- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
ഭോപ്പാലിലെ ജനങ്ങള്‍ക്കിടയില്‍ അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു ശക്കീര്‍ ആലിഖാന്‍. മുസ്ലിം സമൂഹത്തിന്റെ മുടിചൂടാ മന്നനായിരുന്നു അദ്ദേഹം. സംഘം നിരോധിക്കപ്പെട്ടതിനുശേഷം ജനങ്ങള്‍ക്കിടയില്‍ സംഘവിദ്വേഷം സൃഷ്ടിക്കാന്‍ തക്കവണ്ണം കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ഒരു പൊതുയോഗം അദ്ദേഹം സംഘടിപ്പിച്ചു. അത്തരം ഒരു പൊതുയോഗമാണ് നടക്കാന്‍ പോകുന്നതെന്നറിഞ്ഞ ആ സ്ഥലത്തെ സംഘചാലക് സര്‍ദാര്‍ മല്‍ ലലവാണി സംഘത്തിന്റെ തൊപ്പി ധരിച്ച് സമ്മേളനസ്ഥലത്ത് വേദിയുടെ മുന്നിലായി ചെന്നിരുന്നു. അദ്ദേഹത്തെ കണ്ട ശക്കീര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. മാത്രമല്ല സംഘത്തിനെതിരെ ഒരു വാക്കുപോലും പറയാതെ തന്റെ പ്രസംഗം അവസാനിപ്പിച്ചു. ആ സംഘാധികാരിയോട് ജനങ്ങള്‍ക്ക് അത്രമാത്രം ഭക്തിയും ആദരവുമുണ്ടായിരുന്നു.
♠ ‘നാസി ടെക്‌നിക് ഔര്‍ ആര്‍.എസ്.എസ്.’എന്ന പുസ്തകമെഴുതിയ ഉത്തരപ്രദേശ് നിയമസഭാകാര്യമന്ത്രി സംഘവിരോധിയെന്ന നിലയ്ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ആളായിരുന്നു. പോകുന്നിടത്തെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ സംഘവിരോധം സൃഷ്ടിക്കുന്ന സ്വഭാവക്കാരനായിരുന്നു. മാള്‍വാ ഭാഗത്തെ പരിപാടി കഴിഞ്ഞ് ഉജ്ജയിനിയില്‍ പ്രസംഗിക്കാന്‍ അദ്ദേഹം പരിപാടിയിട്ടിരുന്നു. വിവരമറിഞ്ഞ് തദ്ദേശീയരായ ചില കാര്യകര്‍ത്താക്കള്‍ ആ യോഗം സുഗമമായി നടക്കരുതെന്ന് നിശ്ചയിച്ചു. യോഗാരംഭത്തിനു മുമ്പായി 7-8 പേര്‍ ബാറ്ററിയില്ലാത്ത ടോര്‍ച്ചിനുള്ളില്‍ നായ്ക്കുരണപ്പൊടിയുമായി യോഗസ്ഥലത്തുചെന്നു. അവിടെ വേദിയിലും കസേരകളിലും മൈതാനത്തുമെല്ലാം നല്ലപോലെ അത് വിതറി. പ്രസംഗകരെല്ലാം വേദിയില്‍ ഉപവിഷ്ടരായ ഉടനെ ചാടിയെണീറ്റ് ചൊറിച്ചില്‍ ആരംഭിച്ചു. യോഗത്തില്‍ പങ്കെടുക്കാനെത്തി കസേരയിലും മൈതാനത്തും ഇരുന്നവരുടേയും സ്ഥിതി അതുതന്നെ. യോഗം ആകെ അവതാളത്തിലായി. ജനങ്ങള്‍ ക്രമേണ മൈതാനം വിട്ടുപോയി. നേതാക്കള്‍ വേദിയിലെ വിരികള്‍ മാറ്റി എങ്ങനെയും യോഗം നടത്താന്‍ ശ്രമിച്ചെങ്കിലും അത് കാര്യം കൂടുതല്‍ വഷളാക്കാനേ സഹായിച്ചുള്ളൂ. ജനങ്ങള്‍ക്കുപുറകേ നേതാക്കന്മാരും സ്ഥലംവിട്ടു.
