- ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍
- ഒരു ചൂണ്ടുപലക ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 2)
- ചെറുത്തുനില്‍പ്പിന്റെ ആരംഭം ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 3)
- മൂകതയുടെ താഴ്‌വരകള്‍ ( ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 16)
- ഒഴിഞ്ഞ ഇടങ്ങള്‍ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 4)
- വിദ്യാര്‍ത്ഥി ജീവിതം (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 5)
- ഹോളിസ്റ്റിക് ചികിത്സ (ഒരു ബധിരന്റെ ആത്മകഥാകുറിപ്പുകള്‍ 6)
”കേള്‍വി സംസാര വൈകല്യമുള്ളവരെ, അവര്‍ എത്ര വിദ്യാഭ്യാസ യോഗ്യതയുള്ളവരായാലും ബിപിഒ, ഡാറ്റ എന്‍ട്രി ജോലികളില്‍ കൊണ്ടുതള്ളുകയാണ് പതിവ്. വിദ്യാഭ്യാസം കുറവാണെങ്കില്‍ ബിപിഒ ജോലികള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ല. നല്ല വിദ്യാഭ്യാസം ഉണ്ടാകുമ്പോഴാണ് പ്രശ്‌നങ്ങള്‍ സംഭവിക്കുന്നത്. എന്നെ സംബന്ധിച്ചു പറയുകയാണെങ്കില്‍ എനിക്കു ടെക്‌നിക്കല്‍ വിദ്യാഭ്യാസവും ആ മേഖലയില്‍, കഷ്ടപ്പെട്ടു നേടിയ, പ്രവൃത്തി പരിചയവും ഉണ്ട്. ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യാന്‍ താല്പര്യമില്ല. കൂടുതല്‍ നല്ല ജോലി ഞാന്‍ അര്‍ഹിക്കുന്നുവെന്ന് എനിക്കു ഉറപ്പാണ്. ഇതു പറയാന്‍ കാരണം ഒരിക്കല്‍ ടെക്‌നിക്കല്‍ ഇന്റര്‍വ്യൂ പാസ്സായിട്ടും, ആ മേഖലയില്‍ ജോലി തരാത്ത കമ്പനി, അവിടെത്തന്നെ ഡാറ്റാ എന്‍ട്രി ജോലി വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന്റെ പേര് ഈക്വല്‍ ഓപ്പര്‍ച്ചുനിറ്റി എന്നല്ല, വിവേചനം എന്നു തന്നെയാണ്.”
”സോറി സുനില്‍. എനിക്കു ഇക്കാര്യത്തില്‍ ആഴത്തില്‍ അറിവില്ല. ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നു ചിലര്‍ക്കു ഐടി കമ്പനികളില്‍ ജോലി കിട്ടിയിട്ടുണ്ടെന്നു മാത്രം അറിയാം.”
”അതു തീര്‍ച്ചയായും ശരിയായിരിക്കും. ജോലി കിട്ടിയവരില്‍ ഏറിയ പങ്കും ബിപിഒ മേഖലയിലുമായിരിക്കും. കുറച്ചു പേരെ ടെക്‌നിക്കല്‍ ഏരിയയിലും കണ്ടേക്കാം. നമുക്കു പ്രോജക്ട് മാനേജര്‍ ലെവലില്‍ പിടിപാടുണ്ടെങ്കില്‍ ടെക്‌നിക്കല്‍ ഏരിയയില്‍ ജോലി കിട്ടാന്‍ സാധ്യതയുണ്ട്. ഒരിക്കല്‍ ഒരു സുഹൃത്തു വഴി എനിക്കും അങ്ങിനെ ലഭിക്കേണ്ടതായിരുന്നു. നിര്‍ഭാഗ്യത്താല്‍ നടന്നില്ല.”
മാഡം ചോദിച്ചു. ”ഇന്റര്‍നാഷണല്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തു നടത്തുന്നതു കൊണ്ടാകില്ലേ ഇങ്ങിനെ വിവേചിക്കേണ്ടി വരുന്നത്?”
”വിദേശ ക്ലയന്റുകള്‍ ഇന്ത്യന്‍ കമ്പനികളെയാണോ, അതോ ഇന്ത്യന്‍ കമ്പനിയിലെ പ്രോജക്ട് ടീം അംഗങ്ങളെയാണോ വിശ്വസിക്കുന്നതെന്ന ചോദ്യം ഇവിടെ ഉദിക്കുന്നുണ്ട്. ആദ്യത്തെ മറുപടി സ്വാഗതാര്‍ഹമാണ്. കാരണം കമ്പനിയിലെ ഏത് എക്‌സിക്യുട്ടീവിനേയും, വികലാംഗര്‍ ഉള്‍പ്പെടെ, അപ്പോള്‍ ക്ലയന്റിനു വിശ്വസിക്കാം. രണ്ടാമത്തെ മറുപടി കളക്ടീവ് എഫര്‍ട്ടിനെ കൊഞ്ഞനം കുത്തുന്നതാണ്.
