- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ഗ്രാമങ്ങളില്‍ ഭീകരാന്തരീക്ഷം (ആദ്യത്തെ അഗ്നിപരീക്ഷ 22)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
ഡിസംബര്‍ 15 ന് നാരായണഗാവില്‍ സത്യഗ്രഹം നടന്നു. തന്റെ സാമ്രാജ്യാതിര്‍ത്തിയില്‍ ഇത്തരം സാഹസം നടന്നു എന്നതില്‍ ആ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന് കലികയറി. അന്നുരാത്രി പോലീസ് ഉദ്യോഗസ്ഥന്‍ ആ പ്രദേശത്തെ വീടുകളിലുള്ളവരെ രാത്രി ധരിച്ചിരുന്ന വേഷത്തില്‍തന്നെ വിളിച്ചിറക്കി, കൊടുതണുപ്പത്ത് ഒരുസ്ഥലത്ത് ഒരുമിച്ചുകൂട്ടി. അറപ്പുളവാക്കുന്ന തെറി വിളിച്ചു കൊണ്ട് നിങ്ങളുടെ വീട്ടില്‍ ഒളിച്ചിരിക്കുന്ന സംഘപ്രവര്‍ത്തകരെ വിട്ടുതന്നില്ലെങ്കില്‍ നിങ്ങള്‍ എല്ലാവരേയും ജയിലിലാക്കും എന്ന ഭീഷണി പുറപ്പെടുവിച്ചു. അതുകണ്ട് അടുത്തുള്ള ഗ്രാമത്തിലെ ജനങ്ങള്‍ ഒന്നുചേര്‍ന്ന് പോലീസ് നടപടിക്കെതിരെ സംഘടിത പ്രതികരണത്തിന് തയ്യാറായി.
ഐസിന് സമാനമായ വെള്ളത്തില്‍
തണുത്ത് വിറയ്ക്കുന്ന രാത്രിയില്‍ പഞ്ചാബ് പോലീസിനെ അനുകരിച്ച് ഡല്‍ഹി പോലീസും കഠിനമായ മര്‍ദ്ദനമുറകള്‍ ആരംഭിച്ചു. സത്യഗ്രഹികളെ അറസ്റ്റുചെയ്ത് ലോക്കപ്പിലിട്ടു. ചൂരലുകൊണ്ടടിച്ച് ശരീരം മുഴുവന്‍ തോലുരിഞ്ഞശേഷം പട്ടിണിക്കിട്ടു. വീണ്ടും ദണ്ഡ കൊണ്ടടിച്ച് അബോധാവസ്ഥയിലാക്കി. അങ്ങനെയുള്ളവരെ 80 നാഴിക ദൂരെ യമുനയുടെ കനാലില്‍ കൊണ്ടുപോയി ഐസിനുതുല്യമായ തണുപ്പില്‍ മുക്കുമായിരുന്നു. 1949 ജനുവരി 5 ന് അത്തരം ക്രൂരത അനുഭവിച്ച ഒരു സത്യഗ്രഹി തന്റെ അനുഭവം വിവരിക്കുന്നു:-
”ശപിക്കപ്പെട്ട അന്ന് രാത്രി 11 മണിക്ക് സത്യഗ്രഹികളെ ട്രക്കില്‍ കുത്തിനിറച്ച് അറിയപ്പെടാത്ത ഒരിടത്തേയ്ക്ക് കൊണ്ടുപോയി. അക്കൂട്ടത്തില്‍ നാല് കിശോര്‍ സ്വയംസേവകരും ഉണ്ടായിരുന്നു. അവര്‍ക്ക് ആഹാരമൊന്നും നല്‍കിയിരുന്നില്ല. വഴിയില്‍ മൂത്രശങ്ക തീര്‍ക്കാനും പോലീസ് അനുവദിച്ചില്ല. അങ്ങനെ രാത്രി 12 മണിക്ക് പുറപ്പെട്ട അവര്‍ 4 മണിയോടെ യമുനാ കനാലിന് അരികിലെത്തി. അവിടെ ആയുധധാരികളായ പോലീസ് ട്രക്കിനുചുറ്റും നിന്നു. സത്യഗ്രഹികളോട് പ്രത്യേകിച്ച് മൂത്രശങ്ക നിര്‍വഹിക്കേണ്ടവരോട് ആദ്യം ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ട്രക്കില്‍ നിന്ന് ഇറങ്ങിയ ഓരോരുത്തരേയും കനാലിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി അവരോട് നിലത്ത് കിടക്കാന്‍ ആവശ്യപ്പെട്ടു. സ്വയം കിടക്കാന്‍ തയ്യാറാകാത്തവരെ അവര്‍ അടിച്ചുവീഴ്ത്തി. പിന്നീട് 4 പോലീസുകാര്‍ കയ്യിലും കാലിലുമായി തൂക്കിയെടുത്ത് വീശി ഐസിനുതുല്യം തണുപ്പുള്ള കനാലിലെ വെള്ളത്തിലേയ്ക്ക് വലിച്ചെറിഞ്ഞു. ഇങ്ങനെ ഓരോരുത്തരെയായി വെള്ളത്തിലേയ്‌ക്കെറിഞ്ഞു. കനാല്‍ക്കരയില്‍ നിരന്നുനിന്ന പോലീസ് കരയ്ക്കുകയറാന്‍ ആരെയും സമ്മതിച്ചില്ല. ആരെങ്കിലും അതിന് ശ്രമിച്ചാല്‍ അവരെ വെള്ളത്തിലേയ്ക്കുതന്നെ തള്ളിയിട്ടുകൊണ്ടുനിന്നു. ഒരുമണിക്കൂറോളം മരവിപ്പിക്കുന്ന തണുത്ത വെള്ളത്തില്‍ കഴിയേണ്ടിവന്ന പലരും വിവശരായി അബോധാവസ്ഥയിലെത്തി. അങ്ങനെ മരണാസന്നാവസ്ഥയിലെത്തിയ സത്യഗ്രഹികളെ വിധി ക്കു വിട്ടുകൊണ്ട് ഒഴിഞ്ഞ ട്രക്കുമായി പോലീസ് തിരിച്ചുപോയി.”
”പോലീസ് തിരിച്ചുപോയശേഷം ഞങ്ങള്‍ ഒരുമിച്ചുകൂടി തണുത്തു വിറങ്ങലിക്കുന്ന അവസ്ഥയില്‍ ഒരുവിധം ഒരുഗ്രാമത്തിനടുത്തെത്തി. അവിടെ ശ്മശാനത്തില്‍ ഒരു ചിത എരിയുന്നുണ്ടായിരു ന്നു. ഭഗവാന്റെ അനുഗ്രഹമാണെന്നു കരുതി ഞങ്ങള്‍ ചിതയ്ക്കരുകിലിരുന്നു തീ കാഞ്ഞു. പിന്നീട് ഒരുവിധം നടന്ന് തരാവഡി റെയില്‍വേസ്റ്റേഷനില്‍ എത്തി. എന്നാല്‍ ടിക്കറ്റെടുക്കാന്‍ കയ്യില്‍ പൈസയില്ലാത്തതിനാല്‍ വിശന്നുവലഞ്ഞ ഞങ്ങള്‍ വിഷമിച്ച് റെ യില്‍പാതയിലൂടെ നടന്നു. നേരംവെളുത്തതോടെ അടുത്ത ഗ്രാമത്തിലെത്തി. ഇതിനകം ഒരടിപോലും നടക്കാന്‍ സാധിക്കാത്ത അവസ്ഥയില്‍ ഞങ്ങള്‍ അവശരായികഴിഞ്ഞിരുന്നു. ഗ്രാമവാസികളോട് ഞങ്ങള്‍ സഹായമര്‍ത്ഥിച്ചു. ആ ഗ്രാമത്തിലെ ദയാലുവായ ഒരു ജമീന്ദാര്‍ ഞങ്ങള്‍ക്കാവശ്യമായ നല്ല ഭക്ഷണവും എല്ലാവര്‍ക്കും ഡല്‍ഹിയിലെത്താനുള്ള ടിക്കറ്റും എടുത്തുതന്ന് സഹായിച്ചു.”