ഒടിഞ്ഞ കാലുമായി ഓടി
ഉത്ക്കലില്‍ (ഒറീസ്സയില്‍) ഗാന്ധിവധം നടന്ന ശേഷവും സ്വയം സേവകര്‍ സംഘസ്ഥാനില്‍ ഒരുമിച്ചുകൂടുന്നത് തുടര്‍ന്നിരുന്നു. ബ്ര ഹ്‌മപൂര്‍ എന്നിടത്ത് കോണ്‍ഗ്രസ്സുകാര്‍ കൂട്ടത്തോടെ കല്ലുകളെടുത്ത് സ്വയംസേവകരെ ആക്രമിക്കാനെത്തി. ഒരു സ്വയംസേവകന്‍ പെട്ടെന്ന് മുന്നോട്ടുചെന്ന് ‘വെല്ലുവിളിച്ചുകൊണ്ട്’ അവരോട് പറഞ്ഞു ”നിങ്ങള്‍ എത്ര വലിയ കല്ലുവേണമെങ്കിലും കൊണ്ടുവന്നോളൂ. തൊണ്ട പൊട്ടുമാറ് എത്ര ഉറക്കെ വേണമെങ്കിലും സംഘത്തിനെതിരെ മുദ്രാവാക്യം മുഴക്കിക്കൊള്ളു, എന്നാല്‍ അതെല്ലാം സംഘസ്ഥാനു പുറത്ത്. ഉള്ളില്‍ കേറിയാല്‍ ഒരുത്തനും നടന്ന് വീട്ടില്‍പോകാന്‍ സാധിക്കുകയില്ല. സര്‍വ്വരുടെയും എല്ലൊടിക്കും.” ഇത് കേട്ടതോടെ എല്ലാവരും അവിടെത്തന്നെ സ്തംഭിച്ചുനിന്നു. മുന്നോട്ടുവരാന്‍ സാഹസം കാണിച്ച ഒന്നു-രണ്ടുപേര്‍ക്ക് സ്വയംസേവകരുടെ പ്രഹരം കിട്ടിയതിനാല്‍ ഒടിഞ്ഞ കാലോടെ തിരിച്ചുപോകേണ്ടിവന്നു. മറ്റുള്ളവരെ ആരേയും അവിടെ കാണാനുമുണ്ടായില്ല.
എല്ലാം മുന്‍ ആസൂത്രണമനുസരിച്ച്
കൊള്ളയും തീവെയ്പും അക്രമവുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്തതായിരുന്നു. കൊള്ളയടിക്കേണ്ടതും ആക്രമിക്കേണ്ടതുമായ വീടുകള്‍ നേരത്തേ നിശ്ചയിച്ച് അവിടെ എന്തെല്ലാം ചെയ്യ ണമെന്നുവരെയുള്ള ഗൂഢാലോചന നേരത്തേ നടത്തിയിരുന്നു. പല സ്ഥലത്തും ഇത്തരം അക്രമങ്ങള്‍ നടത്താനുള്ള ആളുകളേയും നിശ്ചയിച്ചിരുന്നു. ഓരോ കാര്യത്തിനും പ്രത്യേകം ഗ്രൂപ്പുകള്‍ നിശ്ച യിച്ച് യഥാസമയം നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള ഏര്‍പ്പാടുകളുമുണ്ടാ യിരുന്നു. സംസ്ഥാന ഹിന്ദുസഭ തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടിനെ ന്യായീകരിക്കുന്നതായിരുന്നു കോലാപൂര്‍ തീവെയ്പ് സംബന്ധിച്ച അന്വേഷണകമ്മീഷനായിരുന്ന ജസ്റ്റിസ് കോയയുടെ അന്വേഷണ റിപ്പോര്‍ട്ട്. കര്‍ണ്ണാടക കോണ്‍ഗ്രസ് സമിതി തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ടില്‍ ”ബ്രാഹ്‌മണരുടെ വീട് കത്തിക്കുന്ന അവസരത്തില്‍, ഏതോ പുണ്യകാര്യമാണ് ചെയ്യുന്നത് എന്ന ഭാവത്തിലാണ് ചില കോണ്‍ഗ്രസുകാര്‍ പ്രവര്‍ത്തിച്ചത്” എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഈ ‘പുണ്യകാര്യം’ ചെയ്യാന്‍ പ്രേരണയേകിയ കോണ്‍ഗ്രസ് നേതാക്കന്മാരുടെ എണ്ണവും കുറവായിരുന്നില്ല.
