുന്ന മരബെഞ്ചുകളിലൊന്നില്‍ ഞാന്‍ ഇരുന്നു. ചുറ്റിലും ആളുകള്‍ ഉണ്ട്. അവര്‍ ഒന്നും മിണ്ടിയില്ല. മൗനത്തിന്റെ സുരക്ഷിതത്വത്തില്‍ എല്ലാവരും ഒതുങ്ങിക്കൂടി. ഒരു മിനിറ്റേ കഴിഞ്ഞുള്ളൂ. പ്രതീക്ഷിച്ച പോലെ എന്റെ മനസ്സില്‍ കനം വീണു. കൗമാരത്തില്‍ ആകെക്കൂടി അഞ്ചു മിനിറ്റ് മാത്രം സംസാരിക്കാറുള്ള ദിനങ്ങള്‍ ഓര്‍മയിലെത്തി. വീട്ടില്‍, ഇരുട്ടുവീണ തെക്കേ മുറിയിലെ ചാരുകസേരയില്‍ മണിക്കൂറുകള്‍ തള്ളിനീക്കുമ്പോള്‍ ഞാന്‍ അനുഭവിച്ചിട്ടുള്ള നിശ്ശബ്ദതക്കു ഇതേ ഭാരമായിരുന്നു. മനസ്സിലെ സമ്മര്‍ദ്ദം നിയന്ത്രണാതീതമായി ഉയരുന്നതറിഞ്ഞ് ഞാന്‍ ബെഞ്ചില്‍ നിന്നു എഴുന്നേറ്റു. കുറച്ചുനേരം കൂടി ഇരിക്കാന്‍ ഹരീഷ് ആംഗ്യം കാണിച്ചെങ്കിലും ഞാന്‍ ഗൗനിച്ചില്ല. തിരക്കിട്ടു ടെമ്പിളിനു പുറത്തിറങ്ങി; അടുത്തു കണ്ട കല്‍പ്പടവില്‍ ഇരുന്നു കിതച്ചു. എന്നിലെ നിശ്ശബ്ദതക്കു അതോടെ വേലിയിറക്കം ആരംഭിച്ചു.
കനത്ത നിശ്ശബ്ദതയെ, ചിലപ്പോള്‍, ഭയമാണ്. അന്നും ഇന്നും.
***************
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിളിറ്റി ഫൗണ്ടേഷന്‍ (Ability Foundation) എന്ന സ്ഥാപനത്തേയും, അവര്‍ വികലാംഗര്‍ക്കു മാത്രമായി സംഘടിപ്പിക്കാറുള്ള ‘Employ Ability’ തൊഴില്‍ മേളയേയും പറ്റി ആദ്യമായി ഞാന്‍ അറിയുന്നത് ഒരു സുഹൃത്തില്‍ നിന്നാണ്. കമ്പനി മുഖേന ലഭിച്ച വിവരം അദ്ദേഹം എനിക്ക് കൈമാറി. ഞങ്ങള്‍ തമ്മില്‍ അടുത്ത പരിചയമില്ലെങ്കിലും ചെന്നൈയില്‍ നടക്കുന്ന പ്രസ്തുത പ്രോഗ്രാം എനിക്കു ഗുണകരമായേക്കുമെന്നു സുഹൃത്തിനു തോന്നിയിരിക്കണം. അദ്ദേഹത്തിന്റെ ജാഗ്രതയെ ഞാന്‍ മാനിച്ചു. എങ്കിലും തൊഴില്‍മേളയില്‍ പങ്കെടുത്തില്ല.
Employ Ability 2006 തൊഴില്‍ മേളയില്‍ പങ്കെടുക്കാതിരിക്കാന്‍ എനിക്കു ചില കാരണങ്ങള്‍ ഉണ്ടായിരുന്നു. അക്കാലത്തു, അനുഭവങ്ങളുടെ കുറവു മൂലം, ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നത് ശ്രവണന്യൂനത മൂലം ബാംഗ്ലൂരില്‍ വിവേചനങ്ങള്‍ നേരിടേണ്ടി വരില്ലെന്നാണ്. നഗരത്തില്‍ എത്തിയിട്ടു ഒന്നര വര്‍ഷമേ ആയുള്ളൂ. പ്രമുഖ കമ്പനികളുടെ ഇന്റര്‍വ്യൂകള്‍ അഭിമുഖീകരിച്ചിട്ടില്ല. ഐടി രംഗത്തെ ‘കളി’കളെ പറ്റി ബോധവാനല്ല. അല്പം ബുദ്ധിമുട്ടിയേക്കാമെങ്കിലും ഭാവി ശോഭനമാണെന്ന ഉറച്ച വിശ്വാസം. തൊഴില്‍മേളയില്‍ പങ്കെടുക്കാതിരിക്കാന്‍ ഇവയൊക്കെയായിരുന്നു പ്രധാന കാരണങ്ങള്‍.
