രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദി പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഒരു ആശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു സംഘടന പിളരാതെയും തളരാതെയും നൂറുവര്‍ഷം കടന്നുപോവുക എന്നത് ചരിത്രത്തില്‍ സര്‍വ്വസാധാരണമല്ല. ലോകത്തിലെ ഏറ്റവും വലിയ സംഘടനാരൂപമായിരുന്ന ക്രിസ്തുമതം തന്നെ എത്രയോ ആയിരം കഷ്ണങ്ങളായി രൂപാന്തരംപ്രാപിച്ചു. കനത്ത വന്‍മതിലും ഭീഷണമായ ചര്യകളും ഭയാനകമായ ചിട്ടവട്ടങ്ങളും ഒക്കെ ഉണ്ടായിട്ടും ഇസ്ലാം മതവും അനേകം വിഭാഗങ്ങളായി തരം തിരിഞ്ഞ് തമ്മില്‍ തല്ലിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ സമത്വസുന്ദരമായ ജീവിതം കൊണ്ടുവരും എന്നവകാശപ്പെട്ടുകൊണ്ട് ഒരു കൊടുങ്കാറ്റ് പോലെ കടന്നുവന്ന കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഛിന്നഭിന്നമായി. ഇങ്ങിനി ഒരിക്കലും കൂട്ടിയോജിപ്പിക്കാന്‍ കഴിയാത്തവയായി തകര്‍ന്നുപോയിരിക്കുന്നു. ആ ചുഴലിക്കൊടുങ്കാറ്റില്‍ അനേകം സ്ഥാപനങ്ങളും സാമ്രാജ്യങ്ങളും രാജ്യങ്ങളും തകര്‍ന്നടിഞ്ഞു. മിച്ചമുള്ളത് മനുഷ്യത്വമോ സംസ്‌കാരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത അക്രമങ്ങളുടെയും പിടിച്ചുപറിയുടെയും കൊള്ളയുടെയും പ്രത്യയശാസ്ത്രം മാത്രം.
എന്നാല്‍ ചരിത്രത്തില്‍ ഇന്നോളം ഒരിക്കലും ഒന്നിക്കില്ല എന്ന് ആക്ഷേപിക്കപ്പെട്ട ഹിന്ദു സംഘടന എന്ന സങ്കല്പം ഇതാ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നു. നൂറു കൊല്ലമായി അത് പ്രഖ്യാപിച്ച ആശയമോ ആദര്‍ശമോ തള്ളിപ്പറയേണ്ടിവന്നിട്ടില്ല. കൂട്ടിച്ചേര്‍ക്കേണ്ടിയും വന്നിട്ടില്ല. വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് അതിനെ ദുര്‍ബലപ്പെടുത്തേണ്ടിയും വന്നിട്ടില്ല. എന്താണോ നൂറു കൊല്ലം മുന്‍പ് പറഞ്ഞത് അതില്‍ ഉറച്ചുനിന്നുകൊണ്ട് അതിന്റെ വികാസപരിണാമങ്ങള്‍ എന്ന നിലയില്‍ വളരുകയും പടരുകയും ഉയരുകയും ചെയ്തുകൊണ്ടിരിക്കുന്നു.
ഹിന്ദുത്വം സംസ്‌കാരമാണെന്നും അതാണ് ഭാരതത്തിന്റെ പ്രാണന്‍ എന്നുമായിരുന്നു ഡോക്ടര്‍ ഹെഡ്‌ഗേവാറിന്റെ പ്രഖ്യാപനം. ഇന്ന് ഒരു നൂറ്റാണ്ടിനിപ്പുറം ആ സത്യം ലോകം മുഴുവന്‍ അംഗീകരിച്ചിരിക്കുന്നു. ഭാരതമെന്നാല്‍ ഹിന്ദുക്കള്‍ ആണെന്നും ഹിന്ദുത്വമാണെന്നും ഭാരതീയരെല്ലാം ഹിന്ദുക്കളാണെന്നും ഉള്ള അടിസ്ഥാന ആശയം ലോകം അംഗീകരിച്ച് ആദരിക്കുന്നു. പണ്ടും പ്രമുഖ ജനതകളൊക്കെ അത് അംഗീകരിച്ചിട്ടുണ്ട്. എന്നു മാത്രമല്ല, ആ ഹിന്ദുത്വം ലോകജനതയുടെ വഴികാട്ടിയാകുന്നതാണെന്നും അംഗീകരിക്കപ്പെട്ടിരിക്കുന്നു. 130 കൊല്ലം മുന്‍പ് ചിക്കാഗോയില്‍ സ്വാമിവിവേകാനന്ദന്‍ ഇത് ഊന്നിപ്പറഞ്ഞിരുന്നു. പിന്നീട് മഹര്‍ഷി അരവിന്ദനും മറ്റെല്ലാ യോഗികളും ഈ സത്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ യോഗിയല്ലാത്ത, ദാര്‍ശനികനല്ലാത്ത ഒരു ചരിത്രകാരന്‍ ഇതേ സത്യം അദ്ദേഹത്തിന്റെ ചരിത്രാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ പ്രഖ്യാപിച്ചു എന്നുള്ളതും നാം മറക്കരുത്. ലോകനാഗരികതകളുടെ ചരിത്രം എഴുതിയ വില്‍ഡ്യൂരന്റ് പറഞ്ഞത് ഭാരതമാണ് ലോകത്തിന്റെ മാതാവ് എന്നാണ്. ഭാഷയുടെ കാര്യത്തിലും ഗണിതത്തിന്റെ കാര്യത്തിലും മതസങ്കല്‍പ്പങ്ങളുടെ കാര്യത്തിലും ജനാധിപത്യത്തിന്റെ കാര്യത്തിലും ഒക്കെ പടിഞ്ഞാറിന്റെ മാതൃസ്ഥാനമാണ് ഭാരതത്തിനുള്ളത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഭാരതീയര്‍ നമ്മെ എണ്ണാന്‍ പഠിപ്പിച്ചില്ലായിരുന്നുവെങ്കില്‍ വിശിഷ്ടങ്ങളായ ഒരു കണ്ടുപിടിത്തവും നടത്തുക സാധ്യമായിരുന്നില്ല എന്ന് ലോകം കണ്ട ഏറ്റവും വലിയ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും പറഞ്ഞുവച്ചു. അങ്ങനെ അനേകം ലോകപ്രശസ്ത ശാസ്ത്രജ്ഞന്മാരും ദാര്‍ശനികന്മാരും പണ്ഡിതന്മാരും ചരിത്രകാരന്മാരും ഒക്കെ ഹിന്ദുത്വത്തിന്റെ സനാതനത്വത്തെക്കുറിച്ചും സമഗ്രതയെക്കുറിച്ചും ആയിരം നാവുകൊണ്ട് ആവര്‍ത്തിച്ചു പറഞ്ഞിരിക്കുന്നു. ആ ഹിന്ദുത്വത്തെയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അടിസ്ഥാന ആശയമായി സ്വീകരിച്ചത്. അതില്‍ അറിവുള്ള, അഭിമാനമുള്ള തലമുറയെ സൃഷ്ടിക്കുക. അതിലൂടെ ഭാരതത്തിന്റെ പ്രാണനെ ശക്തിപ്പെടുത്തുക. പ്രാണന്‍ ശക്തിപ്പെട്ടാല്‍ ഉടല്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും. ഭാരതം ജീവിക്കാന്‍ ഈ പ്രാണനെ ജ്വലിപ്പിക്കുകയാണ് വേണ്ടത്. അതിലൂടെ ഉജ്ജ്വലത്തായി മാറുന്ന ഭാരതം ലോകത്തിന് അനുഗ്രഹം വര്‍ഷിക്കും.
ഡോക്ടര്‍ ഹെഡ്‌ഗേവാര്‍ പറഞ്ഞ മറ്റൊരു കാര്യം, വ്യക്തിനിര്‍മ്മാണത്തിലൂടെയാണ് രാഷ്ട്രനിര്‍മ്മാണം എന്നതായിരുന്നു. വ്യക്തിയിലാണ് പരിവര്‍ത്തനം വരുത്തേണ്ടത്. നിയമംകൊണ്ടോ ഭരണഘടനകൊണ്ടോ കര്‍ക്കശമായ അടിച്ചമര്‍ത്തല്‍കൊണ്ടോ മനുഷ്യവ്യക്തിയെ സംസ്‌കാരസമ്പന്നന്‍ ആക്കാന്‍ കഴിയില്ല. വ്യക്തിയുടെ ശാരീരികവും മാനസികവും ബുദ്ധിപരവും ആത്മീയവുമായ പരിശീലനത്തിലൂടെ മാത്രമേ ഒരു സമഗ്രവ്യക്തിയെ സൃഷ്ടിക്കാന്‍ കഴിയൂ. അത്തരം പരിശീലനം തുടര്‍ച്ചയായും സ്ഥിരമായും ഉണ്ടാവുകയും വേണം. അപ്പോള്‍ മാത്രമേ സാമൂഹ്യപരിവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയൂ.
വ്യക്തിയുടെ പരിവര്‍ത്തനം കുടുംബത്തിലും കുടുംബത്തിലെ മാറ്റം സമൂഹത്തിലും സമൂഹത്തിലെ പരിണാമം രാഷ്ട്രത്തിലും സ്വാധീനിക്കും. ആത്യന്തികമായി രാഷ്ട്രപരിവര്‍ത്തനം അഥവാ സമാജപരിവര്‍ത്തനം എന്നത് വ്യക്തിയില്‍ നിന്നാണ് ആരംഭിക്കേണ്ടത് എന്നതായിരുന്നു ആര്‍എസ്എസ് സ്ഥാപകന്റെ കണ്ടെത്തല്‍. അത് അപ്രായോഗികവും അശാസ്ത്രീയവും അസാധ്യവും എന്നായിരുന്നു അക്കാലത്തെ സാമൂഹ്യശാസ്ത്രജ്ഞന്മാരും പരിഷ്‌കര്‍ത്താക്കളും നേതാക്കളും പറഞ്ഞത്. ഒരു വ്യക്തിയിലുണ്ടാകുന്ന പരിണാമത്തെ ഒരുപക്ഷേ സ്ഥിരമാക്കി നിലനിര്‍ത്താന്‍ കഴിഞ്ഞു എന്നുവരില്ല. എന്നാല്‍ പരിവര്‍ത്തനത്തിന് വിധേയമാക്കപ്പെട്ട വ്യക്തികള്‍ കൂടിച്ചേരുന്ന സമൂഹം സ്ഥിരമായി ഉണ്ടാവുകയും ആ സമൂഹത്തിന്റെ സ്വാധീനതയില്‍ പരിവര്‍ത്തനം സാധ്യമാവുകയും ചെയ്യും. അത് രാഷ്ട്രത്തെ സ്വാധീനിക്കുകയും രാഷ്ട്രപരിവര്‍ത്തനം തന്നെ സംഭവിക്കുകയും ചെയ്യും. നൂറുകൊല്ലം മുന്‍പ് പറഞ്ഞ കാര്യം സാധ്യമാണെന്ന് ഇന്ന് സംഘം തെളിയിച്ചിരിക്കുന്നു.
