- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- അസഹിഷ്ണുവായ പണ്ഡിറ്റ് നെഹ്രു (ആദ്യത്തെ അഗ്നിപരീക്ഷ 3)
ഭാരത വിഭജനത്തെത്തുടര്‍ന്നുണ്ടായ ഭീഷണമായ ദുരന്തത്തിന്റെ അനുഭവസ്ഥരില്‍ വലിയൊരു വിഭാഗം സിക്കുസമുദായമായിരുന്നു. മറ്റുള്ളവരോടൊപ്പം ആയിരക്കണക്കിന് സിക്കുകാരും കൊല ചെയ്യപ്പെട്ടു. സര്‍വ്വതും ഉപേക്ഷിച്ച അവരും ഇവിടെ അഭയാര്‍ത്ഥികളായെത്തി. കൂട്ടമായ ബലാല്‍സംഗത്തിന് അവരുടെയും അമ്മമാരും സഹോദരിമാരും ഇരയായി. കുട്ടികളെ കുന്തമുനകളില്‍ കുത്തിനിറുത്തി. അതോടൊപ്പം ഗുരുനാനാക്കിന്റെ പാവനമായ ജന്മഭൂമി നന്‍കാനാസാഹിബ് പാകിസ്ഥാന്റെ ഭാഗമായിത്തീര്‍ന്നു. ഇതിന്റെ ഫലമായി സിക്കുനേതാക്കളുടെയും സാമാന്യ സിക്കുകാരുടെയും മനസ്സില്‍ നെഹ്രുവിനോടുണ്ടായിരുന്ന ആദരവിന് കാര്യമായ കോട്ടം സംഭവിച്ചു. ഇതിനെ സംബന്ധിച്ച് പണ്ഡിറ്റ് ദ്വാരികാപ്രസാദ് Living an Era എന്ന തന്റെ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തില്‍ എഴുതി:- ”സിക്കുസമുദായത്തില്‍ അദ്ദേഹത്തിന് (നെഹ്രുവിന്) കുറച്ചെങ്കിലും ഉണ്ടായിരുന്ന സ്വാധീനം പൂര്‍ണ്ണമായും നഷ്ടപ്പെട്ടു.”
മറുഭാഗത്ത് സിക്കുസഹോദരന്മാരും ശീഘ്രഗതിയില്‍ സംഘത്തോട് ആകൃഷ്ടരായിക്കൊണ്ടിരുന്നു. 1947 ല്‍ ജൂലായില്‍ സംഗരൂരിലെ (ഇന്ന് പാകിസ്ഥാനില്‍) മസ്താവാന ഗുരുദ്വാര പരിസരത്ത് സംഘത്തിന്റെ സംഘശിക്ഷാവര്‍ഗ് നടക്കുകയായിരുന്നു. സര്‍സംഘചാലക് ഗുരുജി അവിടെ വരുന്ന വിവരമറിഞ്ഞ ഉടനെ ഗുരുദ്വാര പ്രബന്ധക് സമിതിയിലെ എല്ലാവരും ചേര്‍ന്ന് അദ്ദേഹം ഗുരുദ്വാര സന്ദര്‍ശിക്കണമെന്നഭ്യര്‍ത്ഥിച്ചു. നിശ്ചിത പരിപാടിയനുസരിച്ച് പെപ്‌സുവിലെ മുഴുവന്‍ ഗുരുദ്വാരകളിലേയും നടത്തിപ്പുകാര്‍ അവിടെയെത്തി. ഗുരുജിയെ ആദരപൂര്‍വ്വം സ്വീകരിച്ചുകൊണ്ട് ഗുരുദ്വാരയുടെ പ്രമുഖന്‍ പറഞ്ഞു ”ധര്‍മ്മരക്ഷയ്ക്കായി കാപ്പുകെട്ടിയ ഈ മഹാപുരുഷന്‍ നമ്മളോടൊപ്പം ഉണ്ടെന്നുള്ളത് നമ്മുടെ മഹാഭാഗ്യമാണ്. തന്റെ തപോബലംകൊണ്ട് അദ്ദേഹം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഈ ശക്തി നിശ്ചയമായും ധര്‍മ്മത്തെ രക്ഷിക്കുകതന്നെ ചെയ്യും.” ഇങ്ങനെ സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങളിലും സംഘത്തിന്റെ സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു. അതേസമയം നെഹ്രുവിനേയും അദ്ദേഹത്തിന്റെ സഹായികളെയും കുറിച്ചുള്ള ജനാഭിപ്രായം ക്ഷയിച്ചുകൊണ്ടുമിരുന്നു. സ്വാഭാവികമായും സംഘത്തോട് അവര്‍ക്കുള്ള ഈര്‍ഷ്യ വര്‍ദ്ധിക്കാന്‍ ഇതും കാരണമായിത്തീര്‍ന്നു.
കോണ്‍ഗ്രസിലെ ഉള്‍പ്പോര്
കോണ്‍ഗ്രസിലെ ഉള്‍പ്പോര് സംഘവിരോധത്തിനുള്ള ഒരു കാരണമായി. സംഘത്തെ സദാ എതിര്‍ക്കുന്ന നിലപാടുള്ള നെഹ്രു ഒരു ഭാഗത്തും സംഘത്തോട് സഹാനുഭൂതിവെച്ചു പുലര്‍ത്തുന്ന സര്‍ദാര്‍ പട്ടേല്‍ മറുവശത്തുമായ ധ്രുവീകരണം കോണ്‍ഗ്രസ്സില്‍ നേരത്തേ മുതല്‍തന്നെ ഉണ്ടായിരുന്നു. നാടിന്റെ ഉന്നതിക്കായി ദേശഭക്തരായ സ്വയംസേവകരുടെ സഹകരണം കഴിയുന്നത്രയും ഉപയോഗിക്കാന്‍ സാധിക്കണമെന്നതായിരുന്നു പട്ടേലിന്റെ കാഴ്ചപ്പാട്. സംഘവും അതിന്റെ സിദ്ധാന്തവും നാടിന് അപകടമാണെന്നും അതിനാലത് നശിപ്പിക്കപ്പെടേണ്ടതാണെന്നുമായിരുന്നു നെഹ്രുവിന്റേയും സഹകാരികളുടെയും നിലപാട്. അതിനാല്‍ സംഘത്തിന്റെ പക്ഷം പിടിക്കുന്ന ആളെന്ന നിലയില്‍ പട്ടേലിനോടും അവര്‍ കടുത്ത ദേഷ്യം വെച്ചുപുലര്‍ത്തിയിരുന്നു. മഹാത്മാഗാന്ധിജിയുടെ വധത്തിനുശേഷം ദല്‍ഹിയിലെ പ്രാന്തപ്രചാരക് വസന്തറാവ് ഓക്ക് സര്‍ദാര്‍ പട്ടേലിനെ കാണാന്‍ ചെന്നിരുന്നു. ”ഈ അപരാധത്തില്‍ (ഗാന്ധിവധത്തില്‍) നിങ്ങള്‍ക്കൊരു പങ്കുമില്ലെന്ന് എനിക്കറിയാം. എന്നാല്‍, നിങ്ങള്‍ക്കെതിരായി ജനങ്ങളുന്നയിക്കുന്ന ആരോപണം എന്റെ പേരിലും ഉന്നയിക്കുന്നുണ്ട്” എന്ന് അദ്ദേഹത്തോട് പട്ടേല്‍ പറഞ്ഞു.
പട്ടേലും നെഹ്രുവും തമ്മില്‍
സര്‍ദാര്‍ പട്ടേലിനും പണ്ഡിറ്റ് നെഹ്രുവിനും ഇടയില്‍ തഴച്ചുവളര്‍ന്ന അഭിപ്രായവ്യത്യാസവും അവിശ്വാസവും കാരണം നെഹ്രുവിന്റെ മനസ്സില്‍ സംഘത്തിനോടുള്ള വിരോധം ശക്തമായി. അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നത് താഴെ സൂചിപ്പിക്കുന്ന സംഭവം വ്യക്തമാക്കുന്നു.
അജ്മീരില്‍ (രാജസ്ഥാന്‍) നടന്ന വര്‍ഗ്ഗീയകലാപത്തെക്കുറിച്ച് ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ സര്‍ദാര്‍ പട്ടേല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി. കിട്ടിയ വിവരങ്ങളുടെ വിശകലനത്തില്‍ അതിലെ കുറ്റക്കാര്‍ മുസ്ലീങ്ങളാണെന്ന നിഗമനത്തിലെത്തി. ഈ വിവരം അറിഞ്ഞ ഉടനെ കോണ്‍ഗ്രസിലെ മുസ്ലീംലോബി എതിര്‍പ്പ് ആരംഭിച്ചു. സര്‍ദാര്‍ പട്ടേല്‍ നടത്തിയ അന്വേഷണം നിഷ്പക്ഷമല്ലെന്നും പട്ടേല്‍ ഹിന്ദുപക്ഷപാതിയാണെന്നും അവര്‍ നെഹ്രുവിനോട് പരാതിപ്പെട്ടു. ക്രോധം പ്രകടിപ്പിച്ചുകൊണ്ട് നെഹ്രുവിന് കത്തെഴുതുകയും സംഘത്തിനെതിരായ പ്രചരണം നടത്തുകയും ചെയ്തു. മുസ്ലീങ്ങളുടെ ആക്രോശത്തിന് വശംവദനായി അവരുടെ സമ്മര്‍ദ്ദത്താല്‍ വര്‍ഗീയകലാപത്തിന്റെ അന്വേഷണത്തെ വീണ്ടും വിശകലനം ചെയ്യാനായി പ്രധാനമന്ത്രി കാര്യാലയത്തിലെ സെക്രട്ടറിതലത്തിലുള്ള ഒരു വ്യക്തിയെ നെഹ്രു നിയോഗിച്ചു. ഇതുചെയ്യുമ്പോള്‍ പട്ടേലിനെ വിശ്വാസത്തിലെടുക്കാന്‍പോലും നെഹ്രു സന്നദ്ധനായില്ല. അത്യന്തം കോപാകുലനായ സര്‍ദാര്‍ പട്ടേല്‍ നെഹ്രുവിന് ഇപ്രകാരം എഴുതി:- ”ആഭ്യന്തരമന്ത്രിയെന്ന നിലയ്ക്ക് ഞാന്‍ നടത്തിയ അന്വേഷണം പക്ഷപാതപരവും അപൂര്‍ണ്ണവുമാണെന്ന് തോന്നുന്നുണ്ടെങ്കില്‍ സത്യം മനസ്സിലാക്കാന്‍ താങ്കള്‍ക്ക് നേരിട്ടുപോയി തെളിവുകളെ വിലയിരുത്താവുന്നതാണ്. കാരണം പ്രധാനമന്ത്രിയെന്ന നിലയില്‍ താങ്കള്‍ക്ക് അതിനധികാരമുണ്ട്. എന്നാല്‍ ആഭ്യന്തരമന്ത്രിയുടെ നിഗമനങ്ങളുടെ സത്യസന്ധത വിലയിരുത്താന്‍ തന്റെ സെക്രട്ടറിയെ അയയ്ക്കുന്നത് അനുചിതവും എന്തുകൊണ്ടും അയോഗ്യവുമാണ്.”
കാശ്മീര്‍ വിഷയത്തില്‍ നെഹ്രുവിന്റെ ഇടപെടലുകള്‍ സംബന്ധിച്ച് അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസം പട്ടേല്‍ തന്റെ രാജിക്കത്ത് നെഹ്രുവിന് അയച്ചുകൊടുക്കുന്ന നിലവരെ എത്തി. പ്രശ്‌നം ഗാന്ധിജിയുടെ സമക്ഷം എത്തുകയും വളരെ നേരത്തെ ചര്‍ച്ചയ്ക്കുശേഷം നെഹ്രുവിനെ തന്നിഷ്ടമായി വിടില്ലെന്നും ഭാവിയില്‍ തെറ്റായ, വിഘടന, വിദ്രോഹകാര്യങ്ങള്‍ നടക്കുകയില്ലെന്നും ഗാന്ധിജി വാക്കുകൊടുക്കുകയും ചെയ്തു (മൈക്കല്‍ ഫ്രേസര്‍ – Political Biography പുറം – 30).
സംഭവം ഇങ്ങനെയായിരുന്നു:- സര്‍ദാര്‍ പട്ടേലിനെ അറിയിക്കാതെ നെഹ്രു ഗോപാലസ്വാമി അയ്യങ്കാരെ കാശ്മീരിന്റെ ചുമതലക്കാരനായി നിശ്ചയിക്കുകയും ഒപ്പം വകുപ്പില്ലാ മന്ത്രിയായി അദ്ദേഹത്തെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. അദ്ദേഹം നേരിട്ട് നെഹ്രുവിന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും കാശ്മീര്‍ സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കാനും നടപടികളിലേര്‍പ്പെടാനും തുടങ്ങി. തുടക്കത്തില്‍ പട്ടേല്‍ അത് കാര്യമാക്കിയില്ലെങ്കിലും പിന്നീട് അദ്ദേഹത്തെ അറിയിക്കാതെ നെഹ്രു കാശ്മീര്‍ കാര്യത്തില്‍ ഒട്ടനവധി അബദ്ധമായ (370-ാം വകുപ്പടക്കമുള്ള കാര്യങ്ങള്‍) തീരുമാനങ്ങളിലേയ്ക്ക് നീങ്ങുന്നതായി ദൃഷ്ടിയില്‍പെട്ടപ്പോള്‍ പട്ടേല്‍ ഇടപെട്ടുതുടങ്ങി. ഇതിനെ തുടര്‍ന്ന് നെഹ്രു പൊട്ടിത്തെറിക്കുകയും ആഭ്യന്തരമന്ത്രാലയം കാശ്മീര്‍ വിഷയത്തില്‍ കൈകടത്തേണ്ടതില്ലെന്ന രീതിയില്‍ തന്റെ കോപം പ്രകടിപ്പിച്ചും കൊണ്ട് ഡിസംബര്‍ 30-ാം തീയതി പട്ടേലിന് കത്തെഴുതുകയും ചെയ്തു.
ഈ കത്ത് കിട്ടിയ ഉടനെ അതിനു മറുപടിയായി പട്ടേല്‍ എഴുതി:- ”താങ്കളുടെ കത്തില്‍നിന്നും ഞാന്‍ താങ്കളുടെ സര്‍ക്കാരില്‍ തുടരേണ്ട ആവശ്യമില്ലെന്ന് വ്യക്തമാകുന്നു. അതിനാല്‍ ഇത് എന്റെ രാജിക്കത്തായി കരുതുക” (രാംമോഹന്‍ഗാന്ധി – ‘Patel A Life’).
സഹകരണത്തിന്റെ ഹസ്തം
ഭാരതത്തിന്റെ സര്‍വ്വതോമുഖമായ വികാസത്തിനായി സര്‍ദാര്‍ പട്ടേല്‍ സംഘത്തിന്റെ സഹകരണം ആഗ്രഹിച്ചിരുന്നു. ഇതു മനസ്സിലാക്കി അദ്ദേഹത്തെ കാണാനായി ചെന്ന ഗുരുജിയോട് സര്‍ദാര്‍ പട്ടേല്‍ തുറന്നു പറഞ്ഞു:- ”സഹോദരാ, വിഭജനത്തിന്റെ പരിണാമം ഇത്ര ഭീഷണമായിരിക്കുമെന്ന് ഞങ്ങള്‍ക്ക് ചിന്തിക്കാനേ സാധിച്ചില്ല. സംഭവിച്ചത് ഇനി തിരിച്ചുകൊണ്ടുവരാന്‍ സാദ്ധ്യമല്ല. നാം തമ്മിലുള്ള കടുത്ത വിമര്‍ശനം എത്ര നാളത്തേയ്ക്ക് തുടരണം? ഇപ്പോഴും നമ്മുടെ കൈവശം വലിയ ഭൂവിഭാഗമുണ്ട്. ആ ഭാഗത്ത് ശാന്തിയും സുവ്യവസ്ഥയും സൃഷ്ടിക്കാന്‍ താങ്കളുടെ സഹകരണം അപേക്ഷിക്കുന്നു.” ഗുരുജി പൂര്‍ണ്ണസഹകരണം സസന്തോഷം വാഗ്ദാനം ചെയ്തു.
അതിനുശേഷം ഗുരുജി പൊതുസമ്മേളനങ്ങളില്‍ സ്വയംസേവകരോടുള്ള മാര്‍ഗ്ഗദര്‍ശനമെന്ന നിലയില്‍ പറഞ്ഞത്:- ”ഭാരതത്തിന്റെ വിഭജനം അംഗീകരിച്ചത് നമ്മുടെ തന്നെ സഹോദരന്മാരാണ്. വിഭജിച്ചുകൊണ്ടുള്ള ഭാരതത്തിന്റെ സ്വാതന്ത്ര്യം സ്വീകരിക്കാന്‍ തയ്യാറായത് വലിയൊരു തെറ്റാണ്. എന്നാല്‍ ആത്മാര്‍ത്ഥതയില്ലാത്തതുകൊണ്ടാണ് അവരങ്ങനെ ചെയ്തതെന്ന് ധരിക്കുന്നത് തെറ്റായിരിക്കും. ഇന്നും ഭാരതം ബാഹ്യമായ ആപത്തുകളില്‍നിന്നു മുക്തമല്ല. നമുക്കുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകാം. ‘നാം അഞ്ചുപേരും അവര്‍ നൂറുപേരുമാണെന്നത് സത്യമാണെങ്കിലും ഒന്നിച്ചുവരുമ്പോള്‍ നാം നൂറ്റഞ്ചുപേരാണ്’ എന്നതായിരിക്കണം തമ്മിലുള്ള ആശയതലത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനായി നാം മനസ്സില്‍ വെയ്‌ക്കേണ്ട കാര്യം. മഹാഭാരതത്തില്‍ യുധിഷ്ഠിരന്‍ പറഞ്ഞ ‘വയം പഞ്ചാധികം ശതം’ എന്ന സുഭാഷിതത്തിലെ ഭാവം പ്രകടമാക്കുന്നത് ഇതാണ്. 1948 ജനുവരി 14-ാം തീയതി ബോംബെ ശാഖയുടെ മകരസംക്രമ ഉത്സവത്തിന് ഗുരുജിയുടെ ഭാഷണം ഇതായിരുന്നു:- ”പ്രക്ഷുബ്ധമായ പരിതഃസ്ഥിതിയിലും മനസ്സിനെ ശാന്തമാക്കിവെയ്ക്കുക. പുറമേയുള്ള ആളുകളും നമ്മുടെതന്നെ ആളുകളാണ്. അവരിലും ചില നല്ല ഗുണങ്ങളുണ്ട്. പ്രകോപിപ്പിക്കുന്ന സംഭവങ്ങളെയെല്ലാം ഉള്ളിലൊതുക്കി നമുക്ക് മുന്നേറാന്‍ കഴിയണം. നമ്മുടെ ഹൃദയത്തിലെ അമൃതില്‍ കോപത്തിന്റെ വിഷം കലരാന്‍ സമ്മതിക്കരുത്. അവരും നമ്മുടെ ആളുകളാണ്, നമ്മുടെ രാഷ്ട്രജീവിതത്തിന്റെ ഘടകമാണ്. നമ്മുടെ സമാജത്തിന്റെ ഭാഗമാണ്. അവരുടെ ചിന്താഗതി എന്തായാലും അവരും ചില നല്ലകാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, ത്യാഗവും ചെയ്തിട്ടുണ്ട്. അതിനാല്‍ നമ്മുടെ സ്‌നേഹപൂര്‍ണ്ണമായ ഔദാര്യവും ബന്ധുഭാവവും ഇവരോടല്ലാതെ മറ്റാരോടാണ് പ്രകടമാക്കേണ്ടത്?”
ഇത്തരത്തില്‍ സംഘവും സര്‍ദാര്‍ പട്ടേലും വളരെ അടുത്തുവരികയായിരുന്നു. എന്നാല്‍ നെഹ്രുവും അദ്ദേഹത്തെ അനുകൂലിക്കുന്നവരും ചിന്തിച്ച രീതി വ്യത്യസ്തമായിരുന്നു. അതിനാല്‍ അവരുടെ മുന്നേറ്റത്തിനുള്ള പാതയിലെ ബാധയായിട്ടാണ് അവര്‍ സംഘത്തെ കണ്ടത്.
പുരാണത്തില്‍ പറയുന്ന കഥകള്‍ പോലെ മഹാതപസ്വികള്‍ കഠിനതപസ്സിലേര്‍പ്പെടുമ്പോഴെല്ലാം ഇന്ദ്രന്റെ സിംഹാസനത്തിന് ഇളക്കം സംഭവിക്കുന്നതായി തോന്നുന്നു. തന്റെ മോക്ഷത്തിനായിട്ടാണ് മഹര്‍ഷി തപസ്സു ചെയ്യുന്നതെങ്കിലും അത് തന്റെ സിംഹാസനം തട്ടിയെടുക്കാനായിട്ടാണെന്നാണ് ദേവേന്ദ്രന്റെ ചിന്ത. അതുകൊണ്ട് തപസ്സുമുടക്കാനാണ് എപ്പോഴും ഇന്ദ്രന്റെ ശ്രമം. രാഷ്ട്രത്തെ ബലവത്താക്കി തീര്‍ക്കാനുള്ള മഹാതപസ്സിലാണ് സംഘവും ഏര്‍പ്പെട്ടിരി ക്കുന്നത്. സംഘത്തിന് രാജനൈതികതാത്പര്യമൊന്നുമില്ല. എന്നാലും സംഘത്തിന്റെ തപസ്സിന്റെ ഫലമായി വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി ഭാവിയില്‍ തങ്ങള്‍ക്ക് വലിയ ഭീഷണിയും വെല്ലുവിളിയുമായിത്തീരുമെന്നാണ് ഭരണാധികാരത്തിലുള്ള പണ്ഡിറ്റ് നെഹ്രുവും കൂട്ടരും ഭയപ്പെട്ടിരുന്നത്.
തെറ്റ് സമ്മതിക്കാന്‍ ഒരുക്കമല്ല
മതാടിസ്ഥാനത്തിലുള്ള നാടിന്റെ വിഭജനം ഒരു മഹാദുരന്തമായിമാറിക്കഴിഞ്ഞിരുന്നു. പ്രീണനനയത്തിന്റെ ഫലം ഭാരതമാതാവിന്റെ അംഗങ്ങള്‍ മുറിച്ചുമാറ്റുന്നതു വരെയെത്തി. പ്രാദേശിക രാഷ്ട്രവാദവും മുസ്ലീംപ്രീണനവും പൂര്‍ണ്ണപരാജയമാണെന്നു പ്രകടമായി കഴിഞ്ഞു. അതിനാല്‍ കോണ്‍ഗ്രസിന്റെ സൃഷ്ടിയായ ഈ നയം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്ന മനോഭാവം ജനങ്ങളില്‍ ശക്തിപ്പെട്ടുവന്നു. സംഘം ഈ മനോഭാവത്തിന്റെ ശക്തമായ വക്താവായിരുന്നു. എന്നാല്‍ സംഭവിച്ച തെറ്റ് അംഗീകരിക്കാന്‍ നെഹ്രുവും കൂട്ടാളികളും ഒരുക്കമായിരുന്നില്ല. പരാജയപ്പെട്ടതും അപകടകരവുമായ തങ്ങളുടെ നയം ജനങ്ങളില്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമത്തിലായിരുന്നു അവര്‍. സംഘത്തോടുള്ള വിരോധത്തിന് ഇതും മുഖ്യമായ ഒരു കാരണമായി. മതേതരത്വം, ആത്മഹത്യാപരമായ ന്യൂനപക്ഷപ്രീണനം, വിശുദ്ധമായ ദേശീയതയുടെ സ്ഥാനത്ത് അപ്രായോഗികമായ പ്രാദേശികവാദം എന്നീ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കാനായിരുന്നു അവരുടെ പരിശ്രമം. എന്നാല്‍ ദേശവാസികള്‍ അതിന്റെ ദുരന്തഫലം സ്വയം അനുഭവിച്ചവരായതിനാല്‍ അത്തരം ചിന്താഗതി സ്വീകരിക്കാന്‍ സമ്മതരായില്ല. തെറ്റായ മാര്‍ഗത്തിലൂടെ നയിക്കുന്ന അത്തരം ആശയത്തെ സംഘം നേരത്തെതന്നെ ശക്തമായി വിമര്‍ശിച്ചിരുന്നു. അതുകൊണ്ട് സംഘത്തെ ഇല്ലായ്മ ചെയ്യാതെ തങ്ങളുടെ ലക്ഷ്യപ്രാപ്തി സാദ്ധ്യമല്ലെന്ന ചിന്ത നെഹ്രുവിന്റെയും സഹകാരികളുടെയും മനസ്സിലുറച്ചു.
കമ്മ്യൂണിസ്റ്റുകാരുടെ കളി
ദേശീയവാദത്തിന്റെ ശാക്തീകരണമെന്നത് തങ്ങളുടെ നാശമായിരിക്കുമെന്ന് കരുതുന്ന കമ്മ്യൂണിസ്റ്റുകളും സംഘവിരോധ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കാളികളായി. 1942 ലെ പ്രക്ഷോഭകാലത്ത് കമ്മ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാരുടെ പക്ഷത്ത് നിലകൊണ്ടു. നേതാജി സുഭാഷ്ചന്ദ്രബോസിനെ ടോജോയുടെ1 വളര്‍ത്തുനായയെന്നും മഹാത്മാഗാന്ധിയെ മുതലാളിത്തത്തിന്റെ ദല്ലാളെന്നും അവര്‍ മുദ്രകുത്തി. ഈ കാരണത്താല്‍ അവര്‍ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകഴിഞ്ഞിരുന്നു. രാജ്യദ്രോഹികളായിട്ടാണ് ജനങ്ങള്‍ അവരെ കണ്ടത്. ഭാരതത്തെ ഒരു രാഷ്ട്രമായി അംഗീകരിക്കുന്നതിന് അവര്‍ സമ്മതരായിരുന്നില്ല. അതിനാല്‍ ഭാരതവിഭജനത്തെ അവര്‍ അനുകൂലിച്ചു. പാകിസ്ഥാനെ അംഗീകരിച്ചവരെന്ന നിലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ അവര്‍ കൂടുതല്‍ അനഭിമതരായിത്തീര്‍ന്നു. അത്തരം അവസ്ഥയില്‍ ഭാരതത്തെ ചുവപ്പണിയിക്കുക എന്ന സ്വപ്‌നം അതിവിദൂരമായിക്കഴിഞ്ഞിരുന്നു. സ്വന്തം പേരില്‍ ജനങ്ങളെ സമീപിക്കാന്‍പോലും അവര്‍ സങ്കോചപ്പെട്ടു. അതിനാല്‍ കോണ്‍ഗ്രസില്‍ തന്ത്രപൂര്‍വം നുഴഞ്ഞുകയറി തങ്ങളുടെ ഉദ്ദേശ്യം സാധിച്ചെടുക്കാനുള്ള തീരുമാനം അവരെടുത്തു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖ്യമുള്ള പണ്ഡിറ്റ് നെഹ്രുവുമായി നല്ല അടുപ്പം സൃഷ്ടിക്കുന്നതില്‍ അവര്‍ വിജയിച്ചു. വൈകാരികതീവ്രതയുള്ള യുവാക്കന്മാരെ തങ്ങളിലേയ്ക്കാകര്‍ഷിക്കാന്‍ വീണ്ടും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ അവരുടെ മാര്‍ഗത്തിലെ ഏറ്റവും വലിയ തടസ്സം ദേശീയചിന്താഗതിയോടെ ശക്തിപ്പെട്ടുവരുന്ന സംഘത്തിന്റെ സ്വാധീനമായിരുന്നു. ദേശീയത ശക്തിപ്പെട്ട ഒരു സ്ഥലത്തും അവര്‍ക്ക് കാലുകുത്താന്‍ സാദ്ധ്യമായിരുന്നില്ല. ആ സ്ഥിതിയില്‍ സര്‍ദാര്‍ പട്ടേല്‍, പുരുഷോത്തമദാസ് ഠണ്ഡന്‍, ഡോ. രാജേന്ദ്രപ്രസാദ്, കൈലാസനാഥ് കട്ജു എന്നിവരുടെയെല്ലാം സംഘത്തിനനുകൂലമായ നിലപാട് അവരെ വിഷമിപ്പിച്ചു. അതിനാല്‍ സംഘത്തിനെതിരായി വിഷം ചീറ്റാന്‍ അവരും ഒരുങ്ങി.
ഗാന്ധിവധത്തിനുമുമ്പ് നാട്ടിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കിടയിലും സംഘത്തിനോട് സ്‌നേഹവും വിശ്വാസവും വര്‍ദ്ധിച്ചുകൊണ്ടിരുന്നുവെന്നാണ് മേല്‍ വിശദീകരിച്ച കാര്യങ്ങളില്‍നിന്നും വ്യക്തമാകുന്നത്. അതുകൊണ്ട് സംഘം വളരെ വേഗം ശക്തിപ്രാപിച്ചുകൊണ്ടിരുന്നു. സംഘവിരോധികളുടെ ന്യൂനപക്ഷപ്രീണനനയം കാരണം ജനങ്ങള്‍ക്ക് അവരോട് വൈമുഖ്യവും വര്‍ദ്ധിച്ചുവന്നു. കോണ്‍ഗ്രസിനുള്ളില്‍ സംഘാനുകൂലിയായ പട്ടേലും സംഘവിരോധിയായ നെഹ്രുവും എന്ന നിലയിലുള്ള ധ്രുവീകരണം സംഭവിച്ചുകൊണ്ടിരുന്നു. ഭരണാധികാരം കയ്യേറ്റതിന്റേതായ പ്രശ്‌നങ്ങളും നിലനിന്നിരുന്നു. അതുകൊണ്ട് ഏതുവിധത്തിലും ഭരണത്തിലുറച്ചിരിക്കണമെ ന്ന് താത്പര്യമുള്ള നെഹ്രുവും ദേശീയതയുടെ ഉണര്‍വുകണ്ട് ഭയഭീതരായ കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റുകളും സംഘത്തെ അടിച്ചമര്‍ത്തേണ്ടത് അനിവാര്യമാണെന്ന് കണ്ടു. എന്നാല്‍ ജനങ്ങള്‍ കൂടെയുള്ളതുകൊണ്ട് സംഘത്തെ വിഷമിപ്പിക്കുക അത്ര എളുപ്പമായിരുന്നില്ല. അതിനാല്‍ അവസരത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു. ഗാന്ധിവധം അവര്‍ക്ക് ഒരു നല്ല അവസരമായിത്തീര്‍ന്നു. ആ അവസരം പൂര്‍ണ്ണമായി ഉപയോഗപ്പെടുത്തിക്കൊണ്ട് അവര്‍ സംഘത്തെ നാലുഭാഗത്തുനിന്നും ആക്രമിക്കാന്‍ സന്നദ്ധരായി. ഈ സത്യം വിശദീകരിച്ചുകൊണ്ട് തന്റെ ‘Living an Era’ എന്ന പുസ്തകത്തിന്റെ രണ്ടാം ഖണ്ഡത്തില്‍ 4-ാം പുറത്തില്‍ പണ്ഡിറ്റ് ദ്വാരികാപ്രസാദ് മിശ്ര ഇങ്ങനെ എഴുതിയിരിക്കുന്നു:- ”തങ്ങളുടെ എതിരാളികളെ മോശമായി ചിത്രീകരിക്കാനും സാധിച്ചാല്‍ അവരെ നാമാവശേഷമാക്കാനുമുള്ള ആയുധമായി സ്വാര്‍ത്ഥമതികളായ രാഷ്ട്രീയക്കാര്‍ ഗാന്ധിവധത്തെ ഉപയോഗിച്ചു എന്ന കാര്യം നിഷേധിക്കാനാവാത്തതാണ്”
സംഘനിരോധനം, കള്ളപ്രചരണം, സ്വയംസേവകരുടെ നേരേ നടന്ന ആക്രമണം തുടങ്ങി പിന്നീട് നടന്ന സംഭവങ്ങളെല്ലാം കേവലം തെറ്റിദ്ധാരണയുടെ ഫലമായി സംഭവിച്ചതല്ലെന്നതാണ് വ്യക്തമാകുന്നത്.തെറ്റായ ധാരണകൊണ്ട് സംഘമാണ് ഗാന്ധിവധത്തിന് കാരണമെന്നു കരുതിയാണ് സംഘത്തെ നിരോധിച്ചതും പ്രചരണം നടത്തിയതുമെന്നായിരുന്നെങ്കില്‍ ഗാന്ധിവധത്തില്‍ സംഘത്തിന് ഒരു പങ്കുമില്ലെന്ന് വ്യക്തമായ ഉടനെ സംഘനിരോധനം പിന്‍വലിക്കേണ്ടിയിരുന്നു. കുറച്ചെങ്കിലും മനഃസാക്ഷിക്കുത്തുണ്ടായിരുന്നെങ്കില്‍, ഗാന്ധിജിയുടെ അനുയായികള്‍ എന്ന നിലയ്ക്ക് സത്യത്തിലും അഹിംസയിലും വിശ്വാസമുള്ളവരായിരുന്നു ഈ ഭരണാധികാരികളെങ്കില്‍, അവര്‍ മുന്നോട്ടുവന്ന് താല്‍ക്കാലികമായ വികാരവിവശതകൊണ്ട് സംശയിച്ചിട്ടാണ് സംഘത്തെ നിരോധിച്ചതും ഗുരുജിയെ 302-ാം വകുപ്പനുസരിച്ച് തടവിലാക്കിയതും ആയിരക്കണക്കിന് സ്വയംസേവകരെ ജയിലിലടച്ചതുമെന്നും ഇപ്പോള്‍ വസ്തുതകളെല്ലാം വ്യക്തമായതിനാല്‍ സംഘനിരോധനം പിന്‍വലിച്ച് എല്ലാ തടവുകാരെയും വിട്ടയയ്ക്കുന്നുവെന്നും പരസ്യമായി പ്രഖ്യാപിക്കുമായിരുന്നു.
1 അന്നത്തെ ജപ്പാന്‍ പ്രധാനമന്ത്രി
(തുടരും)
വിവര്‍ത്തനം-എസ്.സേതുമാധവന്‍