- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ബീഹാര്‍ പോലീസിന്റെ വിചിത്രനിലപാട് ( ആദ്യത്തെ അഗ്നിപരീക്ഷ 20)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ബീഹാര്‍ സംസ്ഥാനത്തില്‍ പോലീസിന്റെ പെരുമാറ്റവൈകൃതം പ്രകടമായിരുന്നു.
♦ ഹാസാരിബാഗില്‍ മമുവാ തുടങ്ങിയ സ്ഥലങ്ങളില്‍ സത്യഗ്രഹികളോട് സഹാനുഭൂതിയും ഉദാരമനോഭാവവുമാണ് പ്രകടമായതെങ്കിലും ജില്ലയില്‍ തുടക്കം മുതല്‍ തന്നെ മദ്രാസിലെ മാപ്പിള പോലീസിനെ അനുകരിക്കുന്ന സ്വഭാവമാണ് കണ്ടത്. പ്രാന്തത്തിന്റെ എല്ലാഭാഗത്തും സത്യഗ്രഹികളുടെ നേരെ നിഷ്‌ക്കരുണമായ ലാത്തിച്ചാര്‍ജ് നടന്നു. ഗയയിലെ നവാദാ താലൂക്കി(ഇപ്പോള്‍ ജില്ല) ലാണ് പോലീസിന്റെ ക്രൂരത ഏറ്റവും കൂടുതലുണ്ടായത്. നവാദയില്‍ ആദ്യത്തെ ദിവസം 32 പേര്‍ സത്യഗ്രഹം അനുഷ്ഠിച്ചു. സത്യഗ്രഹികള്‍ നിശ്ചയിക്കപ്പെട്ട സ്ഥലത്തേയ്ക്ക് വരിയായി പോവുകയായിരുന്നു. മജിസ്‌ട്രേറ്റ് ലാത്തിച്ചാര്‍ജിനുള്ള ആജ്ഞ കൊടുത്തു. ഹിന്ദു പോലീസുകാര്‍ ലാത്തിച്ചാര്‍ജ്ജ് ചെയ്യാന്‍ കുറച്ചൊന്ന് സങ്കോചം പ്രകടമാക്കിയപ്പോള്‍ മജിസ്‌ട്രേറ്റ് ഒരു മുസ്ലീം പോലീസുകാരന്റെ കയ്യില്‍നിന്നും ലാത്തിവാങ്ങി സ്വയം സത്യഗ്രഹികളുടെ നേരെ അടിതുടങ്ങി. ഇതുകണ്ട ഹിന്ദു പോലീസുകാര്‍ തങ്ങള്‍ ലാത്തിച്ചാര്‍ജ്ജ് നടത്തിയില്ലെങ്കില്‍ അനുസരണക്കേടായിക്കണ്ട് ശിക്ഷിക്കപ്പെട്ടേക്കാം എന്ന ഭയത്താല്‍ മജിസ്‌ട്രേറ്റിനെ അനുകരിച്ച് ആക്രമണം തുടങ്ങി. ചോരയൊലിപ്പിച്ചുകൊണ്ടുതന്നെ സത്യഗ്രഹികള്‍ മുന്നോട്ടുനീങ്ങിക്കൊണ്ടിരുന്നു. സത്യഗ്രഹസ്ഥലത്തെത്തി, ലാത്തിയടികള്‍ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, പ്രാര്‍ത്ഥന ചൊല്ലി. പോലീസ് എല്ലാവരേയും കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയി.
