- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- ഫൈനല്‍ ലാപ്പ് (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 18)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
ചില്ലുവാതില്‍ ഉന്തിത്തള്ളി ഞാന്‍ ഷോറൂമില്‍ പ്രവേശിച്ചു. ഷോറൂം ആകര്‍ഷകമായി അലങ്കരിച്ചിരുന്നു. എവിടേയും നല്ല വൃത്തി. സുതാര്യമായ ചില്ലലമാരകളില്‍ വിവിധ മൊബൈല്‍ ഫോണുകളുടെ വര്‍ണാഭമായ ഡമ്മി ബോക്‌സുകള്‍ നിരത്തി വച്ചിരിക്കുന്നു. ഒരിടത്തു മോട്ടോറല, മറ്റൊരിടത്തു സോണി. അനേകം മറ്റു ബ്രാന്‍ഡുകളും ഉണ്ട്. ഞാന്‍ NOKIA- ലോഗോയുള്ള ടീഷര്‍ട്ട് ധരിച്ച സെയില്‍സ് പ്രമോട്ടറെ സമീപിച്ചു. അദ്ദേഹം പുതിയ ആളായിരുന്നു.
കൈപിടിച്ചു കുലുക്കി ഞാന്‍ സ്വയം പരിചയപ്പെടുത്തി. ”സുനില്‍.”
പ്രമോട്ടര്‍ പ്രതിവചിച്ചു. ”നവീന്‍ ഗൗഡ.”
അതു മറ്റൊരു സൗഹൃദത്തിന്റെ ആരംഭമായിരുന്നു. ‘ചീസശമ, എീൃൗാ ങമഹഹ’ മൊബൈല്‍ ഷോറൂം പ്രമോട്ടറായ നവീനും കസ്റ്റമര്‍ സപ്പോര്‍ട്ട് എന്‍ജിനീയറായ സുനിലും തമ്മിലുള്ള സൗഹൃദത്തിന്റെ ആരംഭം. പിന്നീട് വേറെയും പ്രമോട്ടര്‍മാരെ ഞാന്‍ പരിചയപ്പെട്ടു. ചിലര്‍ അടുത്ത സുഹൃത്തുക്കളായി. ചിലര്‍ കൂട്ടം തെറ്റി പിരിഞ്ഞു പോയി. ചിലരെ ഞാന്‍ പിരിഞ്ഞു. ചിലര്‍ എന്നെ പിരിഞ്ഞു. രണ്ടുകൊല്ലം അങ്ങിനെ തീര്‍ന്നു. ഒടുക്കം എനിക്കു ബാക്കിയായത് തരിശായി കിടക്കുന്ന ജീവിതവും വളരെ അണ്ടര്‍ യൂട്ടിലൈസ് ചെയ്യപ്പെട്ട പ്രൊഫഷനുമായിരുന്നു.
***************
”നമ്മള്‍ എന്തിനാണ് ഇത്ര വളഞ്ഞു യാത്ര ചെയ്യുന്നത്. മജസ്റ്റിക്കില്‍നിന്നു ജാലഹള്ളിയിലേക്കു നേരിട്ടു ബസ് പിടിച്ചാല്‍ നേരത്തെ എത്താമല്ലോ.” ഷാജി ചോദിച്ചു.
ഞങ്ങള്‍ കയറിയ ബസ് ബിടിഎം സിഗ്‌നല്‍ കുരുക്കില്‍പെട്ടു കിടക്കുകയാണ്. ഇനിയുമേറെ ദൂരം താണ്ടാനുണ്ട്. സില്‍ക്ക് ബോര്‍ഡ്, മാര്‍ത്തഹള്ളി, ടിന്‍ ഫാക്ടറി, ഹെബ്ബാല്‍, ബെല്‍ സര്‍ക്കിള്‍ വഴി ജാലഹള്ളിയിലേക്കാണ് യാത്ര. തികച്ചും വളഞ്ഞ റൂട്ട്.
ഞാന്‍ തലയാട്ടി സമ്മതിച്ചു.
”പിന്നെന്താ ഔട്ടര്‍റിംഗ് റോഡിലൂടെ…” ഷാജി വിട്ടില്ല.
ഞാന്‍ പറഞ്ഞു. ”ഷാജി, എനിക്ക് ഈ റോഡുമായി എന്തോ ആത്മബന്ധമുണ്ട്. അതെങ്ങിനെ വന്നു എന്നറിയില്ല. ഈ റോഡിലൂടെ യാത്ര ചെയ്യാന്‍ വളരെ ഇഷ്ടമാണെന്നു മാത്രം പറയുന്നു.”
ഷാജി സംസാരം നിര്‍ത്തി.
