‘നിങ്ങള്‍ ഫാസിസ്റ്റാണെങ്കില്‍ ഞാനും ഫാസിസ്റ്റാണ്!’ -സോഷ്യലിസ്റ്റ് നേതാക്കളില്‍ പ്രമുഖനായ ജയപ്രകാശ് നാരായണ്‍ 1975 മാര്‍ച്ചു മാസത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു. മുമ്പ് അദ്ദേഹം 1948-ല്‍ ദല്‍ഹിയിലെ ആര്‍എസ്എസ് കാര്യാലയത്തിലേക്ക് പ്രതിഷേധപ്രകടനം നയിക്കുകയും കല്ലേറ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ബിഹാര്‍ പ്രക്ഷോഭകാലത്ത് സംഘത്തെ അടുത്തുനിന്ന് മനസ്സിലാക്കിയപ്പോള്‍ ഉണ്ടായ മാറ്റമാണിത്. അടിയന്തരാവസ്ഥക്കാലത്തും ജനാധിപത്യത്തെ സംരക്ഷിക്കുവാനുള്ള സ്വയംസേവകരുടെ ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനം അദ്ദേഹം തിരിച്ചറിഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സവിശേഷമായ പ്രവര്‍ത്തനരീതി മൂലം, മറ്റ് സംഘടനാ പാരമ്പര്യങ്ങളുമായി പരിചയമുള്ളവര്‍ക്ക് തുടക്കത്തില്‍ ആര്‍എസ്എസ്സിനെ അതിന്റെ യഥാര്‍ത്ഥ കാഴ്ചപ്പാടില്‍ മനസ്സിലാക്കുന്നത് പലപ്പോഴും ദുഷ്‌കരമാകുന്നു; പ്രത്യേകിച്ചും എതിരാളികളുടെ അടിസ്ഥാനരഹിതമായ പ്രചാരണങ്ങളാലും ആരോപണങ്ങളാലും സ്വാധീനിക്കപ്പെട്ടവരാകുമ്പോള്‍. പക്ഷെ നിരവധി പേര്‍ അതിന്റെ സംഭാവനകള്‍ വളരെ വൈകിയാണെങ്കിലും തിരിച്ചറിയുന്നുമുണ്ട്.
ഹിന്ദുരാഷ്ട്രത്തെയും ഹിന്ദുത്വത്തെയും കുറിച്ചുള്ള സംഘത്തിന്റെ സങ്കല്‍പ്പത്തിന് വിശാലമായ അടിത്തറയുണ്ട്. സംഘത്തിന് ഹിന്ദുത്വം ഒരു മത-രാഷ്ട്രീയ നിര്‍മ്മിതിയല്ല, മറിച്ച് ഒരു സാമൂഹിക-സാംസ്‌കാരിക സ്വത്വവിശേഷമാണ്. ഹിന്ദുത്വത്തിന്റെ സമാനതകളില്ലാത്ത സവിശേഷതകളാണ് എല്ലാ മതങ്ങളോടും തുല്യ ആദരവ്, വ്യത്യസ്ത വീക്ഷണങ്ങളോടുള്ള സഹിഷ്ണുത, വൈവിധ്യത്തില്‍ ഏകത്വം, നിരന്തരമായ സത്യാന്വേഷണം, ശാസ്ത്രീയ മനോഭാവം, സമത്വം, അഹിംസ, സംഘര്‍ഷത്തിനു പകരം സമന്വയം, ജനാധിപത്യ മനോഭാവം എന്നിവ. ഇവ ഓരോ ഭാരതീയന്റേയും സാംസ്‌കാരിക ഡി.എന്‍.എയുടെ ഭാഗമാണ്.