ആര്‍ക്കും പശ്ചാത്താപമുണ്ടായില്ല
മുന്‍നിശ്ചയപ്രകാരം മനപ്പൂര്‍വ്വം ആസൂത്രണം ചെയ്തവയാണ് ഈ സംഭവങ്ങളെല്ലാമെന്ന് അവയുടെ ആസൂത്രകര്‍ പരസ്യമായി സമ്മതിച്ചിട്ടുണ്ട്. 1948 ഫെബ്രുവരി 14 ന് ദേവ്ധറിന്റെ അദ്ധ്യക്ഷതയില്‍ കുരുന്ദ്‌വാഡയില്‍ സോഷ്യലിസ്റ്റുകള്‍ സംഘടിപ്പിച്ച ഒരു സമ്മേളനം ഇതിനു തെളിവാണ്. ഈ സമ്മേളനത്തില്‍ അണ്ണാ മു കാദം, ഡോ. ടോള്‍, ഫയല്‍വാന്‍ മത്വാല എന്നിവര്‍ പ്രസംഗിക്കുകയു ണ്ടായി. ”മഹാത്മാഗാന്ധിയുടെ രക്തത്തിന് പകരം വീട്ടാനായി നമ്മള്‍ നടത്തിയ കൊള്ളിവെയ്പും കൊള്ളകളും ഉചിതമായി. ഗൂഢാലോചന നടത്തി ഗാന്ധിജിയെ കൊലപ്പെടുത്തിയത് ബ്രാഹ്‌മണരാണ്. ഈ ഗൂഢാലോചനയുടെ രസമെന്താകുമെന്നറിയിക്കാനും അത്തരം ദുസ്സാഹസങ്ങള്‍ക്ക് ഭാവിയില്‍ അവര്‍ മുതിരാതിരിക്കാനും വേണ്ടി ചെയ്ത ഏര്‍പ്പാടുകളുടെ ഭാഗമായാണ് ഡോ. ഫഡ്‌നാവിസ്, ഫാടക്, ഗാനു മുളേ, പരാംജ്‌പേ തുടങ്ങിയവരുടെ വീടുകള്‍ കത്തിച്ചത്……… ചിന്തിച്ചുറപ്പിച്ചാണ് നാമിത് ചെയ്തത്, എന്നുമാത്രമല്ല നമ്മുടെ നേതൃത്വത്തിലും നിര്‍ദ്ദേശത്തിലുമാണ് തീവെയ്പ് നടന്നിട്ടുള്ളതും” എന്നാണ് ശ്രീ മുകാദം പരസ്യമായി പ്രസംഗിച്ചത്.
”കുരുന്ദ്‌വാഡയില്‍ ജാതീയതക്കാരായ ബ്രാഹ്‌മണരുടെ വീടുകള്‍ നമ്മള്‍ കത്തിച്ചത് ‘സോഷ്യലിസ്റ്റുകളുടെ ഏതെങ്കിലും തരത്തിലെ പൗരുഷമോ മിടുക്കോ അല്ലെ’ന്ന് ചിലര്‍ പറയുന്നുണ്ട്. അവര്‍ നമ്മെ ഗുണ്ടകളെന്നു വിളിക്കുന്നു. എന്നാല്‍ അങ്ങനെ വിളിക്കുന്ന അവരാണ് ഗുണ്ടകള്‍. അവരുടെ വീടുകള്‍ മാത്രം കത്തിച്ചിട്ട് മിണ്ടാതിരിക്കുകയല്ല നമ്മള്‍. അവരെ വേരോടെ ഇല്ലാതാക്കുകയെന്നതായിരിക്കും നമ്മുടെ അടുത്ത നീക്കം. ആ ബ്രഹ്‌മണഭവനങ്ങളെല്ലാം നമ്മള്‍ ശരിക്കും ആലോചിച്ചുറപ്പിച്ച് കത്തിച്ചവയാണ്. ഇക്കാര്യം നമ്മള്‍ തുറന്നു സമ്മതിക്കുകയാണ്. നമ്മള്‍ക്ക് പേടിയൊന്നുമില്ല. വളകളുമണിഞ്ഞ് ഒളിച്ചുപോയിരിക്കുന്ന അഹിംസയല്ല മഹാത്മാ ഗാന്ധി നമ്മളെ പഠിപ്പിച്ചിട്ടുള്ളത്. നമ്മുടെ പ്രവൃത്തികളെ ഗുണ്ടായിസമെന്ന് വിളിക്കുന്നവര്‍ ഭീരുക്കളാണ്. ഭീരുത്വം കൊണ്ട് ഭരണം നടത്താനാവില്ല” എന്നാണ് തങ്ങളുടെ നയം വ്യക്തമാക്കിക്കൊണ്ട് ഡോ.ടോള്‍ ആ സമ്മേളനത്തില്‍ പ്രസംഗിച്ചത്. (മദ്ധ്യപ്രദേശ് ഹിന്ദുസഭയുടെ റിപ്പോര്‍ട്ട്.)