സംഘത്തിന്റെ ശതാബ്ദിയുടെ ഭാഗമായി അനേകം പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. സംഘടനാപരവും സാമൂഹികവും സാംസ്‌കാരികവുമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. 100 കൊല്ലമായി നടന്നുവരുന്ന അതിന്റെ സാധന വളരെയേറെ വ്യക്തികളില്‍ മാറ്റം വരുത്തുകയും ചെയ്തിരുന്നു. സംഘശാഖയിലൂടെ വളര്‍ന്നുവന്ന പ്രവര്‍ത്തകര്‍ മതരംഗത്തും രാഷ്ട്രീയരംഗത്തും തൊഴില്‍രംഗത്തും സേവനരംഗത്തും എന്നുവേണ്ട ജീവിതത്തിന്റെ സമഗ്രമേഖലയിലും എത്തിപ്പെട്ടു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ സന്നദ്ധ സേവന സംഘടനകളില്‍ ഒന്നാണ് സേവാഭാരതി. അതുകൂടാതെ സംഘത്തിന്റെയും വിവിധ രംഗങ്ങളിലുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ സ്വതന്ത്രമായ സേവാ പ്രവര്‍ത്തനങ്ങള്‍ പതിനായിരക്കണക്കിന് വേറെയും നടന്നുവരുന്നു. തങ്ങള്‍ക്ക് എന്തെങ്കിലും കിട്ടും എന്ന നിലയിലല്ല, മറിച്ച് അധ്വാനിച്ചുണ്ടാക്കിയ സ്വന്തം പണം ചെലവഴിച്ചുകൊണ്ടുതന്നെയാണ് ലക്ഷക്കണക്കിന് പ്രവര്‍ത്തകര്‍ ആ രംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായി ഭാരതീയ മസ്ദൂര്‍ സംഘം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ദേശീയബോധമുള്ള തൊഴിലാളി, തൊഴിലാളിവല്‍കൃത വ്യവസായം, വ്യവസായവല്‍കൃത രാഷ്ട്രം എന്നതാണ് അതിന്റെ മുദ്രാവാക്യങ്ങള്‍. വനവാസി മേഖലയിലെ ഏറ്റവും വലിയ പ്രവര്‍ത്തനമായി വനവാസി കല്യാണ്‍ ആശ്രമം എന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പതിനായിരക്കണക്കിന് വനവാസി ബാലികാബാലന്‍മാര്‍ക്ക് വിദ്യാഭ്യാസവും സംസ്‌കാരവും തൊഴിലും പകര്‍ന്നു നല്‍കിക്കൊണ്ട് അതിന്റെ പ്രവര്‍ത്തനവും വളരെയേറെ മുന്നേറിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ഭാരതീയ ജനതാ പാര്‍ട്ടിയും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസരംഗം ഉള്‍പ്പെടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിച്ചു മുന്നേറിയാണ് നൂറ്റാണ്ട് തികച്ച് ഈ പ്രവര്‍ത്തനം എത്തിയിരിക്കുന്നത്. എന്നാല്‍ അവിടെയും നിര്‍ത്താതെ മറ്റു പല പ്രവര്‍ത്തനരംഗത്തേക്കും ശതാബ്ദിയുടെ ഭാഗമായി ആര്‍എസ്എസ് പദമൂന്നി. പരിസ്ഥിതി മേഖല, കുടുംബസങ്കല്പം, ഗ്രാമവികാസം, ഗോസംരക്ഷണ പ്രവര്‍ത്തനം, പൗരബോധം സൃഷ്ടിക്കല്‍ ആവശ്യം തുടങ്ങിയ മേഖലകളിലേക്കാണ് ശതാബ്ദി വേളയില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. നേരത്തെതന്നെ അത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കിലും സംഘടിതമായി മുഴുവന്‍ ഭാരതത്തിലും അത്തരം പ്രവര്‍ത്തനത്തിന് ഏകോപനം ഉണ്ടായി എന്നതാണ് ശതാബ്ദിയുടെ മുന്നേറ്റമായി കണക്കാക്കാവുന്നത്.
സമൂഹത്തിലെ നല്ലവരായ ആള്‍ക്കാരെ ഒന്നിച്ചുകൂട്ടി ദേശീയപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്ന പ്രയത്‌നം ഈ ശതാബ്ദി പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു. സമൂഹത്തില്‍ എപ്പോഴും നല്ല മനുഷ്യരായിരിക്കും കൂടുതലും. എന്നാല്‍ സാംസ്‌കാരികാന്തരീക്ഷം തകരാറിലാകുമ്പോള്‍ അവര്‍ സ്വന്തം കാര്യങ്ങളിലേക്ക് ഉള്‍വലിയും. അരാജകവാദികളും അക്രമികളും രംഗം കീഴടക്കുകയും ചെയ്യും. അങ്ങനെയാണ് കണ്ടുവരുന്നത്. അത് അധര്‍മ്മം വ്യാപിക്കാനും സാമൂഹികജീവിതം തകരാറിലാകാനും കാരണമാകും. കുരുക്ഷേത്രയുദ്ധവേളയില്‍ തീര്‍ത്ഥാടനത്തിനുപോയ ബലരാമന്റെ മാനസികാവസ്ഥയാണ് ഭൂരിപക്ഷം സജ്ജനങ്ങള്‍ക്കും ഉള്ളത്. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ അത്തരം നല്ല മനുഷ്യരുടെ ഉള്ളിലെ ധര്‍മ്മബോധത്തെ ഉജ്ജ്വലിപ്പിക്കുകയും സാമൂഹിക ഉത്തരവാദിത്തത്തെ ബോധ്യപ്പെടുത്തുകയും വേണം. അത്തരക്കാര്‍ സമൂഹത്തിന്റെ നേതൃനിരയിലേക്കും സാമൂഹിക പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികളായും വരുമ്പോള്‍ അധര്‍മ്മത്തിന്റെ ശക്തികള്‍ ദുര്‍ബ്ബലപ്പെടുകയും ധാര്‍മികതയെ പുന:സ്ഥാപിക്കുകയും ചെയ്യാന്‍ കഴിയും. അത്തരമൊരു പ്രവര്‍ത്തനത്തിന് അവരുടെ മനസ്സിനെ സജ്ജമാക്കുക എന്നുള്ളതാണ് പ്രധാനം. അവിടെയാണ് ‘സജ്ജനശക്തി ജാഗരണം’ എന്നൊരു പ്രവര്‍ത്തനം സംഘം മുന്നോട്ടുവയ്ക്കുന്നത്. അവരെ ഏതെങ്കിലും പാര്‍ട്ടികളിലോ സംഘടനകളിലോ ഉള്‍പ്പെടുത്തി സംഘടന വലുതാക്കുക എന്നതല്ല ലക്ഷ്യം. അവരുടെ അറിവും കഴിവും ഗുണവും സമൂഹനന്മയ്ക്ക് പ്രയോജനപ്പെടുത്തുക എന്നതാണ്.
മറ്റൊരു പ്രവര്‍ത്തനമേഖല തുറന്നത് ആഗോളതലത്തില്‍ ഹിന്ദുത്വത്തിന്റെ ആശയത്തെ പുനരവതരിപ്പിക്കുക എന്നതായിരുന്നു. ലോകത്തിലെ എല്ലാ നല്ല ആശയങ്ങളെയും സ്വീകരിക്കാനും എന്നാല്‍ സമൂഹത്തിന്റെ തനിമ നിലനിര്‍ത്താനും കഴിയുക എന്നതാണ് പുരോഗതിക്ക് അടിസ്ഥാനം. അത്തരമൊരു വീക്ഷണം ഉപേക്ഷിച്ചപ്പോഴാണ് ഭാരതം തളര്‍ന്നതും തകര്‍ന്നതും. എന്നാല്‍ ഭാരതത്തിന്റെ യഥാര്‍ത്ഥ ദര്‍ശനം ലോകത്തിലെ നന്മകളെ സ്വീകരിക്കുക എന്നതുതന്നെയായിരുന്നു. ”ആ നോ ഭദ്രാ: ക്രതവോ യന്തു വിശ്വത:”എന്നതാണ് ലോകത്തെക്കുറിച്ചുള്ള ഭാരതത്തിന്റെ ഒരു വീക്ഷണം. ലോകത്തുള്ള എല്ലാ നല്ല ആശയങ്ങളും ഇവിടേക്ക് വരട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു മാനവികസങ്കല്പം ലോകത്ത് മറ്റാരെങ്കിലും ഇന്നോളം അവതരിപ്പിച്ചിട്ടുണ്ടോ? ഇല്ല എന്നാണ് ഉത്തരം. എന്റെ ആശയം അംഗീകരിക്കണം, എന്റെ പ്രത്യയശാസ്ത്രത്തിന് വിധേയമാകണം, എന്റെ മതം സ്വീകരിക്കണം എന്ന ശാഠ്യമല്ലാതെ മറ്റൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ലതന്നെ. ഈ വിശ്വവിശാലവീക്ഷണം ഉള്ളതുകൊണ്ടാണ് ലോകത്തിലെ വിവിധരാജ്യങ്ങളില്‍ ആര്‍എസ്എസിന്റെ സര്‍സംഘചാലക് നേരിട്ട് പോയി ജനങ്ങളുമായി സംവദിച്ചത്. വിശാലത പറയുന്നവരും ജനാധിപത്യവാദികള്‍ എന്ന് അവകാശപ്പെടുന്നവരും പക്ഷേ ചില്ലറ തടസ്സങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു എങ്കിലും അതൊന്നും ലോകജനതയ്ക്ക് മുമ്പില്‍ വിലപ്പോയില്ല. എന്നുമാത്രമല്ല ലോകത്തെ തന്നെ ഒരു കുടുംബമായി സങ്കല്‍പ്പിക്കുന്ന സംസ്‌കാരമാണല്ലോ വേദകാലം മുതല്‍ ഭാരതത്തിലുള്ളത്. ‘വസുധൈവ കുടുംബകം’ എന്ന സങ്കല്പം വേദത്തിന്റേതാണല്ലോ.