ഞാന്‍ ജോലിക്കു ചേര്‍ന്ന ശേഷം ആറുമാസം കഴിഞ്ഞാണ് കമ്പനിക്കു സിഡിഎന്‍ പ്രോജക്ട് കിട്ടുന്നത്. ബാംഗ്ലൂര്‍ നഗരത്തിലെ തിരഞ്ഞെടുത്ത മൊബൈല്‍ ഷോറൂമുകളില്‍ കമ്പനി ബ്രാന്‍ഡ് ലാപ്‌ടോപ്പും വയര്‍ലസ് റൗട്ടറും സ്ഥാപിച്ച് ഇന്റര്‍നെറ്റ് കണക്ഷന്‍ സുഗമമാക്കുന്ന പ്രക്രിയ. ഒപ്പം വിവിധ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്ന മെക്കാനിസവും പ്രാവര്‍ത്തികമാക്കണം. പ്രോജക്ട് തുടങ്ങിയ സമയത്തു പത്തോളം അംഗങ്ങള്‍ ടീമില്‍ ഉണ്ടായിരുന്നു. ഇന്‍സ്റ്റലേഷന്‍ ഘട്ടം കഴിഞ്ഞ് ആറു മാസമായപ്പോള്‍ ഞാന്‍ മാത്രമായി ചുരുങ്ങി. ദിവസവും ബാംഗ്ലൂര്‍ നഗരത്തില്‍ ചുറ്റിനടന്നു 2-3 പരാതി കാളുകള്‍ കൈകാര്യം ചെയ്യണം. ഒരു കൊല്ലം ഇങ്ങിനെ പോയി. രണ്ടാമത്തെ കൊല്ലം എംപിഎല്‍എസ് ടെക്‌നോളജി സ്ഥാപിച്ചതോടെ കാളുകളുടെ എണ്ണം ഒരിടക്കാലത്ത് ഉയര്‍ന്നു. സഹായിയെ ആവശ്യമാണെന്നു മനസ്സിലാക്കി ഞാന്‍ മാനേജറുമായി സംസാരിച്ചു. അദ്ദേഹം എച്ച്ആര്‍ എക്‌സിക്യുട്ടീവിനെ വിളിച്ചു പറഞ്ഞു.
”രമേഷ്. സിഡിഎന്നിലേക്ക് ഒരു എന്‍ജിനീയറെ കൂടി റിക്രൂട്ട് ചെയ്യൂ. സുനിലിനു എല്ലാ കാളുകളും കൈകാര്യം ചെയ്യാനാകുന്നില്ലെന്ന്.”
ഒരാഴ്ചക്കുള്ളില്‍ ഷാജി ജോയിന്‍ ചെയ്തു.
ബിഎംടിസി ബസിന്റെ പിന്‍ഭാഗത്താണ് ഞങ്ങള്‍ ഇരുന്നിരുന്നത്. വെയില്‍ കൊള്ളാതിരിക്കാന്‍ ഞാന്‍ ഗ്ലാസ്‌വിന്‍ഡോയില്‍ നിന്നു കുറച്ച് അകന്നിരുന്നു. ട്രാഫിക്ക് മൂലം ബസ് സാവധാനം സഞ്ചരിച്ചു. സില്‍ക്ക്‌ബോര്‍ഡ് പിന്നിട്ടതോടെ വേഗതയെടുത്തു.
ഔട്ടര്‍റിങ് റോഡിലൂടെ യാത്ര ചെയ്യാന്‍ ഇഷ്ടമാണെന്നു ഞാന്‍ വെറുതെ പറഞ്ഞതായിരുന്നില്ല. റിങ്‌റോഡിനോട് ഒരുതരം ആത്മബന്ധം എന്നും തോന്നിയിരുന്നു. എല്ലാത്തിന്റേയും ആരംഭം ബാംഗ്ലൂരില്‍ എത്തിയ ദിവസം തന്നെയാണ്. റൂമിലിരുന്നു മുഷിഞ്ഞെന്നു പറഞ്ഞപ്പോള്‍ രാജു മാര്‍ത്തഹള്ളി വരെ കൂട്ടിക്കൊണ്ടു പോയി. അതും രാത്രി ഒമ്പതു മണിക്ക്. ആളുകള്‍ ഒഴിഞ്ഞ ബിഎംടിസി ബസില്‍, തണുത്ത കാറ്റേറ്റു ഞങ്ങള്‍ യാത്ര ചെയ്തു. വശങ്ങളില്‍ അധികം കെട്ടിടങ്ങളില്ലാത്ത, ഗതാഗത തടസ്സമില്ലാത്ത നീണ്ട റോഡ്. മനസ്സിലെ സമ്മര്‍ദ്ദം കുറയുന്നത് ഞാന്‍ വ്യക്തമായും മനസ്സിലാക്കി. മാര്‍ത്തഹള്ളി ബ്രിഡ്ജിനു മുകളില്‍ തുറന്നിരുന്ന തട്ടുകടയില്‍ ഞങ്ങള്‍ കയറി. കടയ്ക്കു സമീപം ടര്‍പായ വലിച്ചുകെട്ടി, അതിനു കീഴില്‍ ചുവന്ന പ്ലാസ്റ്റിക് സ്റ്റൂളുകള്‍ നിരത്തിയിരുന്നു. മൂലയിലെ സ്റ്റൂളില്‍ ഇരുന്നാല്‍ താഴെക്കൂടി ശരവേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ കാണാം. ഞങ്ങള്‍ അവിടെ ഇരുന്നു. വാഹനങ്ങളുടെ ശബ്ദവും രാവിന്റെ നിശബ്ദതയും ഞങ്ങള്‍ക്കു കൂട്ടായി. തട്ടുകടയിലെ പയ്യന്‍ കൊണ്ടുവന്ന ഇഡ്ഢലിയും ചമ്മന്തിയും ഓംലൈറ്റും ആസ്വദിച്ചു കഴിച്ചു. എല്ലാം കഴിഞ്ഞു മുറിയിലേക്കു തിരിക്കുമ്പോഴേക്കും ഔട്ടര്‍റിങ് റോഡ് മനസ്സില്‍ തറച്ചു കയറിയിരുന്നു. അങ്ങിനെ കുറേ രാത്രികള്‍ വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. പില്‍ക്കാലത്തു ഗതാഗത തടസ്സവും മറ്റും അനുഭവിക്കേണ്ടി വന്നിട്ടും റിങ്‌റോഡിനെ ഒരിക്കലും പഴി പറഞ്ഞിട്ടില്ല. ബാംഗ്ലൂരിലെ ആദ്യദിവസങ്ങളില്‍ എന്നിലെ സംഘര്‍ഷങ്ങള്‍ ഞാന്‍ പരിഹരിച്ചിരുന്നത് റിങ്‌റോഡിനു സമീപം ഇരുന്നായിരുന്നല്ലോ?