വളരെ ഗഹനമോ ലളിതമോ ആയ ചിന്തയില്‍പോലും, 8-10 അംഗങ്ങളുള്ള പ്രോജക്ട് ടീമില്‍ ടെക്‌നിക്കല്‍ റൗണ്ട് പാസ്സായ ഒരു വികലാംഗന്‍ അംഗമായാല്‍, വര്‍ക്ക്ഫ്‌ളോ തകരാന്‍ പോകുന്നില്ല എന്ന നിഗമനത്തില്‍ എത്താവുന്നതാണ്. ഇനിയിപ്പോള്‍ പ്രധാനപ്പെട്ട റോള്‍ കൊടുക്കുന്നില്ലെങ്കില്‍ തന്നെയും സപ്പോര്‍ട്ടിങ്ങ് റോളുകള്‍ നല്‍കാവുന്നതേയുള്ളൂ. നല്ല വര്‍ക്ക്‌ഫോഴ്‌സുള്ള കമ്പനികള്‍ക്കു തീര്‍ച്ചയായും അതിനു സാധിക്കും. ഏറ്റവും പ്രധാനമായി കമ്പനികള്‍ക്കു വേണ്ടത് വികലാംഗരിലെ കഴിവിനെ എങ്ങിനെ ഉപയോഗപ്പെടുത്താമെന്ന അറിവാണ്. ചിലര്‍ ഇക്കാര്യത്തില്‍ വട്ടപ്പൂജ്യമാണ്. കഴിവിനെ ഉപയോഗപ്പെടുത്താന്‍ അറിയാവുന്നവരാകട്ടെ ഉദ്യോഗാര്‍ത്ഥി നന്നായി പണിയെടുക്കുമോ എന്ന പേടിയാല്‍ ഒഴിവാക്കി എന്നു എക്‌സ്‌ക്യൂസും പറയുന്നു.”
മാഡം വിഷയം മാറ്റി.
”സുനിലിനു റേഡിയോ പാട്ടുകള്‍ കേള്‍ക്കാന്‍ കഴിയുമോ. വെറുതെ ശബ്ദം കേള്‍ക്കുക എന്നല്ല ഉദ്ദേശിച്ചത്. വരികളിലെ വാക്കുകളെല്ലാം വ്യക്തമായി കേട്ടു മനസ്സിലാക്കാനാകുമോ എന്നാണ്.”
ഞാന്‍ അനുകൂലിച്ചു. ”വരികള്‍ ഹൃദിസ്ഥമായ പാട്ടാണെങ്കില്‍ എല്ലാ വരികളും, വാക്കുകള്‍ ഉള്‍പ്പെടെ, കേട്ട് ആസ്വദിക്കാന്‍ പറ്റും. പുതിയ പാട്ടാണെങ്കില്‍ വാക്കുകള്‍ കേള്‍ക്കാം, പക്ഷെ വേര്‍തിരിഞ്ഞു മനസ്സിലാകില്ല. ഓര്‍ക്കസ്ട്രാ സാധാരണ പോലെ ആസ്വദിക്കാം. പക്ഷേ ആരെങ്കിലും ഈ പുതിയ പാട്ടിലെ വരികള്‍ എനിക്കു എഴുതിത്തന്നു എന്നിരിക്കട്ടെ. ഞാനതു വായിക്കുകയോ ഹൃദിസ്ഥമാക്കുകയോ ചെയ്താല്‍ പുതിയ പാട്ടും, വരികള്‍ ഉള്‍പ്പെടെ, പൂര്‍ണമായും കേട്ടു മനസ്സിലാക്കാന്‍ സാധിക്കും. വരികള്‍ ഹൃദിസ്ഥമായ പാട്ട്, അല്ലെങ്കില്‍ വരികള്‍ എഴുതിക്കിട്ടിയ പുതിയ പാട്ട്, ഓരോ വരിയുടേയും ലിപ്മൂവ്‌മെന്റ് സീക്വന്‍സ് എനിക്കു നല്‍കുകയാണെന്ന് തോന്നുന്നു.”
മാഡം ബുക്കില്‍ കുത്തിക്കുറിച്ചു.
”സ്ത്രീ-പുരുഷന്മാരുടെ സംസാരം മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട് ഒരുപോലെയാണോ?”