മര്‍ദ്ദിച്ചശേഷം നഗ്നനാക്കി നഗരം ചുറ്റിച്ചു
♦ സീതാമഢിയില്‍ സത്യഗ്രഹം നടത്തിയ 11 പേരെ നിര്‍ദ്ദയമായി ലാത്തിച്ചാര്‍ജിന് വിധേയരാക്കി. ഒരു സത്യഗ്രഹി ഗുരുതരമായ പരിക്കുകളോടെ തറയില്‍വീണു. ആ സമയത്തും അയാള്‍ ‘ഭാരതമാതാ കീ ജയ്’ എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. അതുകേട്ട് സമനില തെറ്റിയ പോലീസ് അയാളെ സ്റ്റേഷനില്‍കൊണ്ടുപോയി വിവസ്ത്രനാക്കിയശേഷം അയാളില്‍ ചൂരല്‍പ്രയോഗം തുടങ്ങി. അയാളുടെ ശരീരത്തില്‍ പലയിടത്തും തൊലിയുരിഞ്ഞ് ചോരയില്‍ മുങ്ങി. എന്നിട്ടും കലിയടങ്ങാതെ പോലീസ് അയാളെ നാണംകെടുത്താനായി നഗ്നനാക്കി ട്രക്കില്‍ കയറ്റി നഗരത്തില്‍ മുഴുവന്‍ ചുറ്റിക്കറങ്ങി.
♦ ദല്‍സിംഹസരായ(ദര്‍ഭംഗ് ജില്ല)യിലെയും ബാങ്കായിലെയും പോലീസ് സത്യഗ്രഹികളോട് ക്രൂരവും നിന്ദ്യവുമായ നടപടികളാണ് കൈക്കൊണ്ടത്. അവരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി അതിക്രൂരമായി, ശരീരത്തിലെ തൊലിപൊളിയുമാറ്, ബോധംകെടുന്നതുവരെ ചൂരല്‍കൊണ്ട് അടിക്കുകയെന്നത് സാധാരണമായ കാര്യമായിരുന്നു. അതിനുശേഷം നഗ്നരാക്കിത്തന്നെ തെരുവുകള്‍തോറും കൊണ്ടുനടക്കുകയും സംഘത്തിന്റെ നേതാക്കന്മാര്‍ക്കെതിരെ പരസ്യമായി ചീത്ത വിളിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അതിന് സമ്മതിക്കാത്തവരെ ജനങ്ങളുടെ മുന്നില്‍വെച്ച് വീണ്ടും ചൂരല്‍പ്രയോ ഗത്തിനു വിധേയമാക്കും. ദര്‍ഭംഗയിലെ ജില്ലാ പ്രചാരകനേയും സ്റ്റേഷനില്‍വെച്ച് ജനങ്ങളുടെ മുന്നില്‍ പരസ്യമായി ചൂരല്‍പ്രയോഗത്തിന് വിധേയനാക്കി.
ഗുജറാത്ത് പോലീസ് മാപ്പുചോദിച്ചു
മദ്രാസിലെയും ബീഹാറിലെയുംപോലെ സത്യഗ്രഹികളുടെമേല്‍ നിരന്തരമായ മര്‍ദ്ദനങ്ങള്‍ ഗുജറാത്തില്‍ ഉണ്ടായില്ല. അഹമ്മദാബാദിലെ ഒരു സംഭവം എടുത്തുപറയേണ്ടതാണ്. ജനുവരി 12 ന് നടത്താന്‍ പോകുന്ന സത്യഗ്രഹം സംബന്ധിച്ച് വിവരമറിയിക്കാന്‍ സ്ഥലത്തെ രണ്ടു സ്വയംസേവകര്‍ പോലീസ് സ്റ്റേഷനില്‍ പോയെങ്കിലും പോലീസ് മേധാവികള്‍ അത് കാര്യമായെടുത്തില്ല. എന്നാല്‍ സത്യഗ്രഹികള്‍ ജാഥയായി സത്യഗ്രഹസ്ഥലത്തെത്തി അവിടെ കൂടിയ പൊതുജനങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലീസ്ഉണര്‍ന്നെഴുന്നേറ്റത്. ഉടനെ പോലീസ് സത്യഗ്രഹസ്ഥലത്ത് പാഞ്ഞെ ത്തി സത്യഗ്രഹികളെ അറസ്റ്റ് ചെയ്യാന്‍ സന്നദ്ധരായി. തടിച്ചുകൂടിയ ജനങ്ങള്‍ സത്യഗ്രഹികളെ മാലയിട്ട് ആദരിച്ചു. അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന സത്യഗ്രഹികളുടെ പിന്നില്‍ ബഹുജനങ്ങളും മുദ്രാവാക്യം വിളിച്ചുകൊണ്ട് പിന്തുടര്‍ന്നു. എല്ലാവരും പോലീസ് സ്റ്റേഷനുമുന്നിലെത്തിയപ്പോള്‍ അവരെ പിരിച്ചുവിടാനായി ഇന്‍സ്‌പെക്ടര്‍ ലാത്തിച്ചാര്‍ജ് നടത്തി. പലര്‍ക്കും പരിക്കുപറ്റി. ജനങ്ങള്‍ കോപം കൊണ്ട് ഇളകിവശായതോടെ അവരെ ശാന്തരാക്കാന്‍ പോലീസിന് ജനങ്ങളോട് മാപ്പപേക്ഷിക്കേണ്ടിവന്നു. ജനങ്ങളുടെ വ്യാപകമായ സഹകരണം ഉണ്ടായിരുന്നതുകൊണ്ട് പോലീസിന് സത്യഗ്രഹികളു ടെ നേരേ അക്രമം നടത്താന്‍ കഴിഞ്ഞില്ല.