ഔട്ടര്‍റിങ് റോഡ് എന്റെ മനസ്സിന് ഇഷ്ടപ്പെട്ട പരിതസ്ഥിതിയായത് എങ്ങിനെയാണ്? എല്ലാവര്‍ക്കും സ്വന്തം നാട്, വീട്, മുറി എന്നിവയോടു തോന്നുന്ന അടുപ്പം എനിക്കറിയാം. ചിലര്‍ക്കു വാച്ച്, ചാരുകസേര തുടങ്ങിയ വസ്തുക്കളോടു പോലും മമതയുണ്ടാകും. ദൈനംദിന ജിവിതത്തില്‍ നമ്മെ ഉള്‍ക്കൊള്ളുന്ന ഇടങ്ങളോടു തോന്നുന്ന അഭിനിവേശം സ്വാഭാവികമാണ്. പക്ഷേ എന്നെ സംബന്ധിച്ച് ഔട്ടര്‍റിങ് റോഡ് നിത്യജീവിതത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ആ റോഡിലൂടെ സഞ്ചരിച്ചതിലും കൂടുതല്‍ മറ്റു റോഡുകളിലൂടെ സഞ്ചരിച്ചിട്ടുണ്ട്. പിന്നെയെന്താണ് റിങ്‌റോഡിനെ എന്നിലേക്ക് അടുപ്പിച്ചത്? മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധം സവിശേഷരീതിയില്‍ സ്വാധീനിച്ചതാണെന്നു തോന്നുന്നു. റിങ്‌റോഡിലെ സാഹചര്യങ്ങളെ, ചുറ്റുപാടുകള്‍ ഉള്‍പ്പെടെ, പ്രത്യേകരീതിയിലാണ് ഞാന്‍ ഉള്‍ക്കൊണ്ടത്. ആ പാത ടാറും കല്ലും നിറഞ്ഞ മെറ്റീരിയല്‍ നിര്‍മ്മിതിയാണെന്ന് ആന്തരികമായി തോന്നിയിട്ടില്ല, ബാഹ്യമായി അങ്ങിനെയാണെങ്കിലും. റിങ് റോഡ് ശരീരവും മനസ്സുമുള്ള ഒരു വ്യക്തിയാണെന്നു കരുതാനാണ് എനിക്കിഷ്ടം. ഭൗതികവസ്തുക്കള്‍ക്കു മാനുഷികഭാവങ്ങള്‍ കല്പിക്കുന്നതില്‍ യുക്തിയുണ്ടോ? എനിക്കറിയില്ല* ‘പക്ഷേ മനുഷ്യനു നല്‍കാന്‍ കഴിയാത്ത സാന്ത്വനം ചില ചുറ്റുപാടുകള്‍ എനിക്കു നല്‍കിയിട്ടുണ്ട്. ഉദാഹരണമായി രണ്ടു ഫ്‌ളൈഓവറും ഏതാനും കടകളും ഒരു ഹനുമാന്‍ കോവിലുമുള്ള അഗര ജംഗ്ഷന്‍. ഇവിടെ അധികം തിരക്കില്ലാത്ത സമയത്തുവന്നു നില്‍ക്കാനും, ഏതെങ്കിലും കടയില്‍ നിന്ന് ഇളനീരോ ചായയോ കുടിക്കാനും എനിക്ക് വളരെ ഇഷ്ടമാണ്. അപ്പോഴെല്ലാം ഒരു സുഹൃത്തിന്റെ സാമീപ്യം അനുഭവപ്പെടും. അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. പ്രകൃതിക്കു മനുഷ്യനു മേലുള്ള സ്വാധീനശക്തി പലരിലും പലതരത്തിലാണ് പ്രത്യക്ഷമാവുകയെന്നു മാത്രം അറിയുക.
ബസ് മാര്‍ത്തഹള്ളിയില്‍ എത്തിയപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. ഷാജിയുടെ മുഖത്തു ചോദ്യഭാവം. ഞാന്‍ പറഞ്ഞു.
”ഇവിടെയൊരു മലയാളി ഹോട്ടലുണ്ട്. നമുക്കു ഊണ് കഴിച്ചിട്ടു പോകാം.”
മട്ട അരി ചോറും മീന്‍കറിയും കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ ഷാജി സന്തോഷിച്ചു. ജോലിയെപ്പറ്റി എന്നോടു കൂടുതല്‍ അന്വേഷിച്ചു.
”ഈ പ്രോജക്ട് പണി പഠിക്കാന്‍ നല്ലതാണോ?”
ഞാന്‍ അനുകൂലിച്ചു. ”തീര്‍ച്ചയായും. ഷാജി ഐടി രംഗത്തു തുടക്കക്കാരനല്ലേ. ജോലി പരിചയമാകാന്‍ ഈ പ്രോജക്ട് ധാരാളമാണ്.”
ഷാജി അന്വേഷിച്ചു. ”സാറിനോ?”