സ്വാതന്ത്ര്യസമരത്തിലെ ആര്‍.എസ്.എസ്സിന്റെ പങ്ക്- ഇ.എം.എസ്സിന്റെ സാക്ഷ്യപ്പെടുത്തല്‍
കമ്മ്യൂണിസ്റ്റുകള്‍ സ്വാതന്ത്ര്യസമരത്തില്‍ ആര്‍എസ്എസ്സിനുള്ള പങ്കിനെ നിരന്തരം ചോദ്യം ചെയ്യുന്നു. എന്നാല്‍ കമ്മ്യൂണിസ്റ്റുകാര്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തെ തുരങ്കം വയ്ക്കുകയും, ബ്രിട്ടീഷ് സര്‍ക്കാരിനെ പരസ്യമായി പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനം ചരിത്രത്തിന്റെ ഭാഗമാണ്. ആ ഒരു പേരുദോഷത്തില്‍ നിന്നും തടിയൂരാനാണ് അത്തരം ആരോപണം അവര്‍ ആര്‍എസ്സ്എസ്സിനു നേരെ തിരിക്കുന്നത്. രസകരമെന്നു പറയട്ടെ, ആര്‍. എസ്.എസിനെതിരെയുള്ള ഈ വിമര്‍ശനത്തിനുള്ള മറുപടിയായി ഇ.എം.എസ്. നമ്പൂതിരിപ്പാട് തന്നെ തന്റെ BJP-RSS:- In the Service of the Right Reaction എന്ന ലഘുലേഖയില്‍ ഡോ. ഹെഡ്‌ഗേവാറിനെക്കുറിച്ച് ഇങ്ങനെ രേഖപ്പെടുത്തുന്നു: ‘…ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തില്‍ പങ്കെടുത്ത ഒരു ദേശീയവാദി, ഒരു ദശാബ്ദം കൂടി കോണ്‍ഗ്രസുകാരനായി തുടരുകയും 1930-ലെ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്തു.’ മാര്‍ക്‌സിസ്റ്റ് ചരിത്രകാരന്മാരുടെ നിരയില്‍ പെടുന്ന ബിപന്‍ ചന്ദ്രയും തന്റെ ‘കമ്മ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ സമാനമായ രീതിയില്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: ‘ഡോ.ഹെഡ്‌ഗേവാര്‍ ഒരിക്കലും കൊളോണിയല്‍ ഭരണകൂടവുമായി ഒത്തുതീര്‍പ്പില്‍ ഏര്‍പ്പെട്ടിട്ടില്ല.’
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലിനല്‍കിയ സ്വയംസേവകരുടെ ത്യാഗത്തെ ആര്‍ക്കും അവഗണിക്കാനാവില്ല. ക്വിറ്റ് ഇന്ത്യ സമരകാലത്ത് വിദര്‍ഭയിലെ ചിമൂര്‍ പ്രക്ഷോഭത്തില്‍ ദേശീയപതാക ഉയര്‍ത്തുന്നതിനിടയില്‍ ഒരു ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ പോലീസ് വെടിയേറ്റ് കൊല്ലപ്പെട്ടു. ചിമൂര്‍ ആര്‍.എസ്.എസ് ശാഖയ്ക്ക് നേതൃത്വം നല്‍കിയിരുന്ന ശ്രീ ദാദാ നായിക്കിന് ബ്രിട്ടീഷ് അധികൃതര്‍ വധശിക്ഷ വിധിച്ചു. നാലാമത്തെ സര്‍സംഘചാലകായ പ്രൊഫ. രാജേന്ദ്രസിങ്ങ് ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തില്‍ പങ്കാളിയായിരുന്നു എന്നത് സുവിദിതമാണ്. ദാദ്ര-നഗര്‍ ഹവേലിയും ഗോവയും പോര്‍ച്ചുഗീസ്സുകാരില്‍ നിന്നും മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ നിരവധി സ്വയംസേവകര്‍ ജീവന്‍ ബലിനല്‍കി. സ്വാതന്ത്ര്യസമരത്തില്‍ ആര്‍.എസ്.എസിനുള്ള പങ്കിനെക്കുറിച്ച് നിരവധി എഴുത്തുകാര്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ശ്രീ ഗുരുജി ഗോള്‍വല്‍ക്കറുടെ കാലഘട്ടം