ബംഗാള്‍
ബംഗാള്‍ പ്രാന്തത്തിലും ചിലയിടങ്ങളില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ് പോലുള്ള പ്രാകൃതനടപടികളുണ്ടായി. ഡിസംബര്‍ 15 ന് ഹൗറയിലെ പത്ത് സ്വയംസേവകര്‍ ബൈരക്പൂര്‍ എന്ന സ്ഥലത്തുചെന്ന് സത്യഗ്രഹം നടത്തി. അവരെ നിര്‍ദ്ദയമായി ലാത്തിച്ചാര്‍ജ്ജിന് വിധേയരാക്കി. അവരില്‍ പലരും ലാത്തിയടികൊണ്ട് ബോധംകെട്ട് താഴെവീണു. ലാത്തിച്ചാര്‍ജ്ജിനോടൊപ്പം പോലീസ് കേട്ടാലറയ്ക്കുന്ന തെറിയും വിളിച്ചുകൊണ്ടിരുന്നു. സത്യഗ്രഹികള്‍ പൂര്‍ണ്ണമായും ശാന്തരായിരുന്നു. എന്നാല്‍ അവിടെ തടിച്ചുകൂടിയിരുന്ന ജനസമൂഹം അതിനെതിരെ ശക്തമായി പ്രതികരിച്ചു. സംഗതി വഷളാകുന്നതുകണ്ട പോലീസ് ഉടനെ ക്ഷമാപണം നടത്തി മാപ്പപേക്ഷിച്ചു. കല്‍ക്കത്ത, നവദ്വീപ് എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായി. അവിടങ്ങളിലും തടിച്ചുകൂടിയ ജനസമൂഹത്തിന്റെ എതിര്‍പ്പിനുമുന്നില്‍ പോലീസിന്റെ അഹങ്കാരം അടിയറവ് പറഞ്ഞു.