ലോകത്ത് സമന്വയത്തിന്റെ ആദര്‍ശം സാക്ഷാത്കരിക്കണമെങ്കില്‍ അവനവന്റെ കള്ളികളില്‍ വെള്ളം കയറാതെ അടച്ചിരിക്കുകയല്ല വേണ്ടത്. പിന്നെയോ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന മാനവിക സംസ്‌കാരവും സങ്കല്പവുമാണ് വേണ്ടത്. അതുകൊണ്ടാണ് ‘ലോകം ഒരു കുടുംബം’ എന്ന സങ്കല്പം ഭാരതം ആവിഷ്‌കരിച്ചത്. ലോകത്തെ മുഴുവന്‍ ഒന്നായി കാണാന്‍, ഒരു കുടുംബമായി കാണാന്‍ കഴിയണമെന്ന ഭാരതീയദര്‍ശനത്തെ ലോകത്തിന്റെ മുമ്പില്‍ പുനരവതരിപ്പിക്കാനാണ് ഈ പര്യടനങ്ങളും പ്രസംഗങ്ങളും നടത്തിയത്.
രാജ്യത്തിന്റെ വികസനത്തെക്കുറിച്ച് എല്ലാവരും എപ്പോഴും ആവര്‍ത്തിച്ചു പറയുന്നതാണ്. എന്നാല്‍ അതില്‍ തങ്ങളുടേതായ പങ്ക് നിര്‍വഹിക്കാനുണ്ട് എന്ന ബോധ്യം പൊതുസമൂഹത്തില്‍ ഇല്ലതന്നെ. അത് ഭരണാധികാരികളുടെ ജോലിയാണ് എന്ന വികലമായ കാഴ്ചപ്പാടാണ് നമുക്ക് പങ്കിട്ടു കിട്ടിയത്. എന്നാല്‍ രാഷ്ട്രം എന്നത് ജനങ്ങളാണെന്നും, ജനാധിപത്യം എന്നത് ജനങ്ങളുടെ ഒന്നിച്ചുള്ള പ്രവര്‍ത്തനവിജയമാണെന്നുമുള്ള ബോധ്യം ജനങ്ങളില്‍ സൃഷ്ടിക്കേണ്ടതുണ്ട്. വികസനം സ്വന്തം കാല്‍ച്ചുവട്ടില്‍നിന്ന് ആരംഭിക്കണം. അതിനാണ് ‘ഗ്രാമവികാസം’ എന്നൊരു പ്രവര്‍ത്തനം സംഘം ഏറ്റെടുക്കുന്നത്.

1945 ഒക്ടോബര്‍ 5നും 9നും ഗാന്ധിജിയും നെഹ്‌റുവും തമ്മില്‍ നടത്തിയ കത്തിടപാടുകള്‍ ഉണ്ട്. ഭാരതം ജീവിക്കുന്നത് ഗ്രാമങ്ങളിലാണ്, ഭാരതത്തിന്റെ പുരോഗതി എന്നാല്‍ ഗ്രാമങ്ങളുടെ പുരോഗതി ആയിരിക്കണം എന്നതായിരുന്നു ഗാന്ധിജിയുടെ സങ്കല്പവും നിര്‍ദ്ദേശവും. എന്നാല്‍ പാശ്ചാത്യ വ്യാവസായിക വളര്‍ച്ചയുടെ പളപളപ്പില്‍ ഭാരതത്തിന്റെ സവിശേഷത കണ്ടെത്താന്‍ കഴിയാതെ പോയി പ്രഥമ പ്രധാനമന്ത്രിക്ക്. വന്‍ നഗരങ്ങളും വന്‍കിട വ്യവസായങ്ങളും മാത്രം വളര്‍ച്ചക്ക് അടിസ്ഥാനം എന്നുപറഞ്ഞ് ദിശ അങ്ങോട്ടേക്ക് തിരിച്ചു. ഗ്രാമങ്ങള്‍ കൂടുതല്‍ ക്ഷയിക്കുകയും ദരിദ്രമാവുകയും ചെയ്തു. അതിനുപകരം ഗ്രാമജനതയെ സംഘടിപ്പിച്ച് വളര്‍ച്ചയുടെ പടവുകള്‍ സ്വയം കെട്ടണം എന്ന ബോധ്യം ജനങ്ങളില്‍ പകര്‍ന്നുനല്‍കാനാണ് ശ്രമിക്കുന്നത്. ഓരോ പ്രദേശത്തെയും വികസനം നാട്ടിലെ ജനങ്ങള്‍ കൂടിച്ചേര്‍ന്നാണ് ചെയ്യേണ്ടത്. വികസനം എന്നത് മുകളില്‍നിന്ന് വീഴ്ത്തിത്തരേണ്ടതല്ല. നാം സ്വയം സൃഷ്ടിച്ച് വളര്‍ത്തേണ്ടതാണ് എന്ന പാഠമാണ് ഗ്രാമവികാസം എന്ന പ്രവര്‍ത്തനത്തിലൂടെ സംഘം ചെയ്യാന്‍ ആഗ്രഹിക്കുന്നത്.
ഭാരതത്തിന്റെ സാമ്പത്തിക -സാംസ്‌കാരിക വളര്‍ച്ചയ്ക്ക് എല്ലാക്കാലത്തും ഗോവ് ഒരു മുഖ്യ ഘടകമായിരുന്നു. ഒരുകാലത്ത് സമ്പത്തിന്റെ അളവുകോല്‍ എത്ര ഗോക്കളുണ്ട് എന്നതായിരുന്നു; ഒപ്പം കൃഷിയും. കൃഷിയും ഗോക്കളും സംസ്‌കാരവും പരസ്പരപൂരകമാണ് എന്ന സമവാക്യമാണ് പ്രാചീന ഋഷിമാര്‍ ലോകത്തിന്റെ മുന്‍പില്‍ അവതരിപ്പിച്ചത്. കൃഷിയെ സംസ്‌കാരമായി കാണുന്ന ഒരു സമൂഹം ലോകത്ത് മറ്റധികം ഉണ്ടാകാന്‍ സാധ്യതയില്ല. കൃഷി ഒരു സംസ്‌കാരമായും ഗോക്കള്‍ അതിന്റെ പോഷകമായും കണക്കാക്കപ്പെടുന്ന ഒരു ഗ്രാമജീവിതത്തില്‍ മനുഷ്യത്വവും ധര്‍മ്മവും വിളയാടും. അത്തരമൊരു ജീവിതത്തെ ശക്തിപ്പെടുത്തുന്നതിനാണ് ‘ഗോസേവ’ എന്നുപറഞ്ഞുകൊണ്ട് ഒരു പ്രവര്‍ത്തനം സംഘം മുന്നോട്ടുവയ്ക്കുന്നത്.
