സമ്പര്‍ക്കം സംഘത്തില്‍ അനവരതം നടക്കുന്ന, നടന്നുകൊണ്ടിരിക്കേണ്ട ഒരു പ്രക്രിയയാണ്. ഇതിലൂടെ മാത്രമേ സമ്പൂര്‍ണ സമാജത്തേയും ജൈവബന്ധത്തിലൂടെ സംഘടിപ്പിക്കുകയും ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുക എന്ന സംഘത്തിന്റെ ഉദ്ദേശ്യം സാര്‍ത്ഥകമാകൂ. ഇതിന്റെ ഭാഗമായി ഒരേ വ്യക്തിയെ തന്നെ അനേകം തവണ കാണേണ്ടി വന്നേക്കാം. അവരുടെ ഭാഗത്തു നിന്നുണ്ടാകുന്ന നിസ്സംഗതയും ഉദാസീനതയും ഒരിക്കലും ഒരു സ്വയംസേവകനിലോ സംഘകാര്യകര്ത്താവിലോ കോപമോ, മനം മടുപ്പോ ഉണ്ടാക്കരുത്.
മാന്യ. യാദവറാവുജി ഒരിക്കല്‍ ഒരു പ്രചാരകന് ഒരു വ്യക്തിയെ പരിചയപ്പെടുത്തി. അദ്ദേഹത്തെ ഇടയ്ക്കിടെ ചെന്നു കാണണമെന്നും നിര്‍ദ്ദേശിച്ചു. പ്രചാരകന് ആ നിര്‍ദ്ദേശം പാലിക്കുകയും ചെയ്തു. എന്നാല്‍, ആ വ്യക്തിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം ഒരിക്കലും പ്രോത്സാഹജനകമായിരുന്നില്ല.
ഒരിക്കല്‍ അവിടെ സന്ദര്‍ശനത്തിനെത്തിയ യാദവറാവുജി ആ വ്യക്തിയെ കാണാന്‍ പോകുന്നതിനെക്കുറിച്ച് പ്രസ്തുത പ്രചാരകനോട് പറഞ്ഞു. മനസ്സില്ലാ മനസ്സോടെ ആ പ്രചാരകന് യാദവറാവുജിയോടൊപ്പം ആ വ്യക്തിയെ കാണാന്‍ പോയി. ആ വ്യക്തി സന്തോഷത്തോടെ യാദവറാവുജിയെ വരവേല്‍ക്കുകയും സല്ക്കരിക്കുകയും അദ്ദേഹത്തോട് സംസാരിക്കുകയും ചെയ്തു. അനുകൂലമല്ലാത്ത നിലപാട് സ്വീകരിക്കുന്ന ആ വ്യക്തിയെ വീണ്ടും വീണ്ടും കാണുന്നതിന്റെ യുക്തിയെക്കുറിച്ച് പ്രചാരകന് പിന്നീട് യാദവറാവുജിയോട് ചോദിച്ചു. ചിരിച്ചുകൊണ്ട് യാദവറാവുജി പറഞ്ഞു: ”എന്റെ ഹൃദയത്തില്‍ സ്ഥാനം കരസ്ഥമാക്കുന്ന ആര്‍ക്കും ആ സ്ഥാനം സ്വന്തമാകും എന്നതാണെന്റെ നയം!”
അതായത്, നമ്മുടെ ഹൃദയത്തില്‍ കയറിപ്പറ്റാനുള്ള വഴി മാത്രമേ ഉണ്ടാകാവൂ. വീണ്ടും ഇറങ്ങിപ്പോകാനുള്ള ഒരു വഴി ഒരിക്കലും ഉണ്ടാകരുത്. ഇതിന്റെ പിന്നില്‍ സാത്വിക ചിന്തയാണുള്ളത്, സ്വാര്ത്ഥചിന്തയല്ല എന്നര്‍ത്ഥം!






