1940-ല്‍ യുവാവായ ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലകായപ്പോള്‍ സംഘത്തിന്റെ സാന്നിധ്യം ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുക എന്ന സംഘടനാ തന്ത്രം ആവിഷ്‌കരിച്ചു. യുവാക്കളോട് പ്രചാരകന്മാരായി സ്വയം രാഷ്ട്രത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു കൊണ്ട് പറഞ്ഞു: ‘ഇന്ന്, ഭാരതമാതാവിന്റെ പൂജയ്ക്കായി, ആരും തൊടാത്തതും, മണക്കാത്തതും, വാടാത്തതും, ചൂടാത്തതുമായ പൂക്കള്‍ ആവശ്യമാണ്. അവയുടെ സുഗന്ധവും തേനും ആകര്‍ഷണീയതയും എന്നും കാത്തുസൂക്ഷിക്കുന്ന പൂക്കള്‍!. ഈ ആഹ്വാനത്തില്‍ പ്രേരിതരായി രാജ്യത്തുടനീളമുള്ള ശാഖകളിലെ നൂറുകണക്കിന് യുവാക്കള്‍ പ്രചാരകന്മാരായി മുന്നോട്ട് വന്നു. അവര്‍ തങ്ങളുടെ വീടുകളും, മാതാപിതാക്കളെയും, ഉദ്യോഗങ്ങളും, സ്വത്തുക്കളും, സുഹൃത്തുക്കളെയും ഗ്രാമങ്ങളും പട്ടണങ്ങളും ഉപേക്ഷിച്ചുകൊണ്ട്, മുമ്പ് കണ്ടിട്ടില്ലാത്തതോ കേട്ടിട്ടുപോലുമില്ലാത്തതോ ആയ, അപരിചിതമായ ഭാഷകള്‍ സംസാരിക്കുന്ന ദൂരസ്ഥലങ്ങളിലേക്ക് സംഘപ്രവര്‍ത്തനത്തിനായി യാത്ര ചെയ്തു. ദത്തോപാന്ത് ഠേംഗ്ഡി അവരില്‍ ഒരാളായിരുന്നു.

ജീവിതസായാഹ്നത്തില്‍ ആര്‍.എസ്.എസ്സിലെത്തിയ പ്രതിയോഗികള്‍
ആര്‍.എസ്.എസിന്റെ ദീര്‍ഘപ്രയാണത്തില്‍ കാണുന്ന ഒരു വിരോധാഭാസം, അതിനെ അപകീര്‍ത്തിപ്പെടുത്താന്‍ ജീവിതം ഉഴിഞ്ഞുവെച്ചവര്‍ ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖ വ്യക്തികള്‍, തങ്ങളുടെ ജീവിതത്തിന്റെ അവസാനകാലത്ത് ആര്‍.എസ്.എസിന്റെ മഹത്വം തിരിച്ചറിഞ്ഞ് അതിലേക്കെത്തുന്നു എന്നതാണ്.
വിഠല്‍ഭായ് പട്ടേല്‍, മദന്‍ മോഹന്‍ മാളവ്യ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ ആര്‍.എസ്.എസ് ശാഖകള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി തന്നെ 1934 ഡിസംബര്‍ 25-ന് വാര്‍ദ്ധയിലും 1947 സപ്തംബര്‍ 16-ന് ദല്‍ഹിയിലും സംഘത്തിന്റെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. സുഭാഷ് ചന്ദ്രബോസ് 1940-ല്‍ ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖര്‍ജിക്കൊപ്പം ഡോ. ഹെഡ്‌ഗേവാറിനെ സന്ദര്‍ശിച്ചിരുന്നു. സര്‍ദാര്‍ പട്ടേല്‍, ചിലപ്പോഴൊക്കെ ആര്‍.എസ്.എസ്സിനെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരുന്നുവെങ്കിലും പിന്നീട് തെറ്റ് തിരുത്തുകയും, ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള തന്റെ കത്തുകളില്‍ ഈ സംഘടന യാതൊരു വിധ കുറ്റകൃത്യങ്ങളിലും പങ്കാളിയല്ലെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ആര്‍.എസ്.എസ്സിനുമേലുള്ള തെറ്റായ നിരോധനം നീക്കിയപ്പോള്‍ പട്ടേല്‍ അതീവ സന്തോഷം പ്രകടിപ്പിക്കുകയുണ്ടായി.