സംഘത്തിന്റെ ദൈനന്ദിന പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സമൂഹമൊട്ടാകെ, പോരാ ലോകം മുഴുവന്‍ നേരിടുന്ന ഒന്നാണല്ലോ പാരിസ്ഥിതികപ്രശ്‌നങ്ങള്‍. അതും സര്‍ക്കാര്‍ ചെയ്യട്ടെ എന്നതല്ല സംഘത്തിന്റെ കാഴ്ചപ്പാട്. മറിച്ച് നിത്യജീവിതത്തിന്റെ ഭാഗമാക്കി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ജനങ്ങളെ പ്രാപ്തമാക്കണം. അത് സമൂഹത്തിന്റെ സ്വഭാവമാകണം. അത് രാജ്യങ്ങളുടെ പദ്ധതികളായി പരിണമിക്കണം. അത്തരമൊരു ദീര്‍ഘകാല വീക്ഷണത്തിലൂടെയും പദ്ധതിയിലൂടെയും അല്ലാതെ ഇന്ന് നാം നേരിടുന്ന പാരിസ്ഥിതികപ്രശ്‌നങ്ങള്‍ക്ക് പരിഹാരമില്ല. അതുകൊണ്ടാണ് ‘പര്യാവരണ്‍’ എന്നൊരു ദേശീയപ്രവര്‍ത്തനമേഖല നാം തെരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്.
ഒരു രാഷ്ട്രത്തിന്റെ പുരോഗതി എന്നാല്‍ പരാശ്രയജീവിതമല്ല എന്ന് ഏത് കൊച്ചു കുട്ടിക്കും മനസ്സിലാകും. സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു ജനതയ്‌ക്കേ സ്വയം വളരാനും മറ്റുള്ളവരെ സഹായിക്കാനും പറ്റൂ. ആ ദൃഷ്ടിയിലാണ് ‘സ്വദേശി’ എന്നൊരു മേഖലയെ സംഘം തെരഞ്ഞെടുത്തത്. പൊതുവില്‍ പലരും ധരിച്ചുവച്ചിരിക്കുന്നതുപോലെ വിദേശ വിരോധമല്ല സ്വദേശിക്ക് അടിസ്ഥാനം. സ്വന്തം കുടുംബത്തെ സ്‌നേഹിക്കാന്‍ അന്യന്റെ കുടുംബത്തെ വെറുക്കേണ്ടതില്ലല്ലോ! സ്വന്തം നാട്ടിലെ ഉല്‍പ്പന്നങ്ങള്‍, നാട്ടിലെ ശീലങ്ങള്‍, ഭാഷ, വേഷം, ആഹാരം, ആചാരം, ആഘോഷം ഒക്കെ സംരക്ഷിച്ചുകൊണ്ടല്ലാതെ സമൂഹത്തിന്റെ വൈവിധ്യത്തെ നിലനിര്‍ത്തുക സാധ്യമല്ല. ബഹുസ്വരത എന്ന് പ്രസംഗിക്കുകയും വൈവിധ്യത്തെ അരിഞ്ഞുതള്ളുകയും ചെയ്യുന്ന മനോഭാവം മാറണം. ബഹുരാഷ്ട്രക്കുത്തകകള്‍ക്കെതിരെ പ്രസംഗിക്കുകയും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു മാത്രം സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്ന കാപട്യം ഇല്ലാതാവണം. സ്വന്തം ഗ്രാമത്തെ സ്വന്തം വീടായി കാണുന്ന തരത്തില്‍ സമൂഹ മനസ്സിനെ പരിവര്‍ത്തിപ്പിക്കണം. അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് സ്വദേശി സങ്കല്പത്തിലൂടെ വളര്‍ത്താന്‍ സംഘം ആഗ്രഹിക്കുന്നത്.
