ഭാരത പ്രധാനമന്ത്രി പണ്ഡിറ്റ് നെഹ്‌റുവിന്റെ സംഘവിരോധം വിഖ്യാതമാണ്. 1958ല്‍ ദല്‍ഹിയില്‍ സ്ഥിതിഗതികള്‍ സംഘര്‍ഷഭരിതമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിരോധാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷത്തില്‍ സംഘത്തിന് പങ്കുണ്ടെന്ന് നെഹ്‌റു യാതൊരു തെളിവും കൂടാതെ ലോകസഭയില്‍ ആരോപണം ഉന്നയിച്ചപ്പോള്‍ അടല്‍ജി, ഉത്തംറാവുപാട്ടില്‍, ത്രിവേദിജി എന്നിവര്‍ നെഹ്‌റുവിന്റെ പ്രസ്താവനയെ നഖശിഖാന്തം എതിര്‍ത്തു!
സാമൂഹ്യവിരുദ്ധരായ ചില കോണ്‍ഗ്രസ്സുകാര്‍ സാഹചര്യത്തില്‍ നിന്ന് മുതലെടുക്കാന്‍ സംഘശാഖകളെ ആക്രമിക്കാന്‍ ആരംഭിച്ചു. ആ സമയത്ത് മാധവറാവു മൂളേജി, പഞ്ചാബില്‍ യാത്രയിലായിരുന്ന ശ്രീ ഗുരുജിയോടൊപ്പമായിരുന്നു. ശ്രീ ഗുരുജിയുടെ അനുവാദത്തോടെ അദ്ദേഹം ഉടന്‍ ദല്‍ഹിയിലെത്തി. ഉടന്‍തന്നെ കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി മൂന്നരലക്ഷം പേരുടെ ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു.
നിരോധാജ്ഞ ലംഘിക്കാനും സത്യഗ്രഹം നടത്താനും തീരുമാനിച്ചു. അതോടൊപ്പം, ശാഖകള്‍ ആക്രമിക്കാനെത്തുന്നവരെ കൈയ്യോടെ പിടിച്ച് പോലീസില്‍ ഏല്പിക്കാനും തീരുമാനിച്ചു. ഇതു നടന്നാല്‍, സര്‍വത്ര നടമാടിയിരുന്ന ഭയം ഇല്ലാതാവുകയും സ്വയംസേവകര്‍ വീണ്ടും ശാഖകളിലെത്തുമെന്നുമായിരുന്നു കണക്കുകൂട്ടല്‍. ഏതൊരു സാഹചര്യത്തിലും ശാഖകള്‍ നടക്കാതിരിക്കരുത് എന്ന് മൂളെജിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ പെട്ടെന്നു തന്നെ എല്ലാം സാധാരണ നിലയിലായി. ശാഖകള്‍ കാര്യക്ഷമമായി നടന്നു തുടങ്ങി. അങ്ങനെ, മൂളെജിയുടെ ആസൂത്രണം പൂര്‍ണ്ണമായും ഫലവത്തായി.






