കുറച്ചു നാളുകള്‍ക്കുള്ളില്‍ എബിളിറ്റി ഫൗണ്ടേഷന്‍ വിസ്മൃതിയിലാണ്ടു. അതു മറ്റൊരു അല്‍ഭുത പ്രതിഭാസം. ‘മറവി’ എന്താണെന്നു ഇന്നുവരെ മനസ്സിലായിട്ടില്ല. ഓര്‍മ്മ, എന്നു പറയപ്പെടുന്ന ഇടത്തില്‍, ഒരിക്കല്‍ വസ്തുതകള്‍ രേഖപ്പെടുത്തപ്പെടുന്നു. പിന്നീട് ‘മറന്നു പോകുന്നു’. എന്നുവച്ചാല്‍ ഓര്‍മയില്‍ രേഖപ്പെടുത്തപ്പെട്ടവ ഇല്ലാതാകുന്നു. രേഖപ്പെടുത്തപ്പെട്ട ഇടം ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുകയാണ്. പിന്നീടു ‘മറന്നുപോയ’ കാര്യങ്ങള്‍ വീണ്ടും ഓര്‍മയില്‍ തെളിയുന്നു. ഒഴിഞ്ഞുകിടന്നിരുന്ന ഇടങ്ങള്‍ വീണ്ടും സജീവമാക്കപ്പെടുനു. ഇതു അല്‍ഭുതകരമല്ലേ? ഓര്‍മ്മയില്‍നിന്നു മറന്നവ എവിടെയാണ് ശേഖരിക്കപ്പെട്ടത്? ഓര്‍മ്മക്കു പുറമെ, മറന്ന കാര്യങ്ങള്‍ സൂക്ഷിക്കാന്‍, മറ്റൊരു വിര്‍ച്ച്വല്‍ ഓര്‍മ്മയും ഉണ്ടോ? ഈ വിര്‍ച്ച്വല്‍ ഓര്‍മ്മയുടെ പേരാണൊ മറവി? എബിളിറ്റി ഫൗണ്ടേഷന്‍ എന്റെ ഓര്‍മ്മയില്‍ നിന്നു ‘വിര്‍ച്ച്വല്‍ ഓര്‍മ്മ’യില്‍ ശേഖരിക്കപ്പെട്ടു.
യാഥാര്‍ത്ഥ്യത്തിലേക്കു എത്താന്‍ കുറച്ചുകാലമേ വേണ്ടിവന്നുള്ളൂ. അതിനുള്ളില്‍ ഞാന്‍ നടുക്കത്തോടെ, നിരാശയോടെ മനസ്സിലാക്കി. ചില പ്രത്യേക കള്ളികളില്‍ നില്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ അത്തരം കള്ളികളില്‍ നില്‍ക്കുമ്പോള്‍ മാത്രമേ മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുള്ളൂ. കള്ളികള്‍ക്കു പുറത്തു നില്‍ക്കാന്‍ ആഗ്രഹിച്ചിട്ടു കാര്യമില്ല. ചവിട്ടി മെതിക്കപ്പെട്ടു പോകും. കള്ളികള്‍ക്കു പുറത്തു നിന്നു, ജീവിതത്തില്‍ വിജയിക്കാനുള്ള ആശയെ അതിമോഹമെന്നു വിളിക്കാനും ചിലപ്പോള്‍ ആളുകളുണ്ടാകും. അപ്പോള്‍ കള്ളികള്‍ അന്വേഷിച്ചു പോയേ തീരൂ.
