കൊച്ചി: ‘മണ്ഡലകാലം വ്രതകാലം’ എന്ന ആത്മീയ ചിന്തയ്ക്ക് ആചാര്യന്മാരുടെയും വേദപണ്ഡിതന്മാരുടെയും സാന്നിധ്യത്തില്‍ ക്ഷേത്രസംരക്ഷണ സമിതി സമ്മേളനം അംഗീകാരം നല്‍കിയതോടെ കേരളത്തിലെ ഭവനങ്ങളില്‍ അയ്യപ്പനാമജപങ്ങള്‍ക്ക് മുഹൂര്‍ത്തം കുറിച്ചു. ഹൈന്ദവധര്‍മ്മസംരക്ഷണം വീടുകളില്‍ നിന്നാരംഭിക്കണമെന്നും ഒക്‌ടോ. 12, 13 തീയതികളിലായി നടന്ന സമ്മേളനം ആഹ്വാനം ചെയ്തു. എറണാകുളം ഭാസ്‌കരീയത്തില്‍ നടന്ന സമ്മേളനം കേരളത്തിലെ ഹൈന്ദവ സംഘടനാ പ്രവര്‍ത്തകരുടെയും ധര്‍മ്മാചാര്യന്മാരുടെയും സംഗമമായി മാറി.
ഒക്‌ടോ. 13ന് പൊതുസമ്മേളനത്തിന്റെ തുടക്കം കുറിച്ച് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി വിളക്ക് തെളിയിച്ചു. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢപദ്ധതി ചെറുവള്ളി എസ്റ്റേറ്റ് വിമാനത്താവള വിഷയത്തോടെ പുറത്ത് വന്നിരിക്കയാണെന്നു സ്വാമി പറഞ്ഞു.
അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണ്ണാമൃതാനന്ദപുരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇതര മതങ്ങള്‍ക്ക് അവയെക്കുറിച്ച് പഠിപ്പിക്കാന്‍ ആളുണ്ട്. അവരുടെ മാതാപിതാക്കള്‍ അതിന് തയ്യാറാണ്. ഹിന്ദുക്കള്‍ക്ക് അതിന് സംവിധാനമുണ്ടെങ്കിലും മക്കളെ ട്യൂഷന്‍ സെന്ററിലേക്ക് അയക്കാനാണ് ഹിന്ദു സമൂഹത്തിലെ രക്ഷിതാക്കള്‍ക്ക് താല്പര്യം. ഇത് മാറണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാഗതസംഘാധ്യക്ഷന്‍ എസ്.ജെ.ആര്‍.കുമാര്‍ അധ്യക്ഷത വഹിച്ചു.
ആയുര്‍വേദ വിദഗ്ദ്ധന്‍ ഡോ.സി.കൃഷ്ണന്‍, ക്ഷേത്രസംരക്ഷണ സമിതി ഉപാധ്യക്ഷന്‍ സി.കെ. കുഞ്ഞ് എന്നിവരെ ആദരിച്ചു. കുട്ടികള്‍ക്കുള്ള മതപാഠ പുസ്തകം. ‘പ്രകാശിനി’ സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്തു. ആര്‍.എസ്.എസ്. അഖിലഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍, സ്വാമി ദര്‍ശനാനന്ദ സരസ്വതി, അഖിലഭാരതീയ അയ്യപ്പസേവാ സമാജം ഉപാധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ്, ക്ഷേത്രസംരക്ഷണ സമിതി വര്‍ക്കിങ്ങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍, ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, സംഘടനാ സെക്രട്ടറി ടി.യു.മോഹനന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം. മോഹനന്‍, എസ്.ആര്‍.കെ.പ്രതാപ്, ഡോ.ശ്രീഗംഗ തുടങ്ങിയവര്‍ പ്രസംഗിച്ചു.