ജനുവരി 7 ന് വൈകുന്നേരം ആയിരക്കണക്കിന് പൊതുജനങ്ങളെ സാക്ഷിനിര്‍ത്തി ”ഞങ്ങള്‍ ഇന്നലെ കനാലില്‍ എറിയപ്പെട്ട അതേ സത്യഗ്രഹികള്‍ തന്നെയാണ്” എന്ന മുദ്രാവാക്യം മുഴക്കി സത്യഗ്രഹം നടത്തി. അവരെ അറസ്റ്റുചെയ്ത് പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോള്‍ അവിടുത്തെ എസ്.പി. ഇവരെ കണ്ട് ആശ്ചര്യചകിതനായി. ഇവരെ കനാലില്‍ വലിച്ചെറിയാന്‍ ആജ്ഞകൊടുത്തത് ആ എസ്.പി. ആയിരുന്നു. ”നിങ്ങള്‍ ഇനി ഇവിടെ സത്യഗ്രഹത്തിനെത്തിയാല്‍ ഞാന്‍ മീശവടിച്ചുകളയു”മെന്നായിരുന്നു അന്നേരം ആ മനുഷ്യന്‍ പറഞ്ഞിരുന്നത്. സത്യഗ്രഹികള്‍ അദ്ദേഹത്തോടുപറഞ്ഞു ”നിങ്ങളുടെ വെല്ലുവിളി സ്വീകരിച്ച് ഞങ്ങള്‍ സത്യഗ്രഹം ചെയ്തിരിക്കുന്നു. ഇനി പറഞ്ഞ വാക്ക് താങ്കള്‍ പാലിച്ചാലും.” ഇതു കേട്ട് എസ്.പി. ലജ്ജിച്ച് തലതാഴ്ത്തിയിരുന്നു.
മദ്ധ്യഭാരതം
ഇന്ന് മദ്ധ്യഭാരതത്തിലുള്ള ഗ്വാളിയോര്‍ സംഘ ദൃഷ്ടിയില്‍ അന്ന് ഉത്തര്‍പ്രദേശിന്റെ ഭാഗമായിരുന്നു. പൂര്‍ണ്ണമായും നാട്ടുരാജാക്കന്മാരുടെ ഭരണത്തിലായിരുന്ന അവിടങ്ങളില്‍ ഹോള്‍ക്കറും സിന്ധ്യയുമായിരുന്നു ഏറ്റവും വലിയ രാജ്യങ്ങള്‍. എല്ലായിടത്തും കോണ്‍ഗ്രസ്സിന്റെ ജനകീയഭരണം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. സാമാന്യമായി ഇവിടങ്ങളിലെല്ലാം സത്യഗ്രഹം ആവേശപൂര്‍വ്വം നടന്നു. പഞ്ചാബ്, ഡല്‍ഹി, മദ്രാസ് എന്നിവിടങ്ങളിലെപോലെ പോലീസിന്റെ പെരുമാറ്റം ഇവിടെ അത്ര മൃഗീയമായിരുന്നില്ല. എങ്കിലും ചില സ്ഥലങ്ങളിലെ പോലീസുകാര്‍ തങ്ങളുടെ അധികാരം ദുരുപയോഗിക്കുകയും അതിരുകടന്ന അതിക്രമങ്ങള്‍ നടത്തുകയും ചെയ്തു.
♦ ലോക്കപ്പില്‍ കയറ്റി ചൂരല്‍പ്രയോഗം നടത്തി ഇന്ദൗറിലെ ഒരു രഹസ്യന്വേഷണ ഉദ്യോഗസ്ഥന്‍ സുരേഷ് എന്ന സത്യഗ്രഹിയെ മാപ്പപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അതിലയാള്‍ പരാജയപ്പെട്ടു. സത്യഗ്രഹികളെ ക്രൂരമായി അടിച്ചും തെറിവിളിച്ചും കൊണ്ടായിരുന്നു അയാളുടെ പെരുമാറ്റം.
ച്ചഖര്‍ഗോന്‍ ജില്ലയില്‍ ഓഝാര്‍ ഗ്രാമത്തില്‍ സത്യഗ്രഹം നടത്തിയവരെ പിടിച്ചുകൊണ്ടുപോയി ലോക്കപ്പില്‍ മരത്തടികള്‍ക്കിടയില്‍ കാലുകള്‍ ബന്ധിച്ച് കൈവിലങ്ങുകള്‍ വെച്ചുകൊണ്ടാണ് കിടക്കാന്‍ ഏര്‍പ്പാടുചെയ്തത്. ആ സ്ഥിതിയില്‍ എന്തു മാത്രം വേദന സഹിക്കേണ്ടിവന്നിരിക്കുമെന്ന് അതനുഭവിച്ചവര്‍ക്കുമാത്രമേ അറിയാനാവൂ.