മനുഷ്യന്റെ മസ്തിഷ്‌കം പരസ്പരബന്ധിതവും അല്ലാത്തതുമായ വിവിധ ആശയങ്ങളുടെ കലവറയാണ്. ഇവ എല്ലാവരിലുമെന്ന പോലെ വികലാംഗരിലുമുണ്ട്. പക്ഷേ മറ്റുള്ളവരെപ്പോലെ ഏതേതു ആശയത്തില്‍ ഉറച്ചു നില്‍ക്കണമെന്ന തീരുമാനമെടുക്കാന്‍ വികലാംഗര്‍ അനുവദിക്കപ്പെട്ടിട്ടില്ല. തീരുമാനമെടുക്കല്‍, ആശയങ്ങള്‍ പേറുന്നവനില്‍നിന്നു മാറ്റപ്പെട്ടു മറ്റൊരാളില്‍ / സിസ്റ്റത്തില്‍ നിക്ഷേപിക്കപ്പെടുകയാണ് പലപ്പോഴും. ഇത് മനസ്സിന്റെ ചക്രവാളം നിയന്ത്രിക്കപ്പെട്ടു ഒതുങ്ങിപ്പോകാന്‍ ഇടയാക്കും. ഒരു ഉദാഹരണമായി, ഒരിക്കല്‍ എനിക്കു വന്ന ജോലി സാധ്യതയെ വീക്ഷിക്കാം. ബന്നര്‍ഘട്ട റോഡിലുള്ള ഒരു ബിപിഒ സ്ഥാപനം. എനിക്കു അനുവദിക്കപ്പെട്ട മേഖല ബിപിഒ, ഡാറ്റഎന്‍ട്രി ആണ്. ആ ജോലിയില്‍ താല്പര്യമില്ലെന്നു പ്രൊഫൈല്‍ കാണിച്ചു കാര്യകാരണ സഹിതം ഞാന്‍ വിവരിച്ചു. ഇന്റര്‍വ്യൂവര്‍ തികഞ്ഞ മാന്യനായിരുന്നു. അദ്ദേഹം ടെക്‌നിക്കല്‍ മേഖലയിലേക്കു എന്നെ റഫര്‍ ചെയ്തു. അവിടെയൊരു വേക്കന്‍സി ഉണ്ടായിരുന്നു. പക്ഷേ ടെക്‌നിക്കല്‍ റൗണ്ട് പാസായിട്ടും എന്റെ ആപ്ലിക്കേഷന്‍ നിരസിക്കപ്പെട്ടു. ഡാറ്റാ എന്‍ട്രി ജോലിയില്‍ എനിക്കു അപ്പോഴും സ്വാഗതം തന്നെയായിരുന്നു. എന്തുകൊണ്ട്? കാരണം വികലാംഗര്‍ക്കു അനുവദിക്കപ്പെട്ടിരിക്കുന്ന കള്ളി ബിപിഒ, ഡാറ്റാ എന്‍ട്രി മേഖലയാണ്!
ഏകദേശം രണ്ടുവര്‍ഷത്തെ തൊഴില്‍ ദാരിദ്ര്യം ഉണ്ടായി. നഗരത്തില്‍ തന്നെ തുടര്‍ന്ന ഇക്കാലയളവ് എന്നെ പലതും പഠിപ്പിച്ചു. ബാംഗ്ലൂര്‍ ഐടി ലോകത്തെപ്പറ്റിയുള്ള ധാരണകള്‍ പാടെ നിലംപൊത്തി. അനുഭവങ്ങളുടെ പിന്‍ബലമില്ലാത്ത, വ്യക്തിപരമായ കണക്കുകൂട്ടലുകളില്‍ നിന്നു ഞാന്‍ പുറത്തു ചാടി. ഈ നിലംപതിക്കലില്‍ പിടിച്ചു നില്‍ക്കാനും തിരിച്ചടിക്കാനും ഉതകുന്ന കോപ്പുകള്‍ അഴിച്ചു മാറ്റപ്പെട്ടു. Employ Ability 2008, New Delhi തൊഴില്‍മേളയിലേക്കു ക്ഷണം കിട്ടിയപ്പോള്‍ ഞാന്‍ ചെറുത്തു നിന്നില്ല. അത്രനാള്‍ പിടിച്ചുനിന്ന എന്റെ മനസ്സ് കീഴടങ്ങി. വൈകല്യത്തെ ആസ്തിയായി കാണിച്ചു ജോലിയ്ക്കു അപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്നു രാത്രി ടെറസിലിരുന്ന് ഞാന്‍ മണിക്കൂറുകളോളം കരഞ്ഞു.
ഡല്‍ഹിയില്‍ ഹരീഷ് ഉണ്ടായിരുന്നു. മൂന്നുകൊല്ലം പോളിടെക്‌നിക്കില്‍ ഒരേ ക്ലാസ്സില്‍ പഠിച്ചിട്ടുണ്ട്. പക്ഷേ മൂന്നു തവണയെങ്കിലും മിണ്ടിയിട്ടുണ്ടോയെന്നു സംശയമാണ്. ആദ്യവര്‍ഷം പേരു ചോദിച്ചതു മാത്രം വ്യക്തമായി ഓര്‍മ്മയുണ്ട്. പിന്നെയെല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്നിട്ടും ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടാന്‍ ഇടയായി. മലയാളം ബ്ലോഗ് അതിനു വേദിയൊരുക്കി. ഡല്‍ഹിയില്‍ സംഭവിച്ച കൊച്ചുകൊച്ചു കാര്യങ്ങള്‍ ബ്ലോഗിലൂടെ പങ്കുവയ്ക്കുമ്പോള്‍, ക്ലാസിലെ ആരവങ്ങള്‍ക്കിടയില്‍ നിശ്ശബ്ദത പേറിയവനെ കണ്ടുമുട്ടുമെന്നു ഹരീഷ് പ്രതീക്ഷിച്ചിരിക്കില്ല. ക്ലാസ് മുറിയില്‍ സംസാരിക്കാത്തതിന്റെ കുറവു നികത്താന്‍ ജിമെയില്‍ ചാറ്റിലൂടെ ഞങ്ങള്‍ പതിവായി സംസാരിച്ചു. ഡല്‍ഹിയിലെ തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ പുറപ്പെടുമ്പോള്‍ സുഹൃത്തിന്റെ ഉറപ്പുണ്ടായിരുന്നു. ‘Welcome to Indraprastha. I’m here’. ഫെബ്രുവരിയിലെ തണുത്തുറഞ്ഞ പ്രഭാതത്തില്‍, കര്‍ണാടക എക്‌സ്പ്രസ്സില്‍ ഞാന്‍ രാജ്യതലസ്ഥാനത്തു എത്തി. ആദ്യസന്ദര്‍ശനം അതായിരുന്നു.