”അല്ല. മലയാളം സംസാരിക്കുന്ന സ്ത്രീകളുടെ ശബ്ദം മനസ്സിലാക്കാന്‍ കാര്യമായ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. ഇംഗ്ലീഷ് പക്ഷേ സ്ത്രീ-പുരുഷ ഭേദമെന്യേ പ്രശ്‌നമുണ്ടാക്കും.”
”കാലാവസ്ഥ വ്യതിയാനത്തിന് അനുസരിച്ചു കേള്‍വിപ്രശ്‌നം കൂടാറുണ്ടോ?”
”ഇല്ല.”
”നീര്‍ക്കെട്ട് പോലുള്ള അസുഖങ്ങള്‍ വരുമ്പോഴോ?”
”ഇല്ല. കേള്‍വിശക്തി സ്റ്റേബിള്‍ ആണ്.”
”സുനിലിന് അറിയാമല്ലോ, ഇവിടെ ഓഡിയോഗ്രാമും മറ്റു ചില അഡ്വാന്‍സ്ഡ് ചെക്കപ്പുകളും തെറാപ്പിയും ഉണ്ട്. സുനില്‍ ഇതുവരെ നടത്തിയ ടെസ്റ്റുകളൂടെ റിസള്‍ട്ട് എന്താണ്?”
”പണ്ട് സിടി സ്‌കാന്‍ ചെയ്തിരുന്നു. ഡോക്ടര്‍ പറഞ്ഞത് ബാഹ്യ മധ്യ ആന്തര കര്‍ണ്ണങ്ങള്‍ക്കു കുഴപ്പമില്ലെന്നാണ്. ശ്രവണ വ്യൂഹത്തില്‍നിന്നു തലച്ചോറിലെ ശ്രവണ കേന്ദ്രത്തിലേക്കു ശബ്ദതരംഗങ്ങള്‍ വഹിക്കുന്ന ഞരമ്പിന്റെ തകരാര്‍ ആണത്രെ കാരണം. ഓപ്പറേഷന്‍ സാധ്യമല്ല.”
മാഡം സംഭാഷണം മതിയാക്കി. ഫയല്‍ മടക്കി എഴുന്നേറ്റു.
ഇതായിരുന്നു സ്പീച്ച് തെറാപ്പിസ്റ്റ് മെര്‍ലിനുമായുള്ള ആദ്യത്തെ കൂടിക്കാഴ്ച. പിറ്റേന്നു ഞാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. അവ പഠിച്ചശേഷം എനിക്കുള്ള ചികിത്‌സ നിശ്ചയിച്ചു. ആറുമാസം സ്പീച്ച് തെറാപ്പി ചെയ്യണം. ഞാന്‍ സമ്മതം മൂളി. ഒരാഴ്ചയ്ക്കുള്ളില്‍ എല്ലാം ആരംഭിച്ചു.
തെറാപ്പി തുടങ്ങിയശേഷമുള്ള ദിവസങ്ങള്‍ പഴയതു പോലെയായിരുന്നില്ല. വെറുതെ ഇരിക്കുമ്പോഴും എഴുതുമ്പോഴും വായിക്കുമ്പോഴും എന്തോ മ്ലാനത എന്നെ മൂടിപ്പൊതിഞ്ഞു. കുടഞ്ഞെറിയാന്‍ ആവതു ശ്രമിച്ചു. കഴിഞ്ഞില്ല. ക്രമേണ ഞാന്‍ മനസ്സിലാക്കി. ഓരോ സ്പീച്ച്‌തെറാപ്പി സെഷനും ‘ഞാനൊരു വികലാംഗനാണ്’ എന്ന ചിന്ത എന്നില്‍ ഊട്ടിയുറപ്പിക്കുകയാണ്. വികലാംഗനാണെന്ന ബോധം ഉള്ളിലുണ്ടാകുന്നതില്‍ കുഴപ്പമില്ല. അതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുമില്ല. വികലാംഗരില്‍ പക്ഷഭേദം ഇല്ലെന്നതു തന്നെ കാരണം. പക്ഷേ വികലാംഗബോധം ന്യൂനതയുള്ളവരുടെ പ്രജ്ഞയില്‍ ആഴത്തില്‍ വേരുപടര്‍ത്തുന്നത് നല്ലതല്ല. മാനസികമായി തകര്‍ന്നു പോകാന്‍ ഇടയുണ്ട്. അതിനെ ചെറുത്തേ മതിയാകൂ. അത്രയും നാള്‍ എനിക്കു ചെറുക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ തെറാപ്പി തുടങ്ങിയശേഷം അതില്‍ മാറ്റമുണ്ടായി.