രാജസ്ഥാന്‍ പൊതുജന പ്രക്ഷോഭത്തിന്റെ പ്രതീതി
രാജസ്ഥാനില്‍ സംഘസത്യഗ്രഹം പൊതുജന പ്രക്ഷോഭത്തിന്റെ പ്രതീതി സൃഷ്ടിച്ചു. സത്യഗ്രഹസ്ഥലത്ത് രണ്ടുമൂന്നു മണിക്കൂര്‍ മുമ്പുതന്നെ പൊതുജനങ്ങള്‍ തടിച്ചുകൂടി പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ കാത്തുനിന്നിരുന്നു. സത്യഗ്രഹികളെ അറസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ നേരേ ലാത്തിച്ചാര്‍ജ് നടത്താന്‍ അനുവദിക്കാത്ത മട്ടില്‍ ജനങ്ങള്‍ സംഘാനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ട് നിലകൊണ്ടിരുന്നു. സത്യഗ്രഹികളെ പോലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതുവരെ ജാഥയായി പിന്തുടരുകയും, മുദ്രാവാക്യം മുഴക്കി ജാഥയായിത്തന്നെ തിരിച്ച് സത്യഗ്രഹം ആരംഭിച്ച സ്ഥലത്തുവന്ന് പിരിഞ്ഞ് പോവുകയും പതിവാക്കിയിരുന്നു. ജോധ്പൂരിലും ഡിഡ്‌വാനയിലും പാലിയിലും എല്ലാംതന്നെ സംഘത്തോട് ഈ വിധമുള്ള ജനങ്ങളുടെ സഹാനുഭൂതി പ്രകടമായിരുന്നു. ഈ സാഹചര്യം കണ്ട് സത്യഗ്രഹസ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടരുതെന്നും അതനുസരിച്ചില്ലെങ്കില്‍ അവരേയും പിടിച്ച് ലോക്കപ്പിലടയ്ക്കുമെന്ന് പോലീസ് വിളംബരം ചെയ്തു. എന്നാല്‍ ആരും അത് തീരെ ചെവിക്കൊണ്ടതായി കണ്ടില്ല. അതിനാല്‍ പോലീസ് സത്യഗ്രഹികളോടൊപ്പം പൊതുജനത്തിന്റെ നേരെയും ലാത്തിച്ചാര്‍ജ്ജ് നടത്തി. തത്ഫലമായി ധാരാളം കാഴ്ച്ചക്കാരുടെയും തലപൊട്ടി കാര്യമായ പരുക്കേറ്റു. അതിനുശേഷവും ജനങ്ങളുടെ സഹകരണത്തിന് കുറവ് സംഭവിച്ചില്ല. ജനങ്ങളെ പിരിച്ചുവിടാന്‍വേണ്ടി പോലീസ് ഉപയോഗിച്ച ഒരു മാര്‍ഗം ‘ചില പോലീസു കാര്‍ ജനക്കൂട്ടം നില്‍ക്കുന്നതിനിടയില്‍ ജീപ്പില്‍വന്ന് തലങ്ങും വിലങ്ങും ഓടിക്കുക’ എന്നതായിരുന്നു. ജീപ്പിടിച്ചും തട്ടിവീണും ആള്‍ക്കൂട്ടത്തിലെ പലര്‍ക്കും പരിക്കുപറ്റി.
എലിയും പൂച്ചയും കളി
പോലീസിന്റെ ഇത്തരം നടപടികള്‍ കണ്ട സത്യഗ്രഹികള്‍ പുതിയ ചില തന്ത്രങ്ങളുപയോഗിച്ചു. പോലീസിന് ജീപ്പുകൊണ്ടുവരാന്‍ സാധിക്കാത്ത വിധത്തില്‍ അവര്‍ ഇടവഴികളില്‍ സത്യഗ്രഹം നടത്താന്‍ തുടങ്ങി. സത്യഗ്രഹികളെ അമര്‍ച്ച ചെയ്യാന്‍ പോലീസ് പുതി യ വഴികള്‍ കണ്ടെത്തുമ്പോള്‍ സത്യഗ്രഹികള്‍ മറ്റൊരു തന്ത്രം ക ണ്ടെത്തി ഉപയോഗിക്കുമായിരുന്നു. ഇത്തരത്തില്‍ സത്യഗ്രഹികളും പോലീസും തമ്മില്‍ ‘ഒളിച്ചുകളി’യിലേര്‍പ്പെട്ട അവസ്ഥയായിരുന്നു. ഈ കാരണങ്ങളാല്‍ പോലീസ് കൂടുതല്‍ ക്രൂരമായ നടപടികള്‍ സ്വീകരിച്ചു തുടങ്ങി. അലവര്‍, പാലി എന്ന സ്ഥലത്ത് പോലീസ് സത്യഗ്രഹികളെ വഴിയില്‍ തടഞ്ഞ് അവര്‍ക്കിടയിലേയ്ക്ക് ജീപ്പ് ഓടിച്ചുകയറ്റാന്‍ പദ്ധതിയിട്ടു. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് ശക്തമായ എതിര്‍പ്പുണ്ടായതിനാല്‍ പോലീസിന് അത് ഉപേക്ഷിക്കേണ്ടതായിവന്നു.