ഡല്‍ഹിയിലെ പ്രഗതി മൈതാനം വളരെ പ്രശസ്തമാണ്. നൂറ്റമ്പത് ഏക്കറോളം വിസ്താരമുണ്ട് ഈ പരപ്പിന്. ഇവിടെയാണ് Employ Ability 2008 സംഘാടകര്‍ നടത്തിയത്. ഞാന്‍ തികഞ്ഞ ഉല്‍സാഹത്തിലായിരുന്നു. ഇനിയും തൊഴില്‍രഹിതനായി തുടരേണ്ടി വരില്ലെന്നു ഉറപ്പിച്ചിരുന്നു. കാരണങ്ങള്‍ പലതാണ്. വൈകല്യമുള്ളവര്‍ക്കു വേണ്ടി പ്രത്യേകം സംഘടിപ്പിക്കുന്ന തൊഴില്‍ മേളയായതിനാല്‍ സാധാരണ ഇന്റര്‍വ്യൂകളിലെ പോലെ കടുത്ത മല്‍സരം ഉണ്ടാകില്ല. ഈവന്റിനു വരുന്നവരില്‍ വളരെ ഉയര്‍ന്ന വിദ്യാഭ്യാസക്കാര്‍ താരതമ്യേന കുറവായിരിക്കാന്‍ സാധ്യതയുണ്ട്. ബാംഗ്ലൂരിലും തിരുവനന്തപുരത്തും ജോലി ചെയ്തു പരിചയമുള്ളതിനാല്‍ മുന്‍തൂക്കം കിട്ടും. തൊഴില്‍മേളയ്ക്കു രജിസ്‌ട്രേഷന്‍ ആവശ്യമായതിനാലും, ഈവന്റിനെപ്പറ്റിയുള്ള പ്രചാരണം മുഖ്യമായും ഇന്റര്‍നെറ്റ് വഴിയായതിനാലും വലിയ തിരക്കുണ്ടാകില്ല. ഇതൊക്കെയായിരുന്നു എന്റെ കണക്കുകൂട്ടലുകള്‍. എല്ലാം ഏറെക്കുറെ ശരിയുമായി.
തൊഴില്‍മേളക്കു തിരക്ക് അല്പം കുറവായിരുന്നു. പ്രമുഖരായ കുറേ കമ്പനികളും പങ്കെടുത്തു. അഭിമുഖങ്ങള്‍ ഭംഗിയായി നടന്നു. നാല് കമ്പനികളില്‍ നിന്നെങ്കിലും അനുകൂല മറുപടി കിട്ടുമെന്നു പ്രതീക്ഷയുണ്ടായി. സുഹൃത്ത് അറിയിച്ച ചെന്നൈ തൊഴില്‍മേളയില്‍ പങ്കെടുക്കാതിരുന്നതില്‍ എനിക്ക് കുറ്റബോധം തോന്നി. അതില്‍ പങ്കെടുത്തിരുന്നെങ്കില്‍ പണ്ടേ ജോലി കിട്ടുമായിരുന്നു എന്ന നഷ്ടബോധം മനസ്സിനെ നീറ്റി. പക്ഷേ ഈ മാനസിക വിഷമം ക്രമേണ മാറി. കാരണം ഡല്‍ഹി തൊഴില്‍മേളയില്‍ സെലക്ഷന്‍ കിട്ടുമെന്നു ഞാന്‍ കരുതിയിരുന്ന ഒരു കമ്പനിയും പിന്നീടെന്നെ ഫോണ്‍ വഴിയോ ഇമെയില്‍ വഴിയോ ബന്ധപ്പെട്ടില്ല. ഇത്തരം പെരുമാറ്റങ്ങള്‍ ഐടി മേഖലയില്‍ സര്‍വ്വസാധാരണമാണ്. എങ്കിലും വൈകല്യമുള്ളവര്‍ക്കു വേണ്ടി നടത്തുന്ന തൊഴില്‍മേളയില്‍ ഇങ്ങിനെ ഉണ്ടാകില്ലെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. അതു തിരുത്തപ്പെട്ടു.
