- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- പോലീസുദ്യോഗസ്ഥന്റെ പുത്രനും സത്യഗ്രഹിയായെത്തി ( ആദ്യത്തെ അഗ്നിപരീക്ഷ 21)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
പൊതുവെ പാട്യാല രാജഭരണ പ്രദേശത്തിനെ സംഘം പ്രക്ഷോഭങ്ങളില്‍നിന്നൊഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് അവിടെയും സത്യഗ്രഹം ശക്തമായി ആരംഭിച്ചു. പട്യാല സംഘചാലക് അഡ്വക്കേറ്റ് ദിലീപ്ചന്ദും അദ്ദേഹത്തിന്റെ മൂന്നു പുത്രന്മാരും സംഗ്‌രൂര്‍ സംഘചാലക് കാലൂറാം വക്കീല്‍, നര്‍വാന സംഘചാലക് കുലവന്ത്‌റായ്, ഭട്ടിണ്ഡാ ജില്ലാ സംഘചാലക് പ്രീതംസിംഹ് തുടങ്ങി പ്രമുഖ കാര്യകര്‍ത്താക്കളെല്ലാം ഒരേസമയത്ത് അവരവരുടെ സ്ഥലങ്ങളില്‍ സത്യഗ്രഹം ആരംഭിച്ചതിനാല്‍ എല്ലായിടത്തും അപൂര്‍വ്വമായ ആവേശം അലയടിച്ചു. സദര്‍ പോലീസ്‌സ്റ്റേഷനിലെ പോലീസ് അധികാരിയുടെ മകനും സ്ഥലത്തെ കോളേജ് വിദ്യാര്‍ത്ഥിയുമായ വിനയകുമാറും സത്യഗ്രഹത്തില്‍ ആവേശപൂര്‍വ്വം പങ്കെടുത്തു.
പാട്യാല അന്ന് നാട്ടുരാജ്യമായിരുന്നു. ആ രാജ്യം ഭാരതത്തോട് ലയിക്കില്ലെന്ന ധാരണയിലായിരുന്ന പോലീസ് അവിടെ സത്യഗ്രഹം നടക്കില്ലെന്നാണ് പ്രതീക്ഷിച്ചത്. അതിനാല്‍ സത്യഗ്രഹം നടത്താന്‍ ആഗ്രഹിക്കുന്നവരോട് ദല്‍ഹിയില്‍ചെന്നു നടത്താന്‍ അവര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ പോലീസിന്റെ നിര്‍ദ്ദേശം പാലിക്കാത്തതിനാല്‍ സത്യഗ്രഹികളോട് മനുഷ്യത്വരഹിതമായ മര്‍ദ്ദനമുറകള്‍ സ്വീകരിക്കാന്‍ അവര്‍ സന്നദ്ധരായി. സഫീദാ എന്ന സ്ഥലത്തെ പ്രധാനാദ്ധ്യാപകനായ ഈശ്വര്‍ചന്ദിനെ ഇരുചെവികളും പിടിച്ച് മണിക്കൂറുകളോളം ഒരേസ്ഥിതിയില്‍ നിര്‍ത്തി. പാട്യാലയിലെ സം ഘ പ്രചാരകനായിരുന്ന ശ്രീചന്ദിനെ നാല് പോലീസുകാര്‍ ചേര്‍ന്ന് അടിച്ച് മൃതപ്രായനാക്കി. പോലീസുദ്യോഗസ്ഥന്റെ മകനായ വിനയകുമാറിനെയും അവര്‍ ഒഴിവാക്കിയില്ല. അയാളെ മൂന്നുദിവസം ലോക്കപ്പിലിട്ട് മര്‍ദ്ദിച്ചവശനാക്കി.
രസകരമായ രീതികള്‍
സത്യഗ്രഹപരിപാടികള്‍ അത്യധികം ആകര്‍ഷകവും ജനങ്ങള്‍ക്ക് പ്രിയങ്കരവും പ്രഭാവപൂര്‍ണ്ണവുമാക്കാന്‍ സത്യഗ്രഹികള്‍ പുതിയ പുതിയ പ്രയോഗങ്ങള്‍ കണ്ടെത്തി.