”എനിക്ക്…’ഞാന്‍ വിക്കി. ”എനിക്ക് ഈ പ്രോജക്ടില്‍ നിന്നു കുറച്ചു പുതിയ അറിവുകളേ കിട്ടിയുള്ളൂ. ഒരു പ്രോക്‌സി സെര്‍വര്‍ ഇന്‍സ്റ്റലേഷന്‍. പിന്നെ അതിന്റെ കോണ്‍ഫിഗറേഷനും പ്രവര്‍ത്തനവും. പ്രോജക്ടിലെ മറ്റു ജോലികള്‍ മുമ്പേ അറിയാമായിരുന്നു.”
”ഞാന്‍ നെറ്റ്‌വര്‍ക്കിങ്ങ് സര്‍ട്ടിഫിക്കേഷന്‍ എടുത്താലോ എന്നാലോചിക്കുകയാണ്. സാറിന് ഏതെങ്കിലും സര്‍ട്ടിഫിക്കേഷന്‍ ഉണ്ടോ?”
”എനിക്കു മൂന്നു സര്‍ട്ടിഫിക്കേഷന്‍ ഉണ്ട് ഷാജി. CCNA 2002ല്‍ എടുത്തു, 2004-ല്‍ MCSA,Solaris SCNA ലഭിച്ചത് 2009-ലും.”
ഷാജി അല്‍ഭുതപരതന്ത്രനായി. ”ഇതൊക്കെ ഉണ്ടായിട്ടെന്താ ഈ ജോലി ചെയ്യുന്നത്. വേറെ നോക്കിക്കൂടെ.”
ഞാന്‍ ചിരിച്ചു. ”ശ്രമിക്കാഞ്ഞിട്ടല്ല. ശ്രവണന്യൂനത മൂലം കമ്പനികള്‍ അവഗണിക്കുന്നതാണ്.”
”സുഹൃത്തുക്കള്‍ ശ്രമിച്ചാല്‍ കിട്ടില്ലേ?”
”സുഹൃത്തുക്കളാണെന്നു കരുതിയവരെല്ലാം, സത്യത്തില്‍, തിരിച്ചിങ്ങോട്ടും അങ്ങിനെ കരുതുന്നില്ലെന്നതാണ് എന്നെ ഞെട്ടിച്ച പ്രധാന വസ്തുത. അഞ്ചാറു കൊല്ലത്തിനിടയില്‍ രണ്ടോ മൂന്നോ എസ്എംഎസ് മാത്രമയച്ചവരെ, അതും ഇന്‍ഫോര്‍മല്‍ മെസേജ്, സുഹൃത്തുക്കളായി കാണാനാകില്ല. ഇടക്കൊക്കെ ഹേയ് ഡ്യൂഡ്, വാട്ട്‌സ് അപ് എന്നുള്ള മെസേജുകള്‍ ഞാന്‍ പ്രതീക്ഷിച്ചിട്ടുണ്ട്. നിരാശയായിരുന്നു ഫലം. പിന്നെ ചില സഹായങ്ങള്‍ കിട്ടിയിട്ടുണ്ട്. അതും പ്രതീക്ഷിക്കാത്തവരില്‍ നിന്ന്. ക്ലാസ്മുറിയില്‍ എന്നോടു സംസാരിക്കാതെ മൂന്നുകൊല്ലം മൗനം പാലിച്ചവരില്‍ ചിലര്‍, സത്യത്തില്‍, എന്റെ അടുത്ത സുഹൃത്തുക്കളായിരുന്നു. അതു മനസ്സിലായത് വര്‍ഷങ്ങള്‍ക്കു ശേഷമാണെന്നതാണ് അതിലെ ട്രാജഡി.”
”നമ്മുടെ ഓഫീസിലെ സഹപ്രവര്‍ത്തകര്‍ എങ്ങിനെയാണ് പെരുമാറുക. പറയുന്നതു കേട്ടില്ലെങ്കില്‍ കളിയാക്കുമോ?”
”മുഖത്തോടു മുഖം നോക്കി വെര്‍ബല്‍ അബ്യൂസിങ്ങ് ഒരിക്കലും ഉണ്ടായിട്ടില്ല. പക്ഷേ പരോക്ഷമായി കളിയാക്കുന്ന തരം പെരുമാറ്റം ഉണ്ടായിട്ടുണ്ട്. ഒരു ഉദാഹരണമായി, എന്നോട് എന്തെങ്കിലും കാര്യം പറഞ്ഞിട്ടു ഞാന്‍ കേട്ടില്ല, എന്താണ് പറഞ്ഞതെന്നു തിരിച്ചുചോദിക്കുമ്പോള്‍ അപരന്‍ ഒന്നുമില്ലെന്നു ചുമലനക്കും. ചിലപ്പോള്‍ അടുത്തിരിക്കുന്ന ആളോട് എന്നോടു സംസാരിക്കാന്‍ പറയും. ഇങ്ങിനെ പെരുമാറുമ്പോള്‍ അവരുടെ ശരീരഭാഷ മോശമായിരിക്കും. ഇതെല്ലാം പരോക്ഷ കളിയാക്കലായി അനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ വേറൊരു കാര്യവും ഇവിടെ പ്രസക്തമാണ്. ഇങ്ങിനെ പെരുമാറുന്നവര്‍, അറിഞ്ഞു കൊണ്ടു മനഃപൂര്‍വ്വം ചെയ്യുന്നതാണെന്നു തോന്നുന്നില്ല. ഇത്തരം പെരുമാറ്റങ്ങള്‍ എന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് അവര്‍ക്ക് അറിയില്ല. കാരണം അവര്‍ക്കു ശ്രവണന്യൂനത ഉള്ളവരെ പരിചയമില്ല. ന്യൂനതയുള്ളവരുടെ മാനസിക വിചാരങ്ങളും ചിന്താരീതിയും പരിചയമില്ല. അതാണ് പരോക്ഷമായി കളിയാക്കുന്നുവെന്നു, ഞാന്‍ കരുതുന്ന പോലെ അവര്‍ പെരുമാറുന്നത്. പിന്നെ മനസ്സ് വേദനിച്ചാലും ഞാനതു മറ്റുള്ളവരോടു പറയാറില്ല. ഇത്തരം പെരുമാറ്റം തുടരാന്‍ അതുമൊരു കാരണമാണ്.”