♠ അക്കാലത്ത് നടമാടിയ അക്രമം, കൊള്ള, കൊള്ളിവെയ്പ് തുടങ്ങിയ സംഭവങ്ങളുടെ കറുത്ത അദ്ധ്യായങ്ങള്‍ കോണ്‍ഗ്ര സ് നേതാക്കളും മറ്റ് നിഷ്പക്ഷചിന്തകന്മാരും തങ്ങളുടെ പുസ്തകങ്ങളിലും വിവരണങ്ങളിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ മദ്ധ്യപ്രദേശ് ആന്‍ഡ് ബിറാര്‍ പ്രവിശ്യയുടെ ആഭ്യന്തരമന്ത്രി ആയിരുന്ന ദ്വാരികാ പ്രസാദ് മിശ്ര തന്റെ ‘ലിവിംഗ് ആന്‍ ഇറാ'(Living an era) എന്ന പുസ്തകത്തില്‍ ”ബ്രാഹ്‌മണര്‍, പ്രത്യേകിച്ച് സംഘസ്വയംസേവകര്‍ താമസിച്ചുവന്ന വീടുകള്‍, അവരുടെ കടകള്‍ എന്നിവ ആക്രമിക്കപ്പെട്ടു, തീവെയ്ക്കപ്പെട്ടു. ബ്രാഹ്‌മണര്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെയും വെറുതെവിട്ടില്ല. നാഗപ്പൂരിലെ ജോഷി ഹൈസ്‌ക്കൂള്‍ തീയിട്ടുവെന്നു മാത്രമല്ല, മുന്‍സിപ്പാലിറ്റിയുടെ അഗ്നിശമനസേന തീകെടുത്താനെത്തിയപ്പോള്‍ പണ്ഡിറ്റ് ശുക്ലയുടെ സാന്നിദ്ധ്യത്തില്‍ ജനക്കൂട്ടം മടങ്ങിപ്പോകാന്‍ അവരെ നിര്‍ബന്ധിക്കുകയുണ്ടായി” എന്നെഴുതിയിരിക്കുന്നു. (ഭാഗം 2 – പുറം- 9.) തുടര്‍ന്നദ്ദേഹം എഴുതുന്നു:- ”ബ്രാഹ്‌മണര്‍ക്കെതിരായ അക്രമങ്ങളുടെ ഭയാനകവും ഹൃദയഭേദകവുമായ കൃത്യങ്ങളില്‍ മുഴുകിയവരിലേറെയും ബ്രാഹ്‌മണേതര സമുദായങ്ങളില്‍പ്പെട്ട കോണ്‍ഗ്രസ്സുകാരായിരുന്നു. വാസ്തവത്തില്‍ നാഗപ്പൂരിലും ബിറാറിലും അക്രമകാരികളായ ഭൂരിപക്ഷംപേരും കോണ്‍ഗ്രസുകാര്‍ തന്നെയായിരുന്നുവെന്നു മാത്രമല്ല അവരില്‍ കുറേപ്പേര്‍ വിവിധ കോണ്‍ഗ്രസ് സമിതികളില്‍ ചുമതലയുള്ളവരുമായിരുന്നു.”