♦ സിംലയിലെ ഒരു കൂട്ടം സത്യഗ്രഹികള്‍ ടിക്കറ്റെടുത്ത് സിനിമാ ഹാളില്‍ പ്രവേശിച്ചു. സിനിമാഹാള്‍ തിങ്ങിനിറഞ്ഞിരുന്നു. സിനിമ കഴിഞ്ഞ ഉടനെ സത്യഗ്രഹികള്‍ വേദിയില്‍ കയറി ഉറക്കെ മുദ്രാവാക്യം മുഴക്കിത്തുടങ്ങി. കാണികളെല്ലാം അവിടെത്തന്നെയിരുന്നു. മുദ്രാവാക്യത്തെ തുടര്‍ന്ന് പ്രസംഗം നടന്നു. പ്രാര്‍ത്ഥനയും നടത്തി. കണ്ടുനിന്ന ജനങ്ങള്‍ തിരശ്ശീലയില്‍ കണ്ട കഥ മറന്നു. നേരിട്ടുകണ്ട നാടകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലായി. മാത്രമല്ല സത്യഗ്രഹികള്‍ അതു നടത്താന്‍ കണ്ടെത്തിയ ബുദ്ധിചാതുര്യത്തെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു.
♦ ജലന്ധറില്‍ സത്യഗ്രഹികളെ കോടതിയില്‍ വിചാരണയ്ക്ക് കൊണ്ടുവന്നിരിക്കുകയായിരുന്നു. സത്യഗ്രഹികള്‍ കോടതിമുറിയില്‍ ന്യായാധിപന്റെ മുന്നിലും മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. രസികനായ ന്യായാധിപന്‍ അവരോടു പറഞ്ഞു. ”നമുക്കു തമ്മില്‍ ഒരു സന്ധിയിലെത്താം. വിചാരണ നടക്കുന്ന സമയത്ത് മുദ്രാവാക്യം മുഴക്കരുത്.” ഉടനെ സത്യഗ്രഹികളുടെ നേതാവായ ആജ്ഞാറാം പറഞ്ഞു ”ആ സന്ധിയില്‍ ഒരു വാചകം കൂടി ചേര്‍ക്കണം. സത്യഗ്രഹികളുടെ കൈവിലങ്ങുകള്‍ കോടതിയില്‍ അഴിച്ചുമാറ്റണം.” ഉടനെ ന്യായാധിപന്റെ നിര്‍ദ്ദേശാനുസരണം കൈവിലങ്ങ് അഴിച്ചുമാറ്റപ്പെട്ടു.
♦ ലുധിയാനയില്‍ നിന്ന് ഒരുകൂട്ടം സത്യഗ്രഹികള്‍ ദല്‍ഹിയില്‍ ചെന്ന് സത്യഗ്രഹം നടത്തി. ലോകസഭാമന്ദിരത്തില്‍ നിന്ന് സഭാംഗങ്ങള്‍ പുറത്തുവരുന്ന സമയമാണ് അവര്‍ സത്യഗ്രഹത്തിനായി നിശ്ചയിച്ചത്. പോലീസ് അവരെ തടഞ്ഞ് ട്രക്കില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്നാല്‍ സത്യഗ്രഹികള്‍ വഴിയില്‍ കിടന്നുകൊണ്ട് മുദ്രാവാക്യം വിളിച്ചുതുടങ്ങി. ആ സമയത്തുതന്നെ സര്‍ദാര്‍ പട്ടേലിന്റെ കാര്‍ അവിടെയെത്തി. സത്യഗ്രഹികള്‍ റോഡില്‍ കിടക്കുകയായിരു ന്നതിനാല്‍ വാഹനതടസ്സം കാരണം പട്ടേലിന്റെ വാഹനവും അവിടെ കുടുങ്ങി. ഒരു സത്യഗ്രഹി പ്രസംഗം ആരംഭിച്ചു. പ്രസംഗം കഴിയുന്നതുവരെ പട്ടേലിന് അവിടെ നില്‍ക്കേണ്ടിവന്നതിനാല്‍ സംഘത്തെ ന്യായീകരിച്ചുകൊണ്ടുള്ള ആ യുവ പ്രസംഗകന്റെ പ്രസംഗം കേള്‍ക്കാന്‍ പട്ടേല്‍ നിര്‍ബന്ധിതനായി. അപ്പോഴേയ്ക്കും പോലീസ് എല്ലാവരേയും വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി.