തണുത്തുറഞ്ഞ ഡല്‍ഹി രാത്രികളില്‍ രണ്ടു കമ്പിളിപ്പുതപ്പുകള്‍ക്കു കീഴില്‍ കിടന്നുറങ്ങാന്‍ ശ്രമിക്കുമ്പോള്‍ വീട്ടിലെന്ത് പറയണമെന്നു ഞാന്‍ ആലോചിച്ചു. ജോലി കിട്ടുമെന്നു ഉറപ്പു കൊടുത്തിട്ടാണ് ഡല്‍ഹിയിലേക്കു വന്നിരിക്കുന്നത്. എല്ലാം വൃഥാവിലായെന്നു ജ്യേഷ്ഠനെ വിളിച്ചറിയിക്കാന്‍ തോന്നിയില്ല. പ്രതീക്ഷകള്‍ പതിയെ തല്ലിക്കെടുത്തിയാല്‍ മതി. ഒറ്റയടിയ്ക്കു ചെയ്താല്‍ താങ്ങാനായേക്കില്ല.
ഞാന്‍ പറഞ്ഞു. ”അവര്‍ അറിയിക്കാമെന്നാണ് പറഞ്ഞത്. ഒന്നും ഉറപ്പിക്കണ്ട.”
ജ്യേഷ്ഠന്‍ പലതും പറഞ്ഞു സാന്ത്വനപ്പെടുത്തി. തണുത്തുറഞ്ഞ അന്തരീക്ഷവായുവില്‍ തട്ടി ജലകണികകള്‍ തണുത്തു.
ഡല്‍ഹി സന്ദര്‍ശനം വിജയമായില്ലെങ്കിലും എന്നില്‍ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. വികലാംഗര്‍ക്കായി ചില പ്ലാറ്റ്ഫോമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നത് സന്തോഷകരമായ അറിവായിരുന്നു. അക്കാലത്തു തന്നെ ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന ‘ഇനേബിള്‍ ഇന്ത്യ’ ടീമുമായും ഞാന്‍ ബന്ധപ്പെട്ടു. ഇതെല്ലാം കാരണം ഇന്നല്ലെങ്കില്‍ നാളെ സ്ഥിതി മെച്ചപ്പെടുമെന്നു ഞാന്‍ പ്രത്യാശിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ പ്രത്യാശ സത്യമായും ഭവിച്ചു.
Employ Ability 2009, Chennai തൊഴില്‍മേള എന്നില്‍ അടയാളപ്പെടുത്തിയതും അര്‍ത്ഥപൂര്‍ണമാക്കിയതും ഉമ എന്നു പേരുള്ള മഹതിയാണ്. ഒരു പ്രമുഖ ഇന്ത്യന്‍ കമ്പനിയുടെ എച്ച്ആര്‍ ചീഫ്. തൊഴില്‍മേളയില്‍, കമ്പനിയുടെ സ്റ്റാളില്‍ ഇന്റര്‍വ്യൂ ചെയ്യപ്പെടുന്ന ഓരോ ഉദ്യോഗാര്‍ത്ഥിയിലും അവര്‍ അസാധാരണ ശ്രദ്ധ പതിപ്പിച്ചു. സ്റ്റാളിന്റെ മൂലയില്‍ മറ്റൊരു എക്‌സിക്യുട്ടീവിനാല്‍ അഭിമുഖം ചെയ്യപ്പെടുന്ന എന്നെ മാഡം അടുത്തു വിളിച്ച്, വിശദമായി സംസാരിച്ചു. അതൊരു ഇന്റര്‍വ്യൂ ആയിരുന്നുവെന്നു വിശ്വസിക്കാന്‍ പ്രയാസം. എച്ച്ആര്‍ ചീഫായ മാഡം എന്നോടു സംസാരിച്ചപ്പോള്‍, ഇഎന്‍ടി ഡോക്ടറിലേക്കു പരകായപ്രവേശം ചെയ്തു. എന്റെ ശാരീരിക ന്യൂനതയെ അളക്കുകയായിരുന്നു ഉദ്ദേശ്യം. ശ്രവണ ന്യൂനതയെപ്പറ്റി ഞാന്‍ നല്‍കിയ മറുപടികള്‍ വിലയിരുത്തി, എന്റെ ടെക്‌നിക്കല്‍ കഴിവ് ഉപയോഗപ്പെടുത്താവുന്നതാണെന്നു മാഡം തീരുമാനിച്ചു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാതെ എന്നോടു ചോദിച്ചു.
”എവിടെ ജോലി ചെയ്യാനാണ് താല്പര്യം?”