വികലാംഗ ബോധത്തിന്റെ സ്ഥാപനവല്‍ക്കരണം ഓരോ സ്പീച്ച്‌തെറാപ്പി സെഷനും എന്നില്‍ നിര്‍വഹിച്ചു. പരാജയപ്പെടുമോ എന്ന ഭീതിയില്‍ നില്‍ക്കുന്നവനില്‍ നിന്നു പരാജയപ്പെട്ട ഒരുവനിലേക്കുള്ള കൂടുമാറല്‍. ആദ്യത്തെ അവസ്ഥ അത്ര വേദനാജനകമല്ല. കാരണം, ആ നിമിഷം വരെ മിഥ്യയെന്നു പറയാവുന്ന, ചിന്തകളിലേക്കും ശരീരഭാഷയിലേക്കും പടര്‍ന്നു കയറിയിട്ടില്ലാത്ത ഒരു മാനസികാവസ്ഥയാണത്. പരാജയപ്പെടാന്‍ ഇനിയുമേറെ മൈലുകള്‍ താണ്ടാനിരിക്കുന്നു. ഒരുപക്ഷേ അതിനിടയില്‍ തിരിച്ചുവരവിനും സാധ്യതകളുണ്ട്. ഇങ്ങിനെയായിരുന്നു മനസ്സിലെ പ്രതീതി. തെറാപ്പി സെഷനുകള്‍ ആ വിശ്വാസം തകര്‍ത്തു. എന്റെ മനസ്സിനു ബോധ്യമായി, ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തി. അതാണ് ഇവിടം, പരാജയം. ഇനി ഇതിനോടു പൊരുത്തപ്പെട്ടു പോവുകയല്ലാതെ വഴികളില്ല. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങണം. ആദ്യം ലിപ് റീഡ്, പിന്നെ സംഭാഷണ വിഷയം ഏതാണെന്നു അന്വേഷിച്ചു കൊണ്ടു സംസാരിക്കല്‍, പിന്നെ അക്ഷരമാല ട്രെയിനിങ്ങ്, പിന്നെ, പിന്നെ., അനന്തം.
ഓരോ തെറാപ്പി സെഷനും എനിക്കു മാനസിക ആഘാതമായിരുന്നു.* അതു മനസ്സിലായത് കുറച്ചു വൈകിയാണ്. അതില്‍പിന്നെ മനസ്സിനെ അകറ്റി നിര്‍ത്തി, തെറാപ്പി സെഷനുകളില്‍ ഫിസിക്കലി പങ്കെടുക്കാന്‍ ആരംഭിച്ചു. ഞാന്‍ ‘ഞാന്‍’ ആകുന്നത് ഫിസിക്കല്‍ ശരീരത്തോടൊപ്പം, എന്നിലെ ആശയങ്ങളും ബോധവും യുക്തിയും ഒത്തുചേരുമ്പോഴാണ്. അപ്പോഴേ പ്രകൃതിയുമായി അര്‍ത്ഥപൂര്‍ണമായ ആശയവിനിമയം സാധ്യമാകൂ. ബാഹ്യലോകത്തോടു മനസ്സിന്റെ പ്രതികരണം വൈകാരികമായിരിക്കും. അതേസമയം ഫിസിക്കല്‍ ബോഡി മനസ്സിന്റെ ഇച്ഛയ്ക്ക് അനുസരിച്ചു യാന്ത്രികമായാണ് പ്രതികരിക്കുക. എന്റെ മനസ്സില്‍നിന്നു തെറാപ്പി സെഷനുകള്‍ക്കു പ്രാധാന്യമുണ്ട് എന്ന ബോധം ഞാന്‍ പരമാവധി ഒഴിവാക്കി. ശരീരത്തെ മാത്രം തെറാപ്പി റൂമിലേക്ക് ആനയിച്ചു. അവിടെ ഞാനൊരു പഠനവസ്തുവായി. ശരീരം യാന്ത്രികമായി സംവദിച്ചു. ചുണ്ടുകള്‍ നിരന്തരം ഉരുവിട്ടു. കാക്ക, പൂച്ച, തത്ത, ക്യാറ്റ്, മാറ്റ്, പാറ്റ്….