♦ ആഗര്‍ (മദ്ധ്യഭാരത്) എന്ന സ്ഥലത്തുനിന്നുള്ള കൃഷ്ണചന്ദ്ര അറോഡ എന്ന സ്വയംസേവക് സത്യഗ്രഹ കാലഘട്ടത്തില്‍ അമൃത്‌സറില്‍ ബി. എസ്. സിക്ക് പഠിക്കുകയായിരുന്നു. രോമാഞ്ചകരമായ തന്റെ സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം വര്‍ണ്ണിക്കുന്നു, ”ഉയരം കുറവായ കാരണം ഞാന്‍ ശാഖയില്‍ ബാലശിക്ഷകനായിരുന്നു. സത്യഗ്രഹം ആരംഭിച്ച സമയത്ത് ഞങ്ങള്‍ ബാലസ്വയംസേവകര്‍ സത്യഗ്രഹത്തിനുള്ള ബാച്ചുകള്‍ സജ്ജമാ ക്കി. ഒരു കൂട്ടത്തിന്റെ നേതൃത്വം വഹിച്ച് ഞാന്‍ അറസ്റ്റിന് വിധേയനായി. ഞങ്ങളെ അര്‍ദ്ധരാത്രിവരെ ലോക്കപ്പില്‍വെച്ച ശേഷം വാഹനത്തില്‍ കയറ്റി. ആ രാത്രിയില്‍ വളരെ ദൂരെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ വഴിയരികിലെ കാട്ടില്‍ ഇറക്കിവിട്ടു. ഞങ്ങള്‍ ഒരുമിച്ചുകൂടി രാത്രിതന്നെ കാട്ടിനു പുറത്തുവന്നു റോഡിലൂടെ പാട്ടുംപാടി നടന്നുതുടങ്ങി. ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്നോ ഏത് ദിശയിലാണ് നീങ്ങുന്നതെന്നോ ഞങ്ങള്‍ക്ക് ഒരുപിടിയും ഉണ്ടായിരുന്നില്ല. ഏതെങ്കിലും ജനവാസമുള്ള സ്ഥലത്തെത്തിയാല്‍ എവിടെയാണെന്ന് മനസ്സിലാക്കാം എന്ന നിലയ്ക്ക് നടന്നുകൊണ്ടിരുന്നു. പ്രഭാതമായപ്പോള്‍ ചില കര്‍ഷകര്‍ ഞങ്ങളെ കണ്ടു. അവരില്‍നിന്ന് ഞങ്ങള്‍ തരണ്‍താരണ്‍ എന്ന സ്ഥലത്താണ് എത്തിയിരിക്കുന്നതെന്ന് മനസ്സിലായി. അവിടെനിന്ന് അമൃത്‌സറിലേയ്ക്ക് പത്തുപന്ത്രണ്ടു മൈല്‍ ദൂരമുണ്ടെന്നറിഞ്ഞു. തരണ്‍താരണിലെ സ്വയംസേവകര്‍ എത്തി ഞങ്ങള്‍ക്ക് ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള വ്യവസ്ഥകള്‍ ചെയ്തു. ഞങ്ങളുടെ വിവരമെല്ലാമറിഞ്ഞ് തരണ്‍താരണിലെ സ്വയംസേവകരും സത്യഗ്രഹത്തിന് അടുത്തദിവസം തയ്യാറായി. അവരോടൊപ്പം ഞങ്ങളും സത്യഗ്രഹത്തില്‍ പങ്കെടുത്തു. അവിടുത്തെ പോലീസുദ്യോഗസ്ഥന്‍ ഇതെന്തൊരു പുതിയ മാരണമാണ് തലയില്‍ വന്നിരിക്കുന്നതെന്ന് ചിന്തിച്ച് എല്ലാവരേയും വാഹനത്തില്‍ അമൃത്‌സറില്‍കൊണ്ടുപോയി വിട്ടു. ഞങ്ങളുടെ ആഗ്രഹം തരണ്‍താരണിലെ പോ ലീസ് സാധിച്ചുതന്നു. ഞാന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്റെ ജ്യേഷ്ഠന്‍ ദേവരാജ് എന്നെ വളരെയധികം വഴക്കുപറഞ്ഞു. എന്നാല്‍ ഞാന്‍ സത്യഗ്രഹത്തിന് പോയതിനല്ലായിരുന്നു അത്. അയാളെ ഒരു സംഘത്തിന്റെ നേതാവാക്കാത്തതിനാലായിരുന്നു. ഞാന്‍ പോയതുകാരണം അയാള്‍ക്ക് പോകാന്‍ പറ്റിയില്ല. ഞാന്‍ തിരിച്ചെത്തിയതിന്റെ അടുത്ത ദിവസം അയാളും സത്യഗ്രഹത്തിനുപോയി.”
