- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
വിഷം വമിക്കുന്ന പ്രചരണത്തിന്റെ ഫലമായി നാട്ടിലെങ്ങും പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ കൊടിയ ഹിംസ താണ്ഡവമാടി. ജനങ്ങള്‍ വിവേകം കൈവിട്ട് വികാരാവേശത്താല്‍ ഇളകിവശായി. നിരപരാധികളെ ശൂലത്തിലേറ്റുകയും അക്രമികള്‍ക്ക് മധുരമൂട്ടുകയും ചെയ്യുന്ന നയം സര്‍ക്കാരും സ്വീകരിച്ചു. സത്യം കൊലചെയ്യപ്പെട്ടു! മനുഷ്യത്വം പിച്ചിച്ചീന്തപ്പെട്ടു!
”അഹമ്മദാബാദില്‍ മദംപൊട്ടിയ കോണ്‍ഗ്രസുകാരാല്‍ പ്രകോപിതരാക്കപ്പെട്ട ജനക്കൂട്ടം ആര്യസമാജ മന്ദിരത്തിന് തീയിട്ടു. അവിടെയുണ്ടായിരുന്ന വേദഗ്രന്ഥങ്ങളും സത്യാര്‍ത്ഥപ്രകാശവും മഹര്‍ഷി ദയാനന്ദസരസ്വതിയുടെ ഛായാചിത്രവും എല്ലാം അഗ്നിക്കിരയാക്കി. കാശി വിശ്വവിദ്യാലയത്തിലെ ഇളകിവശായ വിദ്യാര്‍ത്ഥികള്‍ ഗീത, രാമായണം, സര്‍വ്വപ്പള്ളി രാധാകൃഷ്ണന്‍ എഴുതിയ പുസ്തകങ്ങള്‍ എന്നിവയെല്ലാം സംഘ സാഹിത്യങ്ങളാണെന്ന് ധരിച്ച് തീയിട്ട് നശിപ്പിച്ചു. ഇത്തരം ലജ്ജാകരമായ സംഭവങ്ങള്‍ മഹാരാഷ്ട്രയിലും സ്ഥലങ്ങളില്‍ നടന്നു. സത്താറ ജില്ലയില്‍ നാന്നൂറു ഗ്രാമങ്ങളില്‍ ബ്രാഹ്‌മണകുടുംബങ്ങള്‍ക്കുനേരെ ആക്രമണം നടന്നു. ഈ ആക്രമണങ്ങളില്‍ 1500 ഓളം ബ്രാഹ്‌മണഭവനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. ‘പാംചഗണി’യില്‍ ഉടമസ്ഥന്‍ ബ്രാഹ്‌മണനാണെന്നതിനാല്‍ ഹിന്ദു സ്‌കൂള്‍ അഗ്നിക്കിരയാക്കി. സാംഗ്ലിയില്‍ ഒരു തുണിമില്ലും ആയിരക്കണക്കിന് ക്ഷയരോഗികള്‍ക്ക് ചികിത്സ നല്‍കുന്ന ഒരു ആശുപത്രിയും പൂര്‍ണ്ണമായും ചാമ്പലാക്കി.” (ഉഷാ കാല്‍, ജബല്‍പൂര്‍)
ദേശമാസകലം നടന്ന ആക്രമണങ്ങളുടെ ഒരു ചെറിയ അംശം മാത്രമാണ് ‘ഉഷാ കാലി’ല്‍ വന്ന ഈ വിവരണം. രാജ്യമെമ്പാടും നടന്ന പ്രാകൃതവും ക്രൂരവുമായ ഹിംസയുടെ വിവരണം ലജ്ജകൊണ്ട് സര്‍വ്വരുടെയും തല കുനിപ്പിക്കത്തക്കതാണ്. സ്വന്തം ജനങ്ങളോട് മനുഷ്യന്‍ ഇത്രയും നീചമായി തരംതാണു പ്രവര്‍ത്തിക്കുമെന്ന് ചിന്തിക്കാന്‍ സാദ്ധ്യമല്ല. എന്നാല്‍ മേല്‍വിവരിച്ച സംഭവങ്ങളെല്ലാം സത്യമായിത്തന്നെ നിലനില്‍ക്കുന്നു.