എന്നെ കുഴപ്പത്തില്‍ ചാടിക്കുന്നത് നാവിനെ മറച്ചുകൊണ്ടു, ചുണ്ടുകള്‍ അടച്ചുകൊണ്ട് ഉച്ചരിക്കുന്ന വാക്കുകളായിരുന്നു. മ, പ, ബ എന്നീ അക്ഷരങ്ങളില്‍ തുടങ്ങുന്ന വാക്കുകള്‍ തിരിച്ചറിയുന്നതില്‍ ഞാന്‍ പരാജയമായി. ശബ്ദത്തോടൊപ്പം, ചുണ്ടിന്റേയും നാവിന്റേയും ചലനങ്ങള്‍ നോക്കി സംസാരം മനസ്സിലാക്കിയെടുത്തതിന്റെ പരിണതി. bat,mat ആയും Bound Pound ആയും ഞാന്‍ തെറ്റായി ഉച്ചരിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടിലും, റൂമിലും വച്ച് നന്നായി പരിശീലിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടില്ല. അതില്‍ നിരാശപ്പെട്ടുമില്ല. നാം ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. പരിശ്രമിച്ചിട്ടും ഇച്ഛിച്ച ഫലം ലഭിച്ചില്ലെങ്കില്‍, അതു കൈയെത്തിപ്പിടിക്കാവുന്നതിലും അപ്പുറമാണെന്നു കരുതുക. സാഹചര്യങ്ങള്‍ മാറുമ്പോള്‍, വീണ്ടുമൊരു ശ്രമത്തിന് അവസരമുണ്ടെന്നു തോന്നിയാല്‍ വീണ്ടും പരിശ്രമിക്കുക. ജീവിതം ഇത്തരം ശ്രമങ്ങളാല്‍ സമൃദ്ധമാണ്. ഫലപ്രാപ്തി എപ്പോഴും കഴിവിനെ മാത്രമല്ല ആശ്രയിച്ചിരിക്കുന്നത്, പരിമിതിയെ കൂടിയാണ്.
സ്പീച്ച് & ഹിയറിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുറേ കുട്ടികള്‍ ഉണ്ടായിരുന്നു. ജന്മനാല്‍ തന്നെ കേള്‍വിശക്തി ഇല്ലാത്തവര്‍. പലര്‍ക്കും കോക്ലിയാര്‍ ഇംപ്ലാന്റ് നടത്തിയിട്ടുണ്ട്. അത് എത്രത്തോളം ഫലപ്രദമാണെന്നു പറയുക വയ്യ. അടയാള ഭാഷ (Sign Language) പഠിക്കാനാണ് കുട്ടികള്‍ എത്തിയിരിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഓരോ സ്പീച്ച്‌തെറാപ്പി വിദ്യാര്‍ത്ഥിയും പ്രാക്ടിക്കല്‍ ക്ലാസില്‍ കുട്ടികളെ അടയാള ഭാഷ പഠിപ്പിക്കേണ്ടതുണ്ട്. ഭഗീരഥപ്രയത്‌നം ആവശ്യമുള്ള പണി. ശബ്ദങ്ങള്‍ എത്താത്ത തലച്ചോറിനെ വരുതിക്കു നിര്‍ത്താനും, വഴക്കിയെടുക്കാനും ചില്ലറ പ്രയത്‌നം പോര. അടയാള ഭാഷ പഠനത്തിനിടയില്‍ കുട്ടികള്‍ അവര്‍ക്കു തോന്നുമ്പോള്‍ മുറിയില്‍ ഓടും, ചാടും.
അങ്ങിനെ കുസൃതികളുടേയും അനുസരണക്കേടിന്റേയും മേളം. തെറാപ്പിസ്റ്റിനു ക്ഷമയുടെ അപാരതീരം കാണാം. ഇവിടെ ആര് ആരെയാണ് പഠിപ്പിക്കുന്നതെന്നു ഞാന്‍ സംശയിച്ചിട്ടുണ്ട്. കുട്ടികള്‍ തെറാപ്പിസ്റ്റുകളെ, ജീവിതത്തില്‍ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ഗുണമായ ക്ഷമ പഠിപ്പിക്കുകയാണോ? അതോ തെറാപ്പിസ്റ്റുകള്‍ കുട്ടികളെ അടയാളഭാഷ പഠിപ്പിക്കുകയോ? രണ്ടുകൂട്ടരും പരസ്പരം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് സത്യം.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ കുട്ടികളില്‍ ചിലര്‍ കളിപ്പാവകളെ അനുസ്മരിപ്പിച്ചു. മറ്റു ചിലര്‍ യന്ത്രങ്ങളെ പോലെ നിര്‍ത്താതെ ചലിച്ചു. എല്ലാം ശബ്ദങ്ങള്‍ എത്താത്ത മസ്തിഷ്‌കത്തിന്റെ ഋതു മൃത ഭാവങ്ങള്‍. മൂകതയുടെ താഴ്‌വരകള്‍ തലയില്‍ പേറുന്ന അവരുടെ വികാരവിചാരങ്ങള്‍ എന്തായിരിക്കും? ഒരിക്കല്‍ ഞാനത് മെര്‍ലിനോടു ചോദിച്ചു.