അക്രമം സൃഷ്ടിച്ച അന്തരീക്ഷം
കള്ളപ്രചരണവും തുടര്‍ന്നു നടന്ന ഏകപക്ഷീയ അക്രമവും കാരണം ഭയം, ഹിംസ, വിദ്വേഷം – ഈ ഭാവത്തിന്റെ അന്തരീക്ഷ മായിരുന്നു സര്‍വ്വത്ര പ്രകടമായത്. സ്വയംസേവകരുടെ വീടുമായി ഏതെങ്കിലും തരത്തില്‍ ബന്ധം വെയ്ക്കാന്‍ സാധാരണജനങ്ങള്‍ സങ്കോചം കാണിച്ചു. അടുത്തറിയുന്നവര്‍പോലും തമ്മില്‍ കാണുമ്പോള്‍ കണ്ട ഭാവം നടിക്കാതായി. സ്വയംസേവകരുടെ നിഴല്‍പോലും തങ്ങളുടെയടുത്ത് വീഴാതെയിരിക്കാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്ന പ്രതീതി സൃഷ്ടിച്ചു. ഭരണാധികാരശക്തി പൂര്‍ണ്ണമായും സംഘത്തിനെതിരായിരുന്നു. ഉത്തര്‍പ്രദേശ് പ്രാന്തസംഘചാലകനായിരുന്ന ബാരിസ്റ്റര്‍ നരേന്ദ്രജിത് സിംഗ്ജി ഒരു കമ്പനിയുടെ നടത്തിപ്പിന്റേയും അതോടൊപ്പം അതിന്റെ നിയമോപദേഷ്ടാവിന്റെ ചുമതലയും വഹിച്ചിരുന്നു. നിരോധിക്കപ്പെട്ട സംഘടനയുടെ ഒരംഗം നിങ്ങളുടെ കമ്പനിയുടെ ചുമതലയില്‍ തുടരുന്നത് അംഗീകരിക്കാനാവില്ലെന്ന ഭരണാധികാരികളുടെ നിര്‍ദ്ദേശം വന്നതിനാല്‍ ആഗ്രഹമില്ലെങ്കിലും ബാരിസ്റ്ററില്‍നിന്ന് രാജിക്കത്ത് വാങ്ങാ ന്‍ കമ്പനി നിര്‍ബന്ധിതരായി. സര്‍ക്കാരുദ്യോഗസ്ഥന്മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിടപ്പെട്ടു.
മഹാത്മജി ചെയ്ത അപരാധം
ബാംഗ്ലൂരിലും ഇത്തരം അക്രമപരമ്പരകളുണ്ടായി. ‘ഗാന്ധി സിന്ദാബാദ്’, ‘ഗോഡ്‌സേ മൂര്‍ദാബാദ്’ എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് അക്രമികള്‍ സംഘകാര്യാലയം അക്രമിക്കാനെത്തി. ഇടയ്ക്ക് അവര്‍ ഛത്രപതി ശിവാജിക്കും ജയ് വിളിക്കുന്നുണ്ടായിരുന്നു. സംഘനേതാക്കള്‍ക്കെതിരെ വളരെ തരംതാണ ഭാഷയില്‍ തെറിവിളിയും നടത്തിക്കൊണ്ടായിരുന്നു അവരുടെ നീക്കം. കാര്യാലയത്തിലെ സാധനങ്ങളെല്ലാം അടിച്ചുതകര്‍ക്കുന്നതിനിടയില്‍ ഗാന്ധിജിയുടെ ഒരു ചെറിയ പ്രതിമ അവരുടെ ദൃഷ്ടിയില്‍പെട്ടു. അതുകണ്ട അക്രമിസംഘം നേതാവ് ”നിന്റെ കൊലയാളികളുടെ ഇടയില്‍ നീയെങ്ങനെ വന്നു” എന്നുപറഞ്ഞ് ആ പ്രതിമ കഷ്ണം കഷ്ണമാക്കി. ശിവാജിയുടെ ഫോട്ടോയും ”നീയുമിവിടെയുണ്ടോ” എന്നുപറഞ്ഞ് നിലത്തിട്ട് തകര്‍ത്തുകളഞ്ഞു.
