Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ഇതിഹാസ സന്ദര്‍ഭങ്ങളിലെ ദര്‍ശനസമാനതകള്‍

ഡോ. വി സുജാതഡോ. വി സുജാത
3 May 2024

ഭാരതീയ ഇതിഹാസങ്ങളായ രാമായണവും മഹാഭാരതവും താരതമ്യപഠനത്തിനു വിഷയമാക്കാവുന്ന വിധം ഹൃദയൈക്യം പ്രദര്‍ശിപ്പിക്കുന്നുണ്ട്. ചില ശ്ലോകങ്ങള്‍ തമ്മില്‍ സാരതുല്യത കൂടാതെ ഘടനാ സാദൃശ്യം പോലും ദര്‍ശിക്കാവുന്നതാണ്. ഇതിഹാസങ്ങളുടെ സമാനതകളില്‍ ഒന്ന് നമുക്കറിയാം. രണ്ടും ഋഷിരചനകളാണ്. രചയിതാക്കള്‍ അതത് ചരിത്രകഥകള്‍ക്ക് സാക്ഷ്യം വഹിച്ചുവെന്നു മാത്രമല്ല, അവയില്‍ ഭാഗഭാക്കുകളുമാകുന്നുവെന്നതാണ് രണ്ടാമത്തേത്. രാമായണത്തില്‍ വാല്മീകി, കഥാനായിക സീതയുടെയും പുത്രന്മാരുടെയും സംരക്ഷകനായി പ്രത്യക്ഷപ്പെടുന്നു. മഹാഭാരതത്തില്‍ വ്യാസന്‍, ഹസ്തിനപുര റാണിയും തന്റെ മാതാവുമായ സത്യവതിയുടെ നിര്‍ദ്ദേശപ്രകാരം റാണിമാരായ അംബികയിലും അംബാലികയിലും സന്താനോല്‍പ്പാദനത്തിനു കാരണക്കാരനാവുന്നു. ഇപ്രകാരം രചയിതാക്കള്‍ സ്വയം കഥാപാത്രങ്ങളാകുന്ന രചനകളാണ് ഇതിഹാസങ്ങള്‍ രണ്ടും.

Google NewsAdd Kesari Weekly as a preferred source on Google

വാല്മീകിയും വ്യാസനും ജന്മംകൊണ്ട് ആരായിരുന്നുവെന്നതിലും ഏതാണ്ട് സമാനമായ കഥകള്‍ പുരാണങ്ങളില്‍ കാണാം. വാല്മീകി വേടനും വ്യാസന്‍ ദാശപുത്രനുമാണെന്നാണ് ചില ഇതിഹാസ പുനര്‍വായനക്കാരുടെ കണ്ടെത്തല്‍. എന്നാല്‍ ഇക്കാര്യത്തില്‍ പൗരാണിക ആഖ്യാനങ്ങളെ അടിസ്ഥാനപ്പെടുത്തി പറയപ്പെട്ടിട്ടുള്ളത് തികച്ചും വ്യത്യസ്തമാണ്. വാല്മീകിയുടെ ജനനത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത് ഭൃഗു വംശത്തിലെ പ്രചേതസ്സ് എന്ന ബ്രാഹ്‌മണന് മകനായ അഗ്നിശര്‍മ്മനെ കുട്ടിയായിരുന്നപ്പോള്‍ വനത്തില്‍ നഷ്ടപ്പെട്ടുപോയി. ആ കുട്ടിയെ ഒരു വേടന്‍ എടുത്തുവളര്‍ത്തി. രത്‌നാകരന്‍ എന്നറിയപ്പെട്ട ബാലന്‍ വളര്‍ന്നപ്പോള്‍ വേടനായിത്തന്നെ ഉപജീവനം കഴിക്കേണ്ടിവന്നു. ഒരിക്കല്‍ നാരദനില്‍നിന്ന് ഒരു ഉപദേശം ലഭിച്ചു. രാമനാമം ജപിച്ച് തപസ്സു ചെയ്യുകയെന്നതായിരുന്നു അത്. അനേകം വര്‍ഷങ്ങളുടെ തപസ്സുകൊണ്ട് ബ്രഹ്‌മര്‍ഷിയായിത്തീര്‍ന്ന വാല്മീകിയെ രാമായണം രചിക്കാന്‍ പ്രേരിപ്പിച്ചതും നാരദ മുനി തന്നെയായിരുന്നു.

വ്യാസനാകട്ടെ ദാശപുത്രിയായ സത്യവതിയില്‍ ജനിച്ചതിനാല്‍ ധീവരപുത്രനെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ ചേദി രാജാവായിരുന്ന ഉപരിചര വസുവിന്റെയും അദ്രിക എന്ന അപ്‌സരസ്സിന്റെയും മകളായിരുന്നു സത്യവതി. ശാപവശാല്‍ അവര്‍ ദാശമുഖ്യന്റെ വളര്‍ത്തുമകളായി മാറുകയായിരുന്നു. പരാശര മഹര്‍ഷിക്ക് ഈ സത്യവതിയില്‍ ജനിച്ച പുത്രനാണ് വ്യാസന്‍.