”സുനില്‍, അവര്‍ ഉള്ളില്‍ എന്തൊക്കെയോ ആവിഷ്‌കരിക്കുന്നുണ്ട്. അവരുടേതായ ഭാവനകള്‍. സ്വപ്‌നങ്ങളേക്കാള്‍ വിചിത്രവും വന്യവുമായവ. ചില കുട്ടികള്‍ ചിലത് പറയാന്‍ ശ്രമിക്കുന്നതായി തോന്നിയിട്ടുണ്ട്. ഏറെ ശ്രമിച്ചിട്ടും മനസ്സില്‍ ഉദ്ദേശിച്ച കാര്യം കൃത്യമായി വിനിമയം ചെയ്യാനാകില്ലെന്നു മനസ്സിലാക്കി അതുവേണ്ട, പിന്നെ പറയാം എന്നു അവര്‍ തന്നെ നിരുത്‌സാഹപ്പെടുത്തും. വീണ്ടും പറയാന്‍ പ്രോത്‌സാഹിപ്പിച്ചാല്‍ അവര്‍ ഗദ്ഗദത്തോടെ ഒന്നുമില്ല എന്നു കൈകൊണ്ട് ആംഗ്യം കാണിക്കും. നിസ്സഹായതയുടെ പരകോടിയാണ് അവരില്‍ അപ്പോള്‍. കാണുമ്പോള്‍ സങ്കടം വരും.”
മെര്‍ലിന്‍ നിര്‍ത്തിയിട്ടു തുടര്‍ന്നു.
”കുട്ടികളില്‍ പലരും മുഴുവന്‍ കേള്‍വിശക്തിയും ഇല്ലാത്തവരല്ല. ചിലര്‍ക്കു കുറേയൊക്കെ ശബ്ദങ്ങള്‍ കേള്‍ക്കാം. ഒച്ചയില്ലാത്ത അവരുടെ ലോകത്തേക്കും കുറേ വികലശബ്ദങ്ങള്‍ എത്തുന്നു. അവര്‍ക്കു പുറംലോകം അപൂര്‍ണ്ണമായിട്ടെങ്കിലും പ്രാപ്തമാണ്. കൂടുതല്‍ ആശയങ്ങളും അവരിലാണ്. എന്നാല്‍ ആ ആശയങ്ങള്‍ മറ്റുള്ളവരിലേക്കു കൈമാറാനുള്ള വിനിമയശേഷി ഇല്ലാതിരിക്കല്‍. അതാണു പ്രശ്‌നം. ആ അവസ്ഥ ഭീകരമാണ്, സ്പീച്ച്‌തെറാപ്പി വഴി കുറേയൊക്കെ വഴക്കിയെടുക്കാമെങ്കിലും. ഭാഗികമായി കേള്‍വിശക്തി ഉള്ളവരാണ്, മുഴുവന്‍ കേള്‍വിയില്ലാത്തവരേക്കാളും ഭാവിയില്‍ ദുഃഖിക്കുക. കാരണം അവര്‍ക്കറിയാം, എന്താണ് ഈ ലോകത്തില്‍ അവര്‍ക്കു നഷ്ടപ്പെടുന്നതെന്ന്. അപ്പോള്‍ തോന്നും ഒട്ടും കേള്‍ക്കാതിരിക്കുന്നതാണ് നല്ലതെന്ന.്
” തെറാപ്പി സെഷനുകള്‍ക്കിടയില്‍ കിട്ടിയ അപൂര്‍വ്വം സന്ദര്‍ഭങ്ങളില്‍ ഞാന്‍ കുട്ടികളുമായി ‘സംസാരിച്ചു’. ചിലര്‍ എന്നെ തുറിച്ചു നോക്കി മിണ്ടാതിരിക്കും. ചിലര്‍ മൃദുവായി ചിരിച്ചു നാണിച്ചു നില്‍ക്കും. ഇനിയുമുള്ള മറ്റൊരു കൂട്ടര്‍ അപ്രതീക്ഷിതമായി ഓടിയെത്തി എന്റെ ശരീരത്തില്‍ അടിച്ച് നിര്‍ത്താതെ ഓടി നടക്കും. ജന്മനാല്‍ തന്നെ ശ്രവണന്യൂനത വന്നിരുന്നെങ്കില്‍ ഞാനും അവരില്‍ ഒരാളാകുമായിരുന്നു എന്ന് ഓര്‍ക്കുമ്പോഴൊക്കെ ഞാന്‍ നടുങ്ങിയിട്ടുണ്ട്. നമ്മുടെ ജീവിതം പലവിധ അനുഗ്രഹങ്ങളാല്‍ സമൃദ്ധമാണ്. പലരും അതിനെപ്പറ്റി ബോധവാന്മാരല്ലെന്നു മാത്രം.