ജീവിതത്തിന്റെ സായാഹ്നത്തില്‍ ഇത്തരം തിരിച്ചറിവ് ലഭിച്ചതിന്റെ ഏറ്റവും മികച്ച ഉദാഹരണം ആര്‍.എസ്.എസിന്റെ ഏറ്റവും വലിയ എതിരാളിയായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു തന്നെയാണ്. 1962-ലെ ചൈനീസ് ആക്രമണകാലത്ത് നെഹ്‌റു ആര്‍.എസ്.എസ്സിന്റെ ദേശസ്‌നേഹപരവും ത്യാഗോജ്ജ്വലവുമായ പങ്കിനെ തിരിച്ചറിഞ്ഞു. അതിര്‍ത്തിയില്‍ യുദ്ധ മുഖത്ത് സൈനികരെ സഹായിക്കവെ ഏകദേശം 43 സ്വയംസേവകര്‍ ജീവന്‍ വെടിഞ്ഞു. സംഘത്തിന്റെ സേവനത്തിനുള്ള അംഗീകാരമായി, 1963 ജനുവരി 26-ലെ റിപ്പബ്ലിക്ദിന പരേഡില്‍ പൂര്‍ണ്ണ ഗണവേഷത്തില്‍ (യൂണിഫോം) പങ്കെടുക്കാന്‍ നെഹ്‌റു സര്‍ക്കാര്‍ സ്വയംസേവകരെ ക്ഷണിച്ചു. അതേസമയം, ശത്രുരാജ്യത്തെ പിന്തുണച്ചതിന് ഭാരതത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ജയിലിലടയ്ക്കപ്പെട്ടുവെന്നതും ചരിത്രമാണ്. ഇതെല്ലാം നെഹ്‌റുവിന്റെ മരണത്തിന് വെറും ഒരു വര്‍ഷം മുമ്പാണ് നടന്നത്. ചൈനീസ് ആക്രമണത്തെത്തുടര്‍ന്ന് നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍, കമ്മ്യൂണിസ്റ്റ് പത്രമായ ‘ദി പാട്രിയട്ടി’ന്റെ ഒരു ലേഖകന്‍ ജനസംഘത്തെ രാജ്യവിരുദ്ധമെന്ന് കുറ്റപ്പെടുത്തിക്കൊണ്ട് ചോദ്യമുന്നയിച്ചപ്പോള്‍, നെഹ്‌റു പെട്ടെന്നുതന്നെ അയാളെ തിരുത്തികൊണ്ട് പറഞ്ഞു, ‘ഇല്ല, ജനസംഘം ഒരു ദേശസ്‌നേഹ പാര്‍ട്ടിയാണ്.’ അദ്ദേഹത്തിന്റെ വാക്കുകള്‍ നിലപാടില്‍ ഉണ്ടായ പ്രകടമായ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നു.
ജയപ്രകാശ് നാരായണില്‍ ഉണ്ടായ മാറ്റം പറഞ്ഞുവല്ലോ. 1975 മാര്‍ച്ചില്‍ കൂടാതെ, 1977-ല്‍ തന്റെ മരണത്തിന് ഏകദേശം രണ്ട് വര്‍ഷം മുമ്പ്, അദ്ദേഹം കേരളത്തില്‍ കോഴിക്കോട്ടും, ബിഹാറില്‍ പാറ്റ്‌നയിലും നടന്ന ആര്‍.എസ്.എസ് ക്യാമ്പുകളില്‍ പങ്കെടുക്കുകയുണ്ടായി. ആര്‍.എസ്.എസിന്റെ ഇന്നത്തെ കടുത്ത എതിരാളികളില്‍ പലരെയും കാത്തിരിക്കുന്നത് ഇത്തരം ഒരു മാറ്റമായിരിക്കാം.