മഹാരാഷ്ട്രയില്‍
ഗാന്ധിഘാതകനായ ഗോഡ്‌സേ മഹാരാഷ്ട്രയിലെ പൂണെയില്‍ നിന്നുള്ള ബ്രാഹ്‌മണനാണെന്നതായിരുന്നു മഹാരാഷ്ട്രയിലുണ്ടായ ഭീകരമായ ആക്രമണങ്ങളുടെ തീവ്രതയ്ക്ക് ഒരു കാരണം. ആക്രമണത്തിന് നേതൃത്വം കൊടുക്കുന്നവരുടെ മനസ്സില്‍ നേരത്തേ മുതല്‍തന്നെ ബ്രാഹ്‌മണവിരോധം കത്തിക്കാളുന്നുണ്ടായിരുന്നു എന്നതായിരുന്നു അതിനെക്കാള്‍ മുഖ്യമായ മറ്റൊരു കാരണം. സംസ്ഥാനവ്യാപകമായി ബ്രാഹ്‌മണവിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകഴിഞ്ഞിരുന്നു. അതിനാല്‍ ഗാന്ധിവധം നടന്ന ഉടന്‍തന്നെ ”ബ്രാഹ്‌മണന്‍ കൊലയാളിയാണ്,” ”ഗോഡ്‌സേ ബ്രാഹ്‌മണനാണ്,” ”സംഘ ത്തിന്റെ പ്രചാരകനായിരുന്നു,” ”ഇത്തരം ജാതിവാദികളെയെല്ലാം ഉന്മൂലനം ചെയ്യാനാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം” എ ന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അവര്‍ മഹാരാഷ്ട്രയിലെ സംഘപ്രവര്‍ത്തകരുടേയും ബ്രാഹ്‌മണകുടുംബങ്ങളുടേയും നേരെ അക്രമം അഴിച്ചുവിട്ടു. മഹാരാഷ്ട്രയില്‍ എല്ലായിടത്തും കൊല, കൊള്ളിവെയ്പ്, ആസൂത്രിതമായ കൊള്ളയടി എന്നിവയെല്ലാം നിയന്ത്രിക്കാനാരുമില്ലാത്തവിധം തുടര്‍ച്ചയായി നടന്നു. സര്‍ക്കാര്‍ മേല്‍ക്കോയ്മ പൂര്‍ണമായും ശിഥിലമായതിനാല്‍ അക്രമികളുടെ വിളയാട്ടം നിര്‍ബാധം തുടര്‍ന്നു.
പ്രകോപിക്കപ്പെട്ട ഗുണ്ടകളെ ഈ നേതാക്കള്‍ തിരിച്ചുവിട്ടത് സംഘപ്രവര്‍ത്തകര്‍ക്കു നേരെയായിരുന്നു. അതുകൊണ്ട് എല്ലാ സ്ഥലത്തും സംഘ കാര്യാലയങ്ങള്‍ ആക്രമണവിധേയമായി. സംഘ അധികാരിമാരുടെ വീടും അവരുടെ സ്ഥാപനങ്ങളും അക്രമികള്‍ ലക്ഷ്യമാക്കി. ചില സ്ഥലങ്ങളില്‍ നടന്നുകൊണ്ടിരുന്ന ശിബിരങ്ങളും ആക്രമണത്തിന് വിധേയമായി. അതോടൊപ്പം എല്ലായിടത്തും ബ്രാഹ്‌മണഭവനങ്ങള്‍ ഈ ഗുണ്ടകളുടെ പ്രത്യേക ആക്രമണ ലക്ഷ്യങ്ങളായി. അവരെ അനേകം യാതനകള്‍ക്ക് വിധേയരാക്കി. അവരുടെ സ്വത്ത് കൊള്ളയടിക്കുകയും വീട് ചുട്ടുകരിക്കുകയും ചെയ്തു. ചിലരെ ക്രൂരമായി കൊലപ്പെടുത്തി. മഹാത്മജിക്ക് ജയ് വിളിച്ചുകൊണ്ട് മറ്റു ചിലരെ തീയിലേയ്ക്ക് വലിച്ചെറിഞ്ഞു.