ദിവസങ്ങള്‍ മുന്നോട്ടു പോയിക്കൊണ്ടിരുന്നു. മാനസികമായി തകരാതിരിക്കാന്‍ ഞാന്‍ പറ്റാവുന്നത്ര തെറാപ്പിയില്‍നിന്നു അകന്നു നിന്നു. പലപ്പോഴും മെര്‍ലിന്റെ കൂടെ വേറേയും തെറാപ്പിസ്റ്റുകള്‍ വന്നു. മേഘ, ശോഭിന്‍ ജെയിംസ്, ലിന്റ… അവരും തെറാപ്പി സെഷനുകള്‍ എടുത്തു. ലിപ് റീഡ്, അക്ഷരമാല ലിപ്‌റീഡ് ഇല്ലാതെ പഠിക്കല്‍, വിഷയം അറിഞ്ഞു സംഭാഷണത്തില്‍ ഏര്‍പ്പെടല്‍., അങ്ങിനെയങ്ങിനെ. എനിക്കു മുന്നില്‍, ലക്ഷ്യമില്ലായ്മയുടെ ഇരുട്ടിനു കൂടുതല്‍ കനംവച്ചു. ഒരു മിന്നാമിനുങ്ങിനെ പോലും എവിടേയും കണ്ടില്ല. അവര്‍ വന്നിട്ടുണ്ടെങ്കില്‍ തന്നെ പ്രകാശം ചൊരിയാതെ കടന്നുപോയി!
തെറാപ്പിക്കു വിധേയനായ നാളുകളില്‍ മൗനമായിരുന്നു മുഖമുദ്ര. ഉച്ചയൂണ് കഴിഞ്ഞു ടിന്‍ഫാക്ടറി ബസ് സ്റ്റോപ്പില്‍ നിന്നു ഞാന്‍ ബസ് കയറും. റിംങ്‌റോഡിലൂടെ ബസ് പായുമ്പോള്‍ ജനല്‍ കമ്പിയില്‍ മുഖം അമര്‍ത്തി ഞാന്‍ പുറത്തുനോക്കി ഇരിക്കും. മനസ്സില്‍ ഫ്‌ളാഷ്ബാക്കുകളുടെ കുത്തൊഴുക്ക്. സ്‌കൂള്‍ ആനിവേഴ്‌സറിക്കു മറ്റൊരു കുട്ടിയുടെ സമ്മാനം സ്റ്റേജില്‍ കയറി വാങ്ങിയത്; രാസപരീക്ഷണം തെറ്റിയപ്പോള്‍ കെമിസ്ട്രി ലാബില്‍ നിന്നു ചീത്തകേട്ടു കോളേജിലെ അരണമരങ്ങള്‍ക്കിടയില്‍ ഇരുന്നു കരഞ്ഞത്; പോളിടെക്‌നിക്കിന് അടുത്തുള്ള റെയില്‍വേ സ്റ്റേഷനിലെ സിമന്റുബഞ്ചില്‍ കനത്ത മനസ്സോടെ നിസ്സംഗനായി ഇരിക്കാറുള്ളത്; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിന്റെ ഗാലറിയില്‍ ഭാവിയെപ്പറ്റി ആശങ്കാകുലനായി മലര്‍ന്നു കിടക്കാറുള്ളത്.,
അങ്ങിനെ കുറേ ഫ്‌ളാഷ് ബാക്കുകള്‍. അവ ആവശ്യപ്പെടാതെ വിരുന്നു വന്ന് മനസ്സിനെ വിഷാദപൂരിതമാക്കും. സ്പീച്ച് & ഹിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റു കടക്കുമ്പോഴേക്കും ഞാന്‍ ഞാനല്ലാതായി മാറും. എന്നില്‍ തന്നെ അന്തര്‍ലീനമായി കിടക്കുന്ന വികലാംഗ ബോധത്തിലേക്കു ഞാന്‍ നടന്നു കയറും. അവിടെ ഞാന്‍ മാനസിക സമ്മര്‍ദ്ദത്തിന്റെ ആള്‍രൂപമായി. എല്ലാ വികലാംഗനിലും ചില സമയങ്ങളില്‍ നിര്‍മ്മിക്കപ്പെടുന്ന ഒരു പ്രത്യേക വികാരമുണ്ട്. സങ്കടത്തിന്റെ, നഷ്ടബോധത്തിന്റെ, അവഹേളിക്കപ്പെട്ടതിന്റെ ഒക്കെ മൂര്‍ത്തഭാവം. അതിന്റെ അളവ് വളരെ ഭീമമായിരിക്കും. താങ്ങാനാകില്ല. അപൂര്‍വ്വമായി മാത്രം ഉല്പാദിപ്പിക്കപ്പെടുന്ന ഈ വികാരത്തിനു വ്യക്തിയെ ആത്മഹത്യയിലേക്കു വരെ നയിക്കാന്‍ കെല്‍പ്പുണ്ട്. തെറാപ്പി സെഷനുകളില്‍ ഞാന്‍ വികലാംഗനല്ല എന്ന ബോധം ഞാന്‍ സ്വയം ഉള്ളിലുണ്ടാക്കുമെങ്കിലും പൂര്‍ണമായും ശാരീരിക ന്യൂനതയുടെ നിഴലില്‍നിന്ന് എനിക്ക് അകലാനായില്ല. അത് എന്റെ മാത്രം പരാജയമല്ല, ഒരോ വികലാംഗന്റേയും പരാജയമാണ്.