ADVERTISEMENT

അപമാനിക്കപ്പെടുന്ന നായികമാര്‍
ഇതിഹാസങ്ങളിലെ മറ്റൊരു ഉള്ളൊരുമയെന്നത്, രണ്ടിലും തപസ്സിന് കല്‍പ്പിച്ചിട്ടുള്ള പ്രാധാന്യമാണ്. ഇതിവൃത്തങ്ങള്‍ ഉത്തമ പുരുഷാര്‍ത്ഥങ്ങളാകുന്ന ധര്‍മ്മവും മോക്ഷവും ലക്ഷ്യംവയ്ക്കുകയും, അതിലേക്കുള്ള സാധനയായി തപസ്സ് അനുഷ്ഠിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടുകയും ചെയ്യുന്നത് രണ്ട് കൃതികളുടെയും പൊതുസവിശേഷതയാണ്. രാമായണത്തില്‍ രാമന്റെ വനവാസകാലത്ത് സോദരന്മാര്‍ മൂവരും നിസ്സംഗ ധര്‍മ്മത്തില്‍ തുല്യരായി നീങ്ങാന്‍ തീരുമാനിക്കുന്നു. അവരും രാമായനം തന്നെ വരിക്കുന്നു. രാമപാദം പിന്തുടരാനായി ഭരതനും ശത്രുഘ്‌നനും ഈരേഴു പതിനാല് വര്‍ഷം അന്തപ്പുരംവിട്ട് ഋഷിമാരെപ്പോലെ നന്ദിഗ്രാമത്തില്‍ വസിച്ചുകൊണ്ട് രാമപാദുകങ്ങള്‍ സാക്ഷിയാക്കി ജ്യേഷ്ഠന്റെ പ്രതിപുരുഷന്മാരായി ഭരണം നടത്തി തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നു. ഇപ്രകാരം രാജന്യര്‍ നാല്‍വരും അവരുടെ പത്‌നിമാരും തപോനിഷ്ഠയും നിഷ്‌കാമ കര്‍മ്മയോഗവും പാലിച്ചു.
മഹാഭാരതത്തിലാവട്ടെ പാണ്ഡുവും കുന്തിയും മാദ്രിയും, പിന്നീട് യുധിഷ്ഠിരനും സോദരന്മാരും ദ്രൗപദിയും ധൃതരാഷ്ട്രരും ഗാന്ധാരിയുമൊക്കെ വിവിധ ഘട്ടങ്ങളിലായി തപസ്സനുഷ്ഠിച്ചവരാണ്. ആദ്യം മുനിശാപത്തെത്തുടര്‍ന്ന് പാണ്ഡുവും പത്‌നിമാരും രാജ്യമുപേക്ഷിച്ച് തപസ്സനുഷ്ഠിക്കുന്നുണ്ട്. പിന്നീട് അരക്കില്ലത്തില്‍ അഗ്നിപടര്‍ത്തവെ കുന്തിയും പാണ്ഡവരും വനവാസം സ്വീകരിക്കുന്നു. വീണ്ടും പാണ്ഡവര്‍ക്ക് ദ്രൗപദിയോടൊപ്പം 12 വര്‍ഷം താപസവൃത്തി സ്വീകരിക്കേണ്ടി വന്നു. ഒടുവില്‍ കുരുക്ഷേത്ര യുദ്ധത്തിനു ശേഷം ധൃതരാഷ്ട്രരും ഗാന്ധാരിയും വിദുരരും രാജധാനി വെടിഞ്ഞ് തപോവൃത്തിയില്‍ ഏര്‍പ്പെടുന്നുണ്ട്.

ഇതിഹാസങ്ങളിലെ മറ്റൊരു പ്രധാനപ്പെട്ട സമാനത രണ്ടു കൃതികളിലും ദേവാംശജരാണ് പ്രധാന കഥാപാത്രങ്ങള്‍ എന്നതാണ്. രാമായണത്തില്‍ വിഷ്ണുവിന്റെ അവതാരമായ രാമനെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ടവരാണ് വൈഷ്ണവ തേജസ്വികളായ ഭൂമിജ സീത, പവനപുത്രന്‍ ഹനുമാന്‍, സൂര്യപുത്രന്‍ സുഗ്രീവന്‍, ദിവ്യ ജന്മങ്ങളായ അംഗദന്‍, ജടായു, ജാംബവാന്‍, സമ്പാതി മുതലായവര്‍. മഹാഭാരതത്തിലും ഇത്തരമൊരു പ്രത്യേകത ദര്‍ശിക്കാവുന്നതാണ്. വൈഷ്ണവാവതാരമായ കൃഷ്ണന്റെ സഹായത്തിനായി അവതരിച്ചവരാണ് മാതാപിതാക്കള്‍, ഗോപസ്ത്രീകള്‍, കൃഷ്ണസോദരന്‍ ബലരാമന്‍, ഇന്ദ്രപുത്രന്‍ അര്‍ജ്ജുനന്‍, യമധര്‍മപുത്രന്‍ യുധിഷ്ഠിരന്‍, വായുസുതന്‍ ഭീമന്‍, അശ്വിനീ പുത്രന്മാരായ നകുല സഹദേവന്മാര്‍, അഗ്നിജരായ ദ്രൗപദി, ധൃഷ്ടദ്യുമ്‌നന്‍, യമധര്‍മ്മാവതാരമായ വിദുരന്‍ മുതലായവര്‍.