♦ ഇന്ദൗര്‍ നഗരത്തില്‍ ആദ്യത്തെ ദിവസംതന്നെ സംഘചാലക് നാനുഭൈയ്യപന്ത് വൈദ്യയുടേയും പ്രാന്തപ്രചാരക് മനോഹര്‍ റാവു മോഘേയുടെയും നേതൃത്വത്തില്‍ 238 സ്വയംസേവകര്‍ സത്യഗ്രഹമനുഷ്ഠിച്ചു. ഇത്രയും കൂടുതല്‍ ആളുകള്‍ സത്യഗ്രഹികളായെത്തിയത് സ്ഥലത്തെ പോലീസുദ്യോഗസ്ഥനെ അത്യധികം കോപിഷ്ഠനാക്കി. അടുത്ത ദിവസം മുതല്‍ സത്യഗ്രഹികളെ നിഷ്‌ക്കരുണം ചൂരല്‍പ്രയോഗം നടത്താന്‍ അദ്ദേഹം പോലീസുകാര്‍ക്ക് ആജ്ഞ കൊടുത്തു.
♦ മന്ദസോറിലെ ഭാന്‍പുരയില്‍ ജനുവരി 4 ന് സാതാര്‍ക്കര്‍, സത്യനാരായണ ഭട്‌നാഗര്‍ എന്നിവരുടെ നേതൃത്വത്തില്‍ സത്യഗ്രഹം നടത്തി. അറസ്റ്റ്‌ചെയ്ത് കൊണ്ടുപോയി 20 ദിവസത്തോളം ലോക്കപ്പിലിട്ട് പീഡിപ്പിച്ച അവരെ കോടതിയില്‍ ഹാജരാക്കാനോ ജയിലിലയയ്ക്കാനോ പോലീസ് സന്നദ്ധരായില്ല. അവരെ വിട്ടയയ്ക്കാനായി പ്രകടനം നടത്തുക, കോടതിയില്‍ അപേക്ഷ നല്‍കുക, ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ സമീപിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങള്‍ ജനങ്ങള്‍ക്ക് സ്വീകരിക്കേണ്ടിവന്നു.
♦ എത്രമാത്രം ദൃഢമനസ്സോടെയും താത്പര്യത്തോടെയും, കൗശലമുപയോഗിച്ചും ആണ് ബാല സ്വയംസേവകര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തത് എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു രാംപൂരില്‍ നടന്ന സത്യഗ്രഹം. 8-ാം ക്ലാസില്‍ പഠിക്കുന്ന സ്വയംസേവകരും അവരോടൊപ്പം മറ്റ് ആറ് തരുണ സ്വയംസേവകരും ചേര്‍ന്ന് സത്യഗ്രഹം നടത്താനുള്ള തീയതി നിശ്ചയിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ക്ക് സത്യഗ്രഹത്തില്‍ പങ്കെടുക്കാനുള്ള ഏറ്റവും വലിയ തടസ്സം വീട്ടുകാരുടേതായിരുന്നു. ശാഖയില്‍ പോകുന്ന സ്വയംസേവകരുടെ വീട്ടുകാര്‍ അവരുടെ കുട്ടികളെ വളരെ കരുതലോടെ ശ്രദ്ധിച്ചിരുന്നു. സത്യഗ്രഹത്തില്‍ പോകാന്‍ നിശ്ചയിക്കപ്പെട്ട കൂട്ടത്തിലെ ബാല സ്വയംസേവകനായ രാംകുമാര്‍ അതില്‍ കൃത്യമായി പങ്കെടുക്കാനുള്ള ഉപായം കണ്ടെത്തി. അയാള്‍ തുടക്കംമുതല്‍ തന്നെ വീട്ടിലെ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വളരെയധികം താത്പര്യം കാണിച്ച് എല്ലാം വളരെ കൃത്യമായി ചെയ്തുതുടങ്ങി. ഇതുകണ്ട് വീട്ടുകാര്‍ ഇയാള്‍ സത്യഗ്രഹത്തില്‍ പോകില്ലെന്ന വിശ്വാസത്തിലായി. സത്യഗ്രഹത്തിനു