ഞാന്‍ പറഞ്ഞു. ”ബാംഗ്ലൂര്‍.”
കമ്പനിയുടെ ബാംഗ്ലൂര്‍ ഓഫീസിലെ സോണല്‍ മാനേജറെ അപ്പോള്‍ത്തന്നെ, ഞാന്‍ മുന്നിലിരിക്കെ, മാഡം വിളിച്ച് സംസാരിച്ചു. രണ്ടുപേരുടേയും മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും തന്ന്, ഇതൊരു വ്യാജ ഉറപ്പല്ലെന്നു എന്നെ വിശ്വസിപ്പിച്ചു. പിന്നെ വിളിക്കാം എന്നതിനു പകരം പോയി കാണൂ എന്ന മറുപടി. ഐടി മേഖലയില്‍ മനസ്സുകളോടു സംവദിക്കാന്‍ കഴിവുള്ള ഒരാളെ അന്നാദ്യമായി ഞാന്‍ കണ്ടു. മാഡത്തിന്റെ പേര് എന്റെ മനസ്സില്‍ കൊത്തിവയ്ക്കപ്പെട്ടു.
ജീവിതത്തില്‍ നമ്മള്‍ ആരോടെങ്കിലുമൊക്കെ കടപ്പെട്ടിരിക്കുന്നതു നല്ലതാണ്. അത്തരം കടപ്പാട് നമ്മളില്‍ മറ്റുള്ളവരോടു നന്മചെയ്യാന്‍ ശക്തമായ പ്രേരണയുണ്ടാക്കും. എനിക്കു കടപ്പാടു തോന്നിയിട്ടുള്ള അപൂര്‍വ്വം വ്യക്തികളില്‍ ഒരാളാണ് ഉമ മാഡം. രണ്ടുവര്‍ഷത്തെ തൊഴില്‍ അന്വേഷണമാണ് അവിടെ അവസാനിച്ചത്. കടപ്പാട് തോന്നാതിരിക്കുന്നതെങ്ങിനെ? ബാംഗ്ലൂര്‍ നഗരത്തില്‍ എത്ര പേരുണ്ട് കമ്പനികളുടെ അവഗണന മൂലം നീണ്ടനാള്‍ തൊഴിലില്ലാതെ, നഗരത്തില്‍ തന്നെ താമസിച്ച്, വീണ്ടും തൊഴില്‍ നേടിയവര്‍. അതും വൈകല്യത്തിന്റെ സംഭാവനയായ കടുത്ത മാനസിക സംഘര്‍ഷത്തെ അതിജീവിച്ചു കൊണ്ട്? എനിക്കതിനു കഴിഞ്ഞു. ആരുടെയൊക്കെയോ അനുഗ്രഹം. അല്ലെങ്കില്‍ എന്റെ മാത്രം സാമര്‍ത്ഥ്യം. അതുമല്ലെങ്കില്‍ മേല്‍പ്പറഞ്ഞ രണ്ടും സമാസമം കലര്‍ന്ന മിശ്രണം.
ടെക്‌നിക്കല്‍ മല്‍സരക്ഷമതയുടെ കാര്യത്തില്‍ കുറച്ചു പിന്നോക്കം പോയെങ്കിലും, മാഡം റഫര്‍ ചെയ്ത ജോലി മൂന്നേമുക്കാല്‍ കൊല്ലം എനിക്കു അത്താണിയായി വര്‍ത്തിച്ചു. കമ്പനിയെ കുറ്റപ്പെടുത്താന്‍ ഒന്നുമില്ല. അവര്‍ക്കും പരിമിതികള്‍ ഉണ്ടായിരുന്നു. പരിമിതികള്‍ ഇല്ലാത്ത കമ്പനികളാണെങ്കില്‍, ടെക്നിക്കല്‍ – എച്ച്ആര്‍ അഭിമുഖങ്ങള്‍ പൂര്‍ത്തിയാക്കി പ്രതീക്ഷയോടെ നിന്ന എനിക്കുനേരെ വാതിലുകള്‍ കൊട്ടിയടക്കുകയാണ് ചെയ്തത്. മാനം മുട്ടുന്ന പ്രതീക്ഷയുടെ വക്കില്‍നിന്നു തള്ളിത്താഴെയിടപ്പെട്ടു. ഒന്നും രണ്ടും തവണയല്ല. നിരവധി തവണ. ആര്‍ക്കു മനസ്സിലാകും എന്റെ അപ്പോഴത്തെ മാനസികാവസ്ഥ? ഞാന്‍ അനുഭവിച്ച നിസ്സഹായത?