കമ്പനികള്‍ ചുട്ട് ചാമ്പലാക്കി
♣ കോലാപൂര്‍ ജില്ലാകാര്യവാഹ് ഗ. ഹ. ജോഷിയുടെ കിടക്ക നിര്‍മ്മാണക്കമ്പനി ചുട്ടുചാമ്പലാക്കി. അക്കാലത്തെ കണക്കനുസരിച്ച് ആ കമ്പനിയുടെ മതിപ്പുവില 30,000 രൂപയായിരുന്നു. അതേസ്ഥലത്തുതന്നെ മുന്‍നഗര്‍ കാര്യവാഹ് ദാല്‍ജി പെണ്ഡാര്‍ക്കറിന്റെ ഒന്നരലക്ഷം രൂപ വിലമതിക്കുന്ന ‘പ്രഭാകര്‍ സ്റ്റുഡിയോ’ പൂര്‍ണ്ണമായും ചുട്ടുചാമ്പലാക്കി. ‘രൂക്കടി’യി ലെ സംഘ കാര്യകര്‍ത്താവായ ഡോ.ബാപടിന്റെ ആശുപത്രി യും അഗ്നിക്കിരയാക്കി. ‘ഹാത്കണംഗ്ലേ’യിലെ (കാഗല്‍) ആറ് വീടുകള്‍ കത്തിച്ചു. ‘കോടോലി’യില്‍ നടന്ന ഭീഷണമായ ആക്രമണത്തില്‍ അനേകം വീടുകളും കടകളും സ്വത്തുക്കളും എല്ലാം തീയിട്ട് നശിപ്പിച്ചു. ‘ആജറാ’ എന്ന താലൂക്കില്‍മാത്രം 80 ഗ്രാമങ്ങളില്‍ 121 ബ്രാഹ്‌മണരുടെയും സംഘപ്രവര്‍ത്തകരുടെയും വീടുകള്‍ കൊള്ളയടിക്കുകയും പിന്നീട് തീവെയ്ക്കുകയും ചെയ്തു. 100 ല്‍പരം ഗ്രാമങ്ങളില്‍ വീടുകളെല്ലാം കൊള്ളയടിച്ചശേഷം ഗ്രാമീണരെ മുഴുവന്‍ അവിടെനിന്ന് അടിച്ചോടിച്ചു. ‘ഹേസൂര്‍’ എന്ന സ്ഥലത്ത് നടന്നു കൊണ്ടിരുന്ന ശിബിരത്തിന്റെ 33 ടെന്റുകള്‍ കത്തിച്ചു. വായനശാലകളും ഗ്രന്ഥശാലകളും അഗ്നിക്കിരയാക്കി. ‘താസുഗാവി’ല്‍ ഒരു വൃദ്ധനെ കയ്യിലിരുന്ന നവജാതശിശുവിനെയടക്കം വീട്ടില്‍നിന്ന് റോഡിലേയ്ക്ക് വലിച്ചിട്ട് വീടിന് തീവെച്ച നീചമായ സംഭവം വരെ നടന്നു.