പാകിസ്ഥാന്‍ അതിര്‍ത്തിയില്‍
പഞ്ചാബില്‍ അമൃത്‌സര്‍ പോലെയുള്ള നഗരങ്ങളില്‍ സത്യഗ്രഹികളെ പീഡിപ്പിക്കാനും അവരുടെ മനോവീര്യം കെടുത്താനുമായി അത്യന്തം കഠോരമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ഈ ഉദ്ദേശ്യത്തോടെ പോലീസ് അര്‍ദ്ധരാത്രിക്ക് സത്യഗ്രഹികളെ പാകിസ്ഥാന്‍ അതിര്‍ത്തികളില്‍ സുരക്ഷിതമല്ലാത്ത ഭാഗങ്ങളില്‍ കൊണ്ടുപോയി വിട്ടിരുന്നു.
പോലീസ് ഒരു ദിവസം രാത്രി 11 മണിക്ക് 75 ബാലസത്യഗ്രഹിക ളെ ട്രക്കില്‍ കൊണ്ടുപോയി പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ രണ്ടും നാലും പേരെവെച്ച് ദൂരെദൂരെ സ്ഥലങ്ങളില്‍ ഇറക്കിവിട്ടു. കുട്ടികള്‍ വിശപ്പും ദാഹവും കൊണ്ട് തളര്‍ന്നിരുന്നു. അതില്‍ മൂന്ന് കുട്ടികള്‍ക്ക് അടികൊണ്ടുപരിക്കു പറ്റിയിരുന്നു. പോലീസ് ഇവരെയെല്ലാം ഇറക്കിവിട്ടശേഷം അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനില്‍ ഈ കുട്ടികളെ ഒരു കാരണവശാലും പട്ടണത്തിലേയ്ക്ക് തിരിച്ചുവരാന്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇരുട്ടില്‍ അസഹ്യമായ തണുപ്പില്‍ വഴിയറിയാതെ അവശരായി, ഒരുവിധം അട്ടാരി എന്ന ഗ്രാമത്തിലെത്തി. ഗ്രാമീണര്‍ അവരെ അമൃത്‌സറിലെത്തിച്ചു. എ ന്നാല്‍ അടുത്ത ദിവസംതന്നെ ആ കുട്ടികള്‍ വീണ്ടും സത്യഗ്രഹം നടത്തി.