പോകേണ്ട ദിവസം ‘റേഷന്‍കടയില്‍ മണ്ണെണ്ണ എത്തിയിട്ടുണ്ട്’ എന്ന് അയാള്‍ അമ്മയോട് പറഞ്ഞു. സാധനങ്ങള്‍ക്കെല്ലാം നിയന്ത്രണമുള്ള കാലഘട്ടമായതിനാല്‍ അമ്മ ഉടനെ റേഷന്‍കാര്‍ഡും കുപ്പിയും പണവും കൊടുത്ത് അയാളെ പറഞ്ഞയച്ചു. രാംകുമാര്‍ തന്റെ സ്‌നേഹിതനായ സ്വയംസേവകനോട് റേഷന്‍കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങി വീട്ടില്‍ കൊടുക്കാന്‍ ഏര്‍പ്പാടുചെയ്തു. എന്നാല്‍ താന്‍ സത്യഗ്രഹം നടത്തി അറസ്റ്റ് ചെയ്യപ്പെട്ടശേഷം മാത്രമേ മണ്ണെണ്ണ വീട്ടിലെത്തിക്കാവൂ എന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു. നിശ്ചയിച്ചതനുസരിച്ച് രാംകുമാര്‍ സത്യഗ്രഹത്തില്‍ പങ്കാളിയാവുകയും മറ്റേ സ്വയംസേവകന്‍ രാംകുമാറിന്റെ നിര്‍ദ്ദേശമനുസരിച്ചുതന്നെ പ്രവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെ ബാലസ്വയംസേവകരെല്ലാവരും അവരവരുടെ പദ്ധതിയനുസരിച്ച് സത്യഗ്രഹത്തില്‍ പങ്കാളികളായി.
ഭോപ്പാലിലെ നവാബ് ഭരണം
അഖിലഭാരതീയ ആഹ്വാനമനുസരിച്ച് ഭോപ്പാലിലും ആദ്യദിവസംതന്നെ സത്യഗ്രഹം നടന്നു. രണ്ടുസംഘം സത്യഗ്രഹികളെ തടവിലാക്കി കഴിഞ്ഞിരുന്നു. നവാബിന്റെ ഭരണത്തിലായിരുന്നതു കാരണം ഭോപ്പാലിന്റെ പുറത്തുനിന്നുവരുന്നവര്‍ പേര്, മേല്‍വിലാസം, എവിടെ താമസിക്കും, എത്ര ദിവസം താമസിക്കും തുടങ്ങിയ വിവരങ്ങളെല്ലാം പോലീസിന് കൊടുക്കേണ്ടിയിരുന്നു. അതുകൊണ്ട് ഭോപ്പാല്‍ ഭാരതത്തില്‍ ലയിക്കണമെന്ന ആവശ്യം ആ ദിവസങ്ങളില്‍ ശക്തിപ്പെട്ട് വരികയായിരുന്നു. ഭോപ്പാലിനെ ഭാരതത്തില്‍ ലയിപ്പിക്കാനുള്ള പ്രക്ഷോഭം കോണ്‍ഗ്രസ് പിന്തുണയുള്ള പ്രജാമണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരികയായിരുന്നു. ആ പ്രക്ഷോഭവും സത്യഗ്രഹത്തിന്റെ ഏകദേശം അതേ തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. ആ പ്രക്ഷോഭം തുടരാനാവാതെ വന്നാല്‍ അത് ലയനത്തെ ബാധിക്കും. രണ്ട് സത്യഗ്രഹങ്ങളും ഒരേസമയത്ത് നടന്നാല്‍ ലയനസമരത്തെക്കുറിച്ച് ആശയക്കുഴപ്പം വ്യാപിപ്പിക്കാന്‍ ഭോപ്പാല്‍ നവാബിന് എളുപ്പവുമാകും. അതുകൊണ്ട് ഭോപ്പാലിനെ സത്യഗ്രഹത്തില്‍നിന്ന് ഒഴിവാക്കണമെന്ന് പ്രജാമണ്ഡലം നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. അതംഗീകരിച്ച് അവിടെ സത്യഗ്രഹം വേണ്ടെന്നു സംഘത്തിന്റെ കേന്ദ്രനേതൃത്വവും നിശ്ചയിച്ചു. അങ്ങനെ ഭോപ്പാലിലെ സത്യഗ്രഹം നിറുത്തിവെച്ചു. സംഘവും ലയനത്തിനനുകൂലമായതിനാല്‍ സംഘത്തിന്റെ ചില പ്രമുഖ സ്വയംസേവകരെ ലയനപ്രക്ഷോഭത്തില്‍ പങ്കാളികളാകാനും നിശ്ചയിച്ചു. ബാക്കിയുള്ളവരോട് ഭോപ്പാലിനുപുറത്ത് ഗ്വാളിയോര്‍ (നാട്ടു)രാജ്യത്തിലെ വിദിശ ജില്ലയില്‍ സത്യഗ്രഹം നടത്താന്‍ നിര്‍ദ്ദേശിച്ചു. വിദിശ പൂര്‍ണ്ണ മായും സംഘാനുകൂല പ്രദേശമായിരുന്നു. അതിനാല്‍ വിദിശയിലേത് പതിനായിരക്കണക്കിന് ജനങ്ങള്‍ പങ്കെടുക്കുന്ന ആവേശകരമായ സത്യഗ്രഹമായിമാറി. അവിടുത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ധാരാളം പേര്‍ സംഘാനുഭാവികളായിരുന്നു, എന്നുമാത്രമല്ല ചിലരെല്ലാം സ്വയംസേവകരുമായിരുന്നു. അതിന്റെ ഫലമായി ഭോപ്പാലില്‍നിന്നുള്ള സത്യഗ്രഹികള്‍ വിദിശയില്‍ എത്തിയാല്‍ സ്റ്റേഷനിലെ കച്ചവടക്കാരടക്കം അവരെ സ്വീകരിക്കാനും സഹായം ചെയ്തുകൊടുക്കാനും സജ്ജരായിരുന്നു.
സര്‍ക്കാര്‍ വിഷമസ്ഥിതിയില്‍
വിദിശയിലെ പ്രക്ഷോഭകാലഘട്ടത്തില്‍ സര്‍ക്കാര്‍ വിഷമിച്ച ഒരു സാഹചര്യവുമുണ്ടായി. ഗ്വാളിയോറില്‍ സംഘത്തെ നിരോധി ച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന് ആറുമാസത്തേയ്ക്ക് മാത്രമായി രുന്നു പ്രാബല്യം. ആറുമാസം കഴിഞ്ഞ് വീണ്ടും വിജ്ഞാപനം പുറ പ്പെടുവിക്കേണ്ടിയിരുന്നു. സത്യഗ്രഹം നടക്കുന്നത് നിരോധന ഉത്ത രവിന്റെ അവധി കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അതിനാല്‍ സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് കോടതിയുടെ മുന്നിലെത്തിച്ചപ്പോള്‍ സ്വയംസേവകര്‍ക്കുവേണ്ടി വാദിക്കാനെത്തിയ നിരഞ്ജന്‍ വര്‍മ്മ തുടങ്ങിയ അഭിഭാഷകര്‍, ഗ്വാളിയോറില്‍ സംഘപ്രവര്‍ത്തനം നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ കാലാവധി കഴിഞ്ഞതിനാല്‍ ശാഖ നടത്തിയതിന്റെ പേരില്‍ സ്വയംസേവകര്‍ക്കെതിരെ ശിക്ഷാനടപടികളെടുക്കാന്‍ സാദ്ധ്യമല്ലെന്നു വാദിച്ചു. സര്‍ക്കാര്‍ വക്കീലും പോലീസും ഇതോടെ വിഷമത്തിലായി. മറ്റു തിരക്കുകള്‍ക്കിടയില്‍ വീണ്ടും വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സര്‍ക്കാര്‍ വിട്ടുപോയിരുന്നു. ഉടന്‍തന്നെ ഗ്വാളിയോറില്‍ വിവരമറിയിച്ച് വീണ്ടും വിജ്ഞാപനം പുറപ്പെടുവിച്ച് എല്ലാ സത്യഗ്രഹികളെയും ശിക്ഷിച്ചു.