♣ സാംഗ്ലിയില്‍ താമസിച്ചിരുന്നു മഹാരാഷ്ട്ര സംഘചാലകനായ കാശീനാഥ് പന്ത് ലിമയേയുടെ മാധവനഗറിലെ ഭവ്യമായ ഭവനം അക്രമികള്‍ തീവെച്ചു. അദ്ദേഹത്തിന്റെ വിക്രം അച്ചടിശാല നേരത്തേതന്നെ കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തിരുന്നു. ഇതുകൂടാതെ തേലംഗ് മഹാദുകാക്ക, ഗാഡ്ഗില്‍ സറാഫ്, പണ്ഡിതറാവു ദാംഡറേക്കര്‍, ഗണപത്‌റാവു ഗോഡ്‌ബോളെ തുടങ്ങിയവരുടെയെല്ലാം വലിയ വീടുകളും കടകളും കൊള്ളയടിച്ചശേഷം ചാമ്പലാക്കി. ഹരിപൂരില്‍ തേലംഗ്, പരാംഞ്ജ്‌പേ, വൈദ്യ തുടങ്ങിയ ബ്രാഹ്‌മണരുടെ വീടുകളെല്ലാം തീയിട്ട് നശിപ്പിച്ചവയില്‍ പെടുന്നു. ഹിന്ദുമഹാസഭയുടെ പ്രാന്തീയ സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് അനുസരിച്ച് അവിടെ 150ല്‍ പരം വീടുകള്‍ കൊള്ളയടിച്ചശേഷം അഗ്നിക്കിരയാക്കി.
♣ മീറജിലെ സംഘചാലകനായ ഡോ. പ്രാണിയുടെ വിശാലബംഗ്ലാവും അതിനടുത്ത് ബ്രാഹ്‌മണര്‍ താമസിച്ചിരുന്ന തെരുവു മുഴുവനായും കത്തിച്ചുകളഞ്ഞു. ഇത്തരത്തില്‍ ആയിരക്കണക്കിനുപേരെ വീടില്ലാത്തവരും നിരാശ്രയരുമാക്കിത്തീര്‍ത്തു. അവിടുത്തെ കാര്യവാഹായ സത്യദേവിന്റെ തടികൊണ്ടുണ്ടാക്കിയ വീട് കത്തിക്കുകയും അവിടുത്തെ പോസ്റ്റ്മാസ്റ്ററായിരുന്ന ജോഷിയെ കൊല ചെയ്യുകയുമുണ്ടായി.
♣ സത്താറയില്‍ സംഘകാര്യലയവും ബാരിസ്റ്റര്‍ കരന്ദീക്കര്‍, മോഡക്, ബാപട് എന്നിവരുടെ വീടുകളും തീവെച്ചു നശിപ്പിച്ചു. ലിംബയില്‍ ശ്രീ ഠാക്കൂറിന്റെ ഒരുലക്ഷം രൂപ വിലമതിക്കുന്ന കമ്പനിയും അത്രതന്നെ വില പിടിപ്പുള്ള വീടും കത്തിച്ചു. ‘കന്‍ഹാഡ്’ താലൂക്കില്‍ ഭയങ്കരമായ രീതിയില്‍ കൊള്ളയും കൊള്ളിവെയ്പും നടത്തുന്നതിനിടയില്‍ സംഘചാലകനേയും അദ്ദേഹത്തിന്റെ ഭാര്യയേയും ദേഹോപദ്രവമേല്‍പിക്കുകയും ചെയ്തു. സംഘ കാര്യാലയത്തിലെ ഘോഷ് സാമഗ്രികളടക്കം സര്‍വ്വതും കൊള്ളയടിച്ചുകൊണ്ടുപോയി. ഘോഷ് സാധനങ്ങള്‍ അവിടുത്തെ സേവാദള്‍കാര്‍ക്ക് കൊടുത്തു. അനവധി കോണ്‍ഗ്രസുകാര്‍ കണ്ണീരൊഴുക്കിക്കൊണ്ട് ഇതെല്ലാം കണ്ടുനില്‍ക്കുന്നുണ്ടായിരുന്നു. ഗുണ്ടകളുടെ അക്രമത്തിനെതിരെ ശബ്ദിക്കാനുള്ള ധൈര്യം അവര്‍ക്കില്ലായിരുന്നു. എന്നാല്‍ സമാധാനാന്തരീക്ഷം സംജാതമായതിനുശേഷം കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ എവിടെയെല്ലാമാണുള്ളതെന്ന വിവരം തരാന്‍ അവര്‍ക്കായെങ്കിലും ആ ഗുണ്ടകളുടെ കൈയില്‍നിന്ന് കൊള്ളയടിക്കപ്പെട്ട സാധനങ്ങള്‍ തിരികെ വാങ്ങിത്തരാന്‍ അവര്‍ക്കായില്ല. ലിംബാഗാവു എന്ന ഗ്രാമത്തിലെ ബ്രാഹ്‌മണരുടെ വീടുകളെല്ലാം ചുട്ടുകരിക്കപ്പെട്ടു.