അപമാനിക്കപ്പെട്ട നായികമാരാല്‍ നയിക്കപ്പെടുന്ന കൃതികളാണെന്ന പ്രത്യേകതയിലും ഇതിഹാസങ്ങള്‍ യോജിക്കുന്നുണ്ട്. നിഷ്‌ക്കളങ്കരായ സീതയും ദ്രൗപദിയും ഘോരമായി നിന്ദിക്കപ്പെടുന്നു. രാവണനാല്‍ അപഹരിക്കപ്പെട്ട് ലങ്കയില്‍ കഴിയേണ്ടി വന്നതു കൂടാതെ അഗ്നിപരീക്ഷയ്ക്ക് വിധേയമാക്കപ്പെടുന്നതിലൂടെ, ഭര്‍ത്താവിനാല്‍ ത്യജിക്കപ്പെടുന്നതിലൂടെ സീതയുടെ സ്ത്രീത്വത്തിന് വലിയ അപമാനമേല്‍ക്കുന്നുണ്ട്. എന്നാല്‍ രാജര്‍ഷിയായ ഭര്‍ത്താവിന് സ്വന്തം പ്രജകളോടുള്ള ഉത്തരവാദിത്തത്തിന്റെ മഹത്വം തിരിച്ചറിയുന്ന സീത സ്വയം കര്‍മ്മയോഗിനിയാവുകയാണ്. മഹാഭാരതത്തില്‍ ദ്രൗപദിയാവട്ടെ ദുര്യോധനാദികളാല്‍ അപമാനിക്കപ്പെട്ട നിമിഷം മുതല്‍ അന്യായത്തിനെതിരെയുള്ള പ്രതികാരാഗ്നി പേറിക്കൊണ്ടു ജീവിച്ചവളാണ്. ഒടുവില്‍ ഭാരതയുദ്ധത്തില്‍ തനിക്കേറ്റ അപമാനത്തിന്റെ കണക്ക് തീര്‍ക്കുകയാണ്. സാല്വനും ഭീഷ്മരും എന്ന രണ്ടു പുരുഷന്മാരാല്‍ നിരാകരിക്കപ്പെട്ട അംബയും, ദ്രൗപദിയെപ്പോലെ അപമാനത്താലും പ്രതികാരദാഹത്താലും നീറിപ്പുകഞ്ഞ് അകാലത്തില്‍ ശരീരം പോലും ത്യജിച്ച് മറ്റൊരു ജന്മം (ശിഖണ്ഡി) സ്വീകരിക്കുന്നു. ഒടുവില്‍ കുരുക്ഷേത്ര യുദ്ധത്തില്‍ ഭീഷ്മരുടെ മരണത്തിനും പാണ്ഡവരുടെ വിജയത്തിനും കാരണക്കാരിയാവുന്നു.

കുടിലതയുടെ ഫലമായി വനവാസം
രാമായണത്തില്‍ മന്ഥരയുടെ കുതന്ത്രം മൂലം രാമന് വനവാസം വിധിക്കപ്പെട്ടു. കൈകേയി അത്യാഗ്രഹം പൂണ്ട് തന്റെ പുത്രന്‍ ഭരതനെ രാജാവാക്കാനും, രാമന്‍ 14 വര്‍ഷക്കാലത്തേക്ക് വനവാസം നയിക്കാനും ശഠിക്കുന്നു. മഹാഭാരതത്തിലാവട്ടെ ശകുനിയുടെ കുതന്ത്രം അരങ്ങേറിയതിന്റെ ഫലമായി സ്വന്തം സോദരീപുത്രനായ ദുര്യോധനന് ഹസ്തിനപുരാധിപത്യം ലഭിക്കുകയും, യുധിഷ്ഠിരന് 12 വര്‍ഷം വനവാസവും ഒരു വര്‍ഷം അജ്ഞാതവാസവും സ്വീകരിക്കേണ്ടതായും വന്നു.