ഓര്‍മയില്ലേ ദി ഷാഷങ്ക് റിഡപ്ഷന്‍ (Shawshank redemption) സിനിമയില്‍ മോര്‍ഗന്‍ ഫ്രീമാന്റെ മുഖഭാവം. ഇരുപതു കൊല്ലത്തെ ജയില്‍ശിക്ഷക്കു ശേഷം വീണ്ടും പത്തുകൊല്ലത്തേക്കു കൂടി ശിക്ഷ നീട്ടിയെന്നറിഞ്ഞ് പുറത്തു വരുമ്പോള്‍ അദ്ദേഹത്തിന്റെ മുഖത്തു പടരുന്ന ഭാവം. പ്രത്യാശയുടെ കൊടുമുടിയില്‍ നിന്നു നിരാശയുടെ പടുകുഴിയിലേക്കു പതിക്കുന്ന അവസ്ഥ. ജീവിതത്തില്‍ അധികം കഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ ഫ്രീമാന്റെ ആ മുഖഭാവം ശ്രദ്ധിച്ചേക്കണമെന്നില്ല. പക്ഷേ ജീവിതം വല്ലാതെ പരീക്ഷിച്ചു കളഞ്ഞവരെല്ലാം ആ സീന്‍ കാണുമ്പോള്‍ റിമോട്ടിലെ ‘Pause’ ബട്ടണ്‍ ഞെക്കി ഫ്രീമാന്റെ മുഖത്തു ഉറ്റുനോക്കും. തങ്ങളില്‍ തന്നെയുള്ള ദയനീയതയുടെ പരകോടിയെ മറ്റൊരാള്‍ ദൃശ്യവല്‍ക്കരിക്കുന്നത് അവര്‍ അല്‍ഭുതത്തോടെ കണ്ടുനില്‍ക്കും. ഞാനും കണ്ടുനിന്നിട്ടുണ്ട്, പലവട്ടം. കമ്പനികള്‍ ഓരോ തവണയും ശ്രവണന്യൂനത മൂലം ഒഴിവാക്കുമ്പോള്‍ ഞാന്‍ കരയും. ആ ദയനീയതയില്‍ നിന്നു മോചനം ആഗ്രഹിച്ചിരുന്നു. അതാദ്യം തന്നത് ഉമ മാഡമാണ്. ഓര്‍ക്കുക, ആദ്യമെത്തുന്നവര്‍ എന്നും വിശേഷപ്പെട്ടവരാണ്.
വീണ്ടും Employ Ability തൊഴില്‍മേളകളില്‍ ഞാന്‍ പങ്കെടുത്തു. ചെന്നൈയിലും ഹൈദരാബാദിലും പ്രതീക്ഷയോടെ ഞാനുണ്ടായിരുന്നു. ശ്രവണന്യൂനതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവഗണിക്കപ്പെട്ടിരിക്കണം എബിളിറ്റി ഫൗണ്ടേഷന്‍ എന്ന സ്ഥാപനം വികലാംഗരെ റിക്രൂട്ട് ചെയ്യണമെന്ന് ആഗ്രഹമുള്ള കമ്പനികള്‍ക്കു ഒരു പൊതുവായ പ്ലാറ്റ്ഫോം ഒരുക്കിക്കൊടുക്കുകയാണ് തൊഴില്‍മേള വഴി ചെയ്യുന്നത്. തൊഴില്‍മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍ ഉദ്യോഗാര്‍ത്ഥികളെ സെലക്ട് ചെയ്യാതെ അവഗണിച്ചാല്‍ അത് കമ്പനികളുടെ ഭാഗത്തു നിന്നുള്ള അലംഭാവം ആണ്. അല്ലാതെ എബിളിറ്റി ഫൗണ്ടേഷനു അതില്‍ യാതൊരു പങ്കുമില്ല. തൊഴില്‍മേള ഒരുക്കുന്നതിലും മറ്റു പ്രവര്‍ത്തങ്ങളിലും എബിളിറ്റി ഫൗണ്ടേഷന്റെ പ്രവര്‍ത്തനം തികച്ചും ശ്ലാഘനീയമാണ്. എന്റെ കാര്യത്തില്‍ അതായിരുന്നു ഫലം. ഔപചാരികതയില്‍ ഒതുങ്ങിപ്പോയ അഭിമുഖങ്ങള്‍. അപ്പോള്‍ മനസ്സിലാക്കി, ഉമ മാഡത്തെ പോലുള്ളവര്‍ വളരെ അപൂര്‍വ്വമാണ്. അത്തരക്കാര്‍ക്കു വംശനാശം വരാതെ നോക്കേണ്ടതു സമൂഹത്തിന്റെ കടമയാണ്.