ആറു മാസത്തിനു ശേഷം, കാര്യമായ നേട്ടങ്ങളില്ലാതെ, തെറാപ്പി സെഷനുകള്‍ അവസാനിപ്പിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നഷ്ടബോധം തോന്നിയില്ല. എല്ലാം സംഭവിക്കേണ്ടതു തന്നെ. കാലം പോകുന്നതിനനുസരിച്ച് എന്തെല്ലാം നടക്കുന്നു? ഭാഗഭാക്കാവേണ്ടവയില്‍ എല്ലാം പങ്കെടുക്കുക. നമുക്കുള്ള റോളുകള്‍ ജീവിച്ചു തീര്‍ക്കുക. ഫലം പിന്നാലെ വന്നുകൊള്ളും. ഈ ഗീതാവാക്യം ഞാന്‍ ജീവിതത്തില്‍ പകര്‍ത്തിയിട്ടുണ്ട്.
*ഈ ആഘാതത്തിനു സ്പീച്ച് ആന്‍ഡ് ഹിയറിംങ് സെന്ററില്‍ നിന്നു ലഭിച്ച തെറാപ്പി സര്‍വ്വീസിന്റെ നിലവാരവുമായി ബന്ധമൊന്നും തന്നെയില്ലെന്ന് പറയട്ടെ. ഇന്‍സ്റ്റിറ്റ്യൂട്ടിലെ തെറാപ്പിസ്റ്റുകള്‍ എല്ലാവരും ആ മേഖലയില്‍ വിദഗ്ദ്ധരും കഴിവുള്ളവരും ആയിരുന്നു. മാനസിക ആഘാതത്തിന്റെ കാരണം എന്നില്‍ തന്നെ അന്തര്‍ലീനമാണ്.
12-13 വയസ്സുവരെ ഞാന്‍ ഒരു സാധാരണ കുട്ടിയായിരുന്നു. എനിക്കു ചുറ്റുമുള്ള ലോകത്തിലെ ശബ്ദങ്ങള്‍ എല്ലാം കേട്ട് ആസ്വദിച്ചിരുന്നു. ശ്രവണന്യൂനത ആരംഭിച്ച ശേഷവും ബാഹ്യലോകവുമായുള്ള ഊഷ്മളബന്ധം, പല വിധത്തില്‍ തടസ്സപ്പെട്ടിരുന്നെങ്കിലും, പൂര്‍ണമായും അറ്റുപോയിരുന്നില്ല. അങ്ങിനെയിരിക്കെ, തെറാപ്പി സെഷനുകള്‍ ആരംഭിക്കുന്നു. തെറാപ്പി സെഷനുകളില്‍ ഉപയോഗിച്ചിരുന്ന ‘വിഷയം മനസ്സിലാക്കി സംസാരിക്കുക, ലിപ്‌റീഡ് തുടങ്ങിയ ടെക്‌നിക്കുകള്‍ എന്നിലേക്കു ഭയം കടത്തിവിട്ടു. ബാഹ്യലോകവുമായുള്ള ബന്ധം കൂടുതല്‍ മോശമാകാന്‍ പോകുന്നു എന്ന വിചാരം എന്നില്‍ ബലപ്പെട്ടു. അത് വലിയ മനോവേദന ഉളവാക്കി. മാനസിക ആഘാതത്തിനു കാരണം ഇതായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു ലഭിച്ച തെറാപ്പി സെഷനുകള്‍ നല്ല നിലവാരം ഉള്ളവ തന്നെയായിരുന്നു.