ഉന്നത പദവിയിലിരിക്കുന്നതിന് മുമ്പോ ശേഷമോ ആര്‍.എസ്.എസ് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുള്ള നാല് രാഷ്ട്രപതിമാരെങ്കിലും നമുക്കുണ്ട്: പരമോന്നത പദവി ഏറ്റെടുക്കുന്നതിന് മുമ്പ് രാംനാഥ് കോവിന്ദും ദ്രൗപതി മുര്‍മുവും, വിരമിച്ച ശേഷം ഡോ. എ.പി.ജെ. അബ്ദുള്‍ കലാമും, പ്രണബ് മുഖര്‍ജിയും. ആര്‍.എസ്.എസിനെ എതിര്‍ത്തിരുന്ന സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പല നേതാക്കളും രേഖപ്പെടുത്തിയിട്ടുള്ളത്, തങ്ങള്‍ പ്രതിസന്ധി നേരിട്ട കാലത്ത് ആര്‍.എസ്.എസ് നേതാക്കളുടെ ആശ്രയം തേടേണ്ടി വന്നിട്ടുണ്ട് എന്നാണ്. 1942-ല്‍ ഒളിവില്‍ പോകാന്‍ നിര്‍ബന്ധിതരായപ്പോള്‍, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അവര്‍ക്ക് സുരക്ഷിതമായ അഭയം നല്‍കി. അരുണ ആസഫ് അലിയും, ജയപ്രകാശ് നാരായണനും ദല്‍ഹി സംഘചാലക് ലാലാ ഹന്‍സ്‌രാജ് ഗുപ്തയുടെ വസതിയിലും, അച്യുത് പട്‌വര്‍ദ്ധനും സാനേ ഗുരുജിയും പൂനെ സംഘചാലക് ഭാവുസാഹെബ് ദേശ്മുഖിന്റെ വസതിയിലും അഭയം പ്രാപിച്ചു; ക്രാന്തിവീര്‍ നാനാ പാട്ടീല്‍ ഔധ് സംഘചാലക് പണ്ഡിറ്റ് എസ്.ഡി. സത്വലേകറിന്റെ വസതിയില്‍ അഭയം തേടി. കമ്മ്യൂണിസ്റ്റ് നേതാവാകുന്നതിന് മുമ്പ്, 1967-ല്‍ ഹിന്ദി ദിനപത്രമായ ‘ഹിന്ദുസ്ഥാനി’ല്‍ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ശ്രീമതി അരുണ ആസഫ് അലി പറഞ്ഞു: ‘1942-ലെ പ്രസ്ഥാനം ഉന്നത നേതാക്കളുടെ അറസ്റ്റോടെ ദിശയില്ലാത്തതായി മാറിയതിനുശേഷം, ആര്‍.എസ്.എസിന്റെ ദല്‍ഹി പ്രാന്ത് സംഘചാലക് ലാലാ ഹന്‍സ്‌രാജ് ഗുപ്തയുടെ വീട്ടില്‍ ഞാന്‍ ഒളിവിലായിരുന്നു. അദ്ദേഹം എനിക്ക് 10-15 ദിവസത്തേക്ക് അഭയം നല്‍കി….’ആര്‍.എസ്.എസ് ശാഖകളില്‍ പലപ്പോഴും പറയാറുള്ളതുപോലെ, സമൂഹത്തില്‍ ഇന്നത്തെ സ്വയംസേവകരും ഭാവിയിലെ സ്വയംസേവകരും മാത്രമേയുള്ളൂ.