ആദികാവ്യത്തില്‍ തന്റെ സീമന്തപുത്രനായ രാമനെ യുവരാജാവാക്കുന്ന കാര്യം ദശരഥന്‍ അമാത്യന്മാരുമായി ആലോചിക്കുന്ന സമയത്ത് കൈകേയിയുടെ ദാസിയായ മന്ഥര അവളില്‍ ഈര്‍ഷ്യയും രോഷവും നിറയ്ക്കുന്നു. പണ്ട് നടന്ന ഒരു യുദ്ധത്തില്‍, ശംബരന്‍ എന്ന മായാവിയായ അസുരനെ നേരിടുന്ന ദുര്‍ഘട ഘട്ടത്തില്‍ കൈകേയി, ദശരഥനെ അതിസമര്‍ത്ഥമായി രക്ഷപ്പെടുത്തിയിരുന്നു. സന്തുഷ്ടനായ രാജാവ് അവള്‍ക്ക് വരങ്ങള്‍ നല്‍കിയിരുന്നു. ആ വരങ്ങളെക്കുറിച്ച് മന്ഥര കൈകേയിയെ ഓര്‍മപ്പെടുത്തുന്നു. ഈ വരങ്ങളാണ് ഭരതനെ രാജാവാക്കാനും രാമനെ നാടുകടത്താനും നിമിത്തങ്ങളായത്. ഇതുപ്രകാരം രാമന്‍ സീതയോടും അനുജനായ ലക്ഷ്മണനോടുമൊപ്പം വനവാസത്തിന് പുറപ്പെടുന്നു. മഹാഭാരതത്തിലെ ഇതിവൃത്തത്തിലും ചൂതുകളി മത്സരത്തില്‍ എതിര്‍പക്ഷത്തോടുള്ള യുധിഷ്ഠിരന്റെ അമിതമായ ഔദാര്യാവേശത്തെ ദുഷ്ടരായ ദുര്യോധന ശകുനിമാര്‍ മുതലാക്കുന്നു. നീതിക്ക് നിരക്കാത്ത രീതിയില്‍ അവര്‍ യുധിഷ്ഠിരനെ നിഷ്‌കാസിതനാക്കുകയും, അനുജന്മാരെയും ദ്രൗപദിയെയും ഘോരമായി അപമാനിക്കുകയും ചെയ്യുന്നു. അനന്തരം യുധിഷ്ഠിരനും അനുജന്മാരും ദ്രൗപദിയുമൊത്ത് നാടുവിടുന്നു. കുതന്ത്രം മാത്രമല്ല, രാമായണത്തിലേതു പോലെ ഇവിടെയും സംഭവവികാസത്തില്‍ വരദാനം വലിയ പങ്കുവഹിക്കുന്നുണ്ട്. യുവരാജപ്പട്ടമുപേക്ഷിച്ചുകൊണ്ട് ഭീഷ്മര്‍ സത്യവതിക്കും കുടുംബത്തിനും സ്വന്തം ശപഥത്താല്‍ നല്‍കിയ വരം- നൈഷ്ഠിക ബ്രഹ്‌മചര്യം അനുഷ്ഠിച്ചുകൊണ്ട് കുരുവംശ രാജാക്കന്മാര്‍ക്ക് തുണയായിരുന്നുകൊള്ളാമെന്ന വരം – ആയിരുന്നു ആ വംശത്തിന്റെ തുടര്‍ന്നുള്ള നാടകീയമായ ഗതിയെ നിര്‍ണ്ണയിച്ചത്. അന്യായമായി വന്നുചേര്‍ന്നതെങ്കിലും രാമനും യുധിഷ്ഠിരനും തങ്ങളുടെ വനവാസം വിധിവിഹിതമായി സ്വീകരിച്ച് ആരോടും വിദ്വേഷം പുലര്‍ത്താതെ ശാന്തരായി കൊട്ടാരവും നഗരവും വെടിയുകയായിരുന്നല്ലോ.

