- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
ഗാന്ധിജിയുടെ വധത്തിനു മുമ്പേതന്നെ കോണ്‍ഗ്രസുകാരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും സദാ വര്‍ഗീയവിഷം വമിക്കുന്ന മുസ്ലീം ലോബിയുമൊത്ത് സംഘത്തിനെതിരെ നിരന്തരം പ്രചാരണം നടത്തിക്കൊണ്ടിരുന്നു. പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും പ ത്രമാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നല്‍കിയും അവര്‍ സംഘത്തിനെതിരെ തുറന്ന ആക്രമണം നടത്താന്‍ ആഹ്വാനം നല്‍കിയിരുന്നു. തങ്ങളാണ് ദേശവിഭജനത്തിന് കാരണക്കാരെന്ന കുറ്റബോധത്തില്‍ നിന്ന് രക്ഷപ്പെടാന്‍, ആ മഹാപാപത്തിന്റെ ഉത്തരവാദിത്തം സംഘത്തിന്റെ തലയില്‍ കെട്ടിവെയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. ഭരണാധികാരം അവരുടെ കയ്യിലായിരുന്നതിനാല്‍ അത് ദുരുപയോഗം ചെയ്ത് സംഘസ്വയംസേവകര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച്, കള്ളക്കേസുകള്‍ ചമയ്ക്കാന്‍ അവര്‍ മുന്നിട്ടിറങ്ങി. ദല്‍ഹി, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ കൊള്ള, കൊല, തീവെയ്പ്പ്, ആയുധസംഭരണം തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് രാജ്യരക്ഷാവകുപ്പിന്‍ പ്രകാരം സ്വയംസേവകരെ തടവിലാക്കി. ഉത്തര്‍പ്രദേശില്‍ കംഡാലയില്‍ നടന്ന വര്‍ഗീയകലാപത്തിന്റെ കാരണക്കാര്‍ സ്വയംസേവകരാണെന്നാരോപിച്ച് നിരവധി സ്വയംസേവകരുടെ പേരില്‍ കേസെടുത്തു. വാര്‍ത്താമാധ്യമങ്ങളില്‍ അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രചരിപ്പിക്കപ്പെട്ടത് സ്വയംസേവകര്‍ കലാപകാരികളാണെന്നായിരുന്നു. സ്വയംസേവകര്‍ ഒരുതരം ഹിംസ്രജന്തുക്കളാണെന്ന രീതിയിലായിരുന്നു അവര്‍ വ്യാപകമായി പ്രചാരണം നടത്തിയിരുന്നത്.
ഒരുവശത്ത് കോണ്‍ഗ്രസ് അനുകൂലികള്‍ സംഘത്തിനെതിരെ വര്‍ഗീയവാദികള്‍, അക്രമികള്‍, ഭാരതത്തിന്റെ വിഭജനത്തിന് കാരണക്കാര്‍ എന്നു തുടങ്ങിയ പ്രചരണം നടത്തിയപ്പോള്‍ മറുവശത്ത് കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റുപ്രവര്‍ത്തകര്‍ സംഘം മുതലാളിത്ത, പ്രതിക്രിയാവാദികളോട് ചേര്‍ന്ന് നെഹ്രുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തുന്നു എന്ന പ്രചരണത്തിലേര്‍പ്പെട്ടു. സര്‍ദാര്‍പട്ടേല്‍ സംഘാനുകൂലിയാണെന്ന് പറഞ്ഞു. ഇവരെല്ലാംതന്നെ അദ്ദേഹത്തിനെതിരെയും ശക്തമായ പ്രചാരവേലയിലേര്‍പ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശില്‍ ഗഢമുക്തേശ്വറില്‍ നടന്ന വര്‍ഗീയകലാപത്തിന് സംഘസ്വയംസേവകരാണ് ഉത്തരവാദികളെന്ന് അവര്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഈ ആരോപണത്തെ അന്നത്തെ മുഖ്യമന്ത്രി റാഫി അഹമ്മദ് കിദ്വായി നിഷേധിച്ചു. എങ്കിലും തത്പരകക്ഷികള്‍ ജനങ്ങളെ പ്രകോപിതരാക്കി നിയമം കയ്യിലെടുക്കാന്‍ തക്കവണ്ണമുള്ള പ്രചാ രപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. മഹാരാഷ്ട്രയിലെ സത്താറയില്‍ 1948 ഒക്‌ടോബര്‍ 13ന് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സോഷ്യലിസ്റ്റ് നേതാവ് പേണ്‍ഡ്‌സെയുടെ പ്രസംഗം ഇതിന്നൊരു ഉദാഹരണമാണ്. ”സംഘത്തെ ഇല്ലാതാക്കാന്‍ ആഗ്രഹിക്കു ന്നെങ്കില്‍ ജനങ്ങള്‍ ആദ്യം ചെയ്യേണ്ടത് അവരുടെ കാര്യാലയങ്ങള്‍ തീവെച്ചു നശിപ്പിക്കണം. പിന്നീട് അവരുടെ പ്രചാരകന്മാരെയും കാര്യവാഹകന്മാരെയും വകവരുത്താന്‍ സന്നദ്ധരാകണം. സോഷ്യലിസ്റ്റ് പ്രവര്‍ത്തകര്‍ ഈ രണ്ടു കാര്യം ചെയ്യുന്നതിലാണ് വ്യാപൃതരായിരിക്കുന്നത്.”
ഈ പൊതുയോഗത്തെ തുടര്‍ന്ന് സത്താറ ജില്ലാ കോണ്‍ഗ്രസ്‌കമ്മറ്റി അന്നത്തെ മുഖ്യമന്ത്രി ബാളാസാഹേബ് ഖേറിന് സമര്‍പ്പിച്ച അപേക്ഷ ഇതായിരുന്നു:- ”സംഘത്തെ ഉന്മൂലനം ചെയ്യാന്‍ ഞങ്ങള്‍ നടത്തുന്ന പരിശ്രമത്തിന് സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. അതില്ലെങ്കില്‍ 1942ല്‍ നടന്ന കലാപത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകും.” അതിന് ഉപദേശരൂപത്തില്‍ ഖേര്‍ ഇങ്ങനെ മറുപടികൊടുത്തു:- ”നിരാശ പൂണ്ട് നിങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളുടെ സര്‍വ്വനാശത്തിനിടയായിത്തീരും. (ദൈനിക് കാല്‍ – 1947 ഒക്‌ടോബര്‍ 13.)
സംഘത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ജനസ്വാധീനംകണ്ട അധികാരമോഹികളും സംഘവിരോധികളുമായ ശക്തികള്‍ ഗാന്ധിവധത്തിനുമുമ്പുതന്നെ സംഘത്തിനെതിരായ പ്രചരണങ്ങളും സംഘസ്വയംസേവകരുടെ നേരേ അക്രമങ്ങളും നടത്തിവന്നിരുന്നു. നാഗപ്പൂരിനു സമീപമുള്ള സോമല്‍വാഡ ശാഖയിലെ സ്വയംസേവകര്‍ 1948 ജനുവരി 14 ന് മകരസംക്രാന്തി ഉത്സവം നടത്താന്‍ ഒരുങ്ങുകയായിരുന്നു. ആ സന്ദര്‍ഭത്തില്‍ ഒരുകൂട്ടം കോണ്‍ഗ്രസുകാര്‍ വന്ന് ഉത്സവത്തില്‍ ഭഗവക്കൊടിയല്ല ത്രിവര്‍ണ്ണപതാകയാണുയര്‍ത്തേണ്ടത്, അതല്ലെങ്കില്‍ ഉത്സവം നടത്താന്‍ സമ്മതിക്കില്ലെന്നു പറഞ്ഞു. വിവാദം ഒഴിവാക്കാനായി സംഘകാര്യകര്‍ത്താക്കള്‍ അന്ന് ഉത്സവം മറ്റൊരു ദിവസത്തിലേയ്ക്ക് മാറ്റിവെച്ചു. അതനുസരിച്ച് 20-ാം തീയതി പരിപാടി നടന്നുകൊണ്ടിരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായിവന്ന് അക്രമം അഴിച്ചുവിടുകയും നിരവധി സ്വയംസേവകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. (കേസരി -1948: ജനുവരി 21.)
സംഘത്തിനെതിരെ നടപടികളെടുക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് നിര്‍ദ്ദേശിച്ച് 1948 ജനുവരി 17 ന് ദല്‍ഹിയില്‍ ചേര്‍ന്ന അഖില ഭാരതീയ കോണ്‍ഗ്രസ് കമ്മറ്റി പ്രമേയം പാസ്സാക്കി. പെട്ടെന്നു തന്നെ ഇതിന്റെ പ്രതിദ്ധ്വനി സംസ്ഥാന കോണ്‍ഗ്രസ് സമിതികളില്‍ നിന്നുമുണ്ടായി. ഉടന്‍തന്നെ അവര്‍ സംഘവിരുദ്ധനടപടികള്‍ ആരംഭിക്കുകയും ചെയ്തു. സംഘപ്രവര്‍ത്തനത്തില്‍ പങ്കാളികളായി എന്നതിന്റെ പേരില്‍ ഉത്തര്‍പ്രദേശ് പ്രാന്തസമിതി പന്ത്രണ്ടോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി. അതിനുശേഷം, തങ്ങളുടെ പ്രദേശങ്ങളിലും ഇത്തരം ആളുകള്‍ക്കെതിരെ അച്ചടക്കനടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാസമിതികള്‍ക്ക് നിര്‍ദ്ദേശവും അവര്‍ക്കതിന് അധികാരവും നല്‍കി.
സംഘം തികഞ്ഞ ഒരു സാംസ്‌കാരിക സംഘടനയാണെന്ന പൂര്‍ണബോദ്ധ്യമുണ്ടായിട്ടും തങ്ങളുടെ ജീവനക്കാര്‍ സംഘ പരിപാടികളില്‍ പങ്കെടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി. എല്ലാ സംസ്ഥാനസര്‍ക്കാരുകളോടും ഇത്തരം നടപടികളെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ഇതനുസരിച്ച് സംസ്ഥാന സര്‍ക്കാറുകള്‍ ഉടന്‍തന്നെ നടപടികളാരംഭിച്ചു. ഉത്തര്‍പ്രദേശ് ഭരണകൂടമാണ് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്സാഹവും താത്പര്യവും പ്രകടിപ്പിച്ചത്. സ്വയം മെനഞ്ഞുണ്ടാക്കിയ കള്ളക്കുറ്റങ്ങള്‍ ചുമത്തി അനേകം കാര്യകര്‍ത്താക്കളെ അറസ്റ്റുചെയ്ത് തടവിലാക്കി. കൊല, കൊള്ള, കൊള്ളിവെയ്പ് തുടങ്ങിയ ഹീനവും സാമൂഹ്യവിരുദ്ധവുമായ പ്രവര്‍ത്തനങ്ങളില്‍ സംഘപ്രവര്‍ത്തകര്‍ ഏര്‍പ്പെട്ടതിനെ സംബന്ധിച്ച വിവരം സര്‍ക്കാരിന് കിട്ടിയിട്ടുണ്ടെന്നും തെളിവുസഹിതം സര്‍വ്വകാര്യങ്ങളും ഉള്‍പ്പെടുത്തി ഒരു പത്രിക പ്രസിദ്ധീകരിക്കുന്നതാണെന്നും അവര്‍ വ്യാപകമായി പ്രചരണം നടത്തി. എന്നാല്‍ അത്തരം ഒരു പത്രിക ഒരിക്കലും പ്രസിദ്ധീകരിക്കുകയുണ്ടായില്ല. എന്നുമാത്രമല്ല വ്യാജമായ ആരോപണങ്ങളുടെ പേരില്‍ തടവിലാക്കപ്പെട്ട സ്വയംസേവകര്‍ കോടതികളില്‍നിന്ന് കുറ്റവിമുക്തരാക്കപ്പെട്ടു, മോചിപ്പിക്കപ്പെട്ടു.
ജനങ്ങള്‍ സംഘത്തോടൊപ്പം
ഇത്തരം നടപടികളൊന്നും സംഘത്തെ തെല്ലും തളര്‍ത്തിയില്ലെന്നു മാത്രമല്ല, അവര്‍ സംഘത്തോടൊപ്പമായിരുന്നു. സര്‍വ്വസാമാന്യജനങ്ങളെക്കൂടാതെ സംഘത്തെ എതിര്‍ത്തിരുന്ന സംഘടനയിലെ പല പ്രമുഖന്മാരും വര്‍ത്തമാനപത്രങ്ങളും സംഘത്തിന്റെ ഭാവാത്മകമായ പ്രവര്‍ത്തനങ്ങളും കണ്ട് അതിനെ അനുമോദിക്കുന്നവരായി ത്തീര്‍ന്നു. പല നേതാക്കന്മാരും സംഘപരിപാടികളില്‍ സഹകരിക്കുന്നവരും അതില്‍ അഭിമാനംകൊള്ളുന്നവരുമായിരുന്നു. അതിനാല്‍ സംഘത്തെ പ്രഹരിക്കുന്നവര്‍ക്ക് മുഖമടച്ച് മറുപടി നല്‍കാനും സംഘത്തിന് പുറത്തുള്ളവര്‍തന്നെ മുന്നോട്ടുവന്നു. സ്വയംസേവകരുടെ സ്‌നേഹപൂര്‍ണ്ണമായ പെരുമാറ്റം, സ്വഭാവശുദ്ധിയും അനുശാസനവും, ദേശഹിതത്തിനായി ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍, സാഹസവൃത്തി എന്നിവയെല്ലാം നിശ്ശബ്ദമായിതന്നെ എതിരാളികളുടെ ആരോപണങ്ങള്‍ക്ക് ഉചിതമായ ഉത്തരമായിത്തീര്‍ന്നു.
സംഘത്തിനെ ഹിറ്റ്‌ലറുടെ നാസിപ്രസ്ഥാനത്തോട് തുലനം ചെയ്യുന്ന സംഘവിരുദ്ധപത്രങ്ങളുടേയും നേതാക്കളുടേയും കുപ്രചാരണങ്ങളെ അടിവേരോടെ പറിക്കുന്നതായിരുന്നു ‘സര്‍വന്റ്‌സ് ഓഫ് ഇന്ത്യാ സൊസൈറ്റി’യുടെ ആഭിമുഖ്യത്തില്‍ നാഗപ്പൂരില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഹിതവാദ’യെന്ന പ്രമുഖപത്രത്തില്‍ ഈ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കികൊണ്ട് വന്ന മുഖപ്രസംഗം:- ”ജാതി സമ്പ്രദായം, ഭാഷ എന്നീ സങ്കുചിത ഭേദഭാവങ്ങള്‍ക്കെല്ലാമുപരി ഹിന്ദുസമാജത്തെ സംഘടിപ്പിക്കാനുള്ള സവിശേഷമായ കഴിവ് സംഘത്തിനുണ്ട്………. ഹിറ്റ്‌ലറുടെ നാസിപ്രസ്ഥാനവുമായി അതിനെ തുലനം ചെയ്യുന്നവര്‍ അത്യന്തം നിന്ദ്യമായ അബദ്ധമാണ് ചെയ്യുന്നത്.” (ഹിതവാദ – 1947: ഒക്‌ടോബര്‍ 28.)
സംഘം നെഹ്രുസര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തിന് മറുപടിയായി മദ്ധ്യപ്രദേശ് സംസ്ഥാനത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന ദ്വാരികാപ്രസാദ് മിശ്ര പറഞ്ഞത്, ”ലാഠിയുടെ ബലംകൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംഘം ശ്രമിക്കുന്നു എന്ന ചിന്തപോലും പരിഹാസ്യമാണ്. ഈ ആരോപണം പ്രദേശത്തെ ഡി. എസ്. പിയോട് ഉന്നയിച്ചില്ലായെന്നത് അതിശയകരമാണ്. സംഘം ഒരു രാജനൈതിക സംഘടനയാണെന്ന് ഞാന്‍ തെല്ലുപോലും വിശ്വസിക്കുന്നില്ല. അ വര്‍ മുഖേന നെഹ്‌റുസര്‍ക്കാര്‍ അട്ടിമറിക്കപ്പെടുമെന്നത് ഒരിക്കലും സംഭവ്യവുമല്ല.” (നവഭാരത് ടൈംസ്, നാഗ്പൂര്‍ -1947 ഡിസംമ്പര്‍19.)
1947 നവംബര്‍ 1, 2 തീയതികളില്‍ പൂണെയില്‍ ചിഞ്ച്‌വാഡയ്ക്കടുത്ത് മഹാരാഷ്ട്ര പ്രാന്തത്തിന്റെ തരുണന്മാര്‍ പങ്കെടുക്കുന്ന ശിബിരം നടക്കുമെന്നും ഒരു ലക്ഷം തരുണസ്വയംസേവകന്മാരുടെ ആ ശിബിരത്തില്‍ സര്‍ദാര്‍ പട്ടേല്‍ പ്രഭാഷണം നടത്തുമെന്നും അത് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്യുമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ സംഘവിരുദ്ധശക്തികളുടെ സമ്മര്‍ദ്ദംകാരണം ബോംബെ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി മൊറാര്‍ജി ദേശായി ആ പരിപാടി നിരോധിച്ചു. സര്‍വ്വവിധ ഒരുക്കങ്ങള്‍ക്കു ശേഷമുണ്ടായ ഈ നിരോധനത്തില്‍ സ്വയംസേവകര്‍ തെല്ലും നിരാശരായില്ല. മറിച്ച് ഒരു സ്ഥലത്ത് ഒരു ലക്ഷംപേരുടെ പരിപാടി നടത്തുന്നതിനു പകരം സംഘാനുഭാവികളുടെ സഹകരണത്തോടെ സംസ്ഥാനത്തിന്റെ പല സ്ഥലങ്ങളിലായി 1312 ശിബിരങ്ങളില്‍ 1,46,000 പേര്‍ പങ്കെടുത്തുകൊണ്ടുള്ള പരിപാടികള്‍ നടത്തി സ്വയംസേവകര്‍ തങ്ങളുടെ കരുത്ത് തെളിയിച്ചു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ മേല്‍പറഞ്ഞ അന്യായമായ നിരോധനത്തെ വിമര്‍ശിച്ച് നിഷ്പക്ഷമായ പ്രമുഖപത്രങ്ങള്‍ രോഷം നിറഞ്ഞ എതിര്‍സ്വരങ്ങളുയര്‍ത്തി. ”സ്വന്തം ജീവന്‍ പണയപ്പെടുത്തി ദല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിരാശ്രയരായവരെ സേ വിക്കുന്നതില്‍ ഏര്‍പ്പെടുന്നവരും ഒരു കക്ഷിയുടെയും രാജനൈതിക മോഹത്തിന് തടസ്സം സൃഷ്ടിക്കാതെയും ആരെയും ആക്രമിക്കാതെയും ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് നിയമവിധേയമായി പ്രവര്‍ത്തിക്കുന്നതുമായ രാഷ്ട്രീയ സ്വയംസേവകസംഘംപോലുള്ള സംഘടനയെ ഫാസിസ്റ്റ് എന്നാക്ഷേപിച്ച് അവരുടെ പ്രവര്‍ത്തനം നിരോധിക്കുന്നത് തികച്ചും ആക്ഷേപാര്‍ഹവും ആത്മഹത്യാപരവുമാണ്. ശക്തനു മുമ്പില്‍ തലകുനിക്കുകയും ദുര്‍ബലനെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന നെഹ്രുവിന്റെ ധിക്കാരപരമായ മനോഭാവമാണ് യഥാര്‍ത്ഥത്തില്‍ ഫാസിസം. അതാണിവിടെ പ്രകടമാകുന്നത്. (മഹാരാഷ്ട്ര, നാഗ്പ്പൂര്‍ – 1947: ആഗസ്റ്റ് 8.)
കോണ്‍ഗ്രസിലെ കുടിലബുദ്ധിക്കാരുടെ ശ്രമഫലമായി കേന്ദ്രകോണ്‍ഗ്രസ് കമ്മറ്റിയില്‍ സംഘത്തിനെതിരായി പ്രമേയം അംഗീകരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ‘കര്‍ണാടക കേസരി’ എന്ന പേരില്‍ എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രീഭൂതനായ ബല്‍ഗാമിലെ (അന്ന് മഹാരാഷ്ട്രയില്‍) ഗംഗാധര്‍ റാവു ദേശ്പാണ്ഡേ സംഘസ്വയംസേവകരേയും ആയിരക്കണക്കിന് പൊതുജനങ്ങളേയും അഭിസംബോധന ചെയ്ത് കോണ്‍ഗ്രസുകാര്‍ക്ക് താക്കീതെന്ന രീതിയില്‍ ഇങ്ങനെ പറഞ്ഞു:- ”കോണ്‍ഗ്രസ് കമ്മറ്റി സംഘത്തിനെതിരെ പ്രമേയം പാസ്സാക്കിയിരിക്കുകയാണ്………. കലികാലവൈഭവം എന്നല്ലാതെ എന്തുപറയാന്‍. അധികാരത്തില്‍ കയറിയ ഉടനെ കോണ്‍ഗ്രസ് സംഘത്തിനെതിരെ തിരിഞ്ഞിരിക്കുന്നു. ‘ഹിന്ദുക്കളെ സംഘടിപ്പിക്കാന്‍ പാടില്ല’ എന്ന് താക്കീത് നല്‍കുന്ന നിഷേധാത്മകമനോഭാവം എത്രമാത്രം വിചിത്രമാണ്!……… കഴിഞ്ഞ 50 വര്‍ഷ ത്തെ അനുഭവം വെച്ചുകൊണ്ട് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, നമ്മുടെ നാട്ടില്‍ ശാന്തിയുടെ അന്തരീക്ഷം പൂര്‍ണ്ണമായും നിലനില്‍ക്കണമെങ്കില്‍ ഹിന്ദുസംഘടന അത്യാവശ്യമാണ്………. അവര്‍ ഈ സംഘടനയെ അകറ്റിനിര്‍ത്തരുത്. സമയം വരുമ്പോള്‍ ഈ സംഘടന അവര്‍ക്കുതന്നെ സഹായകരമായിത്തീരും എന്നാണ് ഞാന്‍ ഭരണാധികാരികളോട് അഭ്യര്‍ത്ഥിക്കുന്നത്. (വാര്‍ത്ത ബീഹാര്‍ – 1947: ഡിസംബര്‍ 25.)
പഞ്ചാബില്‍ അതിവേഗത്തില്‍ വര്‍ദ്ധിച്ചുവരുന്ന സംഘത്തിന്റെ സ്വാധീനംകണ്ട് വിറളിപൂണ്ട ചില കോണ്‍ഗ്രസ് നേതാക്കള്‍ സംഘം മുസ്ലീങ്ങളോട് സ്വീകരിച്ച ശത്രുതാപരമായ സമീപനമാണ് നാടിന്റെ വിഭജനത്തിന് കാരണമായതെന്ന് പ്രചാരണം നടത്തിയപ്പോള്‍ സംഘപ്രവര്‍ത്തനത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ നാട്ടുകാര്‍ തന്നെ അതിനെ ചെറുക്കാന്‍ മുന്നോട്ടുവന്നു. അതില്‍ നിരാശ പൂണ്ട ചില നേതാക്കള്‍ സംഘത്തെയും അകാലിദളിനേയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു പൂര്‍വ്വ പഞ്ചാബ് സര്‍ക്കാരിന് നോട്ടീസ് അയച്ചു. അത്തരം ഒരു നിര്‍ദ്ദേശം സര്‍ക്കാരിന് ലഭിച്ചു എന്നറിഞ്ഞ ഉടന്‍തന്നെ സാമാന്യജനങ്ങളും ‘ട്രിബ്യൂണല്‍,’ ‘പ്രതാപ്’ തുടങ്ങിയ പ്രമുഖ പത്രങ്ങളും അതിനെതിരെ സടകുടഞ്ഞെഴുന്നേറ്റു. 1947 നവംബര്‍ 26 ലെ മുഖപ്രസംഗത്തില്‍ ‘ട്രിബ്യൂണല്‍’ അതിശക്തമായ ഭാഷയില്‍ എഴുതി:- ‘പണ്ഡിറ്റ് നെഹ്രു പൂര്‍വ പഞ്ചാബ് സര്‍ക്കാരിനോട് സംഘത്തേയും, അകാലിദളിനേയും നിരോധിച്ച് ഇല്ലായ്മ ചെയ്യണമെന്നാവശ്യപ്പെട്ട് സര്‍ക്കുലര്‍ അയച്ചതായറിയുന്നു. അത് സത്യമാകാതിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്, കാരണം അത്രയും കൊള്ളരുതാത്ത വാര്‍ത്തയാണത്. അഥവാ അത് സത്യമാണെങ്കില്‍, അത്യന്തം ദൗര്‍ഭാഗ്യകരമാണെന്നേ പറയാന്‍ കഴിയൂ…….. ഈ ദേശീയസംഘടനകള്‍ പാകിസ്ഥാനിലെ മൃഗീയ-രാക്ഷസീയ പ്രവര്‍ത്തനങ്ങളെ ചെറുത്ത് നിന്നില്ലായിരുന്നെങ്കില്‍ അനേകായിരം ഹിന്ദു-സിഖ് സഹോദരിമാര്‍ ബലാല്‍സംഗത്തിനിരയാകുമായിരുന്നു. ആയിരക്കണക്കിനു ഹിന്ദു-സിഖ് കുഞ്ഞുങ്ങള്‍ കശാപ്പുചെയ്യപ്പെടുമായിരുന്നു എന്ന കാര്യം ഞങ്ങള്‍ പണ്ഡിറ്റ് നെഹ്രുവിനെ ഓര്‍മ്മിപ്പിക്കണമോ? ……… ഈ അതിര്‍ത്തിപ്രദേശങ്ങളില്‍ രാഷ്ട്രീയ സ്വയംസേവക സംഘവും അകാലിദളും ജനങ്ങളുടെ മനസ്സില്‍ ആഴത്തില്‍ ഇടംപിടിച്ചുകഴിഞ്ഞിരിക്കുന്നു എന്ന കാര്യം ഞങ്ങള്‍ ഉറപ്പിച്ചുപറയുന്നു. തങ്ങളുടെ രക്ഷകരായിട്ടാണ് അവരെ ജനങ്ങള്‍ കാണുന്നത്. ………. ആ സംഘടനകളെ സ്വകാര്യസേനകളായും വര്‍ഗീയമായും കാണുന്നത് കൃതഘ്‌നതയാണ്. യഥാര്‍ത്ഥത്തില്‍ അവര്‍ നമ്മെ സഹായിക്കുന്ന ദേശീയശക്തികളാണ്. അവരുടെ കയ്യില്‍ ആയുധങ്ങളില്ല. എന്നാല്‍ സൈനികര്‍ക്ക് തുല്യമായ അനുശാസനമുണ്ട്. വാസ്തവത്തില്‍ സര്‍ക്കാരിന് അവരെക്കുറിച്ച് അഭിമാനമാണുണ്ടാകേണ്ടത്………….” (ട്രിബ്യുണല്‍.)
സ്വാര്‍ത്ഥമതികളായ ശക്തികള്‍
സ്വന്തം താത്പര്യത്തിനും സ്വാര്‍ത്ഥപൂരണത്തിനുംവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ശക്തികള്‍ സംഘത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഗാന്ധിവധത്തിനു മുമ്പുതന്നെ ഒന്നുചേര്‍ന്ന് കഴിഞ്ഞിരുന്നു. താഴത്തെ തലത്തില്‍തന്നെ സംഘത്തിനെതിരായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവര്‍ സക്രിയരായിരുന്നു. മഹാരാഷ്ട്രയില്‍ ബ്രാഹ്‌മണരോട് അങ്ങേയറ്റം വെറുപ്പുണ്ടാകുന്ന തരത്തില്‍ വിഷമയമായ അന്തരീക്ഷം അവര്‍ സൃഷ്ടിച്ചു. എന്നാല്‍ സ്വയംസേവകരുടെ സംയമനം, അനുശാസനം എന്നിവ കാരണമായും സര്‍ദാര്‍ പട്ടേല്‍, മധ്യപ്രദേശ് ആഭ്യന്തരമന്ത്രി ദ്വാരികാപ്രസാദ് മിശ്ര, ബോംബെ മുഖ്യമന്ത്രി ബി. ജി. ഖേര്‍ തുടങ്ങിയ നേതാക്കള്‍ക്ക് സംഘത്തെക്കുറിച്ച് ശരിയായ ധാരണ ഉണ്ടായിരുന്നതുകൊണ്ടും തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം പ്രചരണങ്ങളുണ്ടായിട്ടും ജനങ്ങള്‍ക്കിടയില്‍ സംഘത്തിനോട് ശക്തമായ സഹാനുഭൂതിയുണ്ടായിരുന്നതുമൂലവും അക്കൂട്ടരുടെ പരിപ്പ് വേവിക്കാനായില്ല. സംഘവിരോധത്തിന്റെ ചുഴലിക്കാറ്റ് ആഞ്ഞടിച്ചിട്ടും ദേശത്തിലെ ജനത സംഘത്തോടൊപ്പംതന്നെയായിരുന്നു.
എന്നാല്‍ മഹാത്മജിയുടെ വധത്തെതുടര്‍ന്നുരുത്തിരിഞ്ഞ അന്തരീക്ഷം സംഘവിരോധികള്‍ ഒരു സുവര്‍ണ്ണാവസരമായി കണ്ടു. അതേവരെ സകലവിധ പരിശ്രമങ്ങളും നടത്തിയിട്ടും സംഘത്തിന് ഒരു പോറല്‍പോലും ഏല്‍പിക്കാന്‍ സാധിക്കാതെ നിരാശപൂണ്ട് ഇരിക്കുകയായിരുന്ന ഇത്തരം ശക്തികള്‍ അവസരം കിട്ടിയതോടെ സംഘടിതരായി എല്ലാ ഭാഗത്തും ശക്തമായ ആക്രമണത്തിന് സന്നദ്ധരായി. സംഘത്തിന്റെ അവസ്ഥ ചക്രവ്യൂഹത്തില്‍പെട്ട അഭിമന്യുവിന്റേതിന് തുല്യമായി. കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് ശക്തികള്‍, ഭരണകൂടത്തിന്റെ ഒത്താശയോടെ ആകാശവാണി, വര്‍ത്തമാനപത്രങ്ങള്‍ തുടങ്ങിയ മാധ്യമങ്ങള്‍, മറ്റു സാമൂഹ്യവിരുദ്ധശക്തികള്‍, സര്‍വ്വോപരി ഭരണകൂടം എന്നിങ്ങനെ സര്‍വ്വമഹാരഥികളും ഒത്തുചേര്‍ന്ന് സംഘത്തിനെതിരായി സര്‍വ്വായുധങ്ങളും ഉപയോഗിച്ച് അക്രമം അഴിച്ചുവിട്ടു. നീതിയും നിയമവും പൂര്‍ണ്ണമായി ബലികഴിക്കപ്പെട്ടു. സത്യത്തിന്റെ കഴുത്ത് ഞെരിച്ചുകൊണ്ട് സംഘത്തെ നശിപ്പിക്കാനുള്ള പദ്ധതികള്‍ അവര്‍ ആവിഷ്‌കരിച്ചു. ഒരു ഭാഗത്ത് അത്യന്തം ഭീഷണമായ പരിതഃസ്ഥിതി, ഭീകരമായ ആക്രമണം, അതിശക്തരായ ആക്രമണകാരികള്‍, മറുവശത്ത്; ധാര്‍മ്മികശക്തിയായ സംഘം ഒറ്റയ്ക്കും. ഇതായിരുന്നു സ്ഥിതി.
ലക്ഷാവധി സ്വയംസേവകരുടെ സംഘത്തോടുള്ള അടിയുറച്ച നിഷ്ഠ, സത്യത്തിലും സാത്വികതയിലുമുള്ള അചഞ്ചലവിശ്വാസം, സമര്‍പ്പണഭാവം, സംഘശാഖയില്‍നിന്നു ലഭിച്ച സംസ്‌കാരത്തിന്റെ കരുത്തുറ്റ കവചം എന്നിവയായിരുന്നു ഈ വെല്ലുവിളി നേരിടാന്‍ സംഘത്തിന്റെ ഭാഗത്തുണ്ടായിരുന്നത്. ഏതുമാര്‍ഗമുപയോഗിച്ചും സംഘത്തെ ഉന്മൂലനം ചെയ്യാനുള്ള ശ്രമം ഒരു ഭാഗത്ത് നടക്കുമ്പോള്‍, മറുവശത്ത്, എന്തു വിലകൊടുത്തും തങ്ങളുടെ ജീവന്റെ ജീവനായ സംഘത്തെ സംരക്ഷിക്കാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു സ്വയംസേവകര്‍.
(തുടരും)