മറഞ്ഞു
പോയവന്റെ നമ്പറിലേക്ക്
വീഡിയോ കോള്‍ ചെയ്തു
എണീറ്റയുടന്‍ ദാ അവന്‍
പുള്ളിമുണ്ട് തുടയ്ക്ക് മേലേ മാടി,
പുകയെടുക്കുന്നു.
അമ്മിക്കുട്ടി പൊക്കി
കസര്‍ത്തുകള്‍ കാണിക്കുന്നു
സണ്‍ഷെയിഡില്‍ തൂങ്ങുന്നു
ഒരു പറമ്പപ്പുറം ചാടി
കെടക്കപ്പായേന്ന്
ഒരു ബക്കറ്റ് വെള്ളത്തില്‍
ചൂണ്ടയിടാന്‍ ഉണര്‍ത്തുന്നു.
വരമ്പത്തിരുന്ന് ഇല്ലാത്ത
പ്രേമകഥകള്‍ പറഞ്ഞ്
കോരിത്തരിപ്പിക്കുന്നു.
വെടിപറയല്ലേടാന്ന്
പറഞ്ഞ് തീരും മുന്നേ
തോട്ടിലേക്ക് തള്ളിയിടുന്നു
ചിലപ്പോള്‍ വിതുമ്പുന്നു
മരിച്ചു പോയ മനുഷ്യര്‍
എമ്പാടും മാറിപ്പോകുമെന്ന്
അച്ഛമ്മ പറഞ്ഞത് പച്ചക്കള്ളമായിരുന്നു !