ഭാരതത്തില്‍ ജനാധിപത്യം അപകടത്തിലാണ്, പ്രതിപക്ഷത്തിന് ഭീഷണി നേരിടുന്നു, മതവിശ്വാസത്തിനു വിലക്കു വരുന്നു എന്നൊക്കെ ബഹളം വെക്കുന്നവര്‍ ഇതൊക്കെ എവിടെയാണ് നടക്കുന്നത് എന്നറിയാന്‍ റഷ്യയിലേക്ക് ഒന്നു തലയുയര്‍ത്തി നോക്കുക. അവിടെ പ്രതിപക്ഷ നേതാവായിരുന്ന നവല്‍നി കഴിഞ്ഞ ഫെബ്രുവരിയില്‍ ജയിലില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. ക്രംലിനില്‍ നടന്ന വിലാപയാത്രയില്‍ പങ്കെടുത്തവരില്‍ 20000 പേര്‍ ശിക്ഷിക്കപ്പെട്ടു. മരണത്തിന്റെ 40-ാം നാളില്‍ കല്ലറയില്‍ മതപരമായ ശുശ്രൂഷ നടത്തിയ പുരോഹിതനെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭ തരംതാഴ്ത്തുകയും സ്ഥലം മാറ്റുകയും ചെയ്തിരിക്കുന്നു. ദ്മിത്രി സാഫ്രോനോവ് എന്ന പുരോഹിതനാണ് ശുശ്രൂഷക്ക് നേതൃത്വം നല്കിയത്. റഷ്യന്‍ സര്‍ക്കാരിന്റെ ഏകാധിപത്യ സ്വഭാവത്തെ എതിര്‍ക്കാതെ ഓര്‍ത്തഡോക്‌സ് സഭാ അധികൃതര്‍ പുടിന്റെ പാദസേവ ചെയ്യുകയാണ്. പ്രതിപക്ഷ ബഹുമാനം പോകട്ടെ പ്രതിപക്ഷനേതാവിനോടുള്ള വൈരം തീരാതെ മരണപ്പെട്ടയാള്‍ക്ക് മതപരമായ അന്തിമ ശുശ്രൂഷ ചടങ്ങ് നടത്തിയ പുരോഹിതനോടു വരെ പക തീര്‍ക്കുന്ന കാടന്‍ രീതി അവിടെ തുടര്‍ന്നു വരുമ്പോഴും നമ്മുടെ മാധ്യമങ്ങള്‍ക്ക് അതു വാര്‍ത്തയാകുന്നില്ല.
നേരത്തെ നവല്‍നിയെ വിചാരണ ചെയ്യുന്നതു റിപ്പോര്‍ട്ടു ചെയ്ത രണ്ടു പത്രക്കാരെ ആറു വര്‍ഷത്തേക്ക് ജയിലിലടച്ചിരുന്നു. റഷ്യയുടെ സാമ്രാജ്യത്വ മോഹവും ഉക്രൈയിന്‍ പിടിച്ചടക്കാനുള്ള യുദ്ധവുമൊക്കെ വലിയ വിഷയമായി നാം കണ്ടില്ല. എന്നാല്‍ ഇസ്രേയല്‍ – പാലസ്തീന്‍ യുദ്ധമുണ്ടായപ്പോള്‍ പാലസ്തീനികള്‍ക്കു വേണ്ടി എന്തൊരു കാരുണ്യവര്‍ഷമാണ് നാം കാണിച്ചത്.. ഭാരതത്തില്‍ പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മാത്രമല്ല വ്യാജ ആരോപണമുന്നയിക്കാന്‍ പോലും സ്വാതന്ത്ര്യമുണ്ട്. മരണപ്പെടുന്ന ഭീകരവാദികളുടെ ശവസംസ്‌കാരത്തിന് വിലക്കില്ല. അതിന് കാര്‍മ്മികത്വം വഹിക്കുന്നവര്‍ക്ക് മതപരമോ നിയമപരമോ ആയ തരംതാഴ്ത്തലോ സ്ഥലം മാറ്റമോ ഇല്ല. ഇവിടെ പലരും ജനാധിപത്യ മതേതര മേലങ്കിയണിഞ്ഞ് മതതീവ്രവാദത്തെ ആളിക്കത്തിക്കുന്നു. ഒപ്പം ജനാധിപത്യം അപകടത്തിലാണ് എന്നു വിളിച്ചു കൂവുകയും ചെയ്യുന്നു.