ശിക്ഷിച്ച് ജയിലിലടയ്ക്കാതെ അറസ്റ്റുചെയ്ത് ഭീകരത സൃഷ്ടിച്ച് കഴിയുന്നത്രയും സത്യഗ്രഹികളുടെ മാപ്പെഴുതി വാങ്ങിക്കാനായിരുന്നു മറ്റു സംസ്ഥാനങ്ങളിലെപ്പോലെ രാജസ്ഥാനിലും പോലീസിനുള്ള പൊതുനിര്‍ദ്ദേശം.
മാപ്പ് ചോദിപ്പിക്കുന്ന രീതി
ഇവിടെ സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയോ കോടതിയില്‍ ഹാജരാക്കുകയോ ചെയ്യാന്‍ പോലീസ് സന്നദ്ധരായില്ല. പത്ത് ദിവസങ്ങളോളം അവരെ നിയമവിരുദ്ധമായി ലോക്കപ്പിലിട്ടു കഷ്ടപ്പെടുത്തുകയായിരുന്നു. അത് ഫലിക്കാതെ വന്നപ്പോള്‍ അവര്‍ സത്യഗ്രഹികളുടെ മാതാപിതാക്കളേയോ, ഭാര്യയേയോ കുട്ടികളെയോ കൊണ്ടുവന്ന് സത്യഗ്രഹികള്‍ ലോക്കപ്പില്‍ കിടക്കുന്ന ദൃശ്യം കാണിച്ചുകൊടുക്കാന്‍ തുടങ്ങി. മാതാപിതാക്കളുടേയും ഭാര്യയുടേയും കുട്ടികളുടെയും ദയനീയമായ കണ്ണീര്‍ പല സ്വയംസേവകരുടെയും മനസ്സില്‍ ചലനം സൃഷ്ടിക്കാന്‍ കാരണമായെങ്കിലും പോലീസിന്റെ ഈ പദ്ധതിയും പല സ്ഥലത്തും പരാജയപ്പെട്ടു. സുജാനഗഢിലും ബീക്കാനീറിലുമാണ് പോലീസ് ഇത്തരം പ്രയോഗം പ്രധാനമായും ഉപയോഗിച്ചത്. ഇത്തരം പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാനായി സ്വയംസേവകര്‍ ബിക്കാനീറില്‍ചെന്ന് സത്യഗ്രഹം നടത്താന്‍ തുടങ്ങി. ഇതില്‍ പ്രകോപിതരായ പോലീസ് അവരെ കഠിനമായി ദേഹോപദ്രവമേല്‍പിച്ചു. ”നിങ്ങളെന്തിനാണ് സത്യഗ്രഹം നടത്താന്‍ ഇവിടെയെത്തിയത്” എന്നുചോദിച്ചിട്ടായിരുന്നു മര്‍ദ്ദനം. 13-14 വയസ്സുള്ള കിശോരന്മാരായ സത്യഗ്രഹികളെ കൈവിലങ്ങുവെച്ച് മര്‍ദ്ദിച്ച് അവരെ ശാസിക്കാനായി വീട്ടുകാരെ പിടിച്ചുകൊണ്ടുവന്നിരുന്നു. അതും പരാജയപ്പെട്ടപ്പോള്‍ അവരെ രക്ഷിതാക്കന്മാരോടൊപ്പം നിര്‍ബന്ധിച്ചു പറഞ്ഞുവിട്ട് ഇനിയും ഇവര്‍ സത്യഗ്രഹികളായിവന്നാല്‍ വീട്ടുകാരെ പിടിച്ച് ജയിലിലടയ്ക്കുമെന്ന് ഭീഷണി മുഴക്കി.