അതിനുശേഷം അക്രമിസംഘം പ്രാന്തസംഘചാലക് അപ്പാ സാഹേബ് ജഗജിനിയുടെ വീട്ടിലേയ്ക്ക് നീങ്ങി. അപ്പാ സാഹേബ് വളരെ സാത്വികനായ അഭിഭാഷകനായിരുന്നു. കൂടാതെ സാംഗ്ലി നാട്ടുരാജ്യത്തിന്റെ മുന്‍മന്ത്രിയും ആദരണീയനായ വ്യക്തിയുമായിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ അദ്ദേഹത്തെ റോഡി ലേയ്ക്ക് വലിച്ചിഴച്ചുകൊണ്ടുവന്ന് കഠിനമായി മര്‍ദ്ദിച്ചു. അടികൊണ്ട് അവശനായി വീണ അദ്ദേഹത്തെ വീണ്ടും കൂട്ടമായി മര്‍ദ്ദിക്കുന്നതു കണ്ട മൂന്നുനാലു സ്വയംസേവകര്‍ ഓടിവന്ന് അദ്ദേഹത്തെ വളഞ്ഞു നിന്ന് അടിമുഴുവന്‍ സ്വയം ഏറ്റുവാങ്ങാന്‍ തയ്യാറായി. പിന്നീട് പോലീസ് എത്തിയശേഷമാണ് അക്രമിസംഘം പിരിഞ്ഞുപോയത്. പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെ നേതാവായ സദാനന്ദ കാക്കഡെ അന്ന് സംഘചാലകനെ രക്ഷിക്കാന്‍ തന്റെ ശരീരത്തില്‍ മര്‍ദ്ദനം ഏറ്റുവാങ്ങിയവരില്‍ ഒരാളായിരുന്നു.
സ്വയംകൃതാനര്‍ത്ഥം
സംഘത്തിനെതിരെ ജനവികാരം ഇളക്കിവിടാന്‍ സംഘവിരോധികള്‍ അനവധി ഗൂഢതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാറുണ്ടായിരുന്നു. ശ്രീരാം നഗറിലുള്ള കാര്യാലയത്തിലെ സാധനസാമഗ്രികള്‍ എല്ലാം നശിപ്പിച്ചു. സൂര്യനാരായണറാവു (സുരുജി)* കഠിനമായ കല്ലേറിന് വിധേയനായി. കാര്യാലയത്തിനടുത്ത് തൊഴിലാളികള്‍ താമസിക്കുന്ന ഒരു ബസ്തിയുണ്ടായിരുന്നു. അവിടുത്തെ തൊഴിലാളികളെ സംഘത്തിനെതിരെ തിരിച്ചുവിടാനായി ”ഇന്നുരാത്രി ‘ഗാന്ധിവധ നാടകം’ ഇവിടെ നടക്കുന്നതായിരിക്കും. ഗാന്ധിഭക്തന്മാരെല്ലാം അതുകാണാനായി എത്തിച്ചേരണം” എന്ന് പ്രചാരം നടത്തി. എന്നാല്‍ നാടകം ആരംഭി ച്ചപ്പോള്‍ ‘ഗോഡ്‌സേ’യായി അഭിനയിക്കാന്‍ ആരും സന്നദ്ധരായില്ല എന്ന പ്രശ്‌നമുയര്‍ന്നു. അവസാനം സമ്മര്‍ദ്ദത്തിന് വഴങ്ങി ഒരു യുവാവ് അതിന് സന്നദ്ധനായി. നാടകം ആരംഭിച്ചു. മഹാത്മജിയുടെ പ്രാര്‍ത്ഥന വരെ കാര്യങ്ങള്‍ നന്നായി നടന്നു. ഗാന്ധിവധത്തിനായി ഗോഡ്‌സേയുടെ വേഷം ധരിച്ച യുവാവ് തോ ക്കുമായി എത്തിയതോടെ ജനങ്ങള്‍ ഇളകിവശായി, അയാളുടെ നേരെ ചാടിവീണ് അടി തുടങ്ങി. ‘ഇത് നാടകമാണ് അയാള്‍ ഗോഡ്‌സേയല്ല’ എന്നെല്ലാം സംഘാടകര്‍ വിളിച്ചുപറഞ്ഞെങ്കിലും ജനങ്ങള്‍ അതൊന്നും കേള്‍ക്കാതെ അവരുടെ കൈക്രിയ തുടര്‍ന്നു.
(തുടരും)
*പിന്നീട് സംഘത്തിന്റെ ക്ഷേത്രപ്രചാരകനും, അഖിലഭാരതീയ സേവാപ്രമുഖുമായി.