ആര്‍.എസ്.എസ്സിനെ നിരോധിക്കാനുള്ള മത്സരം
ഓരോ വലിയ വെല്ലുവിളിയും അതിനെ ശക്തിപ്പെടുത്തുകയും കൂടുതല്‍ വളരാന്‍ പ്രാപ്തമാക്കുകയും ചെയ്യുന്ന ഒരു അദ്ഭുത ചരിത്രം ആര്‍.എസ്.എസിനുണ്ട്. അതിന്റെ എതിരാളികള്‍ക്ക് ഇന്നുവരെ മനസ്സിലാകാത്ത ഒരു പ്രതിഭാസമാണിത്. തുടര്‍ച്ചയായ എതിര്‍പ്പുകളെ അതിജീവിച്ച് സ്വയംസേ വകര്‍ ഇന്ന് വിവിധ മേഖലകളില്‍ രാജ്യത്തെ നയിക്കുന്നു.
സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ആര്‍.എസ്.എസിനെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളുടെ തുടക്കത്തെക്കുറിച്ച് ശ്രീ ഗുരുജി ഗോള്‍വല്‍ക്കര്‍ എഴുതി: ‘1932-ല്‍ സര്‍ക്കാര്‍ (അന്നത്തെ സെന്‍ട്രല്‍ പ്രൊവിന്‍സുകളും, ബെരാറും) സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നത് വിലക്കിക്കൊണ്ട് ഒരു സര്‍ക്കുലര്‍ പുറത്തിറക്കി… സര്‍ക്കാരിന്റെ ചിന്താശൂന്യവും രാജ്യവിരുദ്ധവുമായ നടപടിയില്‍ പ്രവിശ്യയില്‍ വലിയ പ്രതിഷേധമുണ്ടായി… സര്‍ക്കാരിനെതിരെ അസംബ്ലിയില്‍ ഒരു അവിശ്വാസ പ്രമേയം അവതരിപ്പിക്കപ്പെട്ടു. ഹിന്ദു അംഗങ്ങള്‍ മാത്രമല്ല, മുസ്ലീം, ക്രിസ്ത്യന്‍, പാഴ്‌സി തുടങ്ങി എല്ലാ അംഗങ്ങളും അതിനെ പിന്തുണച്ചു… അതിനുശേഷം അധികം വൈകാതെ ആ മന്ത്രിസഭയ്ക്ക് രാജി വെക്കേണ്ടി വന്നു.’
അധികാരത്തിലിരിക്കുമ്പോള്‍, ആര്‍.എസ്.എസിനെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളില്‍ കോണ്‍ഗ്രസ് ബ്രിട്ടീഷുകാരെ ഓര്‍മ്മിപ്പിക്കുന്ന രീതികള്‍ ആവര്‍ത്തിച്ചു. 1948 ഫെബ്രുവരി 4-ന് ആര്‍.എസ്.എസ്സിനുമേല്‍ ഏര്‍പ്പെടുത്തിയ നിരോധനമാണ് അതിന് അഭിമുഖീകരിക്കേണ്ടി വന്ന ഏറ്റവും ദുഷ്‌കരമായ സാഹചര്യങ്ങളിലൊന്ന്, പ്രത്യേകിച്ച് മഹാത്മാഗാന്ധിയുടെ വധവുമായി അതിനെ ബന്ധിപ്പിക്കുന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍. തന്റെ രക്തസാക്ഷിത്വത്തിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, 1947 സപ്തംബര്‍ 16-ന് ദല്‍ഹിയിലെ ഭംഗി കോളനിയിലെ ഒരു ആര്‍.എസ്.എസ് ശാഖയില്‍ മഹാത്മാഗാന്ധി പങ്കെടുത്തിരുന്നു. നാഥുറാം ഗോഡ്‌സെ ഗാന്ധിജിയുടെ കൊലപാതകം നടന്ന സമയത്ത് ഹിന്ദു മഹാസഭയുടെ സജീവ പ്രവര്‍ത്തകനും, അതിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ഹിന്ദുരാഷ്ട്ര’യുടെ പത്രാധിപരുമാണെന്നും, ഹിന്ദു മഹാസഭയിലെ നേതാക്കളും പോലീസ് കേസില്‍ പ്രതികളായിരുന്നുവെന്നും, എന്നാല്‍ ആര്‍.