ശാപഗ്രസ്തരായ രാജാക്കന്മാര്‍
രാമായണ-മഹാഭാരത ഇതിഹാസങ്ങളില്‍ തപസ്വികളുടെ ശാപവാക്കുകള്‍ ഇതിവൃത്തങ്ങളെ നയിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നതു കാണാം. യുവരാജാവായിരിക്കെ ദശരഥന്‍ ഒരു രാത്രി സരയൂ നദിയില്‍ വെള്ളം കുടിക്കാന്‍ വരുന്ന വന്യമൃഗങ്ങളെ വേട്ടയാടാനായി നദീതീരത്തു കാത്തുനില്‍ക്കുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ കുടം വെള്ളത്തില്‍ മുക്കുന്ന ശബ്ദം ആനയുടെ അമര്‍ച്ചയായി തെറ്റിദ്ധരിച്ച് അമ്പെയ്തു. അതാവട്ടെ അന്ധരും വൃദ്ധരുമായ താപസ ദമ്പതിമാരുടെ ഏക സന്താനമായ ശ്രവണന്റെ നേര്‍ക്കാണ് പാഞ്ഞത്. മകന്‍ മരണമടഞ്ഞതറിഞ്ഞ് ദുഃഖം താങ്ങാനാവാതെ ശ്രവണന്റെ പിതാവ് ദശരഥനെ ശപിക്കുകയാണുണ്ടായത്. പുത്രദുഃഖത്താല്‍ ദശരഥന് അന്ത്യം സംഭവിക്കുമെന്നായിരുന്നു ആ ശാപം. ദുശ്ശീലയായ മന്ഥരയുടെ ദുര്‍മതമാണ് ആ മന്നവന്റെ വിധി നിശ്ചയിച്ചതെങ്കിലും അവളെ അതിനു പ്രേരിപ്പിച്ചത് ഈ ശാപമായിരുന്നു. ദശരഥന്‍ കൈകേയിക്ക് വരം നല്‍കിയതുമായി ബന്ധപ്പെട്ട ശപഥവും, ദശരഥന് വന്നുഭവിച്ച ശാപവും ഒത്തുചേര്‍ന്നപ്പോള്‍ ദുര്‍ദശയ്ക്ക് കാരണമായി. ഇതിന്റെ പരിണതഫലമാകട്ടെ രാമനെ വനവാസത്തിലേക്കും രാവണവധത്തിലേക്കും നയിച്ചു.

ഹസ്തിനപുര രാജാവായിരുന്ന പാണ്ഡു അകാലമൃത്യുവെ പുല്‍കിയതും ശാപവശാലായിരുന്നു. ഇതു കാരണമാണല്ലോ ധൃതരാഷ്ട്രര്‍ രാജാവിനെ പ്രതിനിധീകരിച്ച് രാജ്യം ഭരിച്ചതും, പിന്നീട് ദുര്യോധനന് രാജ്യം കൈമാറാന്‍ യത്‌നിച്ചതും, ഒടുവില്‍ അതൊരു മഹായുദ്ധത്തിലേക്ക് നയിച്ചതും. പാണ്ഡുമഹാരാജാവ് ഒരിക്കല്‍ കാട്ടില്‍ മൃഗങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കവെ, മൈഥുനത്തിലേര്‍പ്പെട്ടിരുന്ന ഒരു മാനിനെ അമ്പെയ്തു കൊല്ലുന്നു. ആ മാന്‍ യഥാര്‍ത്ഥത്തില്‍ തപസ്സിദ്ധിയുള്ള ‘കിന്ദമന്‍’ എന്ന മഹര്‍ഷിയായിരുന്നു. മരിക്കുന്നതിനു മുന്‍പ് മഹര്‍ഷി പാണ്ഡുവിനെ ‘കാമാസക്തനാകുന്ന സമയത്ത് നിന്റെ ജീവനും അവസാനിക്കട്ടെ’ എന്ന് ശപിക്കുന്നു. തന്മൂലം മഹര്‍ഷിക്കേറ്റ ദുര്യോഗത്തില്‍ പശ്ചാത്താപ വിവശനായ പാണ്ഡു വിരക്തി പൂണ്ട് രാജ്യം ഉപേക്ഷിക്കുകയും വനവാസം വരിക്കുകയും ചെയ്തു. പത്‌നിമാരായ കുന്തിയും മാദ്രിയും അനുഗമിച്ചു. ഒരു ദിവസം മാദ്രിയോടു കൂടി പുഷ്പം ശേഖരിക്കാന്‍ വനാന്തരങ്ങളില്‍ സഞ്ചരിക്കവെ അന്തരീക്ഷത്തിന്റെ രമണീയതയും മാദ്രിയുടെ സാമീപ്യവും പാണ്ഡുവിനെ കാമാസക്തനാക്കി. ഇതോടെ മുനിശാപത്തിന്റെ ഫലമായി മരണമടഞ്ഞു.

സത്യവാദികളായ രാമനും യുധിഷ്ഠിരനും
രാമന്‍ പിതാവിന്റെ ധര്‍മ്മ സങ്കടമറിഞ്ഞയുടന്‍ തന്നെ കൈകേയിക്ക് പിതാവ് നല്‍കിയ വരം സാര്‍ത്ഥകമാക്കാന്‍ വനത്തിലേക്ക് പുറപ്പെടുന്നു. എന്നാല്‍ ലക്ഷ്മണന്‍ ഈ അന്യായം പൊറുക്കാന്‍ കൂട്ടാക്കുന്നില്ല. തന്റെ അഭിഷേക നിവൃത്തിയും നാടുകടത്തലും വിധിവിഹിതമായി സ്വീകരിച്ചുകൊണ്ട് അചഞ്ചലനായി രാമന്‍ വനവാസത്തിനൊരുങ്ങിയപ്പോള്‍ ലക്ഷ്മണന്‍ ക്രുദ്ധനായി രാമനോടു പറയുന്നു:

”കഥം ത്വം കര്‍മ്മണാ ശക്തഃ
കൈകേയീ വശ വര്‍ത്തിനഃ
കരിഷ്യസി പിതുര്‍ വാക്യം
അധര്‍മ്മിഷ്ഠം വിഗര്‍ഹിതം
വിക്ലബോ വീര്യഹീനോ
യസ്സദൈവമനുവര്‍ത്തതേ
വീരാസ്സംഭാവിതാത്മാനോ
ന ദൈവം പര്യുപാസതേ”

(കര്‍മ്മശക്തനായ അങ്ങ് കൈകേയീ വശവര്‍ത്തിയായ പിതാവിന്റെ നിന്ദ്യവും ധര്‍മ്മരഹിതവുമായ വാക്ക് എന്തിന് അനുസരിക്കണം? അധീരനും വീരഹീനനും മാത്രമേ വിധിയെ അനുവര്‍ത്തിക്കുകയുള്ളൂ. പൗരുഷമുള്ള വീരന്മാര്‍ വിധിയെ സേവിക്കുന്നതല്ല).
ഇവിടെ സ്മരണയിലെത്തുന്നത് മഹാഭാരതത്തിലെ ഒരു സന്ദര്‍ഭമാണ്. കള്ളച്ചൂതു കളിയില്‍ പരാജയപ്പെട്ട യുധിഷ്ഠിരന് രാജ്യം നഷ്ടപ്പെട്ട് പന്ത്രണ്ടു വര്‍ഷം വനവാസം സ്വീകരിക്കേണ്ടതായ ദുര്‍ഗതി വന്നുവല്ലോ. വനവാസത്തിലേര്‍പ്പെട്ടിരുന്ന പാണ്ഡവര്‍ സരസ്വതീ തീരത്തിലെ ദ്വൈത വനത്തില്‍ വസിക്കവെ അധര്‍മ്മികളായ കൗരവര്‍ക്കു നേരെ ക്രോധവും ശൗര്യവും തോന്നാതെ ശാന്തനായി നിലകൊണ്ട യുധിഷ്ഠിരന്റെ മനമിളക്കാന്‍ ദ്രൗപദി അദ്ദേഹത്തോടു പറയുന്നു:

”യോ ന ദര്‍ശയതേ തേജഃ
ക്ഷത്രിയഃ കാല ആഗതേ
സര്‍വ്വഭൂതാനി തം പാര്‍ത്ഥ
സദാ പരിഭവന്ത്യുത”

(ഒരു ക്ഷത്രിയനായ അങ്ങയില്‍ അനീതിയോടുള്ള പ്രതികരണ ശേഷി നഷ്ടപ്പെട്ടാല്‍ അങ്ങ് ക്ഷത്രിയന്മാര്‍ക്ക് അപവാദമായിത്തീരും)

”അഥ കര്‍മ്മകൃതം പാപം
ന ചേത് കര്‍ത്താരമൃച്ഛതി
കാരണം ബലമേവേഹ
ജനാന്‍ ശോചാമി ദുര്‍ബ്ബലാന്‍”

(യഥോചിതം തേജസ്സ് കാട്ടാത്ത ക്ഷത്രിയനെ എക്കാലത്തും ജനങ്ങള്‍ നിന്ദിക്കും. പാപം ചെയ്തവന് അതിന്റെ ഫലം കിട്ടുന്നില്ലെങ്കില്‍ പിന്നെ ബലം തന്നെയാണ് കാരണമാവേണ്ടത്. ജനം ദുര്‍ബ്ബലന്മാരെ പഴിക്കുന്നതാണ്).
ഈ സമയത്ത് ഭീമസേനനും പാഞ്ചാലിയുടെ പക്ഷം ചേര്‍ന്നു പറയുന്നത്, ക്രൂരനും നെറികെട്ടവനുമായ ദുര്‍വിധിയെ പൗരുഷംകൊണ്ടു വെല്ലണമെന്നാണ്. ഇവരോട് യുധിഷ്ഠിരന്‍ പ്രതികരിച്ചത് ഇപ്രകാരമാണ്:

”മമ പ്രതിജ്ഞാ ച നിബോധ സത്യാം
വൃണേ ധര്‍മ്മമമൃതാജ്ജീവിതാച്ച
രാജ്യം ച പുത്രാംശ്ച യശോ ധനം ച
സര്‍വ്വം ന സത്യസ്യ കലാമുപൈതി”

(എന്റെ പ്രതിജ്ഞ സത്യമാണെന്നു ബോധ്യപ്പെട്ടാലും സത്യവും ധര്‍മ്മവും എനിക്ക് സ്വര്‍ഗ്ഗത്തെക്കാളും ജീവിതത്തെക്കാളും ശ്രേഷ്ഠമാണ്. രാജ്യം, പുത്രന്മാര്‍, കീര്‍ത്തി, ധനം മുതലായവയൊന്നും സത്യത്തിന്റെ ഒരംശത്തോളം പോലും വിലപ്പെട്ടതല്ല).