പഞ്ചാബ് ക്രൂരതയുടെ പരമകാഷ്ഠ
പഞ്ചാബില്‍ അനവധി സ്ഥലങ്ങളില്‍ പോലീസ് ക്രൂരതയുടെ പരമകാഷ്ഠ പ്രകടമാക്കി. സത്യഗ്രഹികളെ ചൂരലുകൊണ്ടടിക്കുകയും ലാത്തിച്ചാര്‍ജ്ജ് നടത്തുകയും ചെയ്തതുകൊണ്ടും തൃപ്തിവരാതെ അടികൊണ്ട് തലപൊട്ടിയും തോലുരിഞ്ഞും ചോരയൊഴുകുന്ന ശരീരത്തോടുകൂടിയ സത്യഗ്രഹികളെ കൊടുംതണുപ്പില്‍ വെള്ളത്തില്‍ വലിച്ചെറിയുന്ന രാക്ഷസീയതയാണവര്‍ കാണിച്ചത്. അതുകൂടാതെ കിശോരന്മാരായ സത്യഗ്രഹികളെ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒറ്റയ്‌ക്കൊറ്റയ്ക്ക് വിടാനും അവര്‍ സങ്കോചം കാണിച്ചില്ല. കൂടാതെ അത്തരം കുട്ടികളെ ആക്രമിക്കാന്‍ ഗുണ്ടകളെ ചട്ടംകെട്ടാനും അവര്‍ സന്നദ്ധരായി. എന്നാല്‍, സ്വന്തം ജീവന്‍ പണയം വെച്ച് സ്വയം സേവകര്‍ നടത്തിയ പരിശ്രമങ്ങളുടെ ഫലമായി പാകിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടുവന്നവരായിരുന്നു സത്യഗ്രഹികളുടെനേരെ ഇത്രയും ക്രൂരത കാണിക്കുന്ന ഭരണകൂടത്തിലെ പല കോണ്‍ഗ്രസ് നേതാക്കളും എന്നത് വിധിയുടെ വിരോധാഭാസമാണെന്ന് പറയാം;. ഇതേ നേതാക്കള്‍ തങ്ങളുടേയും തങ്ങളുടെ നേതാക്കളുടെയും രക്ഷ യ്ക്കുവേണ്ടി സ്വയംസേവകരുടെ മുന്നില്‍ അന്ന് അപേക്ഷയുമായി നിലകൊണ്ടിരുന്നു. എന്നാല്‍ ഇന്നോ നിര്‍ദ്ദോഷികളും ദേശഭക്തരുമായ സംഘസ്വയംസേവകരുടെ നേരെ അതിക്രൂരമായ അതിക്രമങ്ങള്‍ നടത്താന്‍ അവര്‍ മടിയൊട്ടും കാണിച്ചില്ല.
പഞ്ചാബില്‍ കാംഗഡാ വിഭാഗ് ഒഴിച്ച് മറ്റെല്ലാ സ്ഥലത്തും ശാന്ത രായ സത്യഗ്രഹികളുടെ നേരെ ഭീകരമായ ലാത്തിച്ചാര്‍ജ് നടന്നു. തങ്ങളുടെ മേല്‍ ലാത്തിപ്രയോഗം നടക്കുമ്പോള്‍ സത്യഗ്രഹികള്‍ ഉറക്കെവിളിച്ചുപറഞ്ഞത് ”ഞങ്ങളുടെമേല്‍ ലാത്തി പ്രയോഗിക്കുന്നവര്‍ക്ക് നല്ലതുവരട്ടെ” എന്നായിരുന്നു. ഈ മുദ്രാവാക്യം അമൃത്‌സര്‍ കമ്പനി ബാഗിലുള്ളവര്‍ക്ക് സത്യഗ്രഹത്തെ സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കാന്‍ സഹായിച്ചു.
സഹായം നല്‍കി പ്രതികാരം
ഒരു ഞായറാഴ്ച ദിവസം നിശ്ചയിച്ച സ്ഥലത്തും സമയത്തും സത്യഗ്രഹം നടക്കുമെന്ന വിശ്വാസത്താല്‍ അതു തടയാനായി 250-ഓളം പോലീസുകാര്‍ മൈതാനത്തെ വലയംചെയ്ത് നേരത്തേതന്നെ സന്നദ്ധരായി നിന്നിരുന്നു. അതേപോലെ ഇരുപതിനായിരത്തോളം പൊതുജനങ്ങളും തടിച്ചുകൂടിയിരുന്നു. കൃത്യം 6 മണിക്ക് വിസില്‍ ശബ്ദം കേട്ടതോടെ പുഷ്പമാലകള്‍ ധരിച്ച സത്യഗ്രഹികള്‍ പോലീസ് വലയം ഭേദിച്ച് മൈതാനത്തേയ്ക്ക് കുതിച്ചുചാടി സത്യഗ്രഹം ആരംഭിച്ചു. നാലുപാടും ജനങ്ങള്‍ ആവേശകരമായി മുദ്രാവാക്യം മുഴക്കിക്കൊണ്ടിരുന്നു. അതേസമയത്ത് സ്ഥലത്തെ എസ്.പി. ടെന്നീസ് കളികഴിഞ്ഞ് തിരിച്ചുവരികയായിരുന്നു. ഇത്രയും കനത്ത പോലീസ്‌വ്യൂഹം നില്‍ക്കുമ്പോള്‍ ‘ഒരു കാരണവശാലും സത്യഗ്രഹം നടക്കില്ലെ’ന്ന വിശ്വാസത്തിലായിരുന്നു അദ്ദേഹം ടെന്നീസ് കളിക്കാന്‍ പോയത്. എന്നാല്‍ സത്യഗ്രഹം നടക്കുന്നതുകണ്ടതോടെ കോപംകൊണ്ട് അദ്ദേഹത്തിന്റെ സമനിലതെറ്റി. അദ്ദേഹം സ്വയം ബാറ്റനുപയോഗിച്ചു സത്യഗ്രഹികളെ അടിക്കാന്‍ തുടങ്ങി. അതോടൊപ്പം ലാത്തിച്ചാര്‍ജിനുള്ള ആജ്ഞയും കൊടുത്തു. അടുത്തനിമിഷം പോലീസ് സത്യഗ്രഹികളെ കണ്ടുനിന്ന ജനങ്ങളുടെ നേരേയും ലാത്തിച്ചാര്‍ജ് ആരംഭിച്ചു. ധാരാളംപേര്‍ക്ക് മുറിവേറ്റു. മൂന്ന് സത്യഗ്രഹികള്‍ ബോധംകെട്ടു വീണു. അവരെ ശവങ്ങളെന്നവണ്ണം എടുത്ത് പോലീസ്സ് ട്രക്കിലേയ്‌ക്കെറിഞ്ഞ് പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. അവിടെകൂടി നിന്നിരുന്ന ജനക്കൂട്ടത്തിനെതിരെ വീണ്ടും ലാത്തിപ്രയോഗം തുടങ്ങിയതോടെ ജനക്കൂട്ടം നിയന്ത്രണംവിട്ട് കൂട്ടമായി മുദ്രാവാക്യം മുഴക്കി പോലീസിനെതിരെ നീങ്ങിത്തുടങ്ങി. ലാത്തിച്ചാര്‍ജ്ജ് നിര്‍ത്താന്‍ പോലീസ് നിര്‍ബന്ധിതരായി. ജനങ്ങള്‍ കൂട്ടമായി ജില്ലാ അധികാരിയുടെ ഓഫീസിനുമുന്നിലെത്തി. അവിടെ പുനരധിവാസമന്ത്രി സര്‍ദാര്‍ പ്രതാപ് സിംഗ് ഉണ്ടായിരുന്നു. അദ്ദേഹം ഇടപെട്ട് ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചു. ജനങ്ങള്‍ ശാന്തരായി തിരിച്ചുപോകാന്‍ സന്നദ്ധരായെങ്കിലും പോലീസിനോടുള്ള കോപം അവരുടെ മനസ്സില്‍ തണുത്തുകഴിഞ്ഞിരുന്നില്ല. അതിനാല്‍ തിരിച്ചുപോകുംവഴി അവര്‍ ഒരു ചെറുപോലീസ് സംഘത്തെ വളഞ്ഞുവെച്ചു. ഇതുകണ്ട പത്തിരുപതു സ്വയംസേവകര്‍ ജനക്കൂട്ടത്തിനുള്ളില്‍ പ്രവേശിച്ച് പോലീസുകാരെ തങ്ങളുടെ വലയത്തിലാക്കി. അങ്ങനെ ജനക്കൂട്ടത്തിനിടയില്‍പ്പെട്ട നാല ഞ്ചുപേരെ സുരക്ഷിതരായി സ്വന്തംവലയത്തില്‍ നിര്‍ത്തിക്കൊണ്ട് ‘ഞങ്ങളുടെ മേല്‍ ലാത്തിപ്രഹരം നടത്തിയവര്‍ക്ക് നന്മ വരട്ടെ’ എന്ന് ഉറക്കെ മുദ്രാവാക്യം മുഴക്കി ചാരിതാര്‍ത്ഥ്യത്തോടെനിന്നു.