ഗുണ്ടകളുടെ നടുവില്‍
♦അമൃത്‌സര്‍ പോലീസ് മറ്റൊരു കൊടുംക്രൂരതയ്ക്കുള്ള ഗൂഢ പദ്ധതിയും രൂപപ്പെടുത്തി. അമൃത്‌സര്‍ മുതല്‍ അട്ടാരിവരെയുള്ള റോഡില്‍ രണ്ടുമൂന്നും നാഴിക ഇടവിട്ട് ചില ഗുണ്ടകളെ മദ്യം കൊടുത്ത് ദണ്ഡസഹിതം നില്‍ക്കാന്‍ ഏര്‍പ്പാടു ചെയ്തു. ആ സ്ഥലങ്ങളില്‍ ഗുണ്ടകളുടെകൂടെ മഫ്ടിയില്‍ ഒന്നുരണ്ടു പോലീസുകാരെയും നിര്‍ത്തിയിരുന്നു. രാത്രി 12 മണിയോടെ 70 സത്യഗ്രഹികളെയും കൊണ്ടുപോയി മൂന്നും നാലും പേരെ വീതം വഴിയില്‍ നില്‍ക്കുന്ന ഗുണ്ടകളെ ഏല്‍പ്പിച്ചുകൊടുത്തു. അതിന്റെ ഫലമായി സങ്കല്‍പിക്കാന്‍ സാധിക്കാത്തവിധത്തിലെ മര്‍ദ്ദനത്തിന് അന്നുരാത്രി സത്യഗ്രഹികള്‍ വിധേയരായി. പലര്‍ക്കും ഏറ്റ പരിക്കുകള്‍ ഗുരുതരവുമായിരുന്നു. ഒരുവിധം അമൃത്‌സറില്‍ എത്തിയ അവര്‍ മുറിവുകളില്‍ മരുന്നുവെച്ച് കെട്ടാതെ മനോവീര്യത്തോടെ വീണ്ടും സത്യഗ്രഹം നടത്തി പോലീസിന് വെല്ലുവിളിയുയര്‍ത്തി.
ഡിസംബറിലെ കൊടുംതണുപ്പില്‍
♦നവാംപട്ടണത്തില്‍, സത്യഗ്രഹികളെ അതികഠിനമായ മര്‍ദ്ദനത്തിനു വിധേയമാക്കിയശേഷം രാത്രി ട്രക്കില്‍ കനാല്‍ക്കരയില്‍ കൊണ്ടുപോയി അവരുടെ വസ്ത്രമെല്ലാം ഉരിഞ്ഞ് നഗ്നരാക്കി തണുത്ത മണലില്‍ കിടത്തി വീണ്ടും അടിക്കുക എന്നതായിരുന്നു സ്വീകരിച്ച ക്രൂരമായ മാര്‍ഗ്ഗം. മരംകോച്ചുന്ന തണു പ്പില്‍ പോലീസിന്റെ മര്‍ദ്ദനം കൂടിയായപ്പോള്‍ പലരും ബോധം കെട്ട അവസ്ഥയിലായി. താഴെ തണുത്തു മരവിച്ച മണലും മുകളില്‍ പോലീസിന്റെ പ്രഹരവും, രണ്ടുംകൂടി അവരുടെ ശരീരത്തിന് സഹിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു. എന്നാല്‍ പോലീസിന് തെല്ലുപോലും കരുണയുണ്ടായില്ല. അവരെ അതേ അവസ്ഥയില്‍ തന്നെ അവിടെവിട്ട് പോലീസ് തിരിച്ചുപോയി. ബോധംവന്ന സത്യഗ്രഹികള്‍ വിശപ്പും വേദനയും സഹിച്ച് ഞൊണ്ടി ഞൊണ്ടി, വേദനയ്ക്കിടയിലും ‘ഭാരത് മാതാ കീ ജയ്’ വിളിച്ച് പത്ത് മൈല്‍ മുഴുവന്‍ നടന്ന് അമൃത്‌സറില്‍ എത്തിച്ചേര്‍ന്നു.