ഇന്ന് നാം പതിവായി കേള്‍ക്കുന്ന ഒന്നാണ്, പുതിയ തലമുറയ്ക്ക് ‘സിവിക് സെന്‍സ്’ ഇല്ല എന്ന പരാതി. അതുണ്ടാക്കിക്കൊടുക്കാന്‍ നാം എന്തു ചെയ്തു? പൗരബോധം എന്നത് സ്വയം വളര്‍ത്തിയെടുക്കുന്നതല്ല. ശിശുവാടിക മുതല്‍ സര്‍വകലാശാലവരെയുള്ള വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിച്ചെടുക്കേണ്ടതാണ്. എന്നാല്‍ സ്വാതന്ത്ര്യാനന്തര വിദ്യാഭ്യാസത്തില്‍ പൗരസ്വാതന്ത്ര്യനിഷേധവും നിയമലംഘനങ്ങളുമാണ് മാതൃകയായി നാം സ്വീകരിച്ചത്. അത് നിയമവിരുദ്ധ ഭരണകൂടത്തിനെതിരെ തുടങ്ങിയതാണെങ്കിലും സ്വാതന്ത്ര്യാനന്തരം ക്രമേണ അത് നമ്മുടെ സമൂഹത്തിന്റെ ശീലമായി മാറി. നിയമം ലംഘിക്കാനുള്ളതാണ് എന്ന മുദ്രാവാക്യം യുവതലമുറയെ പഠിപ്പിച്ചു. നിയമപാലകരുടെ കണ്ണുവെട്ടിക്കുകയും അവരെ വിലയ്‌ക്കെടുക്കുകയും ചെയ്യാന്‍ രാഷ്ട്രീയത്തിലൂടെ നാം ശീലിപ്പിച്ചു. ഇന്ന് പൗരബോധം എന്നുള്ളത് ഒരു കിട്ടാക്കനിയായി മാറിയിരിക്കുന്നു. അതിനും പ്രസംഗത്തിലൂടെ പരിവര്‍ത്തനം സാധ്യമല്ല എന്ന് ആര്‍എസ്എസിന് അറിയാം. പൗരബോധം സൃഷ്ടിക്കാന്‍ ഒരു മേഖലതന്നെ വെട്ടിത്തുറന്ന് അതിലൂടെ സാവകാശമെങ്കിലും ഉറച്ച കാല്‍വയ്പുകളോടെ മുന്നേറാം എന്നാണ് ഈ ശതാബ്ദി വേളയില്‍ ആര്‍എസ്എസ് കരുതുന്നതും പ്രവര്‍ത്തിക്കുന്നതും.
ഭാരതീയസംസ്‌കാരത്തിന്റെ ആണിക്കല്ല് ഏത് എന്ന് ചോദിച്ചാല്‍ ഒറ്റവാക്കില്‍ നമുക്ക് ഉത്തരം കണ്ടെത്താന്‍ കഴിയും. അത് മഹത്തായ കുടുംബസങ്കല്‍പമാണ്. പുതിയ വിദ്യാഭ്യാസത്തിലൂടെയും പരിഷ്‌കാരത്തിലൂടെയും നിയമനിര്‍മാണങ്ങളിലൂടെയും കുടുംബത്തിന്റെ തായ്‌വേരിനെ അറക്കുന്ന തലത്തിലേക്കാണ് നാം എത്തിപ്പെട്ടത്. പാശ്ചാത്യജീവിതസങ്കല്പങ്ങളും ശൈലികളുമാണ് പുരോഗമനം എന്ന അപകര്‍ഷതാബോധത്തില്‍നിന്നാണ് ഇത്തരം കാഴ്ചപ്പാടുകള്‍ ഉണ്ടായിവന്നത്. എന്നാല്‍ യഥാര്‍ത്ഥ മനുഷ്യനെ സൃഷ്ടിക്കാനും മാനവികതയെ വളര്‍ത്താനും കഴിയുന്നത് കുടുംബങ്ങളില്‍നിന്നാണ് എന്നതാണ് ഭാരതത്തിന്റെ അനുഭവവും ചരിത്രവും. അതിനെ തകര്‍ത്തുകളയാനുള്ള പുതിയ വഴികളായി ‘പുരോഗമനത്തെ’ മിക്കവരും അവതരിപ്പിക്കുന്നു. അത്തരം ഒരു ആന്തരിക ഭവിഷ്യത്തിനെ അതിജീവിക്കാനാണ് ‘കുടുംബപ്രബോധനം’ എന്നൊരു മേഖല ഈ ശതാബ്ദിവേളയില്‍ തുറന്നുവച്ചത്. കുടുംബത്തിന്റെ ശൈഥില്യവും തകര്‍ച്ചയും ആര്‍എസ്എസിന്റെ മാത്രം കാര്യമോ ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമോ അല്ലല്ലോ. അത് മുഴുവന്‍ സമൂഹവും നേരിടുന്ന ഒരു വെല്ലുവിളിയാണ്. അതിനെ അതിജീവിക്കാന്‍ ഭരണകൂടങ്ങളും രാഷ്ട്രീയപാര്‍ട്ടികളും മതസംഘങ്ങളും സാംസ്‌കാരികസംഘടനകളും ഒക്കെ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. കുടുംബത്തെ നേരെയാക്കിക്കഴിഞ്ഞാല്‍ നമുക്ക് രാഷ്ട്രീയം പറയാം. വഴക്കടിക്കാം. അധികാരത്തിനുവേണ്ടിയുള്ള പിടിവലി നടത്താം. എന്നാല്‍ കുടുംബമില്ലാതെ ആയാല്‍ സാമൂഹികബന്ധമാണ് ഇല്ലാതാവുന്നത്. വെറും ആള്‍ക്കൂട്ടമായി അവശേഷിക്കുന്ന ജനത ‘പരിഷ്‌കൃതമൃഗങ്ങളായി’ ജീവിക്കേണ്ടിവരും. അങ്ങനെ സംഭവിക്കാതിരിക്കാനാണ് കുടുംബപ്രബോധനം എന്ന പ്രവര്‍ത്തനം സമൂഹമേറ്റെടുക്കണമെന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്.