”കസ്റ്റമര്‍ സൈറ്റുകളില്‍ ഉള്ളവരോ?”
”ആദ്യം കരുതിയിരുന്നതു സൈറ്റുകളിലായിരിക്കും ഞാന്‍ പ്രധാനമായും പ്രശ്‌നങ്ങള്‍ നേരിടുകയെന്നാണ്. പക്ഷേ അദ്ഭുതകരമെന്നു പറയട്ടെ, സിഡിഎന്‍ പ്രോജക്ടിലുള്ള അമ്പത്തിമൂന്നു സൈറ്റുകളിലും ഒരു പ്രശ്‌നവും നേരിട്ടിട്ടില്ല. എല്ലാവരും നല്ല സഹകരണം നല്‍കി. ടെക്‌നിക്കല്‍ മേഖലയില്‍ പിഴവുകള്‍ വരുത്തരുതെന്ന ഡിമാന്റേ അവര്‍ക്കുള്ളൂ. അതു ഞാന്‍ നിറവേറ്റുന്നുണ്ട്. ദല്‍ഹിയിലുള്ള സിഡിഎന്‍ പ്രോജക്റ്റ് ഹെല്‍പ്പ്‌ഡെസ്‌കും നന്നായി സഹകരിക്കുന്നു.”
”ഞാനൊരു കാര്യം ചോദിച്ചാല്‍ ദേഷ്യപ്പെടുമോ?”
ഇല്ലെന്ന് ഉറപ്പുകൊടുത്തു. ഷാജി ചോദിച്ചു. ”ആരെങ്കിലും പൊട്ടന്‍ എന്നു വിളിച്ചിട്ടുണ്ടോ?”
എനിക്കു രസം തോന്നി. ഷാജി ധൈര്യവാനാണ്.
”ഉണ്ടല്ലോ ഷാജി. ചിലര്‍ വിളിച്ചിട്ടുണ്ട്. പണ്ടുപണ്ട് വീട്ടുമുറ്റത്തു മുത്തശ്ശിയുടെ മടിയില്‍, കൂടണയാന്‍ പോകുന്ന കാക്കകളുടെ എണ്ണമെടുത്തു കിടക്കുമ്പോള്‍ മുത്തശ്ശി സ്‌നേഹത്തോടെ വിളിക്കുമായിരുന്നു, പൊട്ടന്‍ എന്ന്. പിന്നെ വികൃതി കാണിച്ചു പിടികൊടുക്കാതെ ഓടുമ്പോള്‍ ചെറിയമ്മ പറയുമായിരുന്നു, ഈ പൊട്ടനെക്കൊണ്ട് തോറ്റു എന്ന്. അക്കാലങ്ങളില്‍ എനിക്കു ശ്രവണ ന്യൂനത ഇല്ലായിരുന്നു എന്നതാണ് ഏറെ രസകരം.”
ഞാന്‍ തുടരാന്‍ ആഞ്ഞു. ഷാജി ചിരിച്ചുകൊണ്ട് എന്നെ തടഞ്ഞു. ഞങ്ങള്‍ സംഭാഷണം നിര്‍ത്തി. ആവി പറക്കുന്ന ചോറും കറികളും നിരന്നു. വല്ലപ്പോഴും കിട്ടുന്ന സദ്യ പോലെ ആസ്വദിച്ചു കഴിച്ചു. ബില്ല് പേ ചെയ്തു പുറത്തിറങ്ങി.
ഇനി ഹെബ്ബാലിലേക്ക്. ഒരു മണിക്കൂര്‍ യാത്രയുണ്ട്. ഷാജി മയക്കത്തിലേക്കു വഴുതി. ഞാന്‍ ബാഗില്‍നിന്ന് ഒരു പുസ്തകം വായിക്കാനെടുത്തു.