♦രായകോട്, ഭട്ടിണ്ഡ എന്നീ സ്ഥലങ്ങളില്‍ അര്‍ദ്ധരാത്രി കനാലിന്റെ പാലത്തില്‍നിന്ന് സത്യഗ്രഹികളെ കനാലിലെ വെള്ളത്തിലേയ്ക്ക് തള്ളിയിട്ടു. മരവിപ്പിക്കുന്ന തണുപ്പുള്ള വെള്ളത്തിലേയ്ക്ക് അവരെ തള്ളിയിടുന്ന സമയത്ത് അവര്‍ക്ക് നീന്താനറിയാമോ എന്നുപോലും പോലീസ് ചിന്തിച്ചില്ല. ഏതെങ്കിലും സത്യഗ്രഹി മരിച്ചാല്‍ അതിനുത്തരവാദിയാരാണെന്നതും അ വര്‍ക്ക് ചിന്താവിഷയമായില്ല. ഭാഗ്യവശാല്‍ അവര്‍ക്കെല്ലാവര്‍ക്കും നീന്തലറിയാമായിരുന്നു. അതുകൊണ്ട് ഒരുവിധം എല്ലാവരും നീന്തിരക്ഷപ്പെട്ടെങ്കിലും തണുപ്പിന്റെ ആധിക്യം കാരണം കുറേപ്പേര്‍ക്ക് ‘ന്യുമോണിയ’ പിടിപ്പെട്ടു. അംബാലയിലെ സത്യഗ്രഹികളെ നഗ്നരാക്കി 18 മൈല്‍ ദൂരെ കാട്ടില്‍കൊണ്ടുപോയിവിട്ടു. കൂടാതെ, സത്യഗ്രഹികളെ ഏതെങ്കിലും തരത്തില്‍ സഹായിച്ചാല്‍ കടുത്ത ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന താക്കീതും സമീപത്തുള്ള ഗ്രാമവാസികള്‍ക്ക് നല്‍കിയിട്ടാണ് പോലീസ് തിരിച്ചുപോയത്.
ഉറുമ്പുകളുടെ പുറ്റില്‍
♦ഫിറോസ്പൂര്‍ ജില്ലയില്‍ മുക്തസറില്‍ സത്യഗ്രഹത്തിന് നേതൃ ത്വം കൊടുത്ത രാംലാല്‍ തനേജയെ നഗ്നനാക്കി മര്‍ദ്ദിച്ചശേഷം ചമ്മട്ടി കൊണ്ടുള്ള അടി തുടങ്ങി. അയാള്‍ തളര്‍ന്നുവീണപ്പോള്‍ അയാളെ വലിച്ചു കൊണ്ടുപോയി ഉറുമ്പുപുറ്റിന് മുകളില്‍ കിടത്തി. അയാളുടെ നെഞ്ചില്‍ ബൂട്ടിട്ട കാലുകൊണ്ട് ചവുട്ടിനിന്നു. ഉറുമ്പിന്‍പുറ്റിലേയ്ക്ക് വെള്ളമൊഴിച്ചു. പുറ്റില്‍ നിന്ന് ഉറുമ്പെല്ലാം ഒരുമിച്ചുവന്ന് സത്യഗ്രഹിയുടെ മേലാസകലം കടി തുടങ്ങി. അസഹ്യമായ വേദനകൊണ്ട് നിലവിളിക്കുമ്പോള്‍ അയാളോട് മാപ്പെഴുതിക്കൊടുക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. എന്നാല്‍ നിശ്ചയദാര്‍ഢ്യവും ആദര്‍ശനിഷ്ഠയും ഒത്തിണങ്ങിയിരുന്ന ആ സ്വയംസേവകന്‍ അതിന് സമ്മതിച്ചില്ല. അപ്പോള്‍ അയാളുടെ നഗ്നമായ നിതംബത്തില്‍ ഫുള്‍ബൂട്ടിട്ട് എണ്ണിയെണ്ണി നൂറോളം പ്രാവശ്യം ചവിട്ടി. അവസാനം ജീവച്ഛ വമായ അവസ്ഥയില്‍ അയാളെ ലോറിയില്‍ തിരിച്ചുകൊണ്ടുപോയി.
ദല്‍ഹി
40 പ്രാവശ്യം ലാത്തിച്ചാര്‍ജ്
സംഖ്യ, ആവേശം, നിശ്ചയദാര്‍ഢ്യം, സംയമനം, വ്യാപ്തി, ജനങ്ങളുടെ സഹാനുഭൂതി തുടങ്ങിയ കാര്യങ്ങളിലെല്ലാം രാജധാനിയുടെ യശസ്സിന് തക്ക നിലവാരത്തില്‍ തന്നെയായിരുന്നു ദല്‍ഹി സത്യഗ്രഹം. അതോടൊപ്പം സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ സമീപനവും പൂര്‍ണ്ണരൂപത്തില്‍ പ്രകടമാക്കി.