♣ ‘ഉഡതരെ’ എന്ന ഗ്രാമത്തില്‍ മൃഗീയതയെപ്പോലും ലജ്ജിപ്പിക്കുന്ന സംഭവങ്ങള്‍ നടന്നു. അവിടെ കുല്‍ക്കര്‍ണിയേയും അദ്ദേഹത്തിന്റെ മുത്തശ്ശിയേയും ജീവനോടെ ചുട്ടുകൊന്നു. ‘കപ്ഹ രെ’ ഗ്രാമത്തില്‍ മൂന്നു ഗോഡ്‌സെ കുടുംബങ്ങളിലെ മുഴുവന്‍ പേരേയും വീട്ടിലിട്ട് തീവെച്ച് കൊല്ലുകയുണ്ടായി. അവര്‍ വാവിട്ട് കരഞ്ഞു ജീവനുവേണ്ടി യാചിച്ചുവെങ്കിലും നരാധമരായ രാക്ഷസര്‍ക്ക് തെല്ലുപോലും കരുണയുണ്ടായില്ല. ജീവനോടെ ചുട്ടെരിക്കപ്പെട്ട പാവങ്ങളുടെ കുറ്റം അവരുടെ പേരിന്റെ കൂടെ കുലനാമമായി ‘ഗോഡ്‌സെ’ എന്നുണ്ടായിരുന്നു എന്നതാണ്.
♣ ‘മായണി’ തുടങ്ങി പല ഗ്രാമങ്ങളിലും വീടുകത്തിക്കാതിരിക്കാന്‍ അക്രമികള്‍ വീട്ടുകാരില്‍നിന്നും പണം വസൂലാക്കി. ഓരോ വീടും കത്തിക്കാതിരിക്കാന്‍ നിശ്ചിതതുക നിര്‍ബന്ധപൂര്‍വ്വം വാങ്ങുകയായിരുന്നു. ‘ബഡൂജി’ലെ ഡോ.അംബിയുടെ നാല്‍പതിനായിരം രൂപ വിലമതിക്കുന്ന ആശുപത്രി തീ വെച്ച് നശിപ്പിച്ചു. ചില സ്ഥലങ്ങളില്‍ ജനങ്ങള്‍ കൂട്ടമായിവന്ന് അക്രമങ്ങളെ പ്രതിരോധിക്കുന്ന സംഭവങ്ങളുമുണ്ടായതിനാല്‍ അക്രമികള്‍ക്ക് തങ്ങളുടെ ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനായില്ല. ‘ദരൂജ’ എന്ന സ്ഥലത്തുണ്ടായത് അത്തരമൊരു സംഭവമായിരുന്നു, അക്രമികള്‍ ഇനാംദാര്‍സാഹേബിന്റെ വീട് ആക്രമിച്ചു. വിവരമറിഞ്ഞ് ഗ്രാമീണരെല്ലാം ഓടിയെത്തി. അക്രമിക്കൂട്ടത്തിന് തലയില്‍ കൈവെച്ച് ഓടി രക്ഷപ്പെടേണ്ടിവന്നു.
♣ സുപ്രസിദ്ധ തിരക്കഥാ എഴുത്തുകാരനും കവിയുമായ ഗ. ദി. മാഡ്ഗുല്‍കറുടെ വീടും ചാമ്പലാക്കി.
പൂനെയെ വിടാനാവുമോ?
പൂനെയും ഇത്തരം അക്രമങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ടില്ല. പ്രത്യേകിച്ച് പൂനെ ഗോഡ്‌സേയുടെ ജന്മസ്ഥലമായതിനാല്‍ അക്രമം ശക്തമായിത്തന്നെ നടന്നു. പൂനെകാര്യാലയം തകര്‍ക്കപ്പെട്ടു. അവിടെയുണ്ടായിരുന്ന ഭാവുറാവ് കാജേര്‍ക്കറിനും മറ്റു ചില കാര്യകര്‍ത്താക്കള്‍ക്കും മാരകമായി പരുക്കേറ്റു. സംഘചാലക് വിനായകറാവു ആപ്‌ടേയുടെ വീടിന് തീവെച്ചെങ്കിലും സ്വയംസേവകരും മറ്റയല്‍വാസികളും ചേര്‍ന്ന് തീയണച്ചു. അതേപോലെ സംസ്ഥാന ത്തെ പ്രമുഖ പ്രചാരകനായ ബാബുറാവു ഭിഡേയുടെ വീട് ആക്രമിക്കാനുള്ള ശ്രമത്തെ നാട്ടുകാര്‍ വിഫലമാക്കി. ശിവണേ, മോജരി, ചിംച്‌വാഡ്, ഹഡ്പസര്‍, ദാദരി, ബിഝേര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ ല്ലാം സ്വയംസേവകരുടെ വീടുകള്‍ തീവെച്ച് നശിപ്പിച്ചു. മാംഗദരിയി ലെ ശ്രീരാമക്ഷേത്രവും അക്രമികള്‍ തീവെച്ചു നശിപ്പിച്ചു. ശിര്‍വലയില്‍ രണ്ടു പ്രചാരകന്മാരെ അക്രമികള്‍ അടിച്ച് മരണാസന്നരാക്കി. ഫല്‍ടണില്‍ വൃദ്ധനായ സംഘചാലകനെ അടിച്ച് എല്ലൊടിച്ചു. സാലാവാഡിയിലെ കാര്യകര്‍ത്താവായ ദേശ്പാണ്ഡേയെ ക്രൂരമായി കൊല ചെയ്തു.
ജലഗാവ്, സോലാപൂര്‍ ജില്ലകളിലും കൊള്ളയും തീവെയ്പ്പും വ്യാപകമായി നടന്നു. കിന്നറില്‍ നടക്കാനിരുന്ന ശിബിരത്തിന്റെ ടെന്റുകള്‍ പൂര്‍ണമായും കത്തിച്ചു. അകലൂജില്‍ സംഘ അനുഭാവിയായ നര്‍വണെയെ അക്രമികള്‍ അടിച്ചുകൊന്നു. ശങ്കര്‍റാവു ഹാത്‌വണെയെ അടിച്ച് കൊല്ലാറാക്കി റോഡിലിട്ടുപോയി. മൂന്നു ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം ഇഹലോകവാസം വെടിഞ്ഞു.
മഹാരാഷ്ട്രയിലെ ഇത്തരം ആക്രമണങ്ങളുടെ ഫലമായി (അന്നത്തെ കണക്കനുസരിച്ച്) 20 കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായി. 25 ല്‍ അധികംപേരെ ചുട്ടുകൊന്നു. 200 ലധികംപേര്‍ക്ക് മാരകമായി പരിക്കേറ്റു. സമാധാനപ്രിയരായ ആയിരക്കണക്കിന് പൗരന്മാര്‍ ദുരിതത്തിലായി. ഈ വിനാശ വിക്രിയകളെക്കുറിച്ച് ”പാകിസ്ഥാനില്‍നിന്ന് ഇങ്ങോട്ട് ഓടിപ്പോരേണ്ടിവന്ന ഹിന്ദു അഭയാര്‍ത്ഥികളെക്കുറിച്ച് നാം കേട്ടിട്ടുള്ള കരളലിയിക്കുന്ന സംഭവങ്ങളുടെ അ തേ അവസ്ഥയായിരുന്നു ഈ നിര്‍ഭാഗ്യ ജനവിഭാഗത്തിന് ഇവിടെ അഹിംസാ സിദ്ധാന്തക്കാരില്‍നിന്ന് നേരിടേണ്ടി വന്നതെന്നാണ്” പ്രാന്തീയ ഹിന്ദുസഭയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നത്.
വിദര്‍ഭയിലും മഹാരാഷ്ട്രയിലെ ദൃശ്യങ്ങള്‍
ആര്‍. എസ്. എസ്സുകാരനാണ് ഗാന്ധിഘാതകനെന്ന വാര്‍ത്ത ജനുവരി 31 ന് ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത ഉടനെ വിദര്‍ഭയിലും കോണ്‍ഗ്രസ്സുകാരാല്‍ ഉത്തേജിതരായ ജനക്കൂട്ടം സംഘകാര്യാലയങ്ങളുടെ നേരേയും കാര്യകര്‍ത്താക്കള്‍ക്കുനേരെയും അക്രമങ്ങളാരംഭിച്ചു. സംഘത്തിനും പ്രവര്‍ത്തകര്‍ക്കും നേരെ വിദ്വേഷജനകമായ പ്രചാരങ്ങള്‍ ശക്തിയായി നടക്കുന്നുണ്ടായിരുന്നു. അതിലൂടെ ഉന്മാദികളായ ജനക്കൂട്ടം അക്രമാസക്തരായി ഫെബ്രുവരി 1 ന് ശ്രീഗുരുജിയുടെ വീടിനെ ലക്ഷ്യമായി എത്തി കല്ലേറ് ആരംഭിച്ചു. അവിടെ എത്തിച്ചേര്‍ന്ന സ്വയംസേവകര്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ശ്രമങ്ങളിലേയ്ക്ക് നീങ്ങിയപ്പോള്‍ അതില്‍നിന്ന് അവരെ വിലക്കിക്കൊണ്ട് ശ്രീഗുരുജി പറഞ്ഞു: ”ഈ വീടിനു മുന്നില്‍ ഹിന്ദുസഹോദരന്മാരുടെ രക്തം ചിന്താന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്റെ രക്ഷയ്ക്കായി ആരും ഇവിടെയുണ്ടാകേണ്ടതില്ല. നിങ്ങളെല്ലാവരും സ്വന്തം വീടുകളിലേയ്ക്ക് ഉടന്‍ തിരിച്ചുപോകുന്നതാണ് ഉചിതം.”
അന്നു വൈകുന്നേരം നാഗപ്പൂരിലെ ചിട്‌നീസ്പാര്‍ക്കില്‍ നടന്നുകൊണ്ടിരുന്ന യോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സംഘത്തിനെതിരെ അത്യന്തം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തുകയായിരുന്നു. സ്വാഭാവികമായും പൊതുയോഗത്തിനുശേഷം അക്രമാസക്തരായ ജനക്കൂട്ടം ചിട്‌നീസ് പാര്‍ക്കിനടുത്തുള്ള ഗുരുജിയുടെ വീടാക്രമിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് കാര്യകര്‍ത്താക്കള്‍ അനുമാനി ച്ചു. സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി അവിടെനിന്ന് മാറിത്താമസിക്കണമെന്ന് അവര്‍ ഗുരുജിയോട് അപേക്ഷിച്ചു. എന്നാല്‍ ”ബാഹ്യപരിതഃസ്ഥിതി കണ്ട് നിങ്ങള്‍ വളരെ ഉത്തേജിതരാണെന്നു തോന്നുന്നു. എന്നെക്കുറിച്ച് നിങ്ങളൊട്ടും വിഷമിക്കേണ്ടതില്ല. ഇത്രയുംകാലം ഏതു സമാജത്തിനുവേണ്ടിയാണോ ഞാന്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്, അവര്‍ക്ക് ഇന്ന് എന്നെ ആവശ്യമില്ലെങ്കില്‍ ഞാന്‍ എവിടേയ്ക്കാണ് പോകേണ്ടത്? എന്തിനാണ് പോകേണ്ടത്” എന്ന് ദൃഢസ്വരത്തില്‍ ഗുരുജി ചോദിച്ചു.
(തുടരും)