മാനനീയ ഏകനാഥ് റാനഡെജി പൂര്‍ണതയുടെ പൂജാരിയായിരുന്നു. ഏതൊരു കാര്യം ചെയ്യുമ്പോഴും അദ്ദേഹം ഈ വിഷയത്തില്‍ അങ്ങേയറ്റം നിഷ്‌കര്‍ഷ പാലിച്ചിരുന്നു. കത്തെഴുതുമ്പോള്‍, താന്‍ പറഞ്ഞറിയിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം കൃത്യമായി ദ്യോതിപ്പിക്കാന്‍ പോന്ന വാക്കുകള്‍ കിട്ടുന്നതുവരെ കാത്തിരിക്കുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു.
ഒരിക്കല്‍ ബംഗാളിലെ വിവേകാനന്ദ കേന്ദ്രത്തിന്റെ സംഘടനാ കാര്യദര്‍ശി ഇംഗ്ലീഷ് ഭാഷയില്‍ തയ്യാറാക്കി അവതരിപ്പിച്ച ഒരു റിപ്പോര്‍ട്ടിന്റെ പ്രതി ഏകനാഥ്ജിക്ക് അയച്ചകൊടുത്തു. അതു കിട്ടിയപ്പോള്‍ ഏകനാഥ്ജിയുടെ പ്രതികരണം പൂര്‍ണതയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. അദ്ദേഹം എഴുതിയ മറുപടി ഇപ്രകാരമായിരുന്നു: ഇംഗ്ലീഷില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ കൃത്യമായ വാക്കുകളും വാക്യങ്ങളും ഉപയോഗിക്കുന്ന കാര്യത്തില്‍ താങ്കള്‍ വേണ്ടത്ര അവധാനത കാണിച്ചില്ല എന്നത് എന്നെ അത്യധികം വേദനിപ്പിച്ചു. ഇത്തരം തെറ്റുകള്‍ ഇനിയും ആവര്‍ത്തിക്കുന്ന പക്ഷം ബംഗാളിലെ തങ്ങളുടെ സംഘടനാ കാര്യദര്‍ശിക്ക് ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവില്ലെന്ന ധാരണ കത്തുകിട്ടുന്നവര്‍ക്ക് ഉണ്ടാവും. അതുകൊണ്ട്, ഭാവിയില്‍ ഇത്തരം കത്തുകള്‍ തയ്യാറാക്കുമ്പോള്‍, ഭാഷാപരിജ്ഞാനമുള്ള ഏതെങ്കിലും വ്യക്തിയെ കാണിച്ച് തെറ്റ് തിരുത്തിയ ശേഷം മാത്രം അയയ്ക്കുന്നതായിരിക്കും അഭികാമ്യം.





