സത്യഗ്രഹം ആരംഭിച്ച് 15 ദിവസത്തിനുള്ളില്‍ ദല്‍ഹിയില്‍ 40 വട്ടം ലാത്തിച്ചാര്‍ജ് നടന്നു. 25 തവണ വിവേചനമില്ലാതെ കണ്ണീര്‍ വാതകപ്രയോഗം നടത്തി. മന്ത്രിമന്ദിരത്തിനടുത്ത് നടന്ന ഒരു ലാത്തിച്ചാര്‍ജില്‍ സര്‍ക്കാര്‍ അധികാരികള്‍ക്കും പരുക്കേറ്റു. അതുസംബന്ധിച്ച് ശക്തമായ പ്രതിഷേധവുമുണ്ടായി. തത്ഫലമായി പോലീസിന് ക്ഷമായാചനം ചെയ്യേണ്ടിവന്നു.
ഡിസംബര്‍ 11 ന് കാലത്ത് സത്യഗ്രഹം ആരംഭിച്ച അന്നുതന്നെ പോലീസ് ഒരു മുന്നറിയിപ്പുമില്ലാതെ ലാത്തിച്ചാര്‍ജ് തുടങ്ങി. അതുവഴി കടന്നുപോയ ഒരു വയോവൃദ്ധയ്ക്കും ലാത്തിച്ചാര്‍ജിന്റെ ഫലമായി കാര്യമായ മുറിവുപറ്റി. എസ്.പിയുടെ ഇരുമ്പുകെട്ടിയ വടികൊണ്ട് അടിച്ചതിന്റെ ഫലമായി 12 വയസ്സുള്ള ഒരു നിരപരാധിയായ ബാലന്‍ ബോധംകെട്ടുവീണു.
ലാത്തിച്ചാര്‍ജ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഒരു കല്യാണഘോഷയാത്ര അതുവഴി കടന്നുവന്നത്. ഘോഷയാത്രയില്‍പ്പെട്ട വരനും മറ്റനവധി പേരും ലാത്തിച്ചാര്‍ജിന് വിധേയരായി. 5-10 ലാത്തിയടി കിട്ടിയപ്പോഴേ വരന്‍ സഞ്ചരിച്ചിരുന്ന കുതിര ജീവനുംകൊണ്ട് ഓടിപ്പോയതു കൊണ്ടുമാത്രം മര്‍ദ്ദനത്തില്‍നിന്ന് അയാളുടെ ശരീരം രക്ഷപ്പെട്ടു.
വിവാഹഘോഷയാത്രയ്ക്കു നേരെ ലാത്തിച്ചാര്‍ജ് ചെയ്യാന്‍ എന്ത് അപരാധമാണ് അവര്‍ ചെയ്തത് എന്നു ജനങ്ങള്‍ ചോദിച്ചപ്പോള്‍ അവരെന്തിനാണ് ഈ വഴി തിരഞ്ഞെടുത്തത് എന്നായിരുന്നു പോലീസിന്റെ മറുപടി.
സ്ത്രീകളോട് ദുഷിച്ച പെരുമാറ്റം
ഡിസംബര്‍ 12 ന് ആനന്ദപര്‍വ്വതത്തില്‍ നടന്ന സത്യഗ്രഹ സമയത്ത് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവിടെ സന്നിഹിതരായിരുന്ന സ്ത്രീകളോടും അസഭ്യമായി രീതിയില്‍ പെരുമാറി. ബാലന്മാരുടെയും സ്ത്രീകളുടെയും നേരെ ലാത്തിച്ചാര്‍ജ് നടത്തി. അതിനെതിരെ ജനങ്ങള്‍ ക്ഷോഭിച്ചു. പോലീസുകാരെ ‘പേപ്പട്ടികള്‍’ എന്നുവിളിച്ചു. അതില്‍ പ്രകോപിതരായി സമനില നഷ്ടപ്പെട്ട പോലീസ് യാതൊരു വിവേചനവുമില്ലാതെ കണ്ണീര്‍വാതക ഷെല്ലുകള്‍ പൊട്ടിച്ചു.