ഭാരതത്തെ സംബന്ധിച്ച്, വിശേഷിച്ചും നേരിടുന്ന ഒരു വെല്ലുവിളിയാണല്ലോ ഉച്ചനീചത്വം എന്നതും ജാതീയത എന്നതും. ജാതീയതയെ ഇല്ലാതെയാക്കാന്‍ ഘോരമായ പ്രസംഗംകൊണ്ട് സാധ്യമല്ല. പിന്നെയോ, ആന്തരികമായ പരിവര്‍ത്തനംകൊണ്ട് കഴിയും. എല്ലാ മനുഷ്യരിലും ഒരേ ഈശ്വരാംശം ആണെന്നും ആത്മഭാവം ഒന്നാണെന്നുമുള്ള തിരിച്ചറിവിലൂടെയേ സമത്വം സാക്ഷാത്കരിക്കാന്‍ കഴിയൂ. ഐക്യമല്ല സമരസത. ഐക്യം കൂടിച്ചേരല്‍ ആണ്. സമരസത എന്നത് ഒന്നാവുന്ന അനുഭവമാണ്. അതിന് ആദ്യം വേണ്ടത്, ഒന്നിച്ചു ജീവിക്കല്‍ ആണ്. സാമാജികസമരസത എന്ന പ്രവര്‍ത്തനത്തിലൂടെ സംഘം മുന്നോട്ടുവയ്ക്കുന്നത് ഒന്നിച്ചു ജീവിക്കുക, ഒന്നിച്ചു മുന്നേറുക, ഒന്നിച്ച് വിജയിക്കുക എന്നതുതന്നെയാണ്. വേദകാലത്തെ, ”സംഘഛധ്വം സംവദത്വം…” എന്ന മന്ത്രംതന്നെ ഈ ആശയത്തെയല്ലേ മുന്നോട്ടുവയ്ക്കുന്നത്?
സംഘത്തിന്റെ ശതാബ്ദിപ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ സംഘം ആഗ്രഹിക്കുന്നത് രാഷ്ട്രത്തിന് ഗുണകരമായ കാര്യങ്ങള്‍ സമൂഹത്തിലെ എല്ലാ തലങ്ങളിലും ഉള്ളവര്‍ ചെയ്യണമെന്നാണ്. ഓരോരുത്തരും സ്വന്തം കര്‍മ്മമായി, ധര്‍മ്മമായി രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാവണം. അത് ഭരണകൂടങ്ങളുടെ ബാധ്യതയല്ല. രാഷ്ട്രീയപാര്‍ട്ടികളുടെ ചുമതല ആയിക്കൊള്ളണമെന്നില്ല. സമൂഹമാണ് പാര്‍ട്ടികളായും മതങ്ങളായും ജാതികളായും ഭരണകൂടങ്ങളായും പരിണമിക്കുന്നത്. അപ്പോള്‍ ആ സമൂഹത്തിനാണ് പരിവര്‍ത്തനത്തിന്റെ ഉത്തരവാദിത്തവും!
സംഘത്തിന്റെ 100-ാം വര്‍ഷം ആഘോഷിച്ച് അഹങ്കരിക്കുക എന്നത് ലക്ഷ്യമേ അല്ല. മേല്‍പ്പറഞ്ഞ സംസ്‌കാരവും വീക്ഷണവും അതനുസരിച്ചുള്ള ജീവിതവും സമൂഹത്തില്‍ സാക്ഷാത്കരിക്കേണ്ടതുണ്ട്. അതിന് ഒരു ജനത എന്ന നിലയില്‍ നാം ഒന്നിച്ച് മുന്നേറണം. സംഘടനാപരമായ അഹങ്കാരവും അകലങ്ങളും സ്വാര്‍ത്ഥതകളും മാത്രം മുന്നില്‍ നിര്‍ത്തിയാല്‍ സമാജപുരോഗതി സാധ്യമാവുകയില്ല. അതിന് സങ്കുചിതമായ, സ്വാര്‍ത്ഥമായ വേലിക്കെട്ടുകളെ അതിജീവിച്ച് രാഷ്ട്രനിര്‍മ്മാണത്തില്‍ നമ്മളെല്ലാം പങ്കാളികളാകണം. ഈ ഒരു സന്ദേശമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശതാബ്ദിവേളയില്‍ ജനങ്ങളുടെ മുന്‍പില്‍ വയ്ക്കാനുള്ളത്. സമൂഹത്തിലെ എല്ലാ തരത്തിലും തലത്തിലും പെട്ടവര്‍ അതത് മേഖലയില്‍ ഈ രാഷ്ട്രനിര്‍മ്മാണത്തില്‍ പങ്കാളികളാവണം. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷം എത്തുമ്പോഴേക്കും ലോകത്തിലെ ഏറ്റവും സംസ്‌കാരസമ്പന്നമായ ജനതയായി മാറാന്‍ നമുക്ക് കഴിയണം. ലോകത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി വളരാന്‍ നമുക്കാകണം. ലോകത്തിലെ ഏറ്റവും വിശാലമായ സമൂഹമായി ചിന്തിക്കാന്‍ നമുക്ക് സാധിക്കണം. ലോകത്തെ മുഴുവന്‍ ഒരു കിളിക്കൂട് പോലെ കണ്ട് ഒന്നിച്ച് ജീവിക്കുന്ന ജനതയായി പരിവര്‍ത്തിപ്പിക്കുമ്പോള്‍ മാത്രമാണ് ലോകസമാധാനംതന്നെ സംജാതമാകുന്നത്. ‘യത്ര വിശ്വം ഭവത്യേക നീഡം’ എന്ന് നമ്മുടെ ഋഷിമാര്‍ ഉദ്‌ഘോഷിച്ചതും ഈ ആദര്‍ശത്തെ സാക്ഷാത്കരിക്കുന്നതിന് വേണ്ടിയാണല്ലോ.





















