ഒരു മാങ്ങാക്കാലത്തിന്റെ
ഓര്‍മയ്ക്ക്
നിന്റെ ചുണ്ടില്‍
പൊള്ളിയടര്‍ന്ന തൊലി.
മധുരത്തിന്റെ
ആഴങ്ങളിലേക്ക്
ഊളിയിട്ടു പോകുന്ന
ഓര്‍മകള്‍.
കുയിലും കാക്കയും
അണ്ണാനും
ഓടിപ്പാഞ്ഞ വഴികള്‍.
ഓര്‍മകളിലേക്ക്
എണ്ണയൊഴിക്കുന്തോറും
പടര്‍ന്നു കത്തുകയാണ്.
ഏതു ശീതീകരിച്ച മുറിയിലും
ഊഷ്മളതയുടെ
ഉത്സവമേളം.
കൊടിയിറങ്ങുന്ന
നാട്ടോര്‍മയില്‍
പിന്നെയും
നാട്ടുമാങ്ങയുടെ ആര്
പല്ലില്‍ കുരുങ്ങുന്നു.
ഇനി തിരിച്ചുനടത്തമാണ്,
നാട്ടുവഴിയിലൂടെ;
നിന്നില്‍ നിന്ന്,
നിലാവില്‍ നിന്ന്,
നിറവില്‍ നിന്ന്,
എന്നില്‍ നിന്ന്.
നമുക്കൊരു
പൂക്കാലം തന്നെ
അധികമല്ലേ?