- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
അവസരം ലഭിച്ചതോടെ സംഘവിരുദ്ധ ശക്തികളെല്ലാം അതിന്റെ പേരിലൊത്തുചേര്‍ന്നു. നേതാക്കന്മാര്‍ അവരുടെ മനോവിലാസമനുസരിച്ച് കെട്ടുകഥകള്‍ പ്രചരിപ്പിച്ച് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കാനും അവരെ ഉന്മത്തരാക്കി സംഘത്തിനെതിരെ ആക്രമത്തിന് മുതിരാനും പ്രേരിപ്പിച്ചുകൊണ്ടിരുന്നു. ആകാശവാണിയും ആശയക്കുഴപ്പത്തിന്റേയും അതിക്രമങ്ങളുടേയും ഇരുട്ടുപരത്തിക്കൊണ്ടിരുന്നു. മറ്റു പല വര്‍ത്തമാനപത്രങ്ങളും അതിനാക്കം കൂട്ടിക്കൊണ്ടിരുന്നു. അന്ധകാരമയമായ ഈ അന്തരീക്ഷത്തില്‍ സംഘവിരുദ്ധരായ ഈ ഇരുട്ടിന്റെ സന്തതികള്‍ സര്‍വ്വത്ര കൊള്ള, കൊല, തീവെയ്പ്പ് തുടങ്ങിയ വിധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ക്രമസമാധാനം നിലനിര്‍ത്താന്‍ ബാദ്ധ്യതയുള്ള സര്‍ക്കാരാകട്ടെ അവര്‍ ക്കെതിരെ നടപടിയെടുക്കുന്നതിനുപകരം, അതിക്രമങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നവരെ വിറപ്പിക്കുകയും നാലുപാടു നിന്നും സംഘത്തെ പ്രഹരിക്കാനാരംഭിക്കുകയും ചെയ്തു. ഇതിനൊപ്പം കോണ്‍ഗ്രസ്, സോഷ്യലിസ്റ്റ്, കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജനങ്ങളെ പ്രകോപിപ്പിച്ച് അക്രമാസക്തരാക്കുന്ന തരത്തിലുള്ള പ്രസംഗങ്ങള്‍ നടത്തുകയും വര്‍ത്തമാനപത്രങ്ങള്‍ മുറിവില്‍ ഉപ്പും മുളകും തേയ്ക്കുംവിധം അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.
”സംഘത്തിന്റെ ഗുരുജി പാനിപ്പത്ത് സന്ദര്‍ശനസമയത്ത് നടന്ന സംഘ പ്രവര്‍ത്തകയോഗത്തില്‍ ഒരു പിസ്റ്റള്‍ എടുത്ത് സ്വയംസേവകരുടെ മുന്നിലേയ്ക്കിട്ടുവെന്നും; ‘നിങ്ങളില്‍ ആര്‍ക്കാണോ ഗാന്ധിജിയെ കൊല്ലാന്‍ ധൈര്യമുള്ളത് അവര്‍ക്ക് മുന്നോട്ടുവന്ന് ഈ പിസ്റ്റളെടുക്കാവുന്നതാണ്’ എന്ന് പറഞ്ഞുവെന്നുമുള്ള താന്‍ കെട്ടിച്ചമച്ച ‘ഒരു രഹസ്യം’ പാനിപ്പത്ത് കോണ്‍ഗ്രസ് കമ്മറ്റിയുടെ ഒരു പ്രമുഖന്‍ തന്റെ പ്രസംഗത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. അടിസ്ഥാനരഹി തമായ ഈ അസംബന്ധ പ്രസംഗവും പത്രങ്ങളില്‍ വളരെ പ്രാധാന്യത്തോടെ അടുത്തദിവസം പ്രസിദ്ധീകരിക്കപ്പെട്ടു.