സിഡിഎന്‍ പ്രോജക്ട് എന്‍ജിനീയറുടെ ഭാഗത്തു നിന്നു കാര്യമായ ശാരീരികാധ്വാനം ആവശ്യപ്പെട്ടു. ജോലിയുടെ എഴുപത് ശതമാനവും യാത്രയാണ്. ബിഎംടിസി (Bangalore Metro Transport Corporation) ബസില്‍ നഗരത്തിനകത്തും പുറത്തും ഞാന്‍ അവിരാമം സഞ്ചരിച്ചു. ഏപ്രില്‍ – മെയിലെ കടുത്ത ചൂടിലും, ജൂലായിലെ മണ്‍സൂണ്‍ മഴയിലും നഗരത്തില്‍ അലഞ്ഞു നടന്ന് അവശനായി. രാത്രിയില്‍, മുറിയിലെത്തുമ്പോള്‍ ശാരീരികക്ഷീണം പരകോടിയിലായിരിക്കും. അതില്‍നിന്നു രക്ഷ തേടി ഉറങ്ങും. ഉറക്കം പകല്‍ സമയത്തെ കേടുപാടുകള്‍ തീര്‍ക്കും** . കസ്റ്റമര്‍ സൈറ്റുകളില്‍ ഒന്നില്‍ നിന്നു മറ്റൊന്നിലേക്കു പായുമ്പോള്‍ ഞാനെന്നും സ്വയം ചോദിക്കുന്ന ചോദ്യമുണ്ട്. ഫീല്‍ഡ്‌വര്‍ക്കില്‍ നിന്നു എന്നാണ് മോചനം? ഫീല്‍ഡു ജോലി ചെയ്തു തുടങ്ങുന്നത് 2002-ലാണ്. ചാലക്കുടിയിലെ സ്ഥാപനത്തില്‍ സെയില്‍സ് & സര്‍വ്വീസിങ്ങ് ചെയ്തു. തിരുവനന്തപുരത്തും ബാംഗ്ലൂരിലെ ആദ്യജോലിയിലും ഫീല്‍ഡുവര്‍ക്കും ഓഫീസ് വര്‍ക്കും ഇടകലര്‍ന്നു. ഇപ്പോഴാകട്ടെ മുഴുവന്‍ സമയവും പുറത്ത്. ക്രമാനുഗതമായ വളര്‍ച്ച. ഇതില്‍ തമാശയുണ്ട്. തൊഴിലന്വേഷണത്തിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ ഫീല്‍ഡ് ജോലിക്കു അനുയോജ്യനല്ലെന്നു തീര്‍പ്പ് കല്പിച്ച കമ്പനികളുണ്ട്. അന്നു പ്രതികാര ബുദ്ധിയോടെ പ്രാര്‍ത്ഥിച്ചിരുന്നതു ഫീല്‍ഡുജോലി ലഭിക്കണേ എന്നാണ്. ഫലം കിട്ടാത്ത നിരവധി പ്രാര്‍ത്ഥനകള്‍ക്കിടയില്‍ ഇതിനു മാത്രം ഫലം കിട്ടി! അതാകട്ടെ ശാപത്തിന്റെ ഗുണവും ചെയ്തു. ഒരുമിച്ചു ഫീല്‍ഡു ജോലി ആരംഭിച്ച സുഹൃത്തുക്കളെല്ലാം അരങ്ങൊഴിഞ്ഞു. അതിന് ആഗ്രഹമുള്ളവനെ കമ്പനികള്‍ വെറുതെ വിടുന്നുമില്ല. ഫലം, ഫീല്‍ഡുജോലി എനിക്കു യോജിച്ചതല്ലെന്നു വിധിയെഴുതിയ കമ്പനികള്‍ ഇപ്പോള്‍ യുടേണ്‍ ചെയ്തു പറയുന്നു.
”നിനക്കു ഫീല്‍ഡു ജോലിയേ ചെയ്യാനാകൂ.”
ഞാന്‍ എന്ത് ചെയ്യും?
സിഡിഎന്‍ പ്രോജക്ടിലെ നിരന്തര യാത്രകളെ അതിജീവിക്കാന്‍ ഞാന്‍ പുസ്തകങ്ങളെ അഭയം പ്രാപിച്ചു. നഗരത്തിലെത്തിയ ശേഷം ആഴ്ചപ്പതിപ്പുകളില്‍ ഒതുങ്ങിനിന്ന വായനയെ സിഡിഎന്‍ പ്രോജക്ട് ഉയിര്‍ത്തെഴുന്നേല്‍പ്പിച്ചു. സഹൃദയരായ സുഹൃത്തുക്കള്‍ അവരുടെ ബര്‍ത്ത്‌ഡേ, എന്‍ഗേജ്‌മെന്റ്, ജോലിമാറ്റം എന്നീ വിശേഷങ്ങളില്‍ പുസ്തകങ്ങള്‍ ട്രീറ്റായി വാങ്ങിത്തന്ന്, സ്വന്തം കൈപ്പടയില്‍ പ്രോത്സാഹന വാക്കുകള്‍ എഴുതി ഒപ്പിട്ടു.
“All the best for your future assignments.’
‘Do not read much, but write, because only writers can write, but everyone can read.’
അങ്ങിനെ ഒരുപാട് ആശംസകളും പ്രോത്സാഹനങ്ങളും.
വായന ഇഷ്ടമുള്ള ഒരു വ്യക്തിക്കു താന്‍ അകപ്പെട്ടിരിക്കുന്ന സാഹചര്യങ്ങളേയും ബുദ്ധിമുട്ടുകളേയും വിസ്മരിപ്പിക്കാന്‍ പറ്റിയ ഉപാധികളിലൊന്നാണ് പുസ്തകവായന. ഒരു നല്ല തുടക്കം കിട്ടുകയേ വേണ്ടൂ. പിന്നെ തിരിഞ്ഞു നോക്കേണ്ടതില്ല. ഇന്നില്‍ മാത്രം ജീവിക്കുക. ഇന്ന് എന്തൊക്കെ ചെയ്തു എന്നു രേഖപ്പെടുത്താറുള്ള എന്റെ ഡയറിക്കുറിപ്പുകളില്‍ നിറഞ്ഞു കിടക്കുന്നത്, ഏതു ബുക്കിലെ എത്ര പേജുകള്‍ വായിച്ചു എന്ന വിവരങ്ങളാണ്. നേട്ടങ്ങളുടെ കണക്കില്‍ പുസ്തകങ്ങളുടെ പേരുകള്‍ മാത്രം. ഭാവിയില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പുസ്തക ശേഖരണത്തില്‍ ഒതുങ്ങി.