മഹാകോസലത്തിലെ പ്രേരണയേകുന്ന സംഭവം
മാപ്പ് ചോദിച്ച് മടങ്ങിവരരുത്
ഡിസംബര്‍ 18ന് സത്‌നയിലെ കുറച്ച് ബാലസ്വയംസേവകര്‍ സത്യഗ്രഹം അനുഷ്ഠിക്കാന്‍ നിശ്ചയിച്ചിരുന്നു. അസീംകുമാര്‍ ബാനര്‍ജിയായിരുന്നു സത്യഗ്രഹം നയിക്കേണ്ടിയിരുന്നത്. അച്ഛനമ്മമാരില്‍നിന്ന് എങ്ങനെ അനുവാദം വാങ്ങിക്കുമെന്നതായിരുന്നു അസീമിന്റെ മുന്നിലെ പ്രശ്‌നം. അന്നേദിവസം നാല് മണിക്കാണ് അസീമിന് സത്യഗ്രഹത്തിന് പോകേണ്ടിയിരുന്നത്. അന്നുരാവിലെ മുതല്‍തന്നെ അമ്മയെ സന്തുഷ്ടയാക്കാന്‍ അമ്മയ്ക്കുവേണ്ടി പലതരത്തിലുള്ള സേവാപ്രവര്‍ത്തനങ്ങളിലും അയാള്‍ വ്യാപൃതനായി. ഈ കാര്യങ്ങളെല്ലാം ചെയ്യുന്നത് എന്തിനാണെന്ന് അമ്മയ്ക്ക് മനസ്സിലായി. അസീമിന് അനുവാദം നല്‍കിയതിനോടൊപ്പം നിര്‍ബന്ധമായും അച്ഛന്റെ അനുവാദം വാങ്ങിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. അനുമതി വാങ്ങാനായി രണ്ട് മണിയോടെ മകന്‍ അച്ഛന്റെ മുറിയില്‍ച്ചെന്നു. ചില കാര്യങ്ങളില്‍ വ്യാപൃതനായിരുന്നുവെങ്കിലും അസീംകുമാറിന്റെ ആവശ്യങ്ങളെല്ലാം അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. അതിനാല്‍ മുറിയില്‍ പ്രവേശിച്ച അസീംകുമാര്‍ എന്തെങ്കിലും പറയുന്നതിനുമുമ്പുതന്നെ അച്ഛന്‍ അങ്ങോട്ടുചോദിച്ചു:- ”എന്താ സത്യഗ്രഹത്തില്‍ പങ്കുചേരാന്‍ പോകുകയാണോ? നിന്റെ അമ്മയില്‍നിന്ന് കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നിനക്ക് പഠനത്തില്‍ ശ്രദ്ധിക്കാനുള്ള സമയമാണ്. വിദ്യാസമ്പാദനത്തിനുശേഷം രാജനൈതിക പ്രവര്‍ത്തനങ്ങളില്‍ ഇറങ്ങുന്നതാണ് നല്ലത്. ശരി പൊയ്‌ക്കൊള്ളു. എന്നാല്‍ ഒരുകാര്യം ശ്രദ്ധയില്‍ വെയ്ക്കുക. ഒരു കാരണവശാലും മാപ്പെഴുതിക്കൊടുക്കരുത്. മാപ്പെഴുതിക്കൊടുത്താല്‍ പിന്നീട് ഈ വീട്ടില്‍ കാലുകുത്തരുത്.” അച്ഛന് തന്നോടുള്ള സ്‌നേഹം, പഠനത്തെ സംബന്ധിച്ച ആശങ്ക, എന്നാല്‍ മനസ്സിന്റെ ദാര്‍ഢ്യം ഇതെല്ലാം മനസ്സിലാക്കിയ അസീംകുമാറിന്റെ കണ്ണുനിറഞ്ഞു. അച്ഛന്റെ ഇത്തരത്തിലുള്ള പ്രേരണാദായകമായ അനുഗ്രഹത്താല്‍ പൂര്‍ണ്ണമായും ദൃഢമനസ്സോടെ അസീംകുമാര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു.
(തുടരും)