യുധിഷ്ഠിരന്റെ ഈ പ്രഖ്യാപനത്തിന് രാമന്റെ പ്രതികരണത്തോടു സാമ്യമുണ്ട്. പിതൃ സത്യത്തെ നിറവേറ്റാനായി വനവാസത്തിനൊരുങ്ങിയ രാമനെ, തന്നെ നിരാകരിച്ചുകൊണ്ട് സ്വയം രാജപദവി ഏറ്റെടുക്കാന്‍ ദശരഥന്‍ ഉപദേശിക്കുകയുണ്ടായി. എന്നാല്‍ ധര്‍മ്മനിഷ്ഠനും സത്യവ്രതനുമായ രാമന്റെ പ്രത്യുത്തരം ഇപ്രകാരമായിരുന്നു: ”രാജ്യം നേടുന്നതിനേക്കാള്‍ എനിക്ക് പ്രിയം അങ്ങയുടെ സത്യം പരിപാലിക്കുകയെന്നതിലാണ്. മാത്രമല്ല, കൈകേയി മാതാവിന് ഞാന്‍ കൊടുത്ത വാക്ക് മാറ്റുകയുമില്ല”. സത്യപാലനത്തിലും പ്രതിജ്ഞാപാലനത്തിലുമുള്ള രാമന്റെ ദൃഢത വ്യക്തമാക്കുന്ന മറ്റൊരു സന്ദര്‍ഭവും വാല്മീകി വരച്ചുകാട്ടുന്നു. വനവാസത്തിനായി പുറപ്പെട്ടുപോയ രാമനെ തിരികെ കൊണ്ടുവരാനായി ചിത്രകൂടത്തിലെത്തുന്ന ഭരതനോടൊപ്പമുണ്ടായിരുന്ന ബ്രാഹ്‌മണ പണ്ഡിതനും നാസ്തികനുമായ ജാബാലി ഉപദേശിക്കുന്നത്, പിതാവിന്റെ പ്രതിജ്ഞയുടെ പേരില്‍ രാമന്‍ രാജകീയ സുഖങ്ങളെല്ലാം ത്യജിച്ച് കഷ്ടതകളും ഭീതിയും നിറഞ്ഞ കാനനത്തെ വരിച്ചത് ബുദ്ധിശൂന്യതയാണെന്നാണ്. സത്യധര്‍മ്മങ്ങളാകുന്ന മൂല്യങ്ങളാണ് കര്‍മ്മത്തിന്നാധാരമെന്നും, വാഗ്ദാനലംഘനം അസത്യവും അധര്‍മ്മവുമാണെന്നുമാണ് അപ്പോള്‍ രാമന്‍ പ്രതികരിച്ചത്. സത്യധര്‍മ്മങ്ങളെ കുറിക്കുന്ന രാമന്റെ വാക്യം ഇപ്രകാരമാണ്:

”സത്യമേവേശ്വരോ ലോകേ
സത്യേ ധര്‍മ്മഃ സദാശ്രിതഃ
സത്യമൂലാനി സര്‍വ്വാണി
സത്യാന്നാസ്തി പരംപദം”

(ഈ ലോകത്ത് സത്യമാണ് ഈശ്വരന്‍, ധര്‍മ്മം സ്ഥാപിക്കപ്പെട്ടിട്ടുള്ളതു സത്യത്തിലാണ്. എല്ലാറ്റിന്റെയും ആധാരം സത്യമാണ്, സത്യത്തെക്കാള്‍ ശ്രേഷ്ഠമായ പദം ഒന്നും തന്നെയില്ല).