മഹിളകളുടെ നേരെ ലാത്തിപ്രഹരം
പഞ്ചാബിലെ ഏകദേശം 12 നഗരങ്ങളില്‍ നിര്‍ദ്ദയമായി ഇടയ്ക്കി ടെ ലാത്തിച്ചാര്‍ജ് നടന്നു. അമൃത്‌സര്‍, ബട്ടാല, അംബാല, ലുധിയാ ന തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിഷ്ഠൂരമായ അക്രമം നടന്നു. ലുധിയാനയില്‍ ഒരു മുന്നറിയിപ്പും കൂടാതെ ലാത്തിച്ചാര്‍ജ് ആരംഭിക്കുകയും ഫുള്‍ബൂട്ട് ധരിച്ച് ചവുട്ടിയരയ്ക്കുകയും ചെയ്തു. അമൃത്‌സറില്‍ മഹിളകളുടെ നേരെയും ദാക്ഷിണ്യലേശമില്ലാതെ ലാത്തിപ്രയോഗം നടത്തി. തുടര്‍ച്ചയായി ഏഴ് ദിവസം ലാത്തിച്ചാര്‍ജ്ജും അതിനുശേഷം അത്രയുംദിവസം കണ്ണീര്‍വാതകപ്രയോഗവും അവിടെ നടന്നു. എന്നാലും ആ ദിവസങ്ങളില്‍ മൂന്നുതവണവീതം സത്യഗ്രഹം നടന്നു. അതിനാല്‍ കോപാകുലരായ പോലീസ് തോക്കില്‍ ഘടിപ്പിച്ച കത്തികൊണ്ട് സത്യഗ്രഹികളെ കുത്തിമുറിവേല്‍പിക്കാന്‍ തുടങ്ങി.
വ്യാപാരം സ്തംഭിച്ചു
പഞ്ചാബിലെ പോലീസ് ഭ്രാന്ത്പിടിച്ച് കണ്ണീര്‍വാതകപ്രയോഗം തലങ്ങും വിലങ്ങും നടത്തിയതിന്റെ ഫലമായി ചന്തയിലെ കച്ചവടം തന്നെ സ്തംഭിച്ചു. ജനങ്ങളും കച്ചവടക്കാരും കണ്ണുനീറി അങ്ങുമിങ്ങും ഓടിപ്പോയി. ആ സന്ദര്‍ഭം ഉപയോഗിച്ച് കടയില്‍നിന്ന് സാധനങ്ങള്‍ കൊള്ളയടിച്ച സംഭവങ്ങളുമുണ്ടായി. പ്രമുഖ പത്രങ്ങളെല്ലാം പോലീസിന്റെ ഇത്തരം ഭ്രാന്തുപിടിച്ച നടപടിക്കെതിരെ കടുത്ത വിമര്‍ശനലേഖനങ്ങളെഴുതി. അവസാനം കച്ചവടക്കാരുടെ രക്ഷയ്ക്കു വേണ്ടി നഗരത്തിലെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ തന്നെ കണ്ണീര്‍വാതകപ്രയോഗം തടയാനായി മുന്നോട്ടുവന്നു.
(തുടരും)