എസ്.എസിന് ഈ കൃത്യവുമായി യാതൊരു ബന്ധവുമില്ലെന്നും നെഹ്‌റു സര്‍ക്കാരിന് നന്നായി അറിയാമായിരുന്നു. അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ 1948 ഫെബ്രുവരി 27-ന് നെഹ്‌റുവിന് എഴുതിയ കത്തില്‍ അസന്ദിഗ്ധമായി വ്യക്തമാക്കി: ‘ആര്‍.എസ്.എസ് ഇതില്‍ ഒട്ടും ഉള്‍പ്പെട്ടിട്ടില്ല.’ കേസില്‍ നേരിട്ട് ബന്ധമുള്ള ഹിന്ദു മഹാസഭയെ നിരോധിക്കാതിരുന്നതും നെഹ്‌റുവിന്റെ ദുരുദ്ദേശ്യം വ്യക്തമാക്കുന്നു. നിരവധി പ്രമുഖ പത്രങ്ങളും, പൊതുപ്രവര്‍ത്തകരും നിരോധനത്തിനെതിരെ ശക്തമായി രംഗത്തുവന്നു. ഒടുവില്‍ 1949 ജൂലൈ 12-ന് നിരോധനം നിരുപാധികം പിന്‍വലിക്കാന്‍ പണ്ഡിറ്റ് നെഹ്‌റു നിര്‍ബന്ധിതനായി. നിരോധനം നീക്കിയതിനെ തുടര്‍ന്ന്, അന്നത്തെ സര്‍സംഘചാലകായിരുന്ന ശ്രീഗുരുജിക്ക് രാജ്യവ്യാപകമായി ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
അതിനുശേഷവും, ഗാന്ധിജിയുടെ വധത്തിന് ഉത്തരവാദി ആര്‍.എസ്.എസ്സാണെന്ന ആരോപണം വിവിധ രാഷ്ട്രീയ പ്രതിയോഗികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും പിന്നീട് അവരൊക്കെ മാപ്പുപറയാന്‍ നിര്‍ബന്ധിതരാവുകയും ചെയ്ത സംഭവങ്ങള്‍ നിരവധിയാണ്. കേരളത്തിലെ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക പത്രമായ ‘ദേശാഭിമാനി’യാണ് രാജ്യത്ത് മാപ്പു പറയല്‍ പരിപാടിക്ക് തുടക്കം കുറിച്ചത്. 1950-ല്‍ അതിന്റെ കലണ്ടറില്‍ ജനുവരി 30-നെ ‘ആര്‍.എസ്.എസ് ഗാന്ധിയെ കൊലപ്പെടുത്തിയ ദിവസം’ എന്ന് രേഖപ്പെടുത്തിയിരുന്നു. സ്വയംസേവകര്‍ നിയമനടപടികള്‍ ആരംഭിച്ചതിനെത്തുടര്‍ന്ന് പത്രം ഒടുവില്‍ നിവൃത്തിയില്ലാതെ മാപ്പ് പറഞ്ഞുകൊണ്ട് തടി തപ്പി. പത്രപ്രവര്‍ത്തകന്‍ എ.ജി.നൂറാനി, കോണ്‍ഗ്രസ് നേതാവ് സീതാറാം കേസരി എന്നിവരും സമാനമായി ആര്‍.എസ്.എസിനോട് മാപ്പ് പറഞ്ഞ് രക്ഷപ്പെട്ടവരാണ്. ഇനിയിപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഊഴമാണ്, നിലവിലുള്ള കേസുകളില്‍ സമീപഭാവിയില്‍ തന്നെ സമാനമായ സ്ഥിതിവിശേഷം അദ്ദേഹത്തെയും കാത്തിരിക്കുന്നു.
(തുടരും)





