ബന്ധുജനഹത്യയ്‌ക്കെതിരെ സുഗ്രീവനും അര്‍ജ്ജുനനും

രാമായണത്തില്‍ സഹോദരനായ ബാലിയെ നഷ്ടമായപ്പോള്‍ സുഗ്രീവന്‍ തപിക്കുന്നതിനെക്കുറിച്ചും, മഹാഭാരതത്തില്‍ കുരുക്ഷേത്രയുദ്ധം ആരംഭിക്കാനിരിക്കെ ബന്ധുജനം നഷ്ടപ്പെടുമോയെന്ന ആശങ്കയാല്‍ അര്‍ജ്ജുനന്‍ വിഷമഗ്രസ്തനായി യുദ്ധമുപേക്ഷിക്കാന്‍ തയ്യാറാവുന്നതിനെക്കുറിച്ചുമുള്ള ചിത്രീകരണങ്ങളില്‍ ഒട്ടുംതന്നെ യാദൃച്ഛികമല്ലാത്ത വാക്യ സാമ്യം കാണുന്നുണ്ട്. തെറ്റിദ്ധാരണയ്ക്ക് വശംവദനായ ബാലി സുഗ്രീവനെ ആട്ടിയോടിച്ച് ഭ്രാതൃഭാര്യയെ ബലാല്‍ സ്വന്തമാക്കിയ ധര്‍മ്മധ്വംസനത്തിന് രാമന്റെ കൈകൊണ്ട് ശിക്ഷിക്കപ്പെടുന്നു. ആ സമയത്തെ ദുഃസ്ഥിതിയും സഹോദരന്റെ ഭാര്യ താരയുടെയും പുത്രന്‍ അംഗദന്റെയും ദുഃഖവും കണ്ട് സുഗ്രീവന്‍ തീവ്രസങ്കടത്തിലാണ്ടുപോകുന്നു. തത്സമയം സുഗ്രീവന്‍ രാമനോടു പറയുന്നത്, കുലനാശകാരണമായ ഈ കര്‍മ്മത്താല്‍ താന്‍ പാപം ചെയ്തിരിക്കുന്നു. അതിനാല്‍ പ്രജകളുടെ ആദരവിനോ യുവരാജപദവിക്കോ താന്‍ അര്‍ഹനല്ലാതായിരിക്കുന്നുവെന്നാണ്. സുഗ്രീവന്‍ തുടരുന്നതിങ്ങനെ:

”ശ്രേയോദ്യ മന്യേ മമ ശൈലമുഖ്യേ
തസ്മിന്‍ നിവാസശ്ചിതമൃശ്യമൂകേ
യഥാ തഥാവര്‍ത്തയതഃ സ്വവൃത്ത്യാ
നേമം നിഹത്യ ത്രിദിവസ്യ ലാഭഃ”

(വല്ലവിധേനയും സ്വവൃത്തി നിറവേറ്റിക്കൊണ്ട് ഋശ്യമൂകത്തില്‍ത്തന്നെ വസിക്കുന്നതാണ് ബാലിയെ വധിച്ച് സ്വര്‍ഗ്ഗം ലഭിക്കുന്നതിനെക്കാള്‍ ശ്രേയസ്‌കരമെന്ന് ഞാന്‍ കരുതുന്നു).

സുഗ്രീവന്റെ ഈ വാക്കുകളോട് ഏറെ സാമ്യം പുലര്‍ത്തുന്നതാണ് മഹാഭാരതയുദ്ധ സന്നാഹം വീക്ഷിച്ച സമയത്തുള്ള അര്‍ജ്ജുനന്റെ പ്രതികരണം. യുദ്ധത്തിനൊരുങ്ങി നില്‍ക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ട കുന്തീപുത്രന്‍ കരുണാഭരിതനും യുദ്ധവിമുഖനുമായിത്തീരുന്നു. രാജ്യം നേടാനായി സ്വജനഹത്യ ചെയ്യുന്നത് മഹാപാപമാണ്. ബന്ധുക്കളെ കൊന്നാല്‍ ത്രൈലോക്യം നേടാമെന്നായാലും അതിനൊരുക്കമല്ല, അതിനെക്കാള്‍ നല്ലത് ഭിക്ഷയാചിച്ചു ജീവിതം കഴിക്കുന്നതാണ് എന്നൊക്കെയാണല്ലോ അര്‍ജുനന്‍ പറയുന്നത്.

”ന ച ശ്രേയോളനുപശ്യാമി
ഹത്വാ സ്വജനമാഹവേ
ന കാംക്ഷേ വിജയം കൃഷ്ണ
ന ച രാജ്യം സുഖാനി ച”

-ഭഗവദ്ഗീത 1.31 (ബന്ധുക്കളെ യുദ്ധത്തില്‍ കൊല്ലുന്നത് ശ്രേയസ്‌കരമായി ഞാന്‍ കാണുന്നില്ല. അതുകൊണ്ടു ലഭ്യമായേക്കാവുന്ന വിജയമോ രാജ്യമോ സുഖങ്ങളോ ഞാന്‍ ആഗ്രഹിക്കുന്നില്ല).

സുഗ്രീവന്റെയും അര്‍ജ്ജുനന്റെയും ഈ നിലപാട് ഹൃദയ നിര്‍മ്മലതയും സ്‌നേഹവും കാരണം അത്യന്തം ഹൃദ്യമായിരിക്കാം. എന്നാല്‍ വീരന്മാരായ രാജാക്കന്മാരാല്‍ അനുഷ്ഠിക്കപ്പെടേണ്ട ധര്‍മ്മയുദ്ധമാകുന്ന കര്‍ത്തവ്യത്തിന് ഇതു വിപരീതമാണ്. ധര്‍മ്മത്തിന്റെ ശരിയായ അളവുകോല്‍ വ്യക്തിഗതമല്ല, സാമൂഹിക പ്രതിജ്ഞാബദ്ധതയാകുന്നു എന്നതാണ് രണ്ട് ഇതിഹാസങ്ങളുടെയും സുപ്രധാന സന്ദേശം.

ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies