ആരിവന്‍, ജ്ഞാനസൂര്യതേജസ്സായി
കൂരിരുളില്‍പ്രകാശംപകര്‍ന്നവന്‍?
ഭാരതീയ വിചാരബോധത്തിന്റെ
തേര്‍തെളിയിച്ച ഭീഷ്മപിതാമഹന്‍.
ഭാരതാംബതന്‍ ധീരനാം പുത്രനായ്
വീരഗാഥരചിച്ച മഹാരഥന്‍,
ജ്ഞാന-കര്‍മ്മമാം യോഗസമന്വയം
ഗീതയായിപ്പകര്‍ന്ന മഹാശയന്‍!
നിശിതമാം നിലപാടുകള്‍, ധിഷണതന്‍
പശിമയാര്‍ന്നുള്ളവാക്കുകള്‍. ചിന്തകള്‍
ഉറവ വറ്റാത്ത ധാരാപ്രവാഹമായ്
പിറവികൊള്ളും പ്രഭാഷണശൈലികള്‍.
ഹിമഘനീഭുത ശൈലശൃംഗംപോലെ,
ഒരു മഹാസാഗരംപോലെ, പ്രജ്ഞയില്‍
ഒരു കൊടുങ്കാറ്റടിക്കുന്നതുപോലെ
സിരകളിലൂടൊഴുകും നിണംപോലെ
ഹൃദയതാളമായ്, ജീവന്റെരാഗമായ്
അമൃതവര്‍ഷമായ് നീ നിറഞ്ഞീടുന്നു.
മരണതീരത്തിനപ്പുറം പുതുയുഗ-
പ്പിറവിതന്‍ സൗമ്യദീപ്തനക്ഷത്രമായ്,
ഗഗനചുംബിയാം ഗോപുരമായി നീ
വഴിതെളിക്കട്ടെ, ഭാവികാലങ്ങളില്‍
അകലെ കുങ്കുമസൂര്യനുദിക്കുന്ന
പുലരിയുണ്ടെന്ന പ്രത്യാശയാണു നീ
അണയുകയില്ലൊരുനാളുമങ്ങതന്‍
അമരവാണിയാമാദര്‍ശദീപങ്ങള്‍.
(സ്വര്‍ഗ്ഗീയ പി.പരമേശ്വര്‍ജിയെക്കുറിച്ച്)