”ഹിന്ദുമഹാസഭയുടേയും സംഘത്തിന്റെയും ആളുകള്‍ ദേശീയപതാകയെ തള്ളിക്കളഞ്ഞിരിക്കുന്നു, ഇത് തുറന്ന വഞ്ചനയാണ്. ജനങ്ങളിക്കാര്യം വിട്ടുകളയുന്നതെന്താണ്? ചതിയന്മാരെ അവരര്‍ഹിക്കുന്നവിധം വേരറുക്കേണ്ടിയിരിക്കുന്നു. പോരടിക്കാനാണ് ആശയെങ്കില്‍ അവര്‍ മൈതാനത്തിലിറങ്ങുക” എന്ന് അമൃതസറിലെ പ്രഭാഷണത്തില്‍ പണ്ഡിറ്റ് നെഹ്രു വെല്ലുവിളിച്ചു. (വീരഭാരത്, ഉര്‍ദു)
ആകാശവാണിയും വാര്‍ത്താപത്രങ്ങളും
സര്‍ക്കാരിന്റെ വാര്‍ത്താമാധ്യമമായ ആകാശവാണി രാജ്യത്താകമാനം തീകൊളുത്തുന്നതില്‍ പ്രമുഖമായ പങ്കാണ് വഹിച്ചിരുന്നത്. മഹാരാഷ്ട്രയില്‍ ചില സ്ഥലങ്ങളില്‍ സ്വയംസേവകരേയും അവരുടെ വസ്തുവകകളേയും നശിപ്പിക്കാന്‍ ജനങ്ങള്‍ നടത്തിയ അക്രമങ്ങളെ പ്രാധാന്യത്തോടെ പ്രക്ഷേപണം നടത്തിക്കൊണ്ട് ആകാശവാണി, ‘രാജ്യത്താകമാനമുള്ള’ ജനങ്ങള്‍ക്കുകൂടി വിധ്വംസക പ്രവര്‍ത്തനത്തിനുള്ള പ്രേരണ നല്‍കുകയാണ് ചെയ്തത്. സംഘവിരോധികളായ നേതാക്കന്മാരുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ പ്രാമുഖ്യത്തോടെ പ്രക്ഷേപണം ചെയ്ത ആകാശവാണി സംഘാനുകൂലമായ വാര്‍ത്തകള്‍ ബോധപൂര്‍വ്വം തമസ്‌കരിക്കുകയാണുണ്ടായത്.
1948 ഫെബ്രുവരി 6-ാം തീയതി പൂജനീയ ഗുരുജി സംഘത്തെ പിരിച്ചുവിട്ടതായ വാര്‍ത്ത, ഗാന്ധിജിയുടെ വധം നടന്ന ഉടനെ സംഘ ശാഖകള്‍ നിര്‍ത്തിവെച്ച് 13 ദിവസം ദുഃഖാചരണം നടത്താന്‍ ഗുരുജി നല്‍കിയ ആഹ്വാനം ഇവയെല്ലാം പ്രസിദ്ധീകരിക്കാതെ ബോധപൂര്‍വ്വം അവര്‍ ജനങ്ങളില്‍നിന്ന് മറച്ചുവച്ചു. എന്നാല്‍ ഗാന്ധിവധത്തിനുശേഷം സ്വയംസേവകര്‍ ആഹ്ലാദപ്രകടനം നടത്തി, മധുരപലഹാരങ്ങള്‍ വിതരണം ചെയ്തു, നെയ്‌വിളക്കുകള്‍ കത്തിച്ചു, ഗുരുജി ഗോഡ്‌സേയെ ആശീര്‍വദിച്ചു തുടങ്ങിയ സ്വയം പടച്ചുണ്ടാക്കിയ വാര്‍ത്തകള്‍ പ്രാധാന്യത്തോടെ പ്രക്ഷേപണം നടത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പത്രങ്ങള്‍ പ്രത്യേകിച്ച് സംഘത്തിനെതിരെ വിദ്വേഷം ആളിക്കത്തിക്കുന്ന ഉദ്വേഗജനകങ്ങളായ ലേഖനപരമ്പരകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങി. ബംഗാളിലെ കമ്മ്യൂണിസ്റ്റ് വാരികയായ ‘സ്വാധീനത’ അവരുടെ മുഖപ്രസംഗത്തിലൂടെ ജനങ്ങളോട് ആഹ്വാനം ചെയ്തു:- ”ദുഃഖാചരണവും കണ്ണീരൊഴുക്കലുമെല്ലാം ഗാന്ധിവധത്തിന്റെ ഗൗരവത്തെ ലഘൂകരിക്കുക മാത്രമേ ചെയ്യൂ. ദുഃഖപ്രകടനമല്ല വെറുപ്പിന്റെ ക്രോധാഗ്നി ആളിക്കത്തേണ്ട നിമിഷമാണിത്. ഗാന്ധിജിയുടെ കൊലയാളികളെ നാമാവശേഷമാക്കുമെന്നു നാമിന്ന് പ്രതിജ്ഞ ചെയ്യണം. ശത്രുക്കളെ തിരിച്ചറിയുക. ക്രോധാകുലരായി എഴുന്നേല്‍ക്കുക. മാനവക്രോധം ജ്വാലാമുഖിയായി എങ്ങും ആളിപ്പടരട്ടെ. പ്രക്ഷുബ്ധരായ ജനതയുടെ രോഷാഗ്നി എങ്ങും ജ്വലിച്ചുയരട്ടെ. വരൂ, ശത്രുവിന് സര്‍വ്വനാശം വരുത്തിക്കൊണ്ടു നമുക്കു മുന്നേറാം.” ബീഹാറിലെ ‘ജനശക്തി’യും മേലുദ്ധരിച്ച ലേഖനം പ്രസിദ്ധീകരിച്ചു. മറ്റനേകം പത്രമാധ്യമങ്ങളും പ്രകോപനപരമായ ഇത്തരം ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. ആസാമിലെ കമ്മ്യൂണിസ്റ്റുകാര്‍ സംഘത്തിന്റെ കാര്യകര്‍ത്താക്കളായ അഡ്വ. ശങ്കര്‍ലാല്‍ശര്‍മ്മ, കേശവദേവ് ബാബരി തുടങ്ങി ഏഴ് ആളുകളുടെ പേരുകള്‍ എടുത്തുപറഞ്ഞ് അവരെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കണമെന്ന് ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കി.
ഗോഡ്‌സേയെ സര്‍വവ്യാപിയാക്കി
ഗാന്ധിജിയെ വധിക്കുന്നതിനുമുമ്പ് ഗോഡ്‌സേ ഒരേസമയത്ത് ഭാരതത്തിന്റെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായും കാര്യാലയങ്ങളില്‍ താമസിച്ചതായും സംഘഅധികാരികളെ കണ്ട് ഗൂഢാലോചന നടത്തിയതായും ഇത്തരം പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ദേശത്തെമ്പാടുമുള്ള എല്ലാ സ്വയംസേവകരും ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന തരത്തിലായിരുന്നു അവരുടെ പ്രചരണം.
”ഗോഡ്‌സേ കാണ്‍പൂരില്‍ വന്ന വാര്‍ത്ത ഞങ്ങള്‍ നേരത്തേത ന്നെ പ്രസിദ്ധീകരിച്ചിരുന്നു. അത് സത്യമാണെന്ന് ഇപ്പോള്‍ തെളി ഞ്ഞിരിക്കുന്നു. കാണ്‍പൂരിലെ പ്രമുഖ സംഘ അധികാരിയായ ഒരു ബാരിസ്റ്ററുടെ വീട് ഗോഡ്‌സേ സന്ദര്‍ശിക്കുകയും അദ്ദേഹം ഗോഡ്‌സേയ്ക്ക് ഒരു പിസ്റ്റള്‍ സമ്മാനിക്കുകയും ചെയ്തു. ആ പിസ്റ്റള്‍ ഉപയോഗിച്ചാണ് ഗാന്ധിജിയുടെ കൊല നടത്തിയിരിക്കുന്നത്” എന്നായിരുന്നു കാണ്‍പൂരിലെ ‘വീരഭാരത’യില്‍ വലിയ തലക്കെട്ടോടെ വന്ന വാര്‍ത്ത! പത്രത്തില്‍ സൂചിപ്പിച്ച ബാരിസ്റ്റര്‍ ഉത്തര്‍പ്രദേശ് പ്രാന്തസംഘചാലക് ബാരിസ്റ്റര്‍ നരേന്ദ്രജിത്ത് സിംഗ് ആയിരുന്നു. ഈ വാര്‍ത്ത പ്രസിദ്ധീകരിച്ച സമയത്ത് അദ്ദേഹം ജയിലിലായിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടത്തി സത്യം കണ്ടെത്തണമെന്നും ഈ വാര്‍ത്ത തന്റെ കുടുംബത്തിന്റെ നേരെ ആക്രമണം നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും കാണിച്ച് ജയിലില്‍നിന്നുതന്നെ അദ്ദേഹം ജില്ലാ അധികാരി കള്‍ക്ക് കത്തയച്ചു. ശരിയായ അന്വേഷണം നടന്നാല്‍ പത്രത്തിന്റെ ഉടമ കോടതിയില്‍ പ്രതിക്കൂട്ടില്‍ കയറേണ്ടിവരുമായിരുന്നു. പത്രമുടമയായ റാം രത്തന്‍ ഗുപ്ത കാണ്‍പൂരിലെ സ്വദേശി കോട്ടണ്‍മില്ലിന്റെ ഉടമയായ വലിയ വ്യവസായപ്രമുഖനും കോണ്‍ഗ്രസിന്റെ ഉന്നതനേ താവുമായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ കാണ്‍പൂര്‍ റെയില്‍വേസ്റ്റേഷനില്‍ ഒരു മുറി എപ്പോഴും റിസര്‍വ് ചെയ്ത് വെച്ചിരുന്നു. കാണ്‍പൂരില്‍ വന്ന ഗോഡ്‌സേ ആ മുറിയിലാണ് താമസിച്ചത്. ഈ തെളിവുകള്‍ പുറത്തുവരുമെന്നായതോടെ തന്റെ പണവും സ്വാധീനവും ഉപയോഗിച്ച് അദ്ദേഹം കേസ്സിന്റെ അന്വേഷണം കാണ്‍പൂരിലെ സംഘപ്രചാരകനായ അനന്തറാവു ഗോഖലെയുടെ നേരെ തിരിച്ചുവിട്ടു. ഗോഖലെ പൂണെക്കാരനാണെന്നും അദ്ദേഹം വിളിച്ചിട്ടാണ് ഗോഡ്‌സേ കാണ്‍പൂരില്‍ എത്തിയതെന്നും പത്രത്തില്‍ പ്രസിദ്ധീകരിച്ചു. യഥാര്‍ത്ഥത്തില്‍ ഗോഖലെ ഖണ്ഡ്വാക്കാരനായിരുന്നു. ഗോഡ്‌സേയുമായി ഒരുപരിചയവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഗാന്ധിവധത്തിനുമുമ്പ് കുറേനാള്‍ അദ്ദേഹം ഭാവുറാവുജിയുടെ കൂടെ ഗ്വാളിയോറില്‍ യാത്രയിലായിരുന്നു. ഇത്രയും കാര്യങ്ങള്‍ വ്യക്തമായിട്ടും ധനവാനായ ഒരു കോണ്‍ഗ്രസ് നേതാവിനെ രക്ഷിക്കാന്‍ പോലീസ് ഗോഖലെയുടെ പേരില്‍ കേസ്സെടുത്ത് നടപടികള്‍ ആരംഭിച്ചു. സംഘത്തിന്റെ രീതിയനുസരിച്ച് അദ്ദേഹം കോടതിയില്‍ സ്വയം ഹാജരായി. പോലീസ് അദ്ദേഹത്തെ പതിനഞ്ചുദിവസം ചോദ്യം ചെയ്തു. ദല്‍ഹി, ഉത്തരപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ പോലീസ് അധികാരികള്‍ പലതരത്തിലും അദ്ദേഹത്തെ ചോദ്യംചെയ്‌തെങ്കിലും തങ്ങള്‍ ആഗ്രഹിച്ചതൊന്നും തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
ജോണ്‍പൂരിലും ഇതേരീതി
ജോണ്‍പൂര്‍ രാജാവായി ശ്രീ യാദവേന്ദ്രദത്ത ദുബേയുടെ പാരമ്പര്യമനുസരിച്ചുള്ള അഭിഷേകം നടന്നത് മഹാത്മജിയുടെ വധത്തിന് കുറച്ചുദിവസം മുമ്പായിരുന്നു. അദ്ദേഹം സംഘത്തിന്റെ നല്ലൊരു കാര്യകര്‍ത്താവായിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ ഭാവുറാവു ദേവറസും ബാളാസാഹേബ് ദേവറസും എത്തിയിരുന്നു. അക്കാലത്ത് ബാളാസാഹേബ് പൊതുരംഗത്ത് അത്രയധികം അറിയപ്പെടുന്ന വ്യക്തിയായിരുന്നില്ല. നാഗപ്പൂരില്‍നിന്നുള്ള മാധവറാവു ദേവ്‌ളേയായിരുന്നു അവിടെ പ്രചാരകനായിരുന്നത്.
ഗാന്ധിജിയുടെ വധം നടന്ന ഉടനെ സര്‍ക്കാര്‍ മാധ്യമങ്ങളും മറ്റ് വര്‍ത്തമാനപത്രങ്ങളും ഗോഡ്‌സേ ജോണ്‍പൂരില്‍ വന്നിരുന്നെന്നും രാജാവിന്റെ വീട്ടിലാണ് താമസിച്ചിരുന്നതെന്നും അദ്ദേഹം കൊടുത്ത തോക്കുപയോഗിച്ചാണ് ഗാന്ധിജിയെ കൊലപ്പെടുത്തിയതെന്നുമുള്ള വാര്‍ത്ത വ്യാപകമായി പ്രചരിപ്പിച്ചു. ബാളാസാഹേബ് അവിടെയെത്തിയതിനെയാണ് ഗോഡ്‌സേ വന്നതായി ചിത്രീകരിച്ചത്. കുറച്ചു സമയത്തേയ്ക്കാണെങ്കിലും ജനങ്ങളില്‍ കാര്യമായ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ആ പ്രചാരണംകൊണ്ട് കഴിഞ്ഞു. പിന്നീട് സംഘനിര്‍ദ്ദേശമനുസരിച്ച് ഫെബ്രുവരി 6 ന് മാധവറാവ് ദേവ്‌ളെ ജില്ലാ അധികാരികളുടെ മുന്നില്‍ ഹാജരായി. ഒരാഴ്ച നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ഒടുവില്‍ ഗോഡ്‌സേ അല്ല ബാളാസാഹേബ് ആണ് വന്നിരുന്നതെന്ന സത്യം തെളിഞ്ഞതോടെ ജനങ്ങള്‍ക്കിടയിലുള്ള തെറ്റിദ്ധാരണയും മാറി.
അക്കാലത്ത് ഏതെല്ലാം തരത്തിലുള്ള വ്യാജപ്രചാരണങ്ങളാണ് സംഘത്തിനെതിരെ നടത്തിയിരുന്നത് എന്നതിന്റെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് കാണ്‍പൂര്‍, ജോണ്‍പൂര്‍ സംഭവങ്ങള്‍. എന്നാല്‍ അവിടങ്ങളില്‍ മാത്രമല്ല ഗ്വാളിയോര്‍, ദല്‍ഹി, ജയ്പൂര്‍, നാഗപ്പൂര്‍, ലഖ്‌നൗ, പൂണെ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഗോഡ്‌സേ എത്തിയിരുന്നതായും സംഘ അധികാരികള്‍ പിസ്റ്റള്‍ കൊടുത്ത് അനുഗ്രഹിച്ചിരുന്നതായും വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയുണ്ടായി.
ഗുരുജി നേരിട്ട് ഗാന്ധിവധത്തില്‍ പങ്കാളിയായിരുന്നു എന്നാണ് ഒരു പത്രം പ്രസിദ്ധീകരിച്ചത്. മറ്റൊരു പത്രം അച്ചടിച്ചുവിട്ടത് ഗാന്ധി വധത്തില്‍ നീണ്ട താടിയും മുടിയുമുള്ള വ്യക്തിയും പങ്കാളിയായിട്ടുണ്ട് എന്നായിരുന്നു. ഫെബ്രുവരി 8ന് അതേപത്രത്തില്‍ നീണ്ട താടിയും മുടിയുമുള്ള വ്യക്തി ഗുരുജി ഗോള്‍വല്‍ക്കര്‍ തന്നെയാണെന്ന് തെളിഞ്ഞിരിക്കുന്നതായും പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് സംഭവം സംബന്ധിച്ച് ബോംബെയില്‍വെച്ച് നടന്ന തിരിച്ചറിയല്‍ പരേഡില്‍ നാഗപ്പൂര്‍ ജയിലില്‍നിന്ന് ഗുരുജിയെ കൊണ്ടുപോയിരുന്നെന്നും മാപ്പുസാക്ഷിയായ മദന്‍ലാല്‍ ഗുരുജിയെ തിരിച്ചറിഞ്ഞെന്നും അച്ചടിച്ചുവിട്ടു. (ഗുരുജി സമഗ്രദര്‍ശന്‍ – ഖണ്ഡ് – 2.)
ഇത് വ്യാജവാര്‍ത്തയായിരുന്നു. നാഗപ്പൂര്‍ ജയിലില്‍നിന്നു ഗുരുജിയെ ഒരിടത്തും കൊണ്ടുപോയിരുന്നില്ല. മദന്‍ലാല്‍, സര്‍ക്കാരിന്റെ സാക്ഷിയുമായിരുന്നില്ല. ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുമുമ്പുതന്നെ കേസ് സംബന്ധിച്ച കാര്യങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞിരുന്നു. ഗുരുജിയെ ഗാന്ധിവധക്കേസില്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും ഫെബ്രുവരി 4 ന് അതില്‍നിന്ന് ഒഴിവാക്കി. രാജ്യരക്ഷാനിയമമനുസരിച്ച് ആറുമാസത്തേയ്ക്ക് തടവിലാക്കിയിരിക്കുകയായിരുന്നു. എന്നാല്‍ ബോംബെയില്‍ കൊണ്ടുപോയ ഗുരുജിയെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിഞ്ഞുവെന്ന വാര്‍ത്ത ഫെബ്രുവരി 7 നാണ് ഈ പത്രം പ്രസിദ്ധീകരിച്ചത്.
എന്തെന്തെല്ലാം നുണക്കഥകള്‍
നെഹ്രു സര്‍ക്കാരിനെ മറിച്ചിടാന്‍ സംഘത്തിലെ ആളുകള്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നതായി ചില പത്രങ്ങളെഴുതി. പല നേതാക്കന്മാരെയും വധിക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് നേതാക്കന്മാര്‍ പൊതുയോഗങ്ങളില്‍ പ്രസംഗിക്കുകയും ചെയ്തു. സംഘം സ്വന്തം സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ പുറത്തിറക്കാന്‍ ഉദ്ദേശിച്ച് അച്ചടിച്ച പുതിയ നോട്ടുകള്‍ (Currency Notes) കണ്ടെടുക്കപ്പെട്ടു എന്നെല്ലാം എഴുതിയതോടൊപ്പം ചില പത്രങ്ങള്‍ ആ നോട്ടുകളുടെ പടം കൊടുക്കുകയും നേതാക്കന്മാര്‍ അവ പൊതുയോഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
ഗാന്ധിവധത്തിന് കുറച്ചു ദിവസങ്ങള്‍ക്കകം ലഖ്‌നൗവിലെ അമീനാബാദ് ഝണ്ഡേവാല പാര്‍ക്കില്‍ കോണ്‍ഗ്രസിന്റെ ഒരു പൊതുസമ്മേളനം നടന്നു. ആഗ്രയിലെ കോണ്‍ഗ്രസ് നേതാവ് കൃഷ്ണദത്ത പാലിവാലും ഉത്തരപ്രദേശ് നിയമസഭാകാര്യങ്ങളുടെ ചുമതല വഹിക്കുന്ന ഗോവിന്ദ സഹായിയുമായിരുന്നു മുഖ്യപ്രഭാഷകര്‍. ജനങ്ങളെ സംഘത്തിനെതിരെ പ്രകോപിതരാക്കാന്‍ ശേഷിയുള്ള കെട്ടിച്ചമച്ച കള്ളക്കഥകള്‍ നിറഞ്ഞ പ്രസംഗങ്ങളായിരുന്നു അവര്‍ നടത്തിയത്: ”നെഹ്രുസര്‍ക്കാരിനെ സായുധകലാപത്തിലൂടെ അട്ടിമറിക്കാന്‍ സംഘം പദ്ധതിയിട്ടിരുന്നു. അതിനായി സ്വന്തം സേന അവര്‍ രൂപീകരിച്ചുകഴിഞ്ഞു. അതിനൊപ്പം സ്വന്തം കറന്‍സിയും അച്ചടിച്ചിരിക്കുന്നു.” ഇതായിരുന്നു പ്രസംഗം. തങ്ങള്‍ പറഞ്ഞതില്‍ വിശ്വാസമുണ്ടാക്കാന്‍ കുറച്ച് നോട്ടുകള്‍ ജനങ്ങള്‍ക്കുമുമ്പില്‍ അവരുയര്‍ത്തിക്കാണിച്ചു. അവരുടെ പ്രസംഗത്തില്‍ തുടര്‍ന്ന് പറഞ്ഞത് ”നോട്ടുകള്‍ മാത്രമല്ല ആര്‍.എസ്.എസ് നാണയങ്ങളും അടിക്കുന്നുണ്ട്. അവര്‍ പ്രത്യേകം മന്ത്രിസഭ രൂപീകരിച്ചു കഴിഞ്ഞു. അവരുടെ രഹസ്യസമ്മേളനത്തില്‍വെച്ചാണ് ഗാന്ധിയെ കൊല്ലാനുള്ള ഗൂഢാലോചന നടന്നത്. നെഹ്രുവിനെ കൊല്ലാനും അവരാലോചിച്ചിരുന്നു. എ ന്നാല്‍ ജനങ്ങള്‍ അവരെ അമര്‍ച്ച ചെയ്തിരിക്കുന്നു. ഇത്തരം ശക്തി കളെ നിശ്ശേഷം അടിച്ചമര്‍ത്തേണ്ടിയിരിക്കുന്നു.”
കുട്ടികളെ ആകര്‍ഷിക്കാനായി ഏതോ പൊടിവില്‍പനക്കാരന്‍ ഉണ്ടാക്കിയ നോട്ടിന്റെ രൂപങ്ങളായിരുന്നു അതെന്നാണ് പിന്നീട് തെളിഞ്ഞത്. സുഭാഷ്ചന്ദ്രബോസ്, നെഹ്രു, സര്‍ദാര്‍ വല്ലഭഭായി പട്ടേല്‍ എന്നിവരുടെയെല്ലാം ചിത്രം അതില്‍ അച്ചടിച്ചിരുന്നു. സംഘത്തിന്റെ ജനപ്രീതി മനസ്സിലാക്കി ഡോക്ടര്‍ജിയുടേയും ഗുരുജിയുടേയും ചിത്രങ്ങളും അതില്‍ അച്ചടിച്ചിരുന്നു. കുട്ടികള്‍ക്ക് കളിക്കാന്‍ വേണ്ടി ഉണ്ടാക്കിയ നോട്ടുകളാണ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ യോഗത്തില്‍ ഉയര്‍ത്തിക്കാണിച്ചത്.
♣ ”ഗാന്ധിജിയുടെ വധം സംബന്ധിച്ച ഗൂഢാലോചനയുടെ തെളിവുകള്‍!” എന്നതായിരുന്നു കട്ടക്കില്‍ ‘പ്രജാതന്ത്ര്’ പത്രികയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത. ”കട്ടക്ക് ആര്‍.എസ്.എസ്. കാര്യാലയത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ ഗാന്ധിവധക്കേസിന് വ്യക്തമായ തെളിവുകള്‍ കണ്ടുകിട്ടിയിരിക്കുന്നു” ”ഗാന്ധിജിക്ക് നേരെ തോക്കുചൂണ്ടിനില്‍ക്കുന്ന ഗോഡ്‌സേയുടെ ചിത്ര വും കാര്യാലയത്തില്‍നിന്ന് കണ്ടെടുത്തു” എന്ന ഭാവനാവിലാസവും എരിവുകൂട്ടാനായി അതില്‍ ചേര്‍ത്തിരുന്നു.
♣ ഉത്തരപ്രദേശിലെ നിയമസഭാകാര്യങ്ങളുടെ ചുമതല വഹിച്ചിരുന്ന മന്ത്രി ഗോവിന്ദ സഹായ് ‘നാസി ടെക്‌നിക് ഔര്‍ ആര്‍.എസ്. എസ്’ എന്ന പുസ്തകമെഴുതി. മനോകല്‍പിതങ്ങളായ കെട്ടുകഥകളുടെ ഒരു കൂമ്പാരമായിരുന്നത്. അതിലെ നുണകള്‍, യുക്തിരാഹിത്യങ്ങള്‍, വൈകല്യങ്ങള്‍ ഇവയെല്ലാം ചൂണ്ടിക്കാട്ടി പ്രയാഗില്‍നിന്നു പ്രസിദ്ധീകരിച്ച ‘ക്രൈസിസ്,’ ‘കര്‍മ്മയോഗി’ എന്നീ പത്രികകളില്‍ അവയെ പൂര്‍ണ്ണമായും ഖണ്ഡിച്ചിരുന്നു. ഇത്രയെല്ലാമായിട്ടും സര്‍ക്കാരിന്റെ വാര്‍ത്താവിനിമയവിഭാഗവും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് ആ പുസ്തകം പഞ്ചായത്തുതലംവരെ വലിയതോതില്‍ വിതരണം നടത്തി. ജനങ്ങളില്‍ വിദ്വേഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ യന്ത്രവും പണവും ദുരുപയോഗം നടത്തിയ ഒട്ടനവധി ഉദാഹരണങ്ങളും കാണാനാകും.
(തുടരും)