സിഡിഎന്‍ പ്രോജക്ട് എന്റെ ടെക്‌നിക്കല്‍ മത്സരക്ഷമതയെ വല്ലാതെ ചോര്‍ത്തിക്കളയുന്നു എന്ന സത്യം, ഒരു വര്‍ഷത്തിലധികം പുസ്തക കമ്പം എന്നില്‍ നിന്നു മറച്ചു പിടിച്ചു. ആരെങ്കിലും എന്നെ കുലുക്കി ഉണര്‍ത്തേണ്ടതുണ്ടായിരുന്നു. ബന്നര്‍ഘട്ട റോഡിലെ ഒരു ആഗോള കമ്പനി ആ ദൗത്യം നിര്‍വഹിച്ചു. വികലാംഗര്‍ക്കു മാത്രമായി നടത്തിയ സ്‌പെഷ്യല്‍ റിക്രൂട്ടുമെന്റില്‍ ഞാന്‍ തറപറ്റി. അല്ല, എന്നെ തറ പറ്റിച്ചു. അവന്‍ തോല്‍ക്കുന്നില്ലെങ്കില്‍ നമ്മളും തോല്‍ക്കുന്നില്ല. വിധിക്കുന്നതു നാം, അതിനാല്‍ ജയിക്കുന്നതും നാം എന്ന ലൈന്‍. ആ തോല്‍വി ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിരുന്നു. വായനയുടെ ലോകത്തു നിന്നു മാത്രമല്ല, അന്നുവരെ പുലര്‍ത്തിയ ചില കണക്കുകൂട്ടലുകളില്‍ നിന്നും ഞാന്‍ പിന്തിരിഞ്ഞു. ഐടി മേഖലയുടെ അവഗണനക്കെതിരെ പേന കയ്യിലെടുക്കാന്‍ ഞാന്‍ ദൃഢനിശ്ചയം ചെയ്തത് ഈ തിരിച്ചടിക്ക് ശേഷമാണ്.
സ്‌കൂളില്‍ പഠിക്കുന്ന കാലം. എസ്എസ്എല്‍സി പരീക്ഷയില്‍ കണക്കു വിഷയങ്ങള്‍ക്കു കിട്ടിയ മാര്‍ക്ക് 92 (45+47). കുഴപ്പം പിടിച്ച സമവാക്യങ്ങള്‍ ഞാന്‍ എളുപ്പത്തില്‍ പരിഹരിച്ചു തള്ളി. കോളേജില്‍ കാല്‍ക്കുലസും ഡിഫറന്റിയേഷനും അധികം ബുദ്ധിമുട്ടിച്ചില്ല. അങ്ങിനെ കണക്കുകൂട്ടലുകളില്‍ അഗ്രഗണ്യനായവന്, പക്ഷേ ജീവിതത്തിലെ കണക്കുകള്‍ മിക്കതും പിഴച്ചു. ജീവിതം ഒരു ഗണിതക്രിയ അല്ലായിരുന്നു.
ഷാജി ആറുമാസമേ കൂടെ ജോലി ചെയ്തുള്ളൂ. ശേഷം മറ്റൊരു പ്രോജക്ടിലേക്കു മാറി. എച്ച്ആര്‍ എക്‌സിക്യുട്ടീവ് എന്നോടു പറഞ്ഞു.
”കോണ്‍ട്രാക്ടില്‍ ചെറിയ മാറ്റം വന്നിട്ടുണ്ട്. ഇനി മുതല്‍ ഒരു എന്‍ജിനീയറേ സിഡിഎന്‍ പ്രോജക്ടില്‍ ഉണ്ടാകൂ. അതു സുനിലാണ്. പ്രോജക്ടിലെ പകുതിയോളം സൈറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാന്‍ പോവുകയാണ്. അതിനാല്‍ ജോലിഭാരം കൂടുതലുണ്ടാവില്ലെന്ന് ഉറപ്പു തരുന്നു.”
ഞാന്‍ എല്ലാം തലയാട്ടി സമ്മതിച്ചു. ഒറ്റയ്ക്കായതില്‍ അസ്വസ്ഥത തോന്നിയില്ല. അതൊരു തുടക്കമായിരുന്നു. മാനറിസങ്ങളും ഇഷ്ടങ്ങളും മാറിമറിയുന്ന ഘട്ടത്തിന്റെ തുടക്കം. ഒറ്റയ്ക്കു സഞ്ചരിക്കുമ്പോഴും, ജോലി ചെയ്യുമ്പോഴും, മുറിയിലായിരിക്കുമ്പോഴും കൂടുതല്‍ ആശ്വാസവും സ്വസ്ഥതയും തോന്നിത്തുടങ്ങി. മനുഷ്യന്‍ സാമൂഹിക ജീവിയാണെന്ന ബോധ്യമുണ്ടെങ്കിലും കൂടുതല്‍ ആശ്വാസം തന്നത് ഒറ്റപ്പെടലുകളാണ്. എന്റെ സ്വഭാവത്തിലും രീതികളിലും മാറ്റം വന്നു. രാത്രിയില്‍ ടെറസിലെ നടത്തം വരാന്തയിലേക്കും പിന്നെ പകല്‍ സമയത്തേക്കും, പിന്നെപ്പിന്നെ ഒഴിവ് സമയത്താകെയും വ്യാപിച്ചു. തലച്ചോറില്‍ ആശയങ്ങളുടെ തിക്കുമുട്ടല്‍. സംസാരിക്കാന്‍ കൂടെ ആരുമില്ലാത്തതിനാല്‍ ഞാന്‍ തന്നെ എന്നിലെ ആശയങ്ങളോടു സംവദിച്ചു. ആദ്യം മാനസികമായും, പിന്നെ മറ്റുള്ളവരോടു സംസാരിക്കുന്ന പോലെ നേരിട്ടും. ഞാന്‍ ഏകനായിരുന്ന മുറിയില്‍ അങ്ങിനെ രണ്ടു വ്യക്തികളായി. ഞാനും എന്റെ ചിന്തകളും. അവര്‍ തമ്മില്‍ നിരന്തരം സംസാരിച്ചു, ചിരിച്ചു, കലഹിച്ചു, പിണങ്ങി, ഇണങ്ങി. ദിവസത്തില്‍ കുറച്ചു സമയം മാത്രം മറ്റുള്ളവരോടു സംസാരിക്കാന്‍ വിധിക്കപ്പെട്ടതിനെ ഞാന്‍ അതിജീവിച്ചത് ഇങ്ങിനെയായിരുന്നു *** മറ്റുള്ളവരുടെ പെരുമാറ്റവും അവരെന്നോടു തുടര്‍ന്ന മൗനവും എന്നെ ആക്കിത്തീര്‍ത്തത് ഇങ്ങിനെയാണ്.
