മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ വിജിലന്‍സ് വകുപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയോ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയോ പുറകെയല്ല; സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാരുടെ പിന്നാലെയാണ് മണത്തു നടക്കുന്നത്. അതുകൊണ്ട് വിജിലന്‍സിന് ഇപ്പോള്‍ ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനോ, അതിനെക്കുറിച്ച് കേസ്സെടുക്കാനോ തീരെ സമയമില്ല. 2015ല്‍ 333 കേസ്സെടുത്തവര്‍ 2018ല്‍ 151 ഉം 2019ല്‍ 76 ഉം കേസ്സുകളെ എടുത്തിട്ടുള്ളൂ. സ്വന്തം പാര്‍ട്ടിയിലെ മന്ത്രിമാരെക്കുറിച്ചാണ് മുഖ്യന്‍ സഖാവിനു കൂടുതല്‍ സംശയം. മഹാകവി ജി. സുധാകരന്റെ വകുപ്പില്‍ വിജിലന്‍സ് കയറിക്കളിച്ചപ്പോള്‍ അദ്ദേഹം വിധേയന്‍ പട്ടേലരായി മാറി വകുപ്പിന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടു നല്‍കി. വിഷമിച്ചിട്ടുകാര്യമില്ല എന്ന് സ്വയം സങ്കടപ്പെടുകയും ചെയ്തു. ജി.സുധാകരനല്ലല്ലോ തോമസ് ഐസക്. വിജിലന്‍സ് ധനവകുപ്പിനു കീഴിലുള്ള കെ.എസ്.എഫ്.ഇയില്‍ കളി തുടങ്ങിയപ്പോഴേ ഐസക്കിന് ചെറിഞ്ഞുവന്നതാണ്. കെ.എസ്.എഫ്.ഇയില്‍ ഗുരുതരമായ കൃത്രിമങ്ങള്‍ നടക്കുന്നു എന്ന വിവരം വിജിലന്‍സ് പുറത്തു വിട്ടതോടെ ഐസക് പൊട്ടിത്തെറിച്ചു. വട്ടന്‍പണി എന്ന് കുറ്റപ്പെടുത്തി. ഇതൊക്കെ സഹിക്കണം സഖാവേ എന്ന സുധാകരന്റെ ആശ്വാസവാക്കുകള്‍ ഐസക്കിനെ ഒട്ടും തണുപ്പിച്ചില്ല.
ഗുരുവായ സ്റ്റാലിന്‍ ചെയ്തതേ വിജയന്‍ സഖാവും ചെയ്യുന്നുള്ളു. എല്ലാ പാര്‍ട്ടി നേതാക്കളെയും രഹസ്യ പോലീസിനെ കൊണ്ടു നിരീക്ഷിപ്പിച്ചു സ്റ്റാലിന്‍. ഉടക്കിനില്‍ക്കുന്നയാളാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ ട്രോഡ്‌സ്‌കിയെ പോളിറ്റ് ബ്യൂറോയില്‍ നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഒടുവില്‍ ഈ ലോകത്തു നിന്നുതന്നെ നിഷ്‌കാസനം ചെയ്തു. ഇന്ദ്രനെയും ചന്ദ്രനെയും കൂസാത്ത വിജയന്‍സഖാവിന് കൂട്ടിനുള്ളത് രവീന്ദ്രനും ശിവശങ്കരനുമാണെന്ന് ഐസക് മറന്നുപോകുന്നുവോ? വാമനന്‍ രണ്ടടി കൊണ്ടാണ് മൂന്നുലോകവും അളന്നതെങ്കില്‍ ഊരാളുങ്കലിന്റെ കയ്യിലുള്ള പൊക്ലെയിന്റെ ഒരു നീണ്ട കൈകൊണ്ടു കേരളത്തെ അളന്നെടുക്കാനുള്ള ശേഷി വിജയന്‍ സഖാവിനുണ്ട്. ഇതൊക്കെയറിയാവുന്ന പാര്‍ട്ടി ഐസക്കിന്റെ ചെവിയ്ക്കു പിടിച്ചിട്ടുണ്ടെങ്കിലും ധനമന്ത്രിയുടെ അമര്‍ഷം മാറിയിട്ടില്ല. ട്രോഡ്ക്‌സിയെ കൊല്ലാനുപയോഗിച്ച ചുറ്റിക പാര്‍ട്ടി നേതൃത്വത്തിന്റെ കയ്യില്‍ തന്നെയുണ്ട് എന്ന് പുതിയ സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍ ഐസക്കിനോട് സ്വകാര്യം പറഞ്ഞോ എന്തോ?