സഹോദരിമാരും സമരരംഗത്ത്
അതേവരെ സഹോദരിമാര്‍ സത്യഗ്രഹികള്‍ക്ക് ആരതിയുഴിഞ്ഞും തിലകം തൊടുവിച്ചും യാത്രയാക്കുന്ന കാര്യത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്നു. ക്രമേണ അനീതിക്കും അതിക്രമത്തിനുമെതിരെ ഇടയ്ക്കിടെ അവര്‍ പ്രതികരിച്ചു തുടങ്ങി. ഡിസംബര്‍ 16 ന് രണ്ടര മണിക്ക് മഹിളകളും സത്യഗ്രഹത്തിനിറങ്ങി. മുന്‍കൂട്ടി നിശ്ച യിച്ചതനുസരിച്ച് 100 മഹിളകള്‍ ജാഥയായി ”കരിനിയമം പിന്‍വലിക്കുക” എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭാഗത്തുനിന്നും ലജ്പത് മാര്‍ക്കറ്റ് ഭാഗത്തേയ്ക്ക് പൊയ്‌ക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം പതിനായിരത്തോളം വരുന്ന ജനക്കൂട്ടം ജയഘോഷം മുഴക്കിക്കൊണ്ട് അവരെ പിന്തുടര്‍ന്നിരുന്നു. സത്യഗ്രഹികള്‍ ഒരു ഫര്‍ലോങ്ങ് നീങ്ങിക്കഴിഞ്ഞപ്പോഴേയ്ക്കും ഇരുഭാഗത്തുനിന്നുമായി പോലീസ് വണ്ടികളെത്തി. വണ്ടിയില്‍ നി ന്നിറങ്ങിയ 60 ഓളം വരുന്ന പോലീസുകാര്‍ സ്ത്രീകളുടെയും കൂടെയുണ്ടായിരുന്ന ജനക്കൂട്ടത്തിനുനേരെയും ലാത്തിപ്രയോഗം ആരംഭിച്ചു. 8 പുരുഷന്മാര്‍ക്കും 3 കുട്ടികള്‍ക്കും 5 മഹിളകള്‍ക്കും കാര്യമായി മുറിവേറ്റു. കാഴ്ചക്കാരിയായുണ്ടായിരുന്ന ഒരു സഹോദരി അടിയേറ്റ് മോഹാലസ്യപ്പെട്ട് വീണു. ജനക്കൂട്ടം അവരെ ഒരു കട്ടിലിലെടുത്ത് പ്രതികാരത്തോടെ നഗരം മുഴുവന്‍ പ്രകടനം നടത്തി.
ആദ്യത്തെ ആഴ്ച, സത്യഗ്രഹികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ്, ടിയര്‍ഗ്യാസ് പ്രയോഗം എന്നിവ ഒരു വിവേചനവുമില്ലാതെ നടത്തിയിട്ടും സത്യഗ്രഹികളുടെ മനോവീര്യത്തിനോ ജനങ്ങളുടെ സഹാനുഭൂതിക്കോ ഒരു കോട്ടവും സംഭവിച്ചില്ല. മറിച്ച് അവരുടെ ആവേശം വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അതുകൊണ്ട് പരസ്യ ബലപ്രയോഗത്തിനുപകരം പോലീസ് രഹസ്യമായ സമ്മര്‍ദ്ദതന്ത്രങ്ങള്‍ തുടങ്ങി. സംഘനിരോധനം നടന്ന ഉടനെ ചെയ്തിരുന്നതുപോലെ സുരക്ഷയുടെ പേരുപറഞ്ഞ് ജനങ്ങളെ ജയിലഴിക്കുള്ളിലാക്കുന്ന ബ്രിട്ടീഷ് ഭരണകാലത്തെ കരിനിയമം ഉപയോഗിച്ച് സ്വയംസേവകരെ സത്യഗ്രഹം ചെയ്യുന്നതിനുമുമ്പുതന്നെ അറസ്റ്റ് ചെയ്തു തുടങ്ങി. ഡിസംബര്‍ 14, 15 തീയതി രാത്രികളില്‍ 179 പ്രമുഖ സ്വയംസേവകരെയും പ്രശസ്തരായ വ്യക്തികളെയും സുരക്ഷാതടവുകാരായി ജയിലിലടച്ചു.
(തുടരും)