ഏകാന്ത തടവിനു ശിക്ഷിക്കപ്പെട്ട തടവുകാരന്റെ സെല്ലിനു പുറത്തു നിന്നു നോക്കൂ. ലോകത്തില്‍ ഇന്നുവരെ എഴുതപ്പെട്ടിട്ടില്ലാത്ത വേറിട്ട ചിന്തകള്‍, ഒരുപക്ഷേ, തടവുകാരന്‍ ഉച്ചത്തില്‍ പറയുന്നതു കേള്‍ക്കാം. ഓര്‍മ്മകള്‍ ശിഥിലമാകാതെ സൂക്ഷിക്കാനുള്ള മനസ്സിന്റെ പെടാപ്പാട്. അതു തന്നില്‍ തന്നെ ഒരുവനെ പ്രതിഷ്ഠിപ്പിച്ചു, അവനോടു സംസാരിപ്പിക്കുന്നു. കളിപ്പിക്കുന്നു. പരിഭവിപ്പിക്കുന്നു. ഇതെല്ലാം ഭ്രാന്തന്മാരുടെ മാത്രം രീതികളാണെന്ന് ആരാണ് പറഞ്ഞത്?
ബാംഗ്ലൂരിലെ പകുതിയോളം സൈറ്റുകള്‍ സിഡിഎന്‍ പ്രോജക്ടില്‍ നിന്ന് ഒഴിവാക്കിയതോടെ എന്റെ ഒറ്റപ്പെടല്‍ വര്‍ദ്ധിച്ചു. പരാതി കാളുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഒടുവില്‍ ദിവസം ഒരു കാള്‍ എന്ന നിലയില്‍ അതു സ്ഥിരപ്പെട്ടു. ഫലം ഫീല്‍ഡുവര്‍ക്ക് കഴിഞ്ഞു ഞാന്‍ നേരത്തേ റൂമിലെത്തും. ചിലവിടാന്‍ സമയം പിന്നേയും ബാക്കി. ഞാന്‍ എന്നിലെ തന്നെ അപരനോടു നിരന്തരം സംസാരിച്ചു. മുറി കാരാഗൃഹമായി. ഞാന്‍ തടവുകാരനും. സ്വന്തം മുറിയില്‍ തടവുകാരനാകുന്നത് ആദ്യമല്ലാതിരുന്നതിനാല്‍ അതിജീവനം എളുപ്പമായി. 2012 മാര്‍ച്ചില്‍ സിഡിഎന്‍ പ്രോജക്ട് അവസാനിച്ചു. ഡിസംബറില്‍ കമ്പനിയോടും വിടപറഞ്ഞു.
*Underlying the metaphysics of the Yoga System of thought, as taught by Patanjali and as elaborated by his commentators, we find an acute analysis of matter and thought. Matter on the one hand and mind, the senses and the ego on the other are regarded as nothing more than two different kinds of modifications of one primal cause, the Prakriti…. Matter consists only of three primal qualities or rather substantive entities, which are Sattva (intelligent stuff), Rajas (energy) and Tamas (the factor of obstruction or mass or inertia). It is extremely difficult truly to conceive of the nature of these three kinds of entities or Gunas, when we consider that these three elements alone are regarded as composing all phenomena, Mental or Physical. In order to comprehend them rightly it will be necessary to grasp thoroughly the exact relation between the mental and physical…. Vacaspati Misra says, “The Gunas have two forms, viz. the determiner or the perceiver, and the determined or the perceived. In the aspect of the determined or the perceived, the Gunas evolve themselves as the five infra-atomic potentials, the five gross elements and their compounds. In the aspect of perceiver or determiner, they form the modifications of the ego together with the senses”… The elements which compose the phenomena of the objects of perception are the same as those which form the phenomena of the perceiving; their only distinction is that one is the determined and the other is the determiner….. There is no intrinsic difference in nature between the mental and the physical.” – ‘Yoga: As Philoosphy and Religion’, Surendranath Dasgupta.).
**The will works according to its original and essential nature, undisturbed from without, with no diminution of its power through the activity of the brain and the exertion of knowing, which is the heaviest organic function;… therefore in sleep the whole power of the will is directed to the maintenance and improvement of the organism. Hence all healing, all favorable cries, take place in sleep” — ‘The world as will and idea’ by Arthur Schopenhauer.].
*** I could sing a osng, and will sing it, although I’m alone in an empty house and must sing it, into my own ears’. ‘Thus Spake Zarathustra’ by Friedrich Nietzsche.].
(തുടരും)