ഇതുവരെ അഞ്ച് Employ Ability തൊഴില്‍മേളകളില്‍ ഞാന്‍ പങ്കെടുത്തു. ഇനിയും പങ്കെടുക്കുകയും ചെയ്യും. ജോലി സാധ്യത തേടിയെത്തുന്ന അസംഖ്യം വികലാംഗര്‍ക്കിടയില്‍ ഒരാളായി ഞാനുമുണ്ടാകും. അറിയാന്‍ പാടില്ലല്ലോ, എപ്പോഴാണ് ഉമാ മാഡത്തിനെ പോലുള്ളവര്‍ പ്രത്യക്ഷപ്പെടുകയെന്ന്. ഉദ്യോഗാര്‍ത്ഥിയുടെ കഴിവിനേയും ന്യൂനതയേയും അളന്നു മുറിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച്, യുവാര്‍ ടാലന്റഡ് എന്നു തോളില്‍തട്ടി അനുമോദിക്കുന്ന അത്തരക്കാരെ അന്വേഷിച്ച്, ഇനിയും ധാരാളം ഡിഫറന്റ്‌ലി ഏബിള്‍ഡ് (എന്തൊരു അരോചകമായ വിശേഷണമാണിത്! വികലാംഗര്‍ എന്നു വിളിക്കുന്നതാണ് കൂടുതല്‍ ഭേദം.) എന്നു വിളിക്കപ്പെടുന്നവര്‍ തൊഴില്‍മേളകളില്‍ വരും. കാരണം അവര്‍ക്കു പോകാന്‍ അധികം ഇടങ്ങളില്ല. എബിളിറ്റി ഫൗണ്ടേഷന്റേയും, ഇനേബിള്‍ ഇന്ത്യയുടേയും മറ്റും മഹത്വം അതാണ്.
***************
എല്ലാവരുടേയും ജീവിതത്തില്‍ ചില നിര്‍ജീവ കാലഘട്ടങ്ങള്‍ ഉണ്ടാകും. ലക്ഷ്യമില്ലാതെയുള്ള ജീവിതം, അല്ലെങ്കില്‍ ലക്ഷ്യത്തില്‍ എത്താതെയുള്ള ജീവിതം ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. പ്രത്യക്ഷത്തില്‍, ഇത്തരം കാലങ്ങള്‍ ജീവിതത്തേയും പ്രൊഫഷനേയും കുളം തോണ്ടുന്നതായി കാണാമെങ്കിലും, അടിത്തട്ടിനെ സ്പര്‍ശിച്ചുള്ള വിശകലനത്തില്‍, ഈ കാലഘട്ടം പോസിറ്റീവ് മാറ്റങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നു മനസ്സിലാക്കാം. അപ്പോള്‍ നാം ആശയക്കുഴപ്പത്തില്‍ ആകും. എന്തുകൊണ്ടാണ് നിര്‍ജീവതക്കിടയിലും പോസിറ്റീവ് മാറ്റങ്ങളുണ്ടാകുന്നത്? ഉത്തരം ലളിതം. ഇന്‍പുട്ട് ഒന്നുമില്ലാതെ തന്നെ കാലപ്രവാഹത്തിനു (Time) മനുഷ്യനില്‍ ചില ആഘാതങ്ങള്‍ ഉളവാക്കാന്‍ സാധിക്കും. അത്തരം ആഘാതങ്ങളില്‍ ചിലത്, തീര്‍ച്ചയായും, പോസീറ്റീവ് ഘടകങ്ങള്‍ പേറുന്നുണ്ടാകും. ഉദാഹരണമായി മനസ്സിന്റെ പക്വത (Maturity). ചുരുക്കത്തില്‍ നിര്‍ജീവതയുടെ അടിത്തട്ടിലും സജീവതയുടെ ഒരു അന്തര്‍ധാര ഉണ്ടെന്നു കാണാം.
ഉമ മാഡം നേടിത്തന്ന ജോലിയില്‍ വ്യാപൃതനായ കാലയളവ് ഒരു ‘നിര്‍ജീവ കാലഘട്ടം’ ആയിരുന്നു. ലക്ഷ്യമില്ലായ്മ അല്ല, മറിച്ച് ലക്ഷ്യത്തില്‍ എത്തായ്കയായിരുന്നു പ്രശ്‌നം. ഈ കാലത്ത് ഉടനീളം എന്റെ കഴിവുകളും അറിവുകളും ജോലിയില്‍ പരിമിതമായേ ഉപയോഗിക്കപ്പെട്ടുള്ളൂ. വേറെ വഴിയില്ലാത്തതിനാല്‍ അതിനു കീഴടങ്ങി ജീവിച്ചു. എങ്കിലും സജീവതയുടെ അന്തര്‍ധാര മനസ്സിനെ പാകമാക്കുന്നുണ്ടായിരുന്നു. ഒരുതരം തയ്യാറെടുപ്പിന്റെ രൂപത്തില്‍ പിന്നീടതു പ്